This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബർട്ടസ്‌ മാഗ്നസ്‌ (? - 1280)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആല്‍ബര്‍ട്ടസ്‌ മാഗ്നസ്‌ (? - 1280)

Albertus Magnus

യൂറോപ്യന്‍ ദാര്‍ശനികന്‍. 1193-നും 1206-നും ഇടയ്‌ക്ക്‌ ബവേറിയയിലെ ലായിന്‍ജന്‍ എന്ന സ്ഥലത്ത്‌ ജനിച്ചു. പാദുവായിലും ബൊളോഞ്ഞയിലും പഠനം നടത്തിയശേഷം 1223-ല്‍ ഇദ്ദേഹം ഡൊമിനിക്കന്‍ സന്ന്യാസി സമൂഹത്തില്‍ ചേര്‍ന്നു. 1228-നും 1240-നും ഇടയ്‌ക്ക്‌ ജര്‍മനിയിലും കൊളോണിലും നിരവധി സന്ന്യാസിമഠങ്ങളില്‍ ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ അധ്യാപനം നടത്തി. 1245-ഓടുകൂടി ഇദ്ദേഹം പാരിസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ദൈവശാസ്‌ത്ര ഡോക്‌ടര്‍ബിരുദം നേടി. 1245 മുതല്‍ 1248 വരെ അവിടെ അധ്യാപകനായി പ്രവര്‍ത്തിച്ചു. അക്കാലത്താണ്‌ തോമസ്‌ അക്വിനാസ്‌ ഇദ്ദേഹത്തിന്റെ ശിഷ്യനും സഹപ്രവര്‍ത്തകനും ആയിത്തീര്‍ന്നത്‌. 1260-ല്‍ പോപ്പ്‌ അലക്‌സാണ്ടര്‍ IV ഇദ്ദേഹത്തെ റാറ്റിസ്‌ബോണിലെ ബിഷപ്പായി വാഴിച്ചു. രണ്ടു വര്‍ഷക്കാലം അവിടെ സേവനമനുഷ്‌ഠിച്ചശേഷം വീണ്ടും ഗ്രന്ഥരചനയിലും അധ്യാപനത്തിലും ശ്രദ്ധചെലുത്തി. ഇദ്ദേഹത്തിന്റെ അസാധാരണമായ പാണ്ഡിത്യത്തെ ആദരിച്ച്‌ "ഡോക്‌ടര്‍ യൂണിവേഴ്‌സാലിസ്‌' എന്ന ബഹുമതി കത്തോലിക്കാസഭ ഇദ്ദേഹത്തിന്‌ നല്‌കി. ഇദ്ദേഹത്തിനു മഹാനായ ആല്‍ബര്‍ട്ട്‌ എന്ന അപരനാമധേയവും ഉണ്ടായിരുന്നു.

ആല്‍ബര്‍ട്ടസ്‌ മാഗ്നസ്‌

സ്‌കൊളാസ്റ്റിസിസത്തിന്റെ സുവര്‍ണകാലഘട്ടത്തിലായിരുന്നു ആല്‍ബര്‍ട്ടിന്റെ ജീവിതം. ഏതാണ്ട്‌ 40 വര്‍ഷത്തോളം ഇദ്ദേഹം സാഹിത്യരചനയില്‍ മുഴുകിക്കഴിഞ്ഞു. ഭൗതികശാസ്‌ത്രം, മനഃശാസ്‌ത്രം, ജ്യോതിശ്ശാസ്‌ത്രം, ഭൗമശാസ്‌ത്രം, ജന്തുശാസ്‌ത്രം, സസ്യശാസ്‌ത്രം, ധാതുവിജ്ഞാനം എന്നിവയെപ്പറ്റി ഇദ്ദേഹം വിപുലമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ഇദ്ദേഹത്തിന്റെ പ്രധാന കൃതികളില്‍ ഹാന്‍ഡ്‌ ബുക്ക്‌ ഒഫ്‌ ഡോക്‌ടറിന്‍ കണ്‍സേണിങ്ങ്‌ ക്രീച്ചേഴ്‌സ്‌ (1240-43), കമന്ററി ഓണ്‍ ദ്‌ ഫോര്‍ ബുക്ക്‌സ്‌ ഒഫ്‌ ലൊമ്പാര്‍ഡ്‌സ്‌ സെന്റന്‍സസ്‌ (1240-49), ദ്‌ ബുക്ക്‌ ഒഫ്‌ ദ്‌ കോസസ്‌ ആന്‍ഡ്‌ പ്രാസഷന്‍സ്‌ ഒഫ്‌ ദി യൂണിവേഴ്‌സ്‌ (1252-70), ഹാന്‍ഡ്‌ബുക്ക്‌ ഒഫ്‌ തിയോളജി (1270-80) എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ബൈബിളിന്റെയും ബോത്തിയസ്‌ എന്നിവരുടെയും കൃതികളുടെ വ്യാഖ്യാനങ്ങളും ഇദ്ദേഹത്തിന്റെ ഗ്രന്ഥസമുച്ചയത്തില്‍പ്പെടുന്നു. അരിസ്റ്റോട്ടല്‍, അവിസെന്ന, അവറോസ്‌ എന്നിവര്‍ക്ക്‌ തുല്യമായ പദവി ആല്‍ബര്‍ട്ടിനും നല്‌കപ്പെട്ടിട്ടുണ്ട്‌. 1280 ന. 15-ന്‌ കൊളോണില്‍വച്ച്‌ ആല്‍ബര്‍ട്ട്‌ അന്തരിച്ചു. 1931-ല്‍ പുണ്യവാളനാക്കപ്പെട്ടു. ന. 15 ഇദ്ദേഹത്തിന്റെ പെരുന്നാളായി ആഘോഷിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍