This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇമാഖെയ്‌തൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇമാഖെയ്‌തല്‍

പൂര്‍ണമായും സ്‌ത്രീകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക വിപണനകേന്ദ്രം. മണിപ്പൂര്‍ സംസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്ന ഇമാഖെയ്‌തല്‍ ഖരംബന്ത്‌, ബസാര്‍, ഇമാ മാര്‍ക്കറ്റ്‌, നുപി ഖെയ്‌തല്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മണിപ്പൂരിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റുകളില്‍ ഒന്നാണിത്‌. സ്‌ത്രീകളുടെ നിയന്ത്രണത്തിലുള്ള ഇത്തരമൊരു സംവിധാനം ആദ്യമായി ആരംഭിച്ചത്‌ മെയ്‌ദ്ധിന്‍നര്‍ ഖജംബ എന്ന പ്രാദേശിക രാജാവാണെന്ന്‌ കരുതപ്പെടുന്നു.

ഇംഫാലിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഈ വിപണനകേന്ദ്രത്തില്‍ മൂവായിരത്തില്‍പ്പരം സ്‌ത്രീകള്‍ പണി എടുക്കുന്നു എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പച്ചക്കറികള്‍, മത്സ്യം, തുണിത്തരങ്ങള്‍, ധാന്യങ്ങള്‍, കരകൗശല വസ്‌തുക്കള്‍ തുടങ്ങിയവയാണ്‌ ഇവിടത്തെ പ്രധാന ഉത്‌പന്നങ്ങള്‍. ഒരൊറ്റ പുരുഷന്‍പോലും ഇമാഖെയ്‌തലിലോ സമീപപ്രദേശങ്ങളിലോ ജോലിചെയ്യുന്നില്ല എന്നത്‌ ഈ കമ്പോളത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാക്കുന്നു. കമ്പോളത്തിന്റെ പ്രത്യേകതയും ഉത്‌പന്നങ്ങളുടെ വൈവിധ്യവും ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌.

സ്‌ത്രീകളുടെ കമ്പോളം എന്ന നിലയില്‍ മാത്രമല്ല ചരിത്രത്തില്‍ ഇമാഖെയ്‌തല്‍ സ്ഥാനം പിടിച്ചിരിക്കുന്നത്‌. 1904 മുതല്‍ 1939 വരെ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരകേന്ദ്രം എന്ന നിലയില്‍ ഇവിടം ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊളോണിയന്‍ വിരുദ്ധ സമരത്തിന്റെ മുന്‍പന്തിയിലായിരുന്ന ഇവിടത്തെ സ്‌ത്രീ ജനങ്ങള്‍ കമ്പോളമടച്ചു കൊണ്ടായിരുന്നു പലപ്പോഴും സമരമുഖത്ത്‌ സജീവമായത്‌ എന്ന്‌ ബ്രിട്ടീഷ്‌ ചരിത്രരേഖകള്‍ വെളിപ്പെടുത്തുന്നു.

അസാധാരണമായ നേതൃത്വപാടവവും സവിശേഷമായ ലിംഗാവബോധവും ഇവരില്‍ നിലനില്‍ക്കുന്നതായി പല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 1948-ല്‍ ഈ കമ്പോളത്തെ ഇല്ലാതാക്കാന്‍ ചില പ്രാദേശിക നേതാക്കന്‍മാര്‍ നടത്തിയ ശ്രമത്തെ ഇവിടത്തെ സ്‌ത്രീകള്‍ ചെറുത്തു തോല്‍പ്പിക്കുകയുണ്ടായി. കമ്പോളത്തിലെ പഴയ ഷെഡ്ഡുകളുടെ സ്ഥാനത്ത്‌ നിര്‍മിക്കപ്പെട്ട പുതിയ കെട്ടിട സമുച്ചയം 2010-ല്‍ സോണിയ ഗാന്ധി ഉദ്‌ഘാടനം ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍