This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർബോറിറ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍ബോറിറ്റം

Arboretum

അലങ്കാരത്തിനോ ശാസ്‌ത്രീയപഠനങ്ങള്‍ക്കോ വേണ്ടി വിവിധയിനം വൃക്ഷസസ്യാദികള്‍ നാട്ടുവളര്‍ത്തി സംരക്ഷിക്കുന്ന സ്ഥാനം; ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വൃക്ഷങ്ങള്‍ വളര്‍ത്തിയിട്ടുള്ള ഭാഗത്തിനും ഈ പേരുപയോഗിക്കും. ആര്‍ബോറിറ്റത്തില്‍ വളര്‍ത്തിയിട്ടുള്ള ഓരോ വൃക്ഷത്തെയും ഇനം തിരിച്ച്‌ അടയാളപ്പെടുത്തിയിട്ടുണ്ടാകുമെന്നതാണ്‌ അതിന്റെ പ്രത്യേകത. ഓരോ വൃക്ഷത്തിന്റെയും സാധാരണപേരും ദ്വിപദനാമപദ്ധതിയനുസരിച്ചുള്ള ശാസ്‌ത്രീയസംജ്ഞയും, ആ വൃക്ഷത്തിന്റെ ജന്മദേശത്തെ സംബന്ധിച്ച സംക്ഷിപ്‌തവിവരണവും കുറിച്ചിട്ടുള്ള ഓരോ ചെറിയ ബോര്‍ഡ്‌ ഓരോ വൃക്ഷത്തിലും പതിച്ചിട്ടുണ്ടാകും; ചുരുക്കത്തില്‍ വൃക്ഷങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു സംക്ഷിപ്‌ത നിഘണ്ടുവാണ്‌ ആര്‍ബോറിറ്റം.

റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-ഇംഗ്ലണ്ട്‌

ആധുനികകാലത്തെ മിക്ക സസ്യശാസ്‌ത്രത്തോട്ടങ്ങളും ഓരോ ആര്‍ബോറിറ്റം കൂടിയാണ്‌; അതുകൊണ്ട്‌ രണ്ടു പദങ്ങള്‍ക്കും ഇന്നേതാണ്ട്‌ തുല്യാര്‍ഥമാണുള്ളത്‌. നഗരങ്ങളിലെ ഉദ്യാനങ്ങളോടനുബന്ധിച്ചും സര്‍വകലാശാലകളുടെയും സ്‌കൂളുകളുടെയും കീഴിലുള്ള സസ്യശാസ്‌ത്ര തോട്ടങ്ങളുടെ ഭാഗമായും മൃഗശാലാവളപ്പുകളിലും സാധാരണയായി ആര്‍ബോറിറ്റങ്ങള്‍ സജ്ജീകരിക്കപ്പെട്ടുവരുന്നു.

ചില പ്രത്യേക സംവിധാനക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ ആര്‍ബോറിറ്റത്തില്‍ വ്യത്യസ്‌ത സ്‌പീഷീസുകളില്‍ ഉള്‍പ്പെട്ട വൃക്ഷങ്ങളെ നട്ടുവളര്‍ത്താറുള്ളത്‌. സസ്യകുലങ്ങളെ അടിസ്ഥാനപ്പെടുത്തി നടീല്‍ക്രമം സംവിധാനം ചെയ്യപ്പെട്ടുവരുന്നു; ഉദാഹരണമായി "പാമേസി' (Palmaceae) കുലത്തില്‍പ്പെട്ട വൃക്ഷങ്ങളെ എല്ലാം ഒരു പ്രത്യേക സ്ഥലത്തു നടുന്നു; അടുത്ത്‌ ലഗുമിനോസീ (Leguminoceae) കുലത്തില്‍പെടുന്ന വൃക്ഷങ്ങളെ അണിനിരത്തുന്നു; ഇത്തരം സംവിധാനം സസ്യശാസ്‌ത്രസംബന്ധിയായ പഠനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന ആര്‍ബോറിറ്റങ്ങളില്‍ ആണ്‌ സ്വീകരിക്കാറുള്ളത്‌. പരിസരങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ (ecology) വൃക്ഷങ്ങള്‍ നടുന്ന പതിവുമുണ്ട്‌. വരണ്ട കാലാവസ്ഥയില്‍ വളരുന്നവയെ ഒരു പ്രത്യേക സ്ഥാനത്തും ചതുപ്പുസ്ഥലങ്ങളില്‍ വളരുന്നവയെ അതിനു യോജിച്ച ചുറ്റുപാടിലും വളര്‍ത്തുന്നു; അതുപോലെ ഇലപൊഴിക്കുന്നതരം വൃക്ഷങ്ങള്‍ ഒരു കേന്ദ്രത്തില്‍ മാത്രമായും നിത്യഹരിതവൃക്ഷങ്ങളെ മറ്റൊരു കേന്ദ്രത്തിലും വളര്‍ത്തുന്നു. ഭൂമിശാസ്‌ത്രപരമായും സാമ്പത്തികമായുമുള്ള സമീപനങ്ങളും ആര്‍ബോറിറ്റം സംവിധാനം ചെയ്യുമ്പോള്‍ സ്വീകരിക്കാറുണ്ട്‌. ഏഷ്യയിലുള്ള വൃക്ഷങ്ങളെ ഒരു സ്ഥലത്തും അമേരിക്കാ വന്‍കരയില്‍ നിന്നുള്ളവയെ മറ്റൊരിടത്തും ആഫ്രിക്കയില്‍നിന്നുള്ളവയെ മൂന്നാമതൊരിടത്തും കേന്ദ്രീകരിക്കാം; സാമ്പത്തികാടിസ്ഥാനത്തിലാകുമ്പോള്‍ ഫലവൃക്ഷങ്ങളെ ഒരിടത്തും എച്ചക്കുരുക്കളെ മറ്റൊരിടത്തും നാരുവിളകളെ മൂന്നാമതൊരിടത്തും എന്ന രീതിയില്‍ വിഭാഗീകരിക്കുന്നു. ഓരോ രീതിക്കും അതിന്റേതായ മെച്ചങ്ങളും അസൗകര്യങ്ങളും ഉണ്ടായിരിക്കും.

ചില പ്രസിദ്ധ ആര്‍ബോറിറ്റങ്ങള്‍. 16-ാം ശ.-ത്തില്‍ ഫ്രാന്‍സിലെ ടൂവോയ്‌സ്‌ എന്ന സ്ഥലത്ത്‌ സജ്ജീകരിച്ച "റെനു ദെ ബല്ലെയ്‌' എന്ന ആര്‍ബോറിറ്റമാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും പഴക്കമുള്ളത്‌. പശ്ചിമേഷ്യയില്‍നിന്നും ശേഖരിച്ച ഒട്ടനേകം വൃക്ഷവര്‍ഗങ്ങള്‍ ഇവിടെ നട്ടുവളര്‍ത്തപ്പെട്ടിട്ടുണ്ട്‌. ഫ്രഞ്ചുനാവികപ്പടയിലെ ഒരുദ്യോഗസ്ഥനായിരുന്ന ദെ ഹാമെല്‍ദെമോണ്‍സ്യു യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടേയും പ. ഭാഗങ്ങളില്‍നിന്നു ശേഖരിച്ച ഒട്ടനേകം വൃക്ഷത്തൈകളെ സ്വന്തം എസ്റ്റേറ്റില്‍ നട്ടുവളര്‍ത്തി പരിരക്ഷിച്ചത്‌ പില്‌ക്കാലത്തു പ്രസിദ്ധമായ ഒരു ആര്‍ബോറിറ്റമായി. ഇതാവാം ശാസ്‌ത്രീയമായി സംരക്ഷിക്കപ്പെട്ട ആദ്യത്തെ "ഉപവനം'. ഇംഗ്ലണ്ടില്‍ ക്യൂ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന "റോയല്‍ ബൊട്ടാണിക്‌ ഗാര്‍ഡന്‍സ്‌' ആണ്‌ ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ആര്‍ബോറിറ്റം. അഗസ്റ്റാരാജകുമാരന്റെ വക 4 ഹെക്‌ടര്‍ വിസ്‌തീര്‍ണമുണ്ടായിരുന്ന ഒരു ചെറിയ എസ്റ്റേറ്റില്‍ ആരംഭമിട്ട ഈ തോട്ടം 1841-ല്‍ ബ്രിട്ടിഷ്‌ ഗവണ്‍മെന്റ്‌ ഏറ്റെടുത്തു വികസിപ്പിച്ചു; വില്യം ഹൂക്കര്‍ ആയിരുന്നു ഇതിന്റെ ആദ്യത്തെ ഡയറക്‌ടര്‍. ഇന്ന്‌ 10,000ത്തില്‍പ്പരം വ്യത്യസ്‌ത വര്‍ഗങ്ങളില്‍പ്പെടുന്ന സസ്യങ്ങള്‍ ഈ തോട്ടത്തില്‍ വളരുന്നുണ്ട്‌. ഇംഗ്ലണ്ടിലെ മറ്റു സുപ്രസിദ്ധ ആര്‍ബോറിറ്റങ്ങള്‍ എഡിന്‍ബറോയിലെ റോയല്‍ ബൊട്ടാണിക്‌ ഗാര്‍ഡന്‍സ്‌, വെസ്‌ലിയിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി, ഡബ്ലിനിലെ ഐറിഷ്‌ നാഷനല്‍ ബൊട്ടാണിക്ക്‌ ഗാര്‍ഡന്‍സ്‌ എന്നിവയാണ്‌.

യു.എസ്സിലെ സുപ്രധാന ആര്‍ബോറിറ്റങ്ങള്‍ സെയ്‌ന്റ്‌ ലൂയിയിലെ മിസൗറി ബൊട്ടാണിക്‌ ഗാര്‍ഡന്‍സ്‌, ഷിക്കാഗോയിലെ മോര്‍ട്ടണ്‍ ആര്‍ബോറിറ്റം, ബോസ്റ്റണിലെ ആര്‍നോള്‍ഡ്‌ ആര്‍ബോറിറ്റം, ന്യൂയോര്‍ക്ക്‌ സംസ്ഥാനത്തിലെ ബ്രൂക്ക്‌ലിന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്‌, വാഷിങ്‌ടണ്‍ നഗരത്തിലെ നാഷനല്‍ ആര്‍ബോറിറ്റം എന്നിവയാണ്‌.

നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്‌-കൊല്‍ക്കത്ത

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ആര്‍ബോറിറ്റം കൊല്‍ക്കത്തയിലെ നാഷനല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്‌ ആണ്‌. ബ്രിട്ടിഷ്‌ ഭരണകാലത്തു രൂപംകൊണ്ട ഈ ശാസ്‌ത്രീയോപവനം ലോകത്തിലെ പഴക്കംചെന്ന ഇത്തരം സ്ഥാപനങ്ങളില്‍ പ്രമുഖമായ ഒന്നാണ്‌. തെക്കേ ഇന്ത്യയിലെ ഏറ്റവും മുഖ്യമായ ആര്‍ബോറിറ്റം ഊട്ടിയിലെ ബൊട്ടാണിക്‌ ഗാര്‍ഡന്‍സാണ്‌. വൈവിധ്യമേറിയ ഒട്ടേറെ സസ്യസ്‌പീഷീസുകള്‍ വളരുന്ന കേരളത്തില്‍ വന്‍കിട ആര്‍ബോറിറ്റങ്ങള്‍ ഒന്നും തന്നെയില്ല എന്നു വേണം പറയുവാന്‍. തിരുവനന്തപുരം മൃഗശാലാവളപ്പില്‍ പരിമിതമായ തോതിലുള്ള ഒരു ആര്‍ബോറിറ്റം സംരക്ഷിക്കപ്പെട്ടുവരുന്നു.

പ്രയോജനങ്ങള്‍. മുഖ്യമായി മൂന്ന്‌ ഉപയോഗങ്ങളാണ്‌ ആര്‍ബോറിറ്റങ്ങള്‍കൊണ്ട്‌ ഇന്നുള്ളത്‌. പുതിയ സസ്യസ്‌പീഷീസുകളെ അവതരിപ്പിക്കാനും വളര്‍ത്തിസംരക്ഷിക്കാനുമുള്ള ഒരു കേന്ദ്രമെന്ന നിലയിലാണ്‌ ഇന്നു മിക്ക പ്രമുഖ ആര്‍ബോറിറ്റങ്ങളും പ്രവര്‍ത്തിക്കുന്നത്‌; ഇതുതന്നെയാണ്‌ ഏറ്റവും മുഖ്യമായ ഉപയോഗവും. പുതിയ സസ്യയിനങ്ങളെ പ്രജനനം മുഖേന ഉരുത്തിരിച്ചെടുക്കാനുള്ള ഒരു അസംസ്‌കൃത സസ്യകേന്ദ്രം എന്ന നിലയിലും ഇവ പ്രാധാന്യം അര്‍ഹിക്കുന്നു. സസ്യയിനങ്ങളുടെ പരിണാമഗതി വീക്ഷിക്കാനും വര്‍ഗീകരണപരിപാടികള്‍ ആസൂത്രണം ചെയ്യാനുമുള്ള ഒരുപാധി എന്ന നിലയിലും ആര്‍ബോറിറ്റം ഉപകരിക്കുന്നുണ്ട്‌. (ആര്‍. ഗോപിമണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍