This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇവാഞ്‌ജലിക്കൽ സഭകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇവാഞ്‌ജലിക്കല്‍ സഭകള്‍

വേദപുസ്‌തകത്തിന്റെ അപ്രമാദിത്വത്തെ ഊന്നിപ്പറയുന്നതും മതനവീകരണപ്രസ്ഥാനത്തിനു (Protestant Reformation) മുമ്പുണ്ടായിരുന്ന പാശ്ചാത്യസഭയിലെ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഏറെക്കുറെ നിരാകരിക്കുന്നതും സഭയെന്നുള്ളതിനെ "വിശ്വാസികളുടെ കൂട്ടം' എന്ന്‌ നിര്‍വചിക്കുന്നതും ആയ പ്രാട്ടസ്റ്റന്റ്‌ സഭകള്‍. ഇവാഞ്‌ജലിക്കല്‍ എന്ന പദത്തിന്‌ "സുവിശേഷാനുസരണമായ' എന്നാണ്‌ അര്‍ഥം. യൂറോപ്പിലെ പ്രാട്ടസ്റ്റന്റ്‌ സഭകളെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംജ്ഞയാണ്‌ ഇവാഞ്‌ജലിക്കല്‍ സഭകള്‍ എന്ന പ്രയോഗം. ഇവാഞ്‌ജലിക്കല്‍ സഭ എന്നു പേരുള്ള ഒരു പ്രാട്ടസ്റ്റന്റ്‌ വിഭാഗം യു.എസ്സില്‍ 1922 മുതല്‍ നിലവിലുണ്ട്‌. ഇതിന്റെ അംഗങ്ങളധികവും ജര്‍മനിയില്‍നിന്ന്‌ യു.എസ്സില്‍ കുടിയേറിപ്പാര്‍ത്തവരാണ്‌. ജര്‍മനിയില്‍ ലൂഥറന്‍ സഭകളും നവീകൃത സഭകളും ചേര്‍ന്നുണ്ടായ സംയുക്തസഭയാണ്‌ "ഇവാഞ്‌ജലിഷ്‌ കിര്‍ചെ ഇമ്‌ ദോയിഷ്‌ലാന്‍ഡ്‌' (Evengeli-sche Kirche im Deutschland). മെഥഡിസ്റ്റ്‌, ബാപ്‌റ്റിസ്‌റ്റ്‌, കോണ്‍ഗ്രിഗേഷനല്‍, പ്രസ്‌ബിറ്റേറിയന്‍ മുതലായ പല പ്രാട്ടസ്റ്റന്റ്‌ സഭകളെയും ഇവാഞ്‌ജലിക്കല്‍ സഭ എന്നു പറയാറുണ്ട്‌. വ്യക്തിയുടെ മതപരിവര്‍ത്തനത്തിലും രക്ഷയിലും ഉള്ള പ്രത്യേക താത്‌പര്യം, സുവിശേഷ പ്രഘോഷണം, ഗാനാലാപം, നിശ്ചിതരൂപത്തിലല്ലാത്ത സ്വതന്ത്രമായ പ്രാര്‍ഥന, ഇതര മതവിശ്വാസികളെ മതപരിവര്‍ത്തനം ചെയ്യിക്കാനുള്ള വ്യഗ്രത മുതലായവയാണ്‌ ഈ സഭകള്‍ക്കു പൊതുവേയുള്ള സവിശേഷതകള്‍. ഈ പ്രസ്ഥാനക്കാര്‍ മിഷനറി പ്രവര്‍ത്തനത്തില്‍ വലിയ താത്‌പര്യം കാട്ടുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ്‌ മിഷനറിമാരില്‍ ചര്‍ച്ച്‌ മിഷനറി സൊസൈറ്റി (C.M.S.) ആംഗ്ലിക്കന്‍ സഭയിലെ ഇവാഞ്‌ജലിക്കല്‍ സഭയില്‍ നിന്ന്‌ ഉദ്‌ഭവിച്ചതാണ്‌. ഇംഗ്ലണ്ടിലെ ഇവാഞ്‌ജലിക്കല്‍ സഭകളായ കോണ്‍ഗ്രിഗേഷനല്‍, പ്രസ്‌ബിറ്റേറിയന്‍, മെഥഡിസ്റ്റ്‌ എന്നിവയിലെ അംഗങ്ങളും ആംഗ്ലിക്കന്‍ സഭയിലെ ഇവാഞ്‌ജലിക്കല്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികളും ചേര്‍ന്ന്‌ 1795-ല്‍ ഉണ്ടാക്കിയ ഒരു ഇവാഞ്‌ജലിക്കല്‍ മിഷനറി സംഘമാണ്‌ ദക്ഷിണകേരളത്തിലെ ലണ്ടന്‍ മിഷനറി സൊസൈറ്റി (L.M.S.). കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രാട്ടസ്റ്റന്റ്‌ മിഷനറിമാരില്‍ ഭൂരിപക്ഷവും ഇവാഞ്‌ജലിക്കലിസം എന്ന പ്രസ്ഥാനത്തില്‍നിന്നുണ്ടായവരായതുകൊണ്ട്‌ കേരളത്തിലെ നവീകരണ സഭകളില്‍ ഇവാഞ്‌ജലിക്കലിസത്തിനാണ്‌ പ്രാധാന്യം.

കേരളത്തിലെ ക്രസ്‌തവസഭകളില്‍ ഒന്നാണ്‌ സെന്റ്‌ തോമസ്‌ ഇവാഞ്‌ജലിക്കല്‍ ചര്‍ച്ച്‌ ഒഫ്‌ ഇന്ത്യ. യേശു ക്രിസ്‌തുവിന്റെ ശിഷ്യനായ തോമസ്‌ അപ്പോസ്‌തലനാല്‍ സ്ഥാപിതമായ കേരള ക്രസ്‌തവസഭയില്‍ അബ്രഹാം മല്‍പ്പാനച്ചന്‍ നേതൃത്വം നല്‍കിയ നവീകരണ ഫലമായി ഉടലെടുത്ത മാര്‍ത്തോമ്മാ സഭയില്‍ വീണ്ടും ചില നവീകരണ ശ്രമങ്ങളുണ്ടായി. അതിന്റെ ഫലമായി 1961 ജനു. 26-ന്‌ തിരുവല്ലായിലെ തൈമലയില്‍ ഒരു സുവിശേഷ വിഹിത എപ്പിസ്‌കോപ്പല്‍ സഭയായി സെന്റ്‌ തോമസ്‌ ഇവാഞ്‌ജലിക്കല്‍ സഭ രൂപീകൃതമായി. വിശ്വാസത്തിന്റെ പരമവും നിര്‍ണായകവുമായ പ്രമാണമായി വിശുദ്ധ ബൈബിള്‍ ഇവാഞ്‌ജലിക്കല്‍ സഭ സ്വീകരിക്കുകയും നിര്‍മല സുവിശേഷ വിഹിത വിശ്വാസത്തിന്റെ സംരക്ഷണവും തദനുസരണമായ ജീവിതവും സുവിശേഷീകരണവും പ്രഖ്യാപിത ലക്ഷ്യങ്ങളായി അംഗീകരിക്കുകയും ചെയ്‌തു. എപ്പിസ്‌കോപ്പ (Bishop), പട്ടക്കാരന്‍/കരീശ്ശ (Presbyter), ശെമ്മാശന്‍ (Deacon) എന്നീ സ്ഥാനങ്ങള്‍ സഭയിലുണ്ട്‌. കര്‍ത്താവ്‌ സ്ഥാപിച്ച സ്‌നാനം (Baptism), തിരുവത്താഴം (Holy Communion) എന്നീ കൂദാശകള്‍ സഭ സ്വീകരിച്ചിരിക്കുന്നു. അംഗീകരിക്കപ്പെട്ട വേദാനുസരണമായ പ്രാര്‍ഥനാക്രമങ്ങള്‍ സഭ ഉപയോഗിക്കുന്നുണ്ട്‌. അതോടൊപ്പം ആരാധനകളില്‍ അല്‍മായര്‍ക്കും പങ്കാളിത്തം നല്‍കുന്നതിന്‌ സാക്ഷ്യം, പ്രാര്‍ഥനകള്‍, പ്രബോധനങ്ങള്‍ എന്നിവയ്‌ക്ക്‌ അവസരം നല്‍കുന്നു.

സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ അല്‍മായര്‍ക്കും പ്രാതിനിധ്യം നല്‍കുന്ന ഒരു ജനാധിപത്യ ഭരണസംവിധാനമാണു നിലവിലുള്ളത്‌. സഭയെ ഭരണസൗകര്യത്തിനായി പല ഡയോസിസുകളായി വിഭജിച്ചിരിക്കുന്നു-കേരളത്തില്‍ നാലും കേരളത്തിനു പുറത്ത്‌ ഒന്നും ഇന്ത്യയ്‌ക്കു വെളിയില്‍ രണ്ടും ഡയോസിസുകളാണുള്ളത്‌. സ്വദേശത്തും വിദേശത്തുമായി 260 ഇടവകകളുണ്ട്‌. പട്ടക്കാരായും മിഷനറിമാരായും സ്‌ത്രീജന പ്രവര്‍ത്തകരായും അനേകര്‍ സഭയില്‍ പ്രവര്‍ത്തിച്ചുവരുന്നു. മോസ്റ്റ്‌ റവ. ഡോ. സി.വി. മാത്യു പ്രിസൈഡിങ്‌ ബിഷപ്പായും റൈറ്റ്‌ റവ. ഡോ. തോമസ്‌ ഏബ്രഹാം സഭയുടെ ജനറല്‍ അസംബ്ലിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. സഭയുടെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു സുവിശേഷ പ്രവര്‍ത്തന ബോര്‍ഡും സ്‌ത്രീജന, യുവജന, സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തന ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നു. എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ തമിഴ്‌നാട്‌, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും ചെന്നൈയില്‍ ഒരു ഫസ്റ്റ്‌ ഗ്രഡ്‌ ബൈബിള്‍ കോളജും നടത്തിവരുന്നു. ബിഹാര്‍, ഛത്തിസ്‌ഗഡ്‌, ഒഡിഷ, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളില്‍ സാമൂഹ്യസേവന രംഗങ്ങളില്‍ സഭ സജീവമാണ്‌.

(മോ. റവ. പൗലോസ്‌ മാര്‍ഗ്രിഗോറിയോസ്‌, റവ. മാത്യൂസ്‌ ഏബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍