This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇലക്‌ട്രോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇലക്‌ട്രോഡ്‌

Electrode

ഒരു ചാലകമാധ്യമത്തിലേക്ക്‌ വൈദ്യുതിയെ പ്രവേശിപ്പിക്കുവാനോ പുറത്തേക്ക്‌ എടുക്കുവാനോ സഹായകമായ ഒരു വൈദ്യുത ചാലകം. ചാലക മാധ്യമം ഖരപദാര്‍ഥമോ ലായനിയോ വാതകമോ ഉരുകിയ ദ്രവവസ്‌തുവോ ആകാം. ഇലക്‌ട്രോളൈറ്റിലും ഉരുകിയ ദ്രവവസ്‌തുവിലും ഖരപദാര്‍ഥങ്ങളിലുമെല്ലാം ഇലക്‌ട്രോണുകള്‍ക്കുപകരം വൈദ്യുതവാഹകര്‍ അയോണുകളാണ്‌. മൈക്കല്‍ ഫാരഡെയും ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ വില്യം വിവെലും ചേര്‍ന്നാണ്‌ ഇലക്‌ട്രോഡ്‌ എന്ന പദം ആദ്യമായുപയോഗിച്ചത്‌. ഇലക്‌ട്രോകെമിക്കല്‍ സെല്ലിലെ രണ്ട്‌ ഇലക്‌ട്രോഡുകളായ ആനോഡിനും കാഥോഡിനും ഈ പേര്‍ നല്‍കിയതും ഇവര്‍ തന്നെ. വൈദ്യുത വിശ്ലേഷണ സെല്ലില്‍ ധന ഇലക്‌ട്രോഡാണ്‌ ആനോഡ്‌; ഋണ ഇലക്‌ട്രോഡാണ്‌ കാഥോഡ്‌. സെല്ലില്‍ വൈദ്യുതി പ്രവേശിക്കുന്നത്‌ കാഥോഡിലൂടെയും പുറത്തേക്കു പോകുന്നത്‌ ആനോഡിലൂടെയുമാണ്‌. കാഥോഡില്‍ നിരോക്‌സീകരണവും ആനോഡില്‍ ഓക്‌സീകരണവും സംഭവിക്കുന്നു.

പല രൂപത്തിലും സ്വഭാവത്തിലുമുള്ള ഇലക്‌ട്രോഡുകളുണ്ട്‌. തകിടുകളായോ ദണ്ഡുകളായോ നാരുകളായോ ഇലക്‌ട്രോഡുകള്‍ ലഭ്യമാണ്‌. ഈയം, നാകം, ചെമ്പ്‌, വെള്ളി പോലുള്ള ലോഹങ്ങളാല്‍ നിര്‍മിതവും കാര്‍ബണ്‍ പോലുള്ള അലോഹ നിര്‍മിതവുമായ ഇലക്‌ട്രോഡുകളുണ്ട്‌. ഇലക്‌ട്രോണികത്തില്‍, ഇലക്‌ട്രോണുകളെ ഉത്സര്‍ജിക്കുന്നതോ ശേഖരിക്കുന്നതോ ആയ ഘടനകളെയാണ്‌ ഇലക്‌ട്രോഡ്‌ എന്നു വിശേഷിപ്പിക്കുന്നത്‌. ഇലക്‌ട്രോണുകളെ ആകര്‍ഷിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഇലക്‌ട്രോഡാണ്‌ ആനോഡ്‌. ഇതിനെ "പ്ലേറ്റ്‌' എന്നും വിളിക്കുന്നു. കാഥോഡ്‌ ഇലക്‌ട്രോണുകളെ ഉത്സര്‍ജിക്കുന്നു. കാഥോഡിനും ആനോഡിനുമിടയിലെ ഇലക്‌ട്രോണ്‍പ്രവാഹത്തെ നിയന്ത്രിക്കുന്ന ഗ്രിഡും ഒരു ഇലക്‌ട്രോഡാണ്‌.

ഇലക്‌ട്രോഡുകള്‍ ഉപയോഗിക്കുന്ന മേഖലകള്‍ നിരവധിയാണ്‌. രസതന്ത്രം, ചികിത്സാരംഗത്തെ വൈദ്യുത നിര്‍ണയന സംവിധാനങ്ങള്‍, വെല്‍ഡിങ്‌ എന്നിവ അവയില്‍ ചിലതാണ്‌. ആന്റിമണികൊണ്ടു നിര്‍മിതമായതും pH മൂല്യം അളക്കുവാന്‍ ഉപയോഗിക്കുന്നതുമായ ഒരുതരം ചാലകമാണ്‌ ആന്റിമണി ഇലക്‌ട്രോഡ്‌. ലളിതമായ ഇത്തരം ഇലക്‌ട്രോഡ്‌ വ്യാവസായികരംഗത്ത്‌ ചില പ്രക്രിയകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കാറുണ്ട്‌. വൈദ്യുതപൊട്ടന്‍ഷ്യലുകള്‍ അളക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപാധിയാണ്‌ കലോമല്‍ ഇലക്‌ട്രോഡ്‌. ഇതില്‍ നിര്‍ദിഷ്‌ട ഗാഢതയുള്ള ക്ലോറൈഡ്‌ ദ്രാവകത്തില്‍ മെര്‍ക്കുറി നിക്ഷിപ്‌തമായിരിക്കുന്നു. ഈ മെര്‍ക്കുറിയാണ്‌ ഇതിലെ ഇലക്‌ട്രോഡ്‌. ഇലക്‌ട്രോഡായി വര്‍ത്തിക്കുന്ന വൃത്തസ്‌തംഭാകൃതിയിലുള്ള കാര്‍ബണ്‍ദണ്ഡുകളെ കാര്‍ബണ്‍ ഇലക്‌ട്രോഡുകള്‍ എന്നു വിളിക്കുന്നു. ലോഹ ലവണങ്ങള്‍ കാര്‍ബണില്‍ കലര്‍ത്തി ഇലക്‌ട്രോഡിന്റെ ചാലകത വര്‍ധിപ്പിക്കാറുണ്ട്‌. രോധം കുറയ്‌ക്കാനായി കാര്‍ബണ്‍ ഇലക്‌ട്രോഡിനെ നേരിയ ചെമ്പുതകിടുകൊണ്ട്‌ ആവരണം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍