This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍സിനറേറ്റർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്‍സിനറേറ്റര്‍

Incinerator

ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന നഗരങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കത്തിച്ചു ചാമ്പലാക്കുവാനുള്ള ചൂള. കുപ്പത്തൊട്ടികളിലോ ചവറ്റുകുട്ടകളിലോ ആണ്‌ ചപ്പ്‌ചവറ്‌ അടിച്ചുവാരി ആദ്യം ശേഖരിക്കുന്നത്‌. ഈ കുപ്പക്കൂമ്പാരത്തില്‍ ഭക്ഷണപദാര്‍ഥങ്ങളുടെ ഉച്ഛിഷ്‌ടങ്ങള്‍, ഇലകള്‍, ചീഞ്ഞളിഞ്ഞ കായ്‌കറികള്‍, പഴങ്ങള്‍, ചെരിപ്പുകള്‍, പൊട്ടിയ കണ്ണാടി, മുട്ടത്തോട്‌, ജന്തുക്കളുടെ എല്ല്‌, തൊലി, മീന്‍മുള്ള്‌, ചാണകം, മലം, പഴന്തുണി തുടങ്ങിയ ഖരപദാര്‍ഥങ്ങളും കായ്‌കറികളുടെയും പഴവര്‍ഗങ്ങളുടെയും നീര്‌, മലിനജലം, മഴവെള്ളം എന്നിങ്ങനെയുള്ള ദ്രവപദാര്‍ഥങ്ങളും അടങ്ങിയിരിക്കും. മാലിന്യത്തില്‍ 52 ശതമാനം കത്തുന്നവയും 48 ശതമാനം കത്താത്തവയും ആയ വസ്‌തുക്കളായിരിക്കുമെന്ന്‌ സാമാന്യമായി പറയാം.

ദീര്‍ഘചതുരാകൃതിയിലും സിലിണ്ടറാകൃതിയിലും ഉള്ള ഇന്‍സിനറേറ്ററുകള്‍ ഉണ്ട്‌. ബാഹ്യാകൃതി ഏതായിരുന്നാലും ഈ ചൂളകള്‍ക്ക്‌ രണ്ട്‌ അറകള്‍ ഉണ്ടായിരിക്കും. ഒന്നില്‍ കുപ്പക്കൂമ്പാരം വേണ്ടവിധത്തില്‍ നിറച്ച്‌ തീ കത്തിക്കുമെങ്കിലും അതില്‍വച്ച്‌ മാലിന്യങ്ങള്‍ മുഴുവന്‍ എരിഞ്ഞു തീരുകയില്ല. ദഹനം പൂര്‍ണമാകുന്നത്‌ രണ്ടാമത്തെ അറയില്‍വച്ചാണ്‌. കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍ കുഴലുകള്‍വഴി 66 മീറ്ററോളം ഉയരമുള്ള ചിമ്മിനിയിലൂടെ പുറത്തുപോകുന്നു.

ഒരു ആധുനിക ഇന്‍സിനറേറ്റര്‍

കുപ്പക്കൂമ്പാരം കൊണ്ടുവന്നിറക്കുന്നതിനും ശേഖരിച്ച്‌ സൂക്ഷിക്കുന്നതിനും ഇന്‍സിനറേറ്റര്‍ പ്ലാന്റുകളില്‍ സൗകര്യമുണ്ടായിരിക്കും.

നിര്‍മാണം. പ്രതിദിനം കത്തിക്കേണ്ട മാലിന്യങ്ങളുടെ അളവിനെ ആസ്‌പദമാക്കിയാണ്‌ ഇന്‍സിനറേറ്ററിന്റെ വലുപ്പം നിശ്ചയിക്കുന്നത്‌. മാലിന്യം പൂര്‍ണമായി കത്തിച്ചാമ്പലാകുന്നതിന്‌ ഇന്‍സിനറേറ്ററിലേക്ക്‌ എത്ര വായു പ്രവഹിപ്പിക്കണമെന്ന്‌ കണക്കാക്കാം. ഇതിനുവേണ്ടി മാലിന്യത്തിന്റെ കലോറിമൂല്യം 3,000-5,000 ബി.ടി.യു/പൗണ്ട്‌ ആണെന്നും മാലിന്യത്തിന്റെ കത്തുന്ന ഘടകം സെല്ലുലോസ്‌ (C6H10O5) ആണെന്നും കണക്കാക്കപ്പെടുന്നു. സെല്ലുലോസും ഓക്‌സിജനുംകൂടി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡും ജലവും ഉണ്ടാകുന്നു എന്നതിനെ ആസ്‌പദമാക്കി, മാലിന്യം കത്തുന്നതിനുവേണ്ട ഓക്‌സിജനും അത്രയും ഓക്‌സിജന്‍ ലഭിക്കുന്നതിനു പ്രവഹിപ്പിക്കേണ്ട വായുവും എത്രയാണെന്നു കണക്കാക്കാം.

ഇന്‍സിനറേറ്റര്‍ നിര്‍മാണച്ചെലവിന്റെ 60-67 ശതമാനം ചൂളയ്‌ക്കും 20-30 ശതമാനം കെട്ടിടത്തിനും 8-10 ശതമാനം ചിമ്മിനിക്കും ആണു വേണ്ടിവരുന്നത്‌.

മാലിന്യങ്ങള്‍ ഇന്‍സിനറേറ്റര്‍ അറയിലേക്ക്‌ ഇടുന്നതിന്‌ ട്രക്കുകള്‍ ആവശ്യമാണ്‌. കത്തിക്കുന്നതിനുമുമ്പ്‌ മാലിന്യം ചൂടാക്കുന്നതിന്‌ "പ്രീ ഹീറ്ററുകള്‍' ഉണ്ടായിരിക്കണം. ഉള്ളില്‍ പങ്കകളുള്ള പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാണ്‌ മാലിന്യം എരിയുന്നതിനുവേണ്ട വായു ഉന്നതമര്‍ദത്തില്‍ ചൂളയിലേക്കു പ്രവഹിപ്പിക്കുന്നത്‌.

ഇന്‍സിനറേറ്ററില്‍ ഉണ്ടാകുന്ന ചാമ്പല്‍ ശേഖരിക്കുന്നതിനുള്ള അറ ഉരുക്കുകൊണ്ട്‌ നിര്‍മിച്ചിരിക്കും. നല്ല ചൂടുള്ള ചാരം വെള്ളംതളിച്ച്‌ തണുപ്പിച്ചാണ്‌ ശേഖരിക്കാറുള്ളത്‌.

ഉപകരണങ്ങള്‍. കാര്‍ബണ്‍ഡൈഓക്‌സൈഡ്‌ റിക്കാര്‍ഡര്‍, വായുവിന്റെ ഗതി കാണിക്കുന്നതിനുള്ള റിക്കാര്‍ഡിങ്‌മീറ്റര്‍, ചൂളയിലെ താപനില സൂചിപ്പിക്കുന്നതിനുള്ള പൈറോമീറ്റര്‍, പുകയുടെ സാന്ദ്രത കാണിക്കുന്നതിനുള്ള മീറ്റര്‍ എന്നിവയാണ്‌ ഇന്‍സിനറേറ്ററിലെ പ്രധാനപ്പെട്ട ഉപകരണങ്ങള്‍.

ചപ്പുചവറില്‍നിന്നും വൈദ്യുതി. ചപ്പുചവറുകള്‍ എരിച്ച്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള യത്‌നം 1972 മുതല്‍ നടന്നുവരുന്നു. ഇതിന്‌, വൈദ്യുതകാന്തം ഉപയോഗിച്ചും മറ്റും കുപ്പക്കൂമ്പാരത്തിലെ ലോഹഭാഗങ്ങള്‍ നീക്കി, ബാക്കിമാലിന്യം കല്‍ക്കരിപ്പൊടിയുമായി കലര്‍ത്തിയാണ്‌ ചൂളയിലിടുന്നത്‌. ഇത്‌ കത്തുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന താപോര്‍ജം ഉപയോഗിച്ച്‌ ജലം നീരാവിയാക്കി ടര്‍ബൈനുകളും അതുവഴി ജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.

(കെ.കെ. വാസു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍