This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർബോറിക്കള്‍ച്ചർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ബോറിക്കള്‍ച്ചര്‍

Arboriculture

തണലിനും അലങ്കാരത്തിനും വേണ്ടി വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതു സംബന്ധിച്ച ശാസ്‌ത്രശാഖ. കൃഷി ശാസ്‌ത്രത്തിലെയും വനസംരക്ഷണശാസ്‌ത്രത്തിലെയും (silviculture) വൃക്ഷസംരക്ഷണ പരിപാടികളില്‍ നിന്നും ആര്‍ബോറിക്കള്‍ച്ചറിനുള്ള മുഖ്യവ്യത്യാസം ഇതില്‍ ഓരോ വൃക്ഷത്തിനും പ്രത്യേകം പ്രത്യേകം ശ്രദ്ധയും പരിചരണവും ലഭിക്കുന്നുവെന്നതാണ്‌. വീഥികളുടെ ഇരുപാര്‍ശ്വങ്ങളിലും വച്ചുപിടിപ്പിക്കുന്ന തണല്‍മരങ്ങള്‍, ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി വിപുലമായ തോതില്‍ വ്യത്യസ്‌തങ്ങളായ ഒട്ടനേകം സ്‌പീഷീസില്‍പ്പെട്ട വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുള്ള സസ്യശാസ്‌ത്രാപവനങ്ങളിലെ (Botanical gardens) വൃ‌ക്ഷങ്ങള്‍, ചരിത്രപരമായും മറ്റും പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന വൃക്ഷങ്ങള്‍ തുടങ്ങിയവയ്‌ക്കാണ്‌ ഇത്തരം സവിശേഷ സംരക്ഷണ നടപടികള്‍ ആവശ്യമായിവരുന്നത്‌.

അലങ്കാരമരങ്ങള്‍ നട്ടുവളര്‍ത്തുന്നു

ചരിത്രപശ്ചാത്തലം. വേരുഭാഗം മച്ചോടുകൂടി ഇളക്കി തൈകള്‍ നടുന്നതിലും, വൃക്ഷങ്ങളുടെ ചുവട്ടില്‍ വളംചേര്‍ക്കാനും ജലമെത്തിക്കാനും തടങ്ങള്‍ തയ്യാറാക്കുന്നതിലും ശ്രദ്ധിച്ചിരുന്ന ഈജിപ്‌തുകാരെയാണ്‌ ആര്‍ബോറിക്കള്‍ച്ചറിന്റെ ജനയിതാക്കളായി കരുതി വരുന്നത്‌. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും കാലം തൊട്ട്‌ ഭാരതത്തില്‍ വൃക്ഷാരാധന നിലവിലിരുന്നതായി പുരാണപരാമര്‍ശങ്ങള്‍ കാണാം. ബുദ്ധമതത്തില്‍ വൃക്ഷങ്ങള്‍ക്കുള്ള ആദരപൂര്‍വമായ സ്ഥാനം സുവിദിതമാണ്‌. തങ്ങളുടെ ഭരണകാലത്ത്‌ വിസ്‌തൃതങ്ങളായ പഴത്തോപ്പുകള്‍ വച്ചുപിടിപ്പിക്കാനും വഴിവക്കില്‍ തണല്‍മരങ്ങള്‍ നട്ടുവളര്‍ത്താനും ഭാരതത്തിലെ നാടുവാഴികള്‍ മുന്‍കൈയെടുത്തതായി ചരിത്രരേഖകളുണ്ട്‌. അക്‌ബര്‍ ചക്രവര്‍ത്തി ദര്‍ഭംഗയ്‌ക്കടുത്ത്‌ "ലാഖ്‌ബാഗ്‌' എന്ന പേരില്‍ ഒരു ലക്ഷം മരങ്ങളുള്ള ഒരു മാന്തോപ്പ്‌ ഉണ്ടാക്കി സംരക്ഷിച്ചുവന്നിരുന്നതായി പറയപ്പെടുന്നു. ഇതില്‍നിന്നെല്ലാം ആര്‍ബോറിക്കള്‍ച്ചറിന്‌ ഭാരതം മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വലിയ പ്രാധാന്യം കല്‌പിച്ചിരുന്നെന്നു മനസ്സിലാക്കാം. ഇംഗ്ലണ്ടിലെ ഒരു ഉദ്യാനശാസ്‌ത്രജ്ഞനായ ജോണ്‍ ഈവ്‌ലിന്‍ 1664-ല്‍ എഴുതി പ്രസിദ്ധീകരിച്ച എ ഡിസ്‌കോഴ്‌സ്‌ ഒഫ്‌ ഫോറസ്‌റ്റ്‌ ട്രീസ്‌ (A Discourse of Forest Trees)എന്ന കൃതിയാണ്‌ ആര്‍ബോറിക്കള്‍ച്ചറിനെപ്പറ്റി പ്രതിപാദിക്കുന്ന ആദ്യത്തെ ആധികാരികഗ്രന്ഥം. ഇതില്‍ വൃക്ഷങ്ങളെ ബാധിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്ന വിധങ്ങളും കൊമ്പുകോതല്‍ രീതികളും തായ്‌ത്തടിയിലുണ്ടാകുന്ന വ്രണങ്ങളെ ചികിത്സിക്കുന്ന സമ്പ്രദായങ്ങളും വിവരിച്ചിട്ടുണ്ട്‌.

നടീല്‍. ആര്‍ബോറിക്കള്‍ച്ചറിലെ സുപ്രധാനമായ ഒരു ഘടകമാണ്‌ തൈനടീല്‍. ചില വിദേശരാജ്യങ്ങളില്‍ പുതിയ നിരത്തുകള്‍ തീരുന്നമുറയ്‌ക്കുതന്നെ ഇരുവശത്തും തണല്‍ വൃക്ഷങ്ങള്‍ നടുന്ന സമ്പ്രദായം നിലവിലുണ്ട്‌. ഇതിനായി വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ വിപുലമായ തോതില്‍ പ്രത്യേകസ്ഥാനത്ത്‌ തൈകള്‍ വളര്‍ത്തിത്തുടങ്ങിയിരിക്കും. ഈ തൈകള്‍ക്ക്‌ നാലഞ്ചുവര്‍ഷത്തെ വളര്‍ച്ചയും തായ്‌ത്തടിക്ക്‌ 25-50 സെ.മീ. ചുറ്റളവും വിപുലമായതോതില്‍ പടര്‍ന്നുകഴിഞ്ഞ ഇലച്ചിലും ഉണ്ടായിക്കഴിയുമ്പോള്‍ അവയെ യന്ത്രങ്ങള്‍കൊണ്ട്‌ മൂടോടെ പിഴുതെടുത്ത്‌ പണിതീര്‍ന്നുകൊണ്ടിരിക്കുന്ന നിരത്തുകളുടെ വശങ്ങളില്‍ എടുത്തിട്ടുള്ള വലിയ കുഴികളില്‍ നടുന്നു. റോഡ്‌ പൂര്‍ത്തിയാകുന്നതോടെ ഈ വൃക്ഷങ്ങളും മച്ചില്‍ ഉറച്ചുകഴിഞ്ഞിരിക്കും.

വലുപ്പമേറിയ ഇത്തരം വൃക്ഷത്തൈകള്‍ പറിച്ചുനടുന്നത്‌ വ്യയകരവും ദുഷ്‌കരവുമാണ്‌. സാധാരണയായി 10-15 സെ.മീ. ചുറ്റളവും 300-400 സെ.മീ. ഉയരവുമുള്ള ചെറുതരം തൈകളാണ്‌ പറിച്ചുനടാറുള്ളത്‌. ഇത്തരം തൈകള്‍ രണ്ടുമൂന്നു കൊല്ലങ്ങള്‍കൊണ്ട്‌ ചെറുവൃക്ഷമായി വളര്‍ന്നുകഴിയും. ഇതിലുംചെറിയ, ഒന്നോ രണ്ടോ കൊല്ലം മാത്രം പ്രായമുള്ള, തൈകളാണ്‌ നടാനുപയോഗിക്കുന്നതെങ്കില്‍ അത്‌ വളര്‍ന്നു വൃക്ഷമാകാന്‍ അനവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. ഇക്കാലത്ത്‌ തൈകള്‍ക്കുചുറ്റും വേലികെട്ടി മറയ്‌ക്കാനും വേനല്‌ക്കാലത്ത്‌ വെള്ളമൊഴിക്കാനും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇപ്രകാരം നിരന്തരമായ പരിചരണം വേണ്ടിവരുന്നില്ലെന്നുള്ളതാണ്‌ വലിയ തൈകള്‍ നടുമ്പോഴുള്ള പ്രധാനസൗകര്യം. തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റു മുഖ്യകാര്യങ്ങള്‍ ഇവയാണ്‌: തൈ നടാനുള്ള കുഴികള്‍ കാലേകൂട്ടി എടുത്തശേഷം ജൈവവളവും മേല്‍മച്ചും സമം കലര്‍ത്തിയ മിശ്രിതംകൊണ്ട്‌ കുഴി നിറയ്‌ക്കണം. ഇങ്ങനെ നിറച്ച കുഴികള്‍ക്കകത്ത്‌ മറ്റൊരു ചെറിയ കുഴി തയ്യാറാക്കി അതിലാണ്‌ തൈ നടുന്നത്‌. നട്ടശേഷം ചുവട്ടിലെ മച്ച്‌ നല്ലപോലെ ചവിട്ടിയുറപ്പിക്കയും തൈകള്‍ കാറ്റില്‍ ഉലയാതിരിക്കാന്‍ ബലമുള്ള കുറ്റി നാട്ടി അതിനോടുചേര്‍ത്തു ബന്ധിക്കയും വേണം; വര്‍ഷകാലത്ത്‌ ചുവട്ടില്‍ വെള്ളം കെട്ടിനില്‌ക്കാതെ സൂക്ഷിക്കണം; വേനലില്‍ തൈകള്‍ക്ക്‌ ഈര്‍പ്പം നല്‌കാന്‍ വേണ്ടി ചുവട്ടില്‍ പാകത്തിന്‌ തടംകീറി ചുറ്റിനും വരമ്പുവയ്‌ക്കണം; നടുന്നതിനുമുമ്പ്‌ തൈകളുടെ ശിഖരങ്ങള്‍ പകുതിവച്ച്‌ കോതി മാറ്റേണ്ടതുണ്ട്‌; എന്നാല്‍ തായ്‌ത്തടിയുടെ തലപ്പുമാത്രം (നടുവിലത്തേത്‌) കോതാന്‍ പാടില്ല. തൈകള്‍ ഇളക്കുന്ന സമയത്ത്‌ കുറെ വേരുകള്‍ മുറിച്ചുമാറ്റേണ്ടി വരുന്നതുകൊണ്ടാണ്‌ കൊമ്പുകള്‍ കോതേണ്ടതായിവരുന്നത്‌. ഇങ്ങനെ ചെയ്യുന്നതുകൊണ്ട്‌ ഇലകളിലൂടെയുള്ള ജലനഷ്‌ടം കുറയ്‌ക്കാന്‍ കഴിയും. തന്മൂലം തൈകള്‍ വേഗത്തില്‍ വേരുപുടിച്ചു വളരാന്‍ തുടങ്ങും. മുതിര്‍ന്ന തൈകള്‍ പറിച്ചുമാറ്റുമ്പോഴാണ്‌ കൊമ്പുകോതലിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്‌.

ഇലകോതല്‍

ഇലകോതല്‍ (Pruning). വൃക്ഷത്തിന്റെ ആകൃതി ശരിപ്പെടുത്താനും വളര്‍ച്ചയ്‌ക്കു ദോഷംചെയ്യുന്ന ശിഖരങ്ങളെ മുറിച്ചുമാറ്റാനും ആണ്‌ ഈ വൃക്ഷങ്ങളുടെ ഇലകോതുന്നത്‌. മുറ്റിമുരടിച്ചതും രോഗബാധകൊണ്ട്‌ ഉണങ്ങിയതും വൈദ്യുതക്കമ്പികള്‍ തട്ടിയേക്കാവുന്നതുമായ ശിഖരങ്ങളാണ്‌ മുറിച്ചുമാറ്റേണ്ടിവരുന്നത്‌. വൃക്ഷങ്ങള്‍ക്ക്‌ അതതിന്റെ സ്വാഭാവികവളര്‍ച്ചയ്‌ക്കനുസരിച്ച്‌ ഒരു പ്രത്യേകാകൃതി ഉണ്ടായിരിക്കും. ഈ ആകൃതിക്ക്‌ അനുരൂപമല്ലാത്ത ശിഖരങ്ങളെ മുറിച്ചുമാറ്റണം. സുഷുപ്‌തികാലത്തിന്റെ ഒടുവിലോ തളിര്‍ക്കും കാലത്തിന്റെ ആരംഭത്തിലോ ആയിരിക്കണം ഇലകോതല്‍ നടത്തേണ്ടത്‌. പുഷ്‌ടിയുള്ള ഒരു മുകുളത്തിന്റെ തൊട്ടുമുന്നില്‍വച്ച്‌ ശിഖരം മുറിക്കുന്നു. മുറിപാട്‌ വൃത്തിയുള്ളതും ചരിഞ്ഞതും ചതവില്ലാത്തതുമായിരിക്കണം. വലിയ ശിഖരങ്ങള്‍ മുറിക്കുന്നതിന്‌ ചില ചിട്ടകളുണ്ട്‌. അത്തരം ശിഖരത്തില്‍ മുറിക്കേണ്ട ഭാഗത്തുനിന്നും 30 സെ.മീ. മുന്നോട്ടായി അടിവശത്ത്‌ ആദ്യം മുറിവുണ്ടാക്കുന്നു; പിന്നീട്‌ മുറിക്കേണ്ടഭാഗത്ത്‌ ശിഖരത്തിന്റെ മുകളില്‍ രണ്ടാമത്തെ മുറിവുണ്ടാക്കുന്നു. ഇത്തരം ശിഖരം മെല്ലെ ഒടിഞ്ഞു താണുവരും. ഈ സമയം നേരത്തേ കെട്ടിയിരുന്ന വടത്തിന്റെ സഹായത്തോടെ ശിഖരത്തെ മെല്ലെ താഴ്‌ത്തുകയും ഒടിഞ്ഞു കഴിഞ്ഞ മുറിഭാഗത്തെ പൂര്‍ണമായി മുറിച്ച്‌ വേര്‍പ്പെടുത്തുകയും ചെയ്യും. പിന്നീട്‌ അറപ്പുവാള്‍ കൊണ്ട്‌ മുറിപാട്‌ വൃത്തിയാക്കിയശേഷം രോഗബാധയുണ്ടാകാതിരിക്കാന്‍വേണ്ടി അവിടം ഏതെങ്കിലും രോഗനാശിനിതൈലമോ കീലോ പുരട്ടി സംരക്ഷിക്കണം.

അലങ്കാരവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച വീഥി-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സസ്‌, ബംഗളൂരു

വളംചേര്‍ക്കല്‍. വൃക്ഷങ്ങള്‍ വേഗത്തില്‍ വളര്‍ന്നു പടരുന്നതിനു സഹായകമാംവിധം വളങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്‌. നടുന്ന സമയത്ത്‌ കുഴിയില്‍ അഴുകിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ചേര്‍ത്തിരിക്കണം; കൂടാതെ ഒന്നോ രണ്ടോ കി.ഗ്രാം എല്ലുപൊടിയോ സൂപ്പര്‍ ഫോസ്‌ഫേറ്റോ കൂടി ഓരോ കുഴിയിലും ചേര്‍ത്തിരുന്നാല്‍ എളുപ്പത്തില്‍ വേരുപിടിച്ചുകിട്ടും; പിന്നീട്‌ വൃക്ഷത്തിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ ചജഗ വളംമിശ്രിത്രം ചേര്‍ത്തുകൊടുക്കണം. സാധാരണയായി 12:6:4 അല്ലെങ്കില്‍ 10:8:6 എന്ന തോതില്‍ ചജഗ അടങ്ങിയ രാസമിശ്രിതമാണ്‌ വൃക്ഷങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ചത്‌. തായ്‌ത്തടിയുടെ ഓരോ 2.5 സെ.മീ. വ്യാസത്തിനും 1-2 കി. ഗ്രാം എന്ന കണക്കിന്‌ ഈ വളം ചേര്‍ക്കാം. വൃക്ഷത്തിന്റെ ഇലച്ചിലിനു നടുവിലായി വരത്തക്കവിധം തായ്‌ത്തടിയുടെ ചുവട്ടില്‍നിന്നും അകന്ന്‌ ചുറ്റിനും വൃത്തത്തില്‍ 60 സെ.മീ.വീതിയും 30 സെ.മീ. ആഴവുമുള്ള ചാല്‌ കീറി അതില്‍ വളങ്ങളിട്ടു മൂടുകയാണ്‌ പതിവ്‌; അല്ലെങ്കില്‍ തായ്‌ത്തടിക്കു ചുറ്റിനും അവിടവിടെ ഓരോ മണ്‍വെട്ടിപ്പാട്‌ മച്ച്‌ നീക്കി അതില്‍ വളം വീതിച്ചിട്ടു മൂടുകയുമാകാം. സംരക്ഷണം. വന്‍വൃക്ഷങ്ങള്‍ക്ക്‌ സാധാരണയായി ഉണ്ടാകാറുള്ള ഗുരുതരമായ രോഗങ്ങള്‍ അവയുടെ തായ്‌ത്തടിയിലും ശിഖരങ്ങള്‍ ആരംഭിക്കുന്ന "കവട്ട' ഭാഗങ്ങളിലും ഉള്ള തൊലിയില്‍ ഉണ്ടാകുന്നവയാണ്‌. തൊലി നഷ്‌ടപ്പെട്ടാല്‍ അതു ക്രമേണ വൃക്ഷത്തിന്റെ സമ്പൂര്‍ണ നാശത്തില്‍ കലാശിക്കും. അതുകൊണ്ട്‌ തൊലിപ്പുറത്തുണ്ടാകുന്ന വ്രണങ്ങളും മറ്റു കേടുപാടുകളും അപ്പപ്പോള്‍ കണ്ടെത്തി സംരക്ഷിക്കണം. കേടുപറ്റിയഭാഗം ചുരണ്ടി വൃത്തിയാക്കിയശേഷം തുരിശും ചുച്ചാമ്പും സമം കലര്‍ത്തി തയ്യാറാക്കുന്ന ബോര്‍ഡോമിശ്രിതം എന്ന കുമിള്‍നാശിനിമരുന്നു പുരട്ടണം. മഴയത്ത്‌ മരുന്ന്‌ ഒലിച്ചുനഷ്‌ടപ്പെടാത്തവിധത്തില്‍ ഏതെങ്കിലും ആവരണം നല്‌കുകയും വേണം. ഇത്തരത്തില്‍ സംരക്ഷിച്ചാല്‍ വേഗത്തില്‍ പുതിയ തൊലി വളര്‍ന്നു വ്രണം മൂടും. "കവട്ട'കളിലുണ്ടാകുന്ന "പോടുകളെയും ഇത്തരത്തില്‍ സംരക്ഷിക്കണം. പോട്‌ വലുതാണെങ്കില്‍ അതില്‍ സിമന്റുകോണ്‍ക്രീറ്റ്‌ നിറച്ച്‌ വൃക്ഷത്തിനു ബലക്ഷയമുണ്ടാകാതെ സംരക്ഷിക്കുന്ന ഒരു രീതി നിലവിലുണ്ട്‌; ചില ശാസ്‌ത്രജ്ഞന്മാര്‍ ഈ രീതിക്ക്‌ എതിരാണ്‌. പോടുകള്‍ മരുന്നു പുരട്ടി വൃത്തിയാക്കി സൂക്ഷിച്ചാല്‍ മതിയെന്ന അഭിപ്രായമാണ്‌ അവര്‍ക്കുള്ളത്‌.

വംശവര്‍ധന. വൃക്ഷങ്ങളുടെ വംശവര്‍ധന ആര്‍ബോറിക്കള്‍ച്ചറിലെ ഒരു മുഖ്യ വിഷയമാണ്‌. വിത്തുപാകികിളിര്‍പ്പിച്ചും കൊമ്പുകള്‍ മുറിച്ചുനട്ടും വേരു പിടിപ്പിച്ച കൊമ്പുകള്‍ വെട്ടി നട്ടും പതിവച്ചും ഒട്ടുതൈകള്‍ ഉണ്ടാക്കിയും മുകുളനം നടത്തിയും പല വിധത്തില്‍ വംശവര്‍ധന നിര്‍വഹിക്കാറുണ്ട്‌. (ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍