This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർസു (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആര്‍സു (1950 - )

ആര്‍സു

സാഹിത്യ നിരൂപകനും വിവര്‍ത്തകനും. അഭിമുഖഭാഷണങ്ങളില്‍ കൂടി അന്യഭാഷാ സാഹിത്യകാരന്മാരെ മലയാളികള്‍ക്കു പരിചയപ്പെടുത്തുകയും കൃതികള്‍ വിവര്‍ത്തനം ചെയ്‌തു പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുള്ള ആര്‍സു 1950 ജൂല. 19-ന്‌ കോഴിക്കോട്ടു ജനിച്ചു. ആര്‍. സുരേന്ദ്രന്‍ എന്നാണ്‌ പൂര്‍ണമായ പേര്‌. ഹിന്ദിയില്‍ എം.എ. ബിരുദം നേടി. തുടര്‍ന്ന്‌ "വിദേശ സംസ്‌കാരത്തിന്റെയും ചിന്തയുടെയും പ്രഭാവം സ്വാതന്ത്യ്രാനന്തര ഹിന്ദി നോവലുകളില്‍' എന്ന വിഷയത്തില്‍ ഡോക്‌ടറേറ്റു നേടി. ഇപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാലയിലെ ഹിന്ദിവകുപ്പില്‍ റീഡറായി പ്രവര്‍ത്തിക്കുന്നു.

സാഹിത്യകാരന്മാരുമായുള്ള ഇരുനൂറോളം അഭിമുഖങ്ങള്‍ ഡോ. ആര്‍സു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ജ്ഞാനപീഠ ജേതാക്കളെയും ഉന്നതശീര്‍ഷരായ ഇന്ത്യന്‍ സാഹിത്യകാരന്മാരെയും വിദേശ എഴുത്തുകാരെയുമാണ്‌ ഇദ്ദേഹം മുഖാമുഖങ്ങളിലൂടെ അനുവാചകര്‍ക്കു പരിചയപ്പെടുത്തുന്നത്‌. പല അഭിമുഖങ്ങളും ഹിന്ദിയിലും മലയാളത്തിലും പ്രസിദ്ധീകരിക്കാറുണ്ട്‌. മഹാരഥന്മാരുമായി മുഖാമുഖം എന്ന ഗ്രന്ഥം ഇത്തരത്തിലുള്ള അഭിമുഖങ്ങളുടെ സമാഹാരമാണ്‌. ജ്ഞാനപീഠ സംവാദങ്ങള്‍ എന്ന കൃതിയില്‍ ജ്ഞാനപീഠ ജേതാക്കളെക്കുറിച്ചുള്ള കുറിപ്പുകളും അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കബീര്‍ദാസ്‌, വിവര്‍ത്തന ചിന്തനം, വിവര്‍ത്തനത്തിന്റെ വിശാല ലോകത്തില്‍ എന്നിവയാണ്‌ ഡോ. ആര്‍സുവിന്റെ മറ്റ്‌ മലയാളഗ്രന്ഥങ്ങള്‍. വിവര്‍ത്തന വിചിന്തനത്തില്‍ തര്‍ജുമയെ ഒരു സാംസ്‌കാരിക ദൗത്യമായും ദേശീയോദ്‌ഗ്രഥനോപാധിയായും ലേഖകന്‍ നിരീക്ഷിക്കുന്നു. പരിഭാഷയെക്കുറിച്ച്‌ അമൃതാപ്രീതം, പ്രഭാകര്‍മാച്ച്‌വേ, മാത്യു ആര്‍നള്‍ഡ്‌, കേസരി ബാലകൃഷ്‌ണപിള്ള എന്നിവരുടെ വീക്ഷണങ്ങളും ഈ സമാഹാരത്തിലുണ്ട്‌. സാഹിത്യാനുവാദ്‌-സംവാദ്‌ ഔര്‍ സംവേദന ഡോ. ആര്‍സുവിന്റെ സാഹിത്യപരിഭാഷയെക്കുറിച്ചുള്ള ഹിന്ദിഗ്രന്ഥമാണ്‌. അനുവാദ്‌ എന്ന ഹിന്ദിത്ര മാസിക 1993-ല്‍ പ്രസിദ്ധീകരിച്ച മലയാളം സാഹിത്യവിശേഷാങ്ക്‌ എഡിറ്റു ചെയ്‌തത്‌ ഇദ്ദേഹമാണ്‌. ഡോ. ആര്‍സുവിന്‌ കോളജ്‌ ഹിന്ദി റ്റീച്ചേഴ്‌സ്‌ ഫോറത്തിന്റെ 1993-ലെ അവാര്‍ഡു ലഭിച്ചു.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%B8%E0%B5%81_(1950_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍