This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർടി, ലിയോണ്‍ ബാനറിസ്റ്റാ (1404 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബര്‍ടി, ലിയോണ്‍ ബാനറിസ്റ്റാ (1404 - 72)

Alberti, Lion Banarista

ഇറ്റാലിയന്‍ കലാകാരന്‍. വാസ്‌തുശില്‌പി, സംഗീതജ്ഞന്‍, ഗ്രന്ഥകാരന്‍, കവി, നവോത്ഥാനകലാദാര്‍ശനികന്‍ എന്നീ നിലകളില്‍ വിഖ്യാതി ആര്‍ജിച്ച ആല്‍ബര്‍ടി 1404 ഫെ. 14-ന്‌ ജനോവയില്‍ ജനിച്ചു. ബൊളോഞ്ഞയില്‍ വിദ്യാര്‍ഥിയായിരുന്നകാലത്ത്‌ ഇദ്ദേഹം ഫിലോഡോക്‌സിയഡ്‌ എന്നൊരു ലത്തീന്‍ പ്രഹസനവും സദാചാരസംബന്ധിയായ ഒട്ടേറെ ലേഖനങ്ങളും രചിച്ചു.

1434-ല്‍ യൂജെനിയസ്‌ മാര്‍പാപ്പയുടെ കാര്യദര്‍ശിയായി ഇദ്ദേഹം നിയമിക്കപ്പെട്ടു. കുറേവര്‍ഷം ഫ്‌ളോന്റസില്‍ കഴിഞ്ഞുകൂടിയതിന്റെ ഫലമായി പ്രതിമാനിര്‍മാണം, ചിത്രരചന എന്നീ വിഷയങ്ങളില്‍ കൂടുതല്‍ അവഗാഹം നേടുന്നതിനും ചില പ്രബന്ധങ്ങള്‍ രചിക്കുന്നതിനും സൗകര്യം കിട്ടി. 1435-ല്‍ ദല്ലാ പിത്തുറ (Della pithura) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ചിത്ര കലയെ സംബന്ധിച്ച ആദ്യത്തെ പ്രാമാണികഗ്രന്ഥം എന്ന സ്ഥാനം ഇതിനു ലഭിച്ചു.

ലിയോണ്‍ ബാനറിസ്റ്റാ ആല്‍ബര്‍ടി

കുടുംബജീവിതത്തിന്റെ സാന്‍മാര്‍ഗികവശത്തെക്കുറിച്ചുള്ള ചില പഠനങ്ങളും ഇദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്‌. ഇറ്റലിയിലെ നവോത്ഥാനാനന്തര സംസ്‌കാരത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഘടനയെ വ്യക്തമാക്കുന്ന ദല്ലാ ഫിമിഗ്‌ളിയാ എന്ന കൃതി മാനവീയദര്‍ശനത്തില്‍ ആല്‍ബര്‍ടിക്കുള്ള ഉള്‍ക്കാഴ്‌ച വ്യക്തമാക്കുന്നു.

വാസ്‌തുശില്‌പരംഗത്തായിരുന്നു ആല്‍ബര്‍ടിയുടെ സ്വാധീനം ഏറ്റവുമധികം വ്യാപരിച്ചിരുന്നത്‌. റോമന്‍ വാസ്‌തുശില്‌പിയായിരുന്ന പോള്യോ വിട്രൂവിയസ്സിന്റെ(ബി.സി. 1-ാം ശ.) കൃതികളെ മാതൃകയാക്കി 1452-ല്‍ ഇദ്ദേഹം രചിച്ച ദി റെ എഡിഫിക്കേറ്റോറിയ എന്ന പുസ്‌തകം 1485-ല്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹം ആവിഷ്‌കരിച്ച കലാസിദ്ധാന്തങ്ങള്‍ സാന്താമറിയ നൊവെല്ലാ, ഫ്‌ളോറന്‍സിലെ റൂസെല്ലൈ, റിമിനിയിലെ സെ. ഫ്രാന്‍സെസ്‌കോ, മാഞ്ചൂവയിലെ സെ. സെബാസ്റ്റിനോ. സെ. ആല്‍ഡ്രിയ തുടങ്ങിയ രാജകീയസൗധങ്ങളുടെയും ദേവലായങ്ങളുടെയും മുഖമണ്ഡപങ്ങളുടെ സംവിധാനസംരചനകളില്‍ ശാശ്വതീകരിപ്പെട്ടിരിക്കുന്നു. ആല്‍ബര്‍ടിയുടെ സാഹിത്യസപര്യ വീട്ടുമൃഗങ്ങള്‍, മതം, പൗരോഹിത്യം, ന്യായശാസ്‌ത്രം, രാഷ്‌ട്രമീമാംസ, ഭരണതന്ത്രം, ഗണിതശാസ്‌ത്രം, യന്ത്രവിജ്ഞാനം, സാഹിത്യം, ഭാഷ തുടങ്ങി വിവിധമേഖലകളെ സ്‌പര്‍ശിച്ചിരുന്നു. കൂടാതെ കഥാഖ്യാനത്തിലും കാവ്യരചനയിലും ഇദ്ദേഹം താത്‌പര്യം കാണിച്ചിട്ടുണ്ട്‌. സര്‍വേയുടെയും കാമറ ഒബ്‌സ്‌കുറായുടെയും വികസനത്തില്‍ അദ്ദേഹം തത്‌പരനായിരുന്നു. ആസൂത്രിത നഗരനിര്‍മാണത്തെക്കുറിച്ചും ഇദ്ദേഹത്തിന്‌ ചില സിദ്ധാന്തങ്ങളുണ്ടായിരുന്നു.

1472 ഏ. 25-ന്‌ റോമില്‍വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍