This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രിക്‌ ഷോക്ക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രിക്‌ ഷോക്ക്‌

Electric Shock

ആകസ്‌മികമായോ മറ്റു കാരണങ്ങള്‍കൊണ്ടോ വൈദ്യുതിയുമായി ഉണ്ടാവുന്ന സമ്പര്‍ക്കംമൂലം ജീവജാലങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന ആഘാതം. മനുഷ്യശരീരത്തെ സംബന്ധിച്ചാണെങ്കില്‍ നാഡീവ്യൂഹത്തെ പൊതുവായും ഹൃദയത്തെയും ശ്വസനേന്ദ്രിയങ്ങളെയും പ്രത്യേകമായും ഇലക്‌ട്രിക്‌ ഷോക്ക്‌ ബാധിക്കുന്നു. ആഘാതത്തിന്റെ തീവ്രത, അത്‌ കടന്നുപോകുന്ന ശരീരഭാഗം എന്നിവ വിദ്യുദ്‌ധാരയുടെ അളവിനേയും സമയദൈര്‍ഘ്യത്തേയും ആശ്രയിച്ചിരിക്കും. ശരീരത്തിലെ മാംസപേശികളില്‍ക്കൂടി വൈദ്യുതി കടത്തിവിടുകയാണെങ്കില്‍ മാംസപേശികള്‍ക്കു സങ്കോചമുണ്ടാകുമെന്ന്‌ തവളയുടെ കാലില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ [ലൂയിജി] അലോയിസിയൊ ഗാല്‍വനി തെളിയിച്ചു. ശരീരത്തില്‍ വൈദ്യുതിപ്രവാഹമുണ്ടായാല്‍ രണ്ടുതരം ശക്തികളാണ്‌ മാംസപേശികളില്‍ പ്രവര്‍ത്തിക്കുന്നത്‌: ഒന്ന്‌ മാംസപേശികളുടെ സങ്കോചം; മറ്റൊന്ന്‌, ഇച്ഛാശക്തിയ്‌ക്കനുസരിച്ചുള്ള മാംസപേശികളുടെ പ്രവര്‍ത്തനം. ഇവയില്‍ ആദ്യത്തേതിലാണ്‌ ശക്തി കൂടുതലെങ്കില്‍ അപകടസാധ്യതയും കൂടുതലായിരിക്കും. ഹൃദയത്തില്‍ക്കൂടിയോ ശ്വസനേന്ദ്രിയങ്ങളില്‍ക്കൂടിയോ വൈദ്യുതപ്രവാഹം ഉണ്ടായാല്‍ അത്‌ കൂടുതല്‍ അപായകരമാകുവാന്‍ കാരണം പൊതുവേയുള്ള വികാസസങ്കോചങ്ങള്‍ക്കു പുറമേ പേശികളുടെ ദ്രുതഗതിയിലുള്ള സങ്കോചംമൂലമുണ്ടാകുന്ന തകരാറുകളാണ്‌. ഇതുമൂലം ഹൃദയത്തിന്റെ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലായി മരണത്തിനുവരെ ഇടയാക്കാം.

ശരീരത്തിലൂടെയുള്ള വൈദ്യുതപ്രവാഹം വോള്‍ട്ടതയുടെ അളവിനെയും ശരീരത്തിന്റെ രോധ(resistance)ത്തെയും ആശ്രയിച്ചിരിക്കുന്നു. വോള്‍ട്ടതയുടെ നേര്‍ അനുപാതത്തിലും രോധത്തിന്റെ വിപരീതാനുപാതത്തിലുമാണ്‌ വൈദ്യുതിപ്രവാഹത്തില്‍ മാറ്റം വരുന്നത്‌. മനുഷ്യശരീരത്തിന്റെ രോധം ഓരോ മനുഷ്യനിലും വ്യത്യസ്‌തമായതിനാല്‍ ഒരു പ്രത്യേക വോള്‍ട്ടതയില്‍നിന്ന്‌ അനുഭവപ്പെടുന്ന ഷോക്കിന്റെ തീവ്രത അതേല്‍ക്കുന്ന വ്യക്തിയുടെ ശാരീരികനിലയ്‌ക്കനുസരിച്ച്‌ വൈദ്യുത ഷോക്ക്‌ വ്യത്യസ്‌തമായിരിക്കും. ഇക്കാരണത്താല്‍ ഒരു നിശ്ചിത അളവിലുള്ള വോള്‍ട്ടത സുരക്ഷിതമാണോ അല്ലയോ എന്നു കൃത്യമായി പറയുവാന്‍ സാധ്യമല്ല. 50 വോള്‍ട്ടില്‍ കുറഞ്ഞ വോള്‍ട്ടതയിലും മരണമുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ശരീരത്തിന്റെ രോധം രണ്ടുതരമുണ്ട്‌: അന്തര്‍രോധവും ബഹിര്‍രോധവും (internal and external resistance). ബഹിര്‍രോധം മുഖ്യമായും ചര്‍മത്തിന്റേതാണ്‌. ബാക്കി ശരീരഭാഗങ്ങളുടെ രോധമാണ്‌ അന്തര്‍രോധം. ഒരു കൈയില്‍നിന്നു കാലിലേക്കുള്ള രോധം ഏതാണ്ട്‌ 500 ഓം (Ohm) ആണെന്ന്‌ കണക്കാക്കപ്പെട്ടിരിക്കുന്നു. പ്രവാഹപരിപഥത്തിന്റെ വ്യത്യാസമനുസരിച്ച്‌ ഇതിന്റെ അളവില്‍ മാറ്റം വരാം. ബഹിര്‍രോധം ചര്‍മത്തിന്റെ അവസ്ഥയും സമ്പര്‍ക്കമേഖലയും അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും. നനവുള്ള ചര്‍മമാണെങ്കില്‍ രോധം ചതുരശ്രമീറ്ററിന്‌ ഏകദേശം 500 ഓം എന്നും, വരണ്ട ചര്‍മമാണെങ്കില്‍ ചതുരശ്രമീറ്ററിന്‌ ഏകദേശം 1000-1,00,000 ഓം എന്നും കണക്കാക്കാം. തന്മൂലം കുളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ക്കു ഷോക്ക്‌ അനുഭവപ്പെടുകയാണെങ്കില്‍ ശരീരത്തില്‍ക്കൂടി കടന്നുപോകുന്ന വൈദ്യുതിയുടെ അളവ്‌ ഏകദേശം 0.48 ആമ്പിയര്‍ [240/500=0.48] ആയിരിക്കും എന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഇത്‌ മാരകവുമാണ്‌. കൂടാതെ വൈദ്യുതിയുമായുള്ള സമ്പര്‍ക്കം തുടര്‍ന്ന്‌ നിലനിന്നാല്‍ ശരീരത്തിന്റെ രോധം കുറയാന്‍ കാരണമാവുന്നു. ഇത്‌ ധാരാപ്രവാഹം കൂടിക്കൊണ്ടിരിക്കാന്‍ സഹായിക്കും. അതുകൊണ്ട്‌ ഷോക്കേല്‌ക്കുന്ന ആളിനെ വിദ്യുച്ഛക്തിയുമായുള്ള സമ്പര്‍ക്കത്തില്‍നിന്ന്‌ എത്രയുംവേഗം മോചിപ്പിക്കേണ്ടത്‌ ആവശ്യമാണ്‌.

ശരീരത്തില്‍ക്കൂടി കടന്നുപോകുന്ന വൈദ്യുതിയുടെ അളവനുസരിച്ച്‌ പ്രായപൂര്‍ത്തിയായ പുരുഷന്‌ അനുഭവപ്പെടുന്ന അവസ്ഥാവിശേഷങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതേ ഫലം ഉണ്ടാവാന്‍ ഇതിലും കുറഞ്ഞ (മൂന്നില്‍ രണ്ടോ അതിലും കുറവോ) വൈദ്യുതി മതി. ആളിന്റെ തൂക്കം അധികരിക്കുന്നതനുസരിച്ച്‌ അപകടത്തിന്‌ കൂടുതല്‍ വൈദ്യുതി ആവശ്യമാണ്‌. 65-70 കിലോ ഭാരമുള്ള ഒരു പുരുഷന്റെ കാര്യമാണ്‌ പട്ടികയിലേത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതില്‍ മരണത്തിനിടയാക്കിയ കുറഞ്ഞ വോള്‍ട്ടത 42 വോള്‍ട്ട്‌ ആണ്‌. ആവൃത്തി വളരെ കൂടുമ്പോള്‍ അപകടസാധ്യത കുറഞ്ഞുവരുന്നു. പക്ഷേ, നാം ഉപയോഗിക്കുന്ന 50 ഹെര്‍ട്‌സ്‌ പ്രത്യാവര്‍ത്തിധാര അപകടമേഖലയില്‍ തന്നെയാണ്‌.

ഇലക്‌ട്രിക്‌ ഷോക്കുകൊണ്ടുള്ള അപായസാധ്യത വൈദ്യുതി കടന്നുപോകുന്ന ശരീരഭാഗത്തെ ആശ്രയിച്ചിരിക്കും. ഒരു വിരലില്‍നിന്നു മറ്റൊരു വിരലിലേക്ക്‌ ചെറിയ വൈദ്യുത പ്രവാഹമുണ്ടായാല്‍ വേദനയോടെയുള്ള ഷോക്ക്‌ അനുഭവപ്പെട്ടേക്കാം. എന്നാല്‍ അതേ വൈദ്യുതി ഒരു കൈയില്‍നിന്നും മറ്റൊരു കൈയിലേക്കോ ഒരു കാലിലേക്കോ പ്രവഹിക്കുകയാണെങ്കില്‍ ശ്വാസകോശം, ഹൃദയം ഇവയില്‍ക്കൂടി കടന്നുപോകുന്നതുകൊണ്ട്‌ അത്‌ അപകടകാരിയായേക്കും. ഈ കാരണത്താലാണ്‌ വോള്‍ട്ടതയുള്ള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ രോധിതനിലത്തില്‍ (insulated floor) നിന്നുകൊണ്ടു ജോലി ചെയ്യാനും ഒരു കൈ പോക്കറ്റിലിടാനും കൈയുറകള്‍ ധരിക്കാനും അനുശാസിക്കുന്നത്‌.

വൈദ്യുതിയുടെ ആവൃത്തി ഷോക്കിന്റെ തീവ്രതയെ ബാധിക്കുന്ന ഒരു പ്രധാനഘടകമാണ്‌. വലിയ വ്യത്യാസമില്ലെങ്കിലും പ്രത്യാവര്‍ത്തി ധാര ആണ്‌ നേര്‍ധാരയെക്കാള്‍ കൂടുതല്‍ അപകടകാരി. പ്രത്യാവര്‍ത്തി ധാരമൂലം മാംസപേശികള്‍ സ്വയം പിടിവിടാനാവാത്തവിധം സങ്കോചിക്കുകയും ശരീരം വിയര്‍ക്കുകയും ചെയ്യുന്നു. വിയര്‍പ്പുമൂലം ശരീരത്തിന്റെ രോധം കുറയാനും ഇടയുണ്ട്‌. 20 മുതല്‍ 100 വരെ ഹെര്‍ട്‌സ്‌ ആവൃത്തിയുള്ള വൈദ്യുതി ഹൃദയത്തെ ഏറ്റവും കൂടുതല്‍ അപകടപ്പെടുത്തുന്നു.

വൈദ്യുതിയുടെ ദൈര്‍ഘ്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്‌. 30 മില്ലി ആമ്പിയര്‍ വൈദ്യുതി ഒരു സെക്കന്‍ഡുവരെ; 300 മില്ലി ആമ്പിയര്‍ വൈദ്യുതി 50 മില്ലി സെക്കന്‍ഡുവരെ; 500 മില്ലി ആമ്പിയര്‍ 30 മില്ലി സെക്കന്‍ഡുവരെ ശരീരത്തിലൂടെ കടന്നു പോയാലും സുരക്ഷിതമായിരിക്കാന്‍ സാധ്യതയുള്ളതായി കാണുന്നു.

ഇലക്‌ട്രിക്‌ ഷോക്കിന്‌ ചില പ്രായോഗിക ഉപയോഗങ്ങളുണ്ട്‌. എല്ലുകള്‍ മുറിച്ചുകളയേണ്ടിവരുമ്പോഴും എല്ലുകളുടെ വളര്‍ച്ചയ്‌ക്കുവേണ്ടിയും ചില മാനസിക രോഗങ്ങള്‍ക്കും ഷോക്ക്‌ ചികിത്സ ഉപയോഗിക്കുന്നു. തിമിംഗലങ്ങളെയും മറ്റും കൊല്ലാന്‍ വൈദ്യുത ഹാര്‍പൂണുകള്‍ (harpoons) ഉപയോഗിക്കാറുണ്ട്‌. ഹാര്‍പൂണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ കൊള്ളുമ്പോള്‍ വൈദ്യുതിയുടെ പരിപഥം കടല്‍വെള്ളത്തില്‍ക്കൂടി പൂര്‍ത്തിയാവുകയും മത്സ്യം ഷോക്കുമൂലം ചാവുകയും ചെയ്യുന്നു. വൈദ്യുത കമ്പിവേലി (electric fence) ക്രമീകരിക്കാനും ഇലക്‌ട്രിക്‌ ഷോക്ക്‌ പ്രയോജനപ്പെടുത്താറുണ്ട്‌. വിശാലമായ കൃഷിസ്ഥലങ്ങളെ പരിരക്ഷിക്കാന്‍ അവയ്‌ക്കുചുറ്റും ഉണ്ടാക്കുന്ന കമ്പിവേലികളില്‍ക്കൂടി വൈദ്യുതി കടത്തിവിടുന്നു. കൃഷിസ്ഥലങ്ങളിലേക്ക്‌ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൃഗങ്ങള്‍ക്കും മറ്റും വോള്‍ട്ടതയുള്ള കമ്പിവേലിയില്‍ സ്‌പര്‍ശിക്കുമ്പോള്‍ ഷോക്കനുഭവപ്പെടുകയും അവ പിന്തിരിയുകയും ചെയ്യും. വധശിക്ഷ നടപ്പിലാക്കാനും ശ്‌മശാനങ്ങളില്‍ ദഹനത്തിനും ഇന്ന്‌ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്‌. ശരീരം ഒരു ചാലകവസ്‌തുവാണെന്ന തത്ത്വമാണ്‌ ഇതില്‍ ഉപയോഗപ്പെടുത്തുന്നത്‌.

(ഡോ. കെ.പി. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍