This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇസ്‌ലാമിക വാസ്‌തുവിദ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഇസ്‌ലാമിക വാസ്‌തുവിദ്യ

Islamic Architecture

ഇസ്‌ലാംമതവിശ്വാസികളുടെ വാസ്‌തുവിദ്യ. കീഴടക്കപ്പെട്ട പല രാജ്യങ്ങളിലും ഇസ്‌ലാമികവിശ്വാസങ്ങള്‍ക്കു യോജിച്ചതരത്തില്‍ തദ്ദേശീയ വാസ്‌തുവിദ്യ പുനരാവിഷ്‌കരിക്കുകയാണ്‌ ജേതാക്കളായ മുസ്‌ലിംഭരണാധികാരികള്‍ ചെയ്‌തത്‌. പ്രാചീന സാംസ്‌കാരികകേന്ദ്രങ്ങളായിരുന്ന പേര്‍ഷ്യ, സ്‌പെയിന്‍, മെസൊപ്പൊട്ടേമിയ, സിറിയ, പലസ്‌തീന്‍, ഈജിപ്‌ത്‌ മുതലായ രാജ്യങ്ങള്‍ എ.ഡി. 8-ാം ശതകത്തോടുകൂടി അറബികള്‍ ആക്രമിച്ചു കീഴടക്കി. ഇസ്‌ലാംമതത്തിന്റെ പ്രചാരത്തോടൊപ്പം ഇസ്‌ലാമിക വാസ്‌തുവിദ്യയും ഈ രാജ്യങ്ങളില്‍ വളര്‍ന്നു വികസിച്ചു. രൂപസംവിധാനത്തിലും നിര്‍മാണരീതിയിലും സവിശേഷമായ ചില പൊതുസ്വഭാവങ്ങള്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമികവാസ്‌തുവിദ്യയില്‍ പ്രകടമാണ്‌. പല പേരുകളിലും ഈ വാസ്‌തുവിദ്യ അറിയപ്പെടുന്നുണ്ടെങ്കിലും ഇസ്‌ലാമികവാസ്‌തുവിദ്യ എന്ന സംജ്ഞയ്‌ക്കാണ്‌ കൂടുതല്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്‌. അറബികള്‍ ആരംഭിച്ചതുകൊണ്ട്‌ "അറബി വാസ്‌തുവിദ്യ' എന്നും മുഹമ്മദ്‌ നബിയുടെ അനുയായികള്‍ രൂപംനല്‍കിയതുകൊണ്ട്‌ അപൂര്‍വമായി "മുഹമ്മദീയ വാസ്‌തുവിദ്യ' എന്നും ഇതിനെ പറയാറുണ്ട്‌. ഇസ്‌ലാമിന്റെ സ്വാധീനം എന്നര്‍ഥമുള്ള സാരസനിക്‌ (Saracenic) എന്ന ഗ്രീക്ക്‌ പദത്തോടുചേര്‍ത്തും ഈ വാസ്‌തുവിദ്യ അറിയപ്പെടുന്നുണ്ട്‌. വടക്കേ ആഫ്രിക്കയില്‍ "മൂറിഷ്‌ വാസ്‌തുവിദ്യ' (moorish architecture) എന്നും, തുര്‍ക്കിയില്‍ ആദ്യകാലങ്ങളില്‍ "സെലൂചിക്‌ വാസ്‌തുവിദ്യ' (Seluchick architecture) എന്നും പില്‌ക്കാലങ്ങളില്‍ "ഒട്ടോമന്‍ (ഉസ്‌മാനിയാ) വാസ്‌തുവിദ്യ' എന്നും ഇതിനെ വിളിച്ചിരുന്നു. ഇന്ത്യയില്‍ "മുഗള്‍ വാസ്‌തുവിദ്യ' എന്ന പേരിലാണ്‌ ഇത്‌ പരക്കെ അറിയപ്പെടുന്നത്‌.

നിര്‍മാണപദാര്‍ഥങ്ങളും കാലാവസ്ഥയും

ഓരോ രാജ്യത്തെയും നിര്‍മാണരീതി അവിടങ്ങളില്‍ ലഭ്യമായിരുന്ന നിര്‍മാണ പദാര്‍ഥങ്ങളുടെ സ്വഭാവമനുസരിച്ച്‌ വ്യത്യാസപ്പെട്ടിരുന്നു. പേര്‍ഷ്യയിലും മെസൊപ്പൊട്ടേമിയയിലും കെട്ടിടങ്ങള്‍ മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ചു വെള്ളപൂശിയിരുന്നു. എന്നാല്‍ ഈജിപ്‌തിലെ കെട്ടിടങ്ങള്‍ മിക്കവയും കരിങ്കല്ല്‌, ചുച്ചാമ്പുകല്ല്‌ എന്നിവകൊണ്ടും ഇന്ത്യയില്‍ അധികവും മണല്‍ക്കല്ലുകളും മാര്‍ബിള്‍ക്കല്ലുകളും കൊണ്ടുമാണ്‌ നിര്‍മിച്ചിരുന്നത്‌. ആലേപനാലങ്കാരങ്ങളില്‍ (plaster ornaments) ഈജിപ്‌തുകാരും സ്‌പെയിന്‍കാരും പ്രത്യേക പ്രാവീണ്യം നേടിയിരുന്നു.

മിക്കവാറും എല്ലാ മുസ്‌ലിംരാജ്യങ്ങളും ഉഷ്‌ണമേഖലയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ കാലാവസ്ഥാപരമായ വ്യതിയാനങ്ങള്‍ ഭിന്നരാജ്യങ്ങളിലെ ഇസ്‌ലാമികവാസ്‌തുവിദ്യകളില്‍ പ്രകടമല്ല. അത്യുഗ്രമായ സൂര്യതാപത്തില്‍നിന്നു രക്ഷനേടുന്നതിനുവേണ്ടി രക്ഷാകമാനങ്ങള്‍ (sheltering arcades) ധാരാളം ഉപയോഗിച്ചിരുന്നതായി കാണാം. ജനാലകള്‍ സാധാരണയായി വളരെ ചെറുതായിരുന്നു. ആദ്യകാലങ്ങളില്‍ കെട്ടിടങ്ങള്‍ക്കും പള്ളികള്‍ക്കും പരന്ന മേല്‌ക്കൂരകളാണ്‌ നല്‌കിയിരുന്നതെങ്കിലും പില്‌ക്കാലങ്ങളില്‍ മകുടങ്ങള്‍ അവയുടെ സ്ഥാനം കരസ്ഥമാക്കി.

മതവും മതാനുഷ്‌ഠാനങ്ങളും

അഗ്‌ലാബിദ്‌ കാലത്തെ മുസ്‌ലിം പള്ളി: ടുണീഷ്യ

മതത്തിന്‌ വാസ്‌തുവിദ്യയില്‍ എത്രമാത്രം സ്വാധീനത ചെലുത്താന്‍ കഴിയുമെന്നതിന്‌ ഇസ്‌ലാമിക വാസ്‌തുവിദ്യ നല്ലൊരുദാഹരണമാണ്‌. മുഹമ്മദുനബിയുടെ മരണശേഷം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഖലീഫമാര്‍ സമുദായനേതൃത്വം ഏറ്റെടുത്തതോടൊപ്പം ഭരണാധിപന്മാരായും മാറി. പില്‌ക്കാലത്ത്‌ ദമാസ്‌കസിലും ബാഗ്‌ദാദിലും പിന്തുടര്‍ച്ചാവകാശമുള്ള രാജവംശങ്ങള്‍ രൂപംകൊണ്ടു. മുസ്‌ലിം പള്ളികള്‍ക്ക്‌ സവിശേഷതയുള്ള പ്രത്യേകപ്ലാനും അലങ്കാരങ്ങള്‍ക്ക്‌ പ്രത്യേക സ്വഭാവവും വന്നത്‌ ഈ കാലഘട്ടത്തിലാണ്‌. ബിംബാരാധനയിലേക്കു നയിക്കപ്പെടാനിടയുണ്ടെന്ന കാരണത്താല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ അലങ്കാരപ്പണികള്‍ക്ക്‌ ഉപയോഗിക്കുന്നരീതിയെ നിരുത്സാഹപ്പെടുത്തി. അതുകൊണ്ട്‌ നിലവിലുണ്ടായിരുന്ന ബൈസാന്തിയന്‍ വാസ്‌തുവിദ്യയില്‍ പ്രകടമായിരുന്ന അലങ്കാരങ്ങളില്‍നിന്നു തികച്ചും ഭിന്നമായി ഇസ്‌ലാമികവാസ്‌തുവിദ്യയില്‍ ജ്യാമിതീയരൂപങ്ങളെ (geometrical forms) ആധാരമാക്കിയുള്ള ഒരു പ്രത്യേക അലങ്കാരരീതി രൂപംകൊണ്ടു. ഇന്ത്യയിലെ ഹൈന്ദവക്ഷേത്രങ്ങളെയും മുസ്‌ലിംപള്ളികളെയും താരതമ്യപ്പെടുത്തുമ്പോഴും ഇതേ സ്വഭാവവ്യത്യാസം പ്രകടമായി കാണാവുന്നതാണ്‌.

അറബികള്‍ ആദ്യകാലത്ത്‌ തങ്ങളുടേതായ ഒരു പ്രത്യേക വാസ്‌തുവിദ്യാരീതിയുടെ ഉടമകളായിരുന്നില്ല. കീഴടക്കി കുടിയേറിത്താമസിച്ച രാജ്യങ്ങളില്‍ നിലനിന്നിരുന്ന ആചാരക്രമങ്ങള്‍ക്കും നിര്‍മാണരീതികള്‍ക്കും അനുസൃതമായും എന്നാല്‍ ഇസ്‌ലാമികവിശ്വാസങ്ങള്‍ക്ക്‌ യോജിച്ചതരത്തിലുമുള്ള ഒരു വാസ്‌തുവിദ്യാരീതി പടുത്തുയര്‍ത്തുക മാത്രമേ അവര്‍ ചെയ്‌തുള്ളൂ. പൗരസ്‌ത്യലോകത്തിന്റെ ആചാരക്രമങ്ങള്‍ പലതും അവര്‍ സ്വീകരിക്കുകയും അവരുടേതായ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു. സ്‌ത്രീകള്‍ക്കുവേണ്ടി നിര്‍മിച്ചിട്ടുള്ള പ്രത്യേക അന്തഃപുരങ്ങള്‍ ഈ വസ്‌തുത വ്യക്തമാക്കുന്നു. ഇത്തരം വസതികള്‍ മിക്കവയും വീടുകളുടെ മുകള്‍ത്തട്ടിലാണ്‌ പണിതിരുന്നത്‌. "പിന്നല്‍ത്തട്ടികള്‍' (lattice grills) ഉള്ള ഇവയുടെ ജനാലകള്‍ അന്യരുടെ ദൃഷ്‌ടിയില്‍ പെടാതിരുന്നതുകൊണ്ട്‌ നഗരവീഥിയിലെ ദൃശ്യങ്ങള്‍ വീക്ഷിക്കുവാന്‍ സ്‌ത്രീകള്‍ക്ക്‌ അവസരം നല്‌കി.

പ്രത്യേകതകള്‍

ലോകത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം വ്യാപിക്കുകയും അവിടത്തെ സാംസ്‌കാരികസവിശേഷതകളുള്‍ക്കൊണ്ടു വളരുകയും ചെയ്‌ത ഇസ്‌ലാമികവാസ്‌തുവിദ്യയില്‍ അതതു പ്രദേശങ്ങളിലെ പ്രാദേശികസംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും വൈവിധ്യം അനുസരിച്ചുള്ള വ്യത്യാസങ്ങള്‍ കാണാവുന്നതാണ്‌. ഇസ്‌ലാംമതത്തിന്റെ പ്രവാചകനായ മുഹമ്മദ്‌നബിയുടെ അനുയായികള്‍ അവരുടെ മതവിശ്വാസങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിപ്പിച്ചു. എന്നാല്‍ ആരംഭത്തില്‍, അവരുടേതുമാത്രമായ ഒരു വാസ്‌തുവിദ്യാരീതി ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ അതതു സ്ഥലങ്ങളില്‍ നിലനിന്നിരുന്ന വാസ്‌തുവിദ്യാരീതികള്‍ക്കു കൂടുതല്‍ മനോഹാരിതയുളവാക്കത്തക്ക വ്യതിയാനങ്ങളും സുപ്രധാനങ്ങളായ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്ത്‌ അവരുടേതാക്കി മാറ്റുകയാണുണ്ടായത്‌. മുഹമ്മദുനബിതന്നെ മദീനയില്‍ ആദ്യമായി രൂപംകൊടുത്ത ദേവാലയത്തിന്‌ അന്ന്‌ വളരെ പുതുമനിറഞ്ഞ ഒരു നിര്‍മാണരീതിയാണ്‌ സ്വീകരിച്ചത്‌. മുസ്‌ലിം വാസ്‌തുവിദ്യയുടെ ഏറ്റവും വലിയ സവിശേഷതകള്‍ അവരുടെ ആരാധനാലയങ്ങളിലാണു പ്രകടമായിക്കാണുന്നത്‌. തുല്യമായ അകലത്തില്‍ സ്‌തൂപങ്ങളും അവയ്‌ക്കു മുകളില്‍ പരന്ന മേല്‌ക്കൂരയോടുകൂടിയ ഘടനാവിന്യാസത്താല്‍ ചുറ്റപ്പെട്ട തുറസായ അങ്കണവുമാണ്‌ മുസ്‌ലിം ആരാധനാലയങ്ങളുടെ ഏറ്റവും പുരാതനമായ നിര്‍മാണരീതി. നമസ്‌കാരസമയം വിളിച്ചറിയിക്കുന്ന മുഅദ്ദീന്‌ കയറിനിന്ന്‌ ഉച്ചത്തില്‍ "ബാങ്കുവിളി'ക്കാനുതകുന്നതരത്തില്‍ പ്രാസാദശിഖരത്തോടുകൂടിയ നിര്‍മാണരീതിയാണ്‌ ഇതിനുശേഷമുണ്ടായ പരിണാമം. ഇതിനെ "മിനാറത്ത്‌' എന്നു പറയുന്നു. അറബിരാജ്യങ്ങളിലെയും മധ്യേഷ്യയിലെയും ഓരോ പള്ളിക്കും ഓരോ മിനാറത്ത്‌ മാത്രമാണ്‌ ആദ്യകാലത്ത്‌ ഉണ്ടായിരുന്നത്‌. പില്‌ക്കാലത്ത്‌ സമമിതി(symmetry)യ്‌ക്ക്‌ വളരെ പ്രധാന്യം നല്‌കുന്ന ഇന്തോ-സാരസന്‍ രീതിയില്‍ ഒരേ രൂപമുള്ള രണ്ടു മിനാറത്തുകള്‍ സ്വീകരിച്ചു. ഈ മാതൃകകള്‍ സ്‌തൂപ സംവിധാനക്രമത്തിലുള്ള നിര്‍മാണരീതിയില്‍ പിന്നീട്‌ ശക്തിയായ സ്വാധീനത ചെലുത്തുകയുണ്ടായി. പുരാതന അസീറിയയിലും മുസ്‌ലിംആക്രമണം ഉണ്ടാകുന്നതിനുതൊട്ടുമുമ്പായി സിറിയയിലും പ്രചാരത്തിലുണ്ടായിരുന്ന, തുല്യവശങ്ങളോടുകൂടിയതും മുകള്‍ഭാഗം കൂര്‍ത്തതരത്തിലുള്ളതുമായ കമാനനിര്‍മാണരീതി മെസൊപ്പൊട്ടേമിയയില്‍ പ്രാവര്‍ത്തികമാക്കിയത്‌ ഇസ്‌ലാംമതാനുയായികളാണ്‌. ഫ്രാന്‍സിലും ഇംഗ്ലണ്ടിലും മറ്റും ഈ നിര്‍മാണരീതി സാര്‍വത്രികമാകുന്നതിനു വളരെ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഇസ്‌ലാംമതക്കാര്‍ക്ക്‌ ഇതു സുപരിചിതമായിരുന്നുവെന്ന്‌ കെയ്‌റോയിലെ ഇബ്‌നുതുലുന്‍ എന്ന പള്ളി വ്യക്തമാക്കുന്നു.

"സുല്‍ത്താന്‍ അഹമ്മദ്‌ പള്ളി'യുടെ ഉള്‍ഭാഗം: ഇസ്‌താന്‍ബുള്‍
ദിവാന്‍-ഇ-ഖാസിലെ മധ്യസ്‌തൂപം: ഫത്തേപുര്‍ സിക്രി


ദേവാലയങ്ങളുടെയും ശവകുടീരങ്ങളുടെയും നിര്‍മാണത്തില്‍ കല്ല്‌, മണ്‍കട്ട എന്നിവ ഉപയോഗിച്ചുണ്ടാക്കിയ അര്‍ധഗോളാകാരമായ ഗോപുരങ്ങള്‍ക്ക്‌ പ്രത്യേക സ്ഥാനം നല്‌കിയിരുന്നതായി കാണാം. ബൈസാന്തിയന്‍ വാസ്‌തുവിദ്യയില്‍ ചതുരാകൃതിയിലുള്ള ഒരു ഉപഘടനയുമായനുബന്ധിച്ചാണ്‌ മകുടങ്ങള്‍ നിര്‍മിച്ചിരുന്നത്‌. ചതുരാകൃതിയിലുള്ള ഉപഘടന വൃത്താകൃതിയായി മാറുന്നത്‌ സ്‌ക്വിന്‍ച്‌ കമാനത്തിന്റെ (squinch arch) ആവിര്‍ഭാവത്തോടെയാണ്‌. ഇസ്‌ലാമിക വാസ്‌തുവിദ്യയിലാകട്ടെ ഇതില്‍നിന്നു വ്യത്യസ്‌തമായി, പല നിരയിലുള്ള ആശ്ച്യുതാശ്‌മ (stalac-tite) ക്രമീകരണത്തോടുകൂടിയ നിര്‍മാണരീതിയാണ്‌ കാണുന്നത്‌. കൂടുതല്‍ മനോഹാരിതയുളവാകത്തക്കരീതിയില്‍ നിരവധി അലങ്കാരങ്ങളോടുകൂടി പ്രയോഗിച്ചുവന്ന ഈ നിര്‍മാണരീതിക്ക്‌ മുസ്‌ലിം വാസ്‌തുവിദ്യാവിദഗ്‌ധരുടെ ഇടയില്‍ കൂടുതല്‍ അംഗീകാരം ലഭിച്ചു. അര്‍ധഗോളാകൃതിയിലുള്ള ഗോപുരം ഇന്തോ-ഇസ്‌ലാമിക വാസ്‌തുവിദ്യയില്‍ ആകര്‍ഷകമായ പല പുതിയ വ്യതിയാനങ്ങളും വരുത്തുവാന്‍ സഹായകമായിത്തീര്‍ന്നു. താമരയില്‍നിന്നു മുളച്ചുവന്നതുപോലെ ഇതില്‍ നിര്‍മിതമായിട്ടുള്ള കുംഭകങ്ങള്‍ ഈ രൂപവ്യതിയാനത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

പ്ലാനുകള്‍

ഇസ്‌ലാമിക വാസ്‌തുവിദ്യയുടെ ചരിത്രത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മുസ്‌ലിങ്ങളുടെ പലവിധത്തിലുള്ള പ്രാര്‍ഥനകള്‍ക്കും മതാനുഷ്‌ഠാനങ്ങള്‍ക്കും വേണ്ടി പ്രത്യേകം നിര്‍മിക്കപ്പെട്ട പള്ളികളാണ്‌. അനേകംപേര്‍ക്ക്‌ വരിവരിയായി അണിനിരന്ന്‌ പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള തുറസായ ഒരു അങ്കണമാണ്‌ ഈ ദേവാലയങ്ങളുടെ മുഖ്യഭാഗം (ഇത്‌ ഹൈന്ദവ ക്ഷേത്രങ്ങളില്‍നിന്നു ഭിന്നവും ക്രസ്‌തവ ദേവാലയങ്ങളോട്‌ സാമ്യമുള്ളതുമാണ്‌). മുസ്‌ലിംപള്ളി മക്കാപട്ടണത്തില്‍ സ്ഥിതിചെയ്യുന്ന "കഅബ' ദേവാലയത്തിന്‌ അഭിമുഖമായാണ്‌ നിര്‍മിക്കാറുള്ളത്‌. "കഅബ'യെ അഭിമുഖീകരിക്കുന്ന ദിക്കിന്‌ "ഖിബ്‌ല' എന്നാണ്‌ പേര്‍. ആരാധനാലയത്തിന്റെ ഖിബ്‌ലാഭാഗത്തെ ചുവരിനു മധ്യഭാഗത്തായി നമസ്‌കാരത്തിനു നേതൃത്വം നല്‌കുന്ന ഇമാമിന്‌ മുന്നിലേക്കു കടന്നുനിന്ന്‌ നമസ്‌കരിക്കുന്നതിനുള്ള പ്രത്യേക സ്ഥലം സ്ഥിതിചെയ്യുന്നു. ചുവരില്‍മുന്നോട്ട്‌ തള്ളിനില്‌ക്കുന്ന വിധത്തില്‍ രൂപാന്തരപ്പെടുത്തിയിരിക്കുന്ന ഈ സ്ഥാനത്തിന്‌ മിഹ്‌റാബ്‌ (Mihrab) എന്നു പറയുന്നു. മിഹ്‌റാബിന്റെ ഒരു വശത്തായി മതോപദേശങ്ങള്‍ക്കായുള്ള ലളിതമായ ഒരു പ്രസംഗപീഠം സജ്ജീകരിച്ചിരിക്കുന്നു. മുസ്‌ലിംപള്ളികളില്‍ സാധാരണയായി പ്രത്യേകം പണിതീര്‍ത്തിട്ടുള്ള ഒരുയര്‍ന്ന സ്ഥാനത്തു നിന്നുകൊണ്ടാണ്‌ അതതുസമയങ്ങളില്‍ മുഅദ്ദീന്‍ നമസ്‌കാരാഹ്വാനം നടത്തുന്നത്‌. ദേവാലയത്തോടു ചേര്‍ന്ന്‌, പ്രാര്‍ഥനയ്‌ക്കുമുമ്പായി ശരീരശുദ്ധിവരുത്തുന്നതിനുള്ള ജലധാരയുണ്ടായിരിക്കും. ഈ സജ്ജീകരണങ്ങളെല്ലാം എല്ലാ മുസ്‌ലിംപള്ളികളിലും ഇപ്പോള്‍ സര്‍വസാധാരണമാക്കിയിരിക്കുന്നു.

കെയ്‌റോ, ദമാസ്‌കസ്‌, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ പ്രധാന നഗരങ്ങളില്‍ ഖാന (khana) എന്നു വിളിക്കപ്പെട്ടിരുന്ന 180-ഓളം സത്രങ്ങള്‍ ഉണ്ടായിരുന്നതായി കാണാം. ഇവയെല്ലാം തന്നെ തുറസ്സായ അങ്കണത്തിനു ചുറ്റുമായി പണിതുയര്‍ത്തിയ ഒന്നിലധികം നിലകളിലുള്ള കെട്ടിടങ്ങളാണ്‌. ഇവയിലെ താഴത്തെ നില ഒട്ടകങ്ങളെയുംമറ്റും തളയ്‌ക്കുന്നതിനും മുകളിലത്തെ നില പല മുറികളായി തിരിച്ച്‌ കച്ചവടക്കാരായ യാത്രക്കാര്‍ക്കുതാമസിക്കുന്നതിനും സൗകര്യപ്രദമായ രീതിയിലാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. ദമാസ്‌കസിലെ "ആസാദ്‌ പാഷാഖാന്‍ മന്ദിരം' ഇത്തരം വാസ്‌തുവിദ്യാശില്‌പത്തിന്‌ ഉത്തമമായ ദൃഷ്‌ടാന്തമാണ്‌.

മുസ്‌ലിങ്ങളുടെ വാസസ്ഥാനങ്ങള്‍ പൊതുവേ പൗരസ്‌ത്യരീതിയില്‍ സംവിധാനം ചെയ്‌തിരുന്നതായി കാണാം. നടുക്ക്‌ തുറസ്സായ അങ്കണവും ചുറ്റും പ്രധാനമുറികളുമായാണ്‌ ഭവനങ്ങള്‍ നിര്‍മിച്ചിരുന്നത്‌. അങ്കണത്തില്‍ ജലധാര ഘടിപ്പിക്കുകയും സാധാരണമായിരുന്നു. ജനാലകള്‍ വളരെച്ചെറുതും താഴത്തെ നിലയിലുള്ളവ ബലവത്തായ കമ്പിയഴികളോടുകൂടിയവയും ആയിരുന്നു. എല്ലാ വസതികളിലും സ്‌തീകള്‍ക്കു വേണ്ടിയുള്ള മുറികള്‍ പുരുഷന്മാരായ സന്ദര്‍ശകര്‍ക്ക്‌ എളുപ്പം കടന്നുചെല്ലാന്‍ സാധിക്കാത്ത രീതിയിലാണ്‌ നിര്‍മിച്ചിരുന്നത്‌.

ചുവരുകള്‍

ഓരോ സ്ഥലത്തെയും ലഭ്യതയനുസരിച്ച്‌ ചുവരുകള്‍ കല്ലോ മണ്‍കട്ടയോ കൊണ്ട്‌ നിര്‍മിച്ചിരുന്നു. ചുവരുകള്‍ മിനുസമുള്ള പദാര്‍ഥങ്ങള്‍ കൊണ്ട്‌ പൂശുകയോ മൃദുവായ ഓടുകള്‍, കച്ചാടിക്കല്ലുകള്‍ എന്നിവകൊണ്ട്‌ അലങ്കരിക്കുകയോ ചെയ്യുന്നത്‌ സാധാരണമായിരുന്നു. ഗ്രനാഡയിലെ അല്‍ഹംബ്ര എന്ന കൊട്ടാരത്തിന്റെ ചുവരുകളില്‍ ഏതാണ്ട്‌ നാലടി ഉയരത്തില്‍ മിനുസമേറിയ ഇഷ്‌ടികക്കെട്ടും അതിനു മുകളില്‍ ജ്യാമിതീയരീതിയിലുള്ള ലേപനവും കാണാം. ഒരേ വിധാനത്തില്‍, ഓരോ നിരയും പല നിറങ്ങളിലുള്ള കല്ലുകള്‍ ക്രമീകരിച്ച്‌ നിര്‍മിച്ചിരുന്നു. ഈ രീതി ബൈസാന്തിയന്‍ വാസ്‌തുവിദ്യയില്‍നിന്ന്‌ സ്വീകരിച്ചതായിരിക്കണം. പള്ളികളുടെ പുറംചുവരുകളുടെ മുകള്‍ഭാഗം പലതരത്തിലുള്ള പ്രലംബിതങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചിരുന്നു. മുഗള്‍ വാസ്‌തുവിദ്യയില്‍ ഈ പ്രലംബിതങ്ങള്‍ അധികവും മകുടാകൃതിയിലാണ്‌ കാണപ്പെടുന്നത്‌.

കമാനങ്ങള്‍

ഇസ്‌ലാമിക വാസ്‌തുവിദ്യയില്‍ തണലിനുവേണ്ടി കമാനത്തട്ടുകള്‍ ഉപയോഗിച്ചിരുന്നു. പ്രധാനമായും അഞ്ചുതരം കമാനങ്ങളാണ്‌ പ്രയോഗത്തിലുണ്ടായിരുന്നത്‌. പ്രാചീന റോമന്‍ സംസ്‌കാരകാലത്തെ കമാനങ്ങളുടെ മാതൃകയാണ്‌ ചില പുരാതന മുസ്‌ലിംപള്ളികളില്‍ കാണുന്നത്‌. മധ്യകാലങ്ങളില്‍ നിര്‍മിച്ച ചില പള്ളികളിലെ സ്‌തൂപങ്ങള്‍ ചില പ്രത്യേക രീതിയിലുള്ളവയാണ്‌. ഭൂചലനം പോലുള്ള വിപത്തുകളില്‍നിന്നു രക്ഷപ്പെടാനുള്ള മുന്‍കരുതലായി കമാനങ്ങളുടെ കീഴ്‌ഭാഗങ്ങള്‍ തമ്മില്‍ തടിയിലോ ഇരുമ്പിലോ ഉള്ള ദണ്ഡുകള്‍കൊണ്ട്‌ ഘടിപ്പിക്കുക പതിവായിരുന്നു. മുകളില്‍ പ്രസ്‌താവിച്ച അഞ്ചുതരം കമാനങ്ങളും, വാതിലുകളുടെയും ജനാലകളുടെയും മുകള്‍ഭാഗത്തിന്റെ പണികള്‍ക്കായും ഉപയോഗിച്ചിരുന്നു. കെയ്‌റോയിലെ ചില പള്ളികളുടെ കമാനങ്ങള്‍ വിവിധ വര്‍ണത്തിലുള്ള കല്ലുകള്‍ കൊണ്ട്‌ നിര്‍മിച്ചിരുന്നു. ചെറിയ ജനാലകളാണ്‌ ഇതിലേക്ക്‌ ഉപയോഗിച്ചിരുന്നത്‌. കടുത്ത വേനലില്‍ തടി ഉണങ്ങി വളയുകയോ ചുരുങ്ങുകയോ ചെയ്യാനിടയുള്ളതിനാല്‍ കതകുകള്‍ ജ്യാമിതീയ രൂപങ്ങളില്‍ മുറിച്ചെടുത്ത ചെറിയ ചെറിയ തടിക്കഷണങ്ങള്‍ കൊണ്ടുള്ള ചട്ടങ്ങളായാണ്‌ ഉണ്ടാക്കിയിരുന്നത്‌. 13-ാം ശ. മുതല്‍ വാതായനങ്ങള്‍ക്ക്‌ കച്ചാടിച്ചില്ലുകള്‍ ഉപയോഗിച്ചുതുടങ്ങി. നിറമുള്ള കച്ചാടികളുടെ ഉപയോഗം തുടങ്ങിയത്‌ 1598-ല്‍ ജെറൂസലേമില്‍ നിര്‍മിക്കപ്പെട്ട ഡോം ഒഫ്‌ ദ്‌ റോക്ക്‌ (Dome of the rock) എന്ന കെട്ടിടത്തിലാണ്‌.

മേല്‍ക്കൂരകള്‍

മേല്‍ക്കൂരകള്‍ സാധാരണയായി പരന്നതോ മകുടാകൃതിയിലുള്ളതോ ആയിരുന്നു. അപൂര്‍വ ഘട്ടങ്ങളില്‍ കൂര്‍ത്ത രീതിയിലും നിര്‍മിച്ചിരുന്നു. പരന്ന മേല്‍ക്കൂരകള്‍ തടികൊണ്ട്‌ നിര്‍മിച്ചതിന്‌ ശേഷം അവയെ കളിമച്ചോ കുമ്മായമോ കൊണ്ട്‌ പൊതിഞ്ഞിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക വാസ്‌തുവിദ്യയില്‍ക്കാണുന്ന കല്ലുകള്‍ ഉപയോഗിച്ചുള്ള പരന്നമേല്‍ക്കൂരയുടെ നിര്‍മിതി ജൈന ദേവാലയങ്ങളില്‍നിന്ന്‌ ഉദ്‌ഭവിച്ചതാവാം. മേല്‍ക്കൂരയുടെ അടിവശത്തെ പരന്ന തട്ടുകള്‍ കൊത്തുപണികള്‍ കൊണ്ട്‌ മോടിപിടിപ്പിച്ചിരുന്നു. മുസ്‌ലിംപള്ളികളിലും ശവകുടീരങ്ങളിലുമുള്ള മേല്‍ക്കൂരകള്‍ അര്‍ധ കുംഭാകൃതിയിലുള്ളവയായിരുന്നു. ഇത്തരത്തിലുള്ള അര്‍ധകുംഭകങ്ങള്‍ റഷ്യയിലും മധ്യയൂറോപ്യന്‍ രാജ്യങ്ങളിലും കാണാവുന്നതാണ്‌. ഈജിപ്‌തിലും പേര്‍ഷ്യയിലും ഇന്ത്യയിലും അര്‍ധകുംഭകങ്ങള്‍ നിര്‍മിച്ചിരുന്നത്‌ കല്ലുകള്‍ കൊണ്ടാണ്‌. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ ചുടുകട്ടകളാണ്‌ ഉപയോഗിച്ചിരുന്നത്‌. നേര്‍മയുള്ള ചുച്ചാമ്പുകല്ലുകള്‍ സുലഭമായിരുന്ന കെയ്‌റോയിലുള്ള അര്‍ധകുംഭകങ്ങളുടെ പുറവശങ്ങള്‍ ജ്യാമിതീയരൂപങ്ങള്‍ കൊത്തി മനോഹരമാക്കിയിരുന്നു. ഇത്‌ സൂര്യരശ്‌മിയുടെ കച്ചഞ്ചിക്കുന്ന പ്രകാശദീപ്‌തിയെ ലഘൂകരിക്കുന്നതിനോ സാമ്പത്തികപ്രൗഢി പ്രകടിപ്പിക്കുന്നതിനോ വേണ്ടിയായിരുന്നു. ചുളികള്‍, ചാലുകള്‍, വരകള്‍ മുതലായവകൊണ്ട്‌ അലങ്കൃതമായിരുന്നു എന്നതാണ്‌ പേര്‍ഷ്യ, തുര്‍ക്കി എന്നിവിടങ്ങളിലെ അര്‍ധകുംഭകങ്ങളുടെ പ്രത്യേകത.

സ്‌തംഭങ്ങള്‍

ജാമിലെ കൂറ്റന്‍ ഇഷ്‌ടിക സ്‌തംഭം: അഫ്‌ഗാനിസ്‌താന്‍

പുരാതന റോമിലെയും ബൈസാന്തിയത്തിലെയും കെട്ടിടങ്ങളുടെ തൂണുകളുടെ ശില്‌പമാതൃക ആദ്യകാലങ്ങളില്‍ മുസ്‌ലിംപള്ളികളുടെ നിര്‍മാണത്തിന്‌ ഉപയോഗിച്ചിരുന്നു. ഈ തൂണുകള്‍ നിര്‍മാണരീതിയില്‍ വളരെ വൈവിധ്യം നിറഞ്ഞവയായിരുന്നെങ്കിലും ആകര്‍ഷകമായിരുന്നില്ല. മുസ്‌ലിംവാസ്‌തുവിദ്യാചാര്യന്മാര്‍ രൂപഭംഗി നല്‌കിയ പുതിയ സ്‌തംഭങ്ങള്‍ പഴയ രൂപത്തെ അനുകരിച്ചുകൊണ്ടുള്ളതായിരുന്നു; പക്ഷേ അവയ്‌ക്ക്‌ കൂടുതല്‍ കലാഭംഗി ഉണ്ടായിരുന്നു. അല്‍ഹംബ്ര, സ്‌പെയിന്‍ എന്നിവിടങ്ങളിലെ നേര്‍ത്ത തൂണുകളുടെ ഉയരം, അവയുടെ വ്യാസത്തിന്റെ 12 മടങ്ങായിരുന്നു. ഇതിനുമുകളില്‍ നീളമുള്ള കഴുത്തോടുകൂടിയതും ആശ്ച്യുതാശ്‌മം (ചുച്ചാമ്പുകല്‌പുറ്റ്‌) മാതിരിയുള്ള കൊത്തുപണികള്‍കൊണ്ട്‌ മനോഹരമാക്കിയ ചതുരാകാര മുകള്‍ഭാഗത്തോടുകൂടിയതുമായ സ്‌തംഭശീര്‍ഷം സ്ഥിതിചെയ്യുന്നു. ഈ സ്‌തംഭശീര്‍ഷത്തിനു മുകളില്‍ ജ്യാമിതീയരൂപങ്ങള്‍ കൊത്തിയ ചതുരാകൃതിയിലുള്ള പീഠത്തില്‍നിന്ന്‌ കമാനങ്ങള്‍ തുടങ്ങുന്നു. ഇന്ത്യയില്‍ ഹൈന്ദവ വാസ്‌തുവിദ്യയുടെ സ്വാധീനഫലമായി വളരെ പൊക്കംകുറഞ്ഞ, തികച്ചും പൗരസ്‌ത്യ രീതിയിലുള്ള സ്‌തംഭമാതൃകകള്‍ ഉണ്ടായി.

അലങ്കാരങ്ങള്‍

"കോര്‍ട്ട്‌ ഒഫ്‌ ദ്‌ ലയണ്‍സ്‌': അല്‍ഹംബ്ര

ഇസ്‌ലാമികവാസ്‌തുവിദ്യയിലെ അലങ്കാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്‌ വിശുദ്ധ ഖുര്‍ ആനിന്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ അലങ്കാരാക്ഷര (calligraphy) ആവിഷ്‌കരണങ്ങളാണ്‌. ഗ്രീക്കു ദേവാലയങ്ങളിലും റോമിലെ സര്‍വാതിശായിയായ കമാനങ്ങളിലും ഗോഥിക്‌പള്ളിയുടെ മുഖപ്പിലും കണ്ടിരുന്ന വിശദമായ പ്രകൃതിചിത്രങ്ങളില്‍ നിന്നുതികച്ചും വ്യത്യസ്‌തമായിരുന്നു മുസ്‌ലിംഅലങ്കാരങ്ങള്‍. മുസ്‌ലിംവാസ്‌തുവിദ്യാവിദഗ്‌ധന്മാര്‍ ജ്യാമിതീയരൂപങ്ങള്‍ക്ക്‌ അലങ്കാരങ്ങളില്‍ പ്രത്യേക പ്രാധാന്യം കല്‌പിച്ചു. പ്രധാന കെട്ടിടങ്ങളുടെ അകവും പുറവും വിവിധ ഗണിതീയരൂപങ്ങള്‍ പിണച്ചുചേര്‍ത്ത്‌ വര്‍ണപ്പകിട്ടേറിയ നിറങ്ങള്‍ കൊടുത്ത്‌ തിളങ്ങുന്ന പരവതാനികണക്കെ മനോഹരമാക്കിയിരുന്നു. മുസ്‌ലിങ്ങളുടെ ഈ അലങ്കാരരീതി അരബസ്‌ക്‌ എന്ന സാങ്കേതികനാമത്തിലാണ്‌ അറിയപ്പെടുന്നത്‌. ഇസ്‌ലാമികഅലങ്കാരങ്ങളെ പ്രധാനമായും മൂന്നായി തരംതിരിക്കാം: ഖുര്‍ആനിലെ ചില പ്രധാനപ്പെട്ട വാക്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള "നിമോണിക്‌' ലിഖിതങ്ങള്‍ (Mnemonic inscriptions); ആചാരാനുസൃതമായ രൂപരേഖകള്‍ പല പ്രതലങ്ങളില്‍ ഒന്നിനുമുകളില്‍ മറ്റൊന്നായി കൂട്ടിപ്പിണച്ചുവരച്ച അലങ്കാരങ്ങള്‍ (Super imposed ornaments); മെകുടങ്ങളുടെ അലങ്കാരരീതിയായ ആശ്ച്യുതാശ്‌മങ്ങള്‍ (stalactite ornaments). മൂന്നാമത്തെ രീതി പില്‌ക്കാലങ്ങളില്‍ സ്‌തംഭശീര്‍ഷങ്ങള്‍ക്കും വാതിലുകളുടെ മുകള്‍ഭാഗങ്ങള്‍ക്കും ഉപയോഗിച്ചുതുടങ്ങി. സ്‌പെയിനിലെയും ഇന്ത്യയിലെയും അലങ്കാരങ്ങള്‍ മറ്റുള്ളരാജ്യങ്ങളിലേതിനെ അപേക്ഷിച്ച്‌ കൂടുതല്‍ സങ്കീര്‍ണങ്ങളായിരുന്നു.

ഉദാഹരണങ്ങള്‍

ദമാസ്‌കസിലെ ദേവാലയം

ദമാസ്‌കസിലെ ദേവാലയം

വലീദ്‌ എന്ന ഖലീഫ നിര്‍മിച്ച ഈ ദേവാലയം (The Great Mosque at Damascus 706-715) 385 മീ. നീളവും 350 മീ. വീതിയുമുള്ളതും സമാനസ്‌തംഭപംക്തിയാല്‍ ചുറ്റപ്പെട്ടതുമായ അങ്കണത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. അങ്കണത്തിലേക്കുള്ള പ്രവേശനവീഥി ചതുരാകൃതിയിലുള്ള തൂണുകളില്‍ താങ്ങി നിര്‍ത്തിയിട്ടുള്ളതും വക്രമായ കുതിരലാടാകൃതിയില്‍ പൊക്കം കുറഞ്ഞ കമാനങ്ങള്‍കൊണ്ട്‌ നിര്‍മിച്ചിട്ടുള്ളതുമാണ്‌. ഈ പള്ളിക്ക്‌ ഒരു മിഹ്‌റാബും സുന്ദരങ്ങളായ പ്രാസാദശിഖരങ്ങളും ഉണ്ട്‌.

കൊര്‍ഡോവയിലെ വലിയ ദേവാലയം

എ.ഡി. 786-ല്‍ അബ്‌ദുര്‍ റഹിമാന്‍ ഖലീഫയാണ്‌ ഈ പള്ളിയുടെ നിര്‍മാണം ആരംഭിച്ചത്‌. 11-ാം ശതകത്തില്‍ പുതുക്കിപ്പണിത ഈ ദേവാലയത്തിന്റെ പവിത്രസ്ഥാനത്തിന്‌ 11 പാര്‍ശ്വവിഭാഗങ്ങളുണ്ട്‌. ഓരോ പാര്‍ശ്വഭാഗവും 20 സ്‌തംഭങ്ങളില്‍ താങ്ങിനില്‌ക്കുന്ന കുതിരലാടാകൃതിയിലുള്ള കമാനങ്ങള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ടിരിക്കുന്നു. സാധാരണയില്‍ക്കവിഞ്ഞ പൊക്കമുള്ളതിനാല്‍ ഇതിന്റെ മുകളില്‍ കമാനങ്ങളുടെ ഒരു നിരകൂടി നിര്‍മിച്ചിട്ടുണ്ട്‌. എ.ഡി 1238-ല്‍ ഈ ദേവാലയം ഒരു ക്രിസ്‌ത്യന്‍ പള്ളിയായി മാറ്റപ്പെട്ടുവെങ്കിലും പിന്നീട്‌ മുസ്‌ലിങ്ങള്‍ക്കുതന്നെ തിരിച്ചുകിട്ടി. ഏകദേശം 178 മീ. നീളവും 123 മീ. വീതിയുമുള്ള ഇതിന്റെഉള്‍ഭാഗം വര്‍ണശബളമായ മാര്‍ബിള്‍ക്കല്ലുകള്‍കൊണ്ടും അമൂല്യരത്‌നങ്ങള്‍കൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്നു.

അല്‍ഹംബ്ര

അല്‍ഹംബ്ര(ചുവപ്പുകോട്ട)യിലെ കെട്ടിടവും കുളവും

ഇത്‌ സ്‌പെയിനിലെ ഗ്രനഡാനഗരത്തിനു സമീപമുള്ള വിശാലമായ ഒരു ചുവപ്പുകോട്ടയാണ്‌. "ചുവപ്പ്‌' എന്ന അര്‍ഥമുള്ള "അല്‍ഹംബ്ര' എന്ന അറബിപദത്തില്‍ നിന്നാണ്‌ കോട്ടയ്‌ക്ക്‌ ഈ പേര്‌ ലഭിച്ചത്‌. ഇതിനുള്ളില്‍ പ്രസിദ്ധങ്ങളായ കൊട്ടാരങ്ങളുണ്ട്‌. ഇവയില്‍ ഏറ്റവും പ്രധാനം യൂസഫ്‌ ക (1334-54), മുഹമ്മദ്‌ ഢ (1354-91) എന്നീ രാജാക്കന്മാര്‍ നിര്‍മിച്ച വിശാലമായ ഒരു മൂറിഷ്‌ കൊട്ടാരമാണ്‌. ഇത്‌ അധുനികലോകത്തിലെ ആഡംബരനിര്‍ഭരമായ സുഖവാസമന്ദിരങ്ങളില്‍ ഒന്നാണ്‌. ഇതില്‍ പരസ്‌പരം ലംബമായി നിര്‍മിച്ചിരിക്കുന്ന ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട്‌ അങ്കണങ്ങളുണ്ട്‌. 38 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയുമുള്ള പ്രധാന അങ്കണം "സിംഹങ്ങളുടെ അങ്കണം' (Court of lions)എന്ന്‌ അറിയപ്പെടുന്നു. ഇതിനുചുറ്റും ശീര്‍ഷസ്‌തംഭങ്ങള്‍ വെള്ളക്കുമ്മായത്തിലുള്ള അലങ്കാരപ്പണികള്‍ ആലേഖനം ചെയ്‌ത ദാരുനിര്‍മിതമായ കമാനങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ അങ്കണത്തിന്റെ ഇരുഭാഗത്തും ഓരോ ചെറിയ ഹാള്‍ ഉണ്ട്‌. അല്‍ബേര്‍ക്കായുടെ അങ്കണം (court of Albarca) എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗധത്തിന്‌ 42 മീ. നീളവും 24 മീ. വീതിയുമുണ്ട്‌. ഇതിന്റെ വടക്കുവശത്താണ്‌ 10 മീ. സമചതുരാകൃതിയിലുള്ള ഹാള്‍ സ്ഥിതിചെയ്യുന്നത്‌. വിവിധ വര്‍ണത്തിലുള്ള ഇനാമല്‍ ചെയ്‌ത ഓടുകള്‍ കൊണ്ടും കുമ്മായക്കൂട്ടില്‍ പണിത അലങ്കാരരൂപങ്ങള്‍ കൊണ്ടും മനോഹരമാക്കിയ ഈ കെട്ടിടങ്ങളുടെ ഭിത്തികള്‍ ഇസ്‌ലാമികവാസ്‌തുവിദ്യയുടെ തനി നിദര്‍ശനങ്ങളാണ്‌. ഇതിനുംപുറമേ പൂന്തോട്ടങ്ങളും ജലധാരകളും ഈ കൊട്ടാരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

ഹുമായൂണിന്റെ ശവകുടീരം

ഹുമായൂണിന്റെ ശവകുടീരം

മുഗള്‍വാസ്‌തുവിദ്യയുടെ വിലപ്പെട്ട സംഭാവനകളിലൊന്നാണ്‌ ദില്ലിയിലെ ഹുമായൂണിന്റെ ശവകുടീരം. ഹാജിബീഗം തന്റെ ഭര്‍ത്താവിന്റെ സ്‌മരണയ്‌ക്കുവേണ്ടി പടുത്തുയര്‍ത്തിയതാണ്‌ ഈ കലാസൗധം. സശ്രദ്ധം സംവിധാനം ചെയ്‌ത ഉദ്യാനങ്ങളും നടപ്പാതകളും ഈ ശവകുടീരത്തിന്റെ അവിഭാജ്യഘടകങ്ങളാണ്‌. പ്രധാന ശവക്കല്ലറ 7 മീ. പൊക്കത്തില്‍ മണല്‍ക്കല്ലില്‍ നിര്‍മിച്ച വിസ്‌തൃതമായ ഒരു ചന്ദ്രശാലയുടെ മുകളിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഈ ചന്ദ്രശാലയുടെ വശങ്ങളിലുള്ള കമാനങ്ങള്‍ സന്ദര്‍ശകരുടെ വിശ്രമാര്‍ഥം നിര്‍മിച്ചിട്ടുള്ള ചെറിയ മുറികളിലേക്കു നയിക്കുന്നു. ഇതിന്റെ മധ്യത്തില്‍ 47 മീ. ചതുരവും 38 മീ. ഉയരവുമുള്ള മകുടാഗ്രത്തോടുകൂടിയ ശവക്കല്ലറയാണ്‌. മുന്‍കാഴ്‌ച(elevation)യില്‍ ഇതിന്റെ നാലുവശങ്ങളും ഒന്നുപോലെയാണ്‌. ഓരോ വശത്തിന്റെയും മധ്യഭാഗത്ത്‌ ഉയരമുള്ള ഓരോ കമാനമുണ്ട്‌. ശവക്കല്ലറയുടെ ഉള്‍ഭാഗത്തായി പല അറകള്‍ കാണാം. മധ്യഭാഗത്തുള്ള വലിയ അറയില്‍ ചക്രവര്‍ത്തിയുടെ സ്‌മാരകപീഠം സ്ഥിതി ചെയ്യുന്നു. എ.ഡി 1569-ല്‍ പണിതീര്‍ത്ത ഈ ശവകുടീരത്തിന്റെ രൂപഭംഗിയില്‍ പേര്‍ഷ്യന്‍ശില്‌പകലയുടെ സ്വാധീനത നിഴലിക്കുന്നുണ്ടെങ്കിലും ഭാരതീയവാസ്‌തുവിദ്യാസങ്കേതങ്ങളനുസരിച്ചുതന്നെയാണ്‌ ഇതിന്റെ നിര്‍മാണം നിര്‍വഹിച്ചിട്ടുള്ളത്‌. ചുവന്നമണല്‍ക്കല്ലുകള്‍ കൊണ്ടും വെച്ചക്കല്ലുകള്‍ കൊണ്ടും ഇതിന്റെ പുറം ഭാഗങ്ങള്‍ അലങ്കരിച്ചിരിക്കുന്നു. കുംഭഗോപുരം പൂര്‍ണമായും വെച്ചക്കല്ലുകള്‍കൊണ്ടാണ്‌ മോടിപിടിപ്പിച്ചിരിക്കുന്നത്‌. ഈ ശവകുടീരത്തെ താജ്‌മഹലിന്റെ ഒരു പ്രാഗ്‌രൂപമായി ആധുനിക വാസ്‌തുവിദ്യാവിദഗ്‌ധര്‍ കണക്കാക്കുന്നു.

താജ്‌മഹല്‍

താജ്‌മഹല്‍

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രാണപ്രയസിയായ മുംതാസ്‌ മഹലിന്റെ ഓര്‍മയ്‌ക്കായി പടുത്തുയര്‍ത്തിയ, "വെച്ചക്കല്ലിലെ സ്വപ്‌നം' എന്ന്‌ കലാവിദഗ്‌ധന്മാര്‍ വിശേഷിപ്പിക്കുന്ന ഈ ശവകുടീരം ലോകത്തിലെ ഏഴ്‌ അദ്‌ഭുതങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു. ഇത്‌ അഭികല്‌പന (design) ചെയ്‌തത്‌ പേര്‍ഷ്യയിലെ ഷിറാസ്‌ ദേശത്തുകാരനായ ഉസ്‌താദ്‌ ഈസ എന്ന ശില്‌പിയാണെന്നു കരുതപ്പെടുന്നു.

യമുനാനദിയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഈ മനോഹരസൗധം പൂര്‍ണമായും വെച്ചക്കല്ലു കൊണ്ടാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. 95 മീ. ചതുരവും 6.7 മീ. പൊക്കവുമുള്ള ഒരു വേദിയുടെ മുകളിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. ഈ വേദിയുടെ ഓരോ കോണിലും 42 മീ. ഉയരമുള്ള ഓരോ പ്രാസാദശിഖരമുണ്ട്‌. ഇതിന്റെ മധ്യഭാഗത്ത്‌ 56 മീ. ചതുരവും ചരിഞ്ഞ കോണുകളോടു(canted angles)കൂടിയതുമായ പ്രധാന ശവകുടീരം ഉയര്‍ന്നു നില്‍ക്കുന്നു. ഇതിന്റെ ഉള്‍ഭാഗത്തുള്ള മകുടത്തിന്‌ 24 മീ. ഉയരവും 17.5 മീ. വ്യാസവും, പുറത്തുള്ള മകുടത്തിന്‌ 61 മീ. ഉയരവുമുണ്ട്‌. ഓരോ വശത്തുമുള്ള പ്രവേശനദ്വാരത്തിലെ കമാനങ്ങള്‍ ചതുരാകൃതിയിലുള്ള ഒരു ചട്ടക്കൂട്ടില്‍ നാലു കേന്ദ്രങ്ങളോടുകൂടി (four centred) നിര്‍മിച്ചിരിക്കുന്നു. ഷാജഹാന്റെയും പത്‌നിയുടെയും യഥാര്‍ഥ ശവകുടീരങ്ങള്‍ വര്‍ണോജ്ജ്വലവും ചിത്രാങ്കിതവുമായ ഒരു മാര്‍ബിള്‍മറ കൊണ്ട്‌ അലങ്കരിച്ചിരിക്കുന്നു. ഇത്‌ ഷാജഹാന്റെ മരണശേഷം നിര്‍മിച്ചതാണെന്നാണു വിശ്വസിക്കപ്പെടുന്നത്‌. പിന്നല്‍ത്തട്ടികളുള്ള ജനാലകളില്‍ക്കൂടി അകത്തേക്കു കടക്കുന്ന വെളിച്ചം ഉള്‍ഭാഗത്തിന്റെ മനോഹാരിതയ്‌ക്കുമാറ്റുകൂട്ടുന്നു.

കേരളത്തില്‍

എ.ഡി. 644 മുതല്‌ക്കുതന്നെ കേരളത്തില്‍ ഇസ്‌ലാമിക വാസ്‌തുവിദ്യയുടെ സ്വാധീനത ഉണ്ടായതായി കരുതപ്പെടുന്നുണ്ടെങ്കിലും അതിന്‌ ഉപോദ്‌ബലകങ്ങളായ പ്രശസ്‌ത മാതൃകകള്‍ ഇവിടെ ലഭ്യമല്ല. എ.ഡി 644-ല്‍ കൊടുങ്ങല്ലൂരില്‍ നിര്‍മിതമായ ചേരമാന്‍ മസ്‌ജിദ്‌ ആണ്‌ കേരളത്തിലെ ആദ്യത്തെ മുസ്‌ലിംപള്ളിയെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ മസ്‌ജിദിന്‌ ഒരു പ്രധാനമുറി(അകംപള്ളി)യും അതിനു കിഴക്കായി മറ്റൊരു മുറി(പുറംപള്ളി)യും ചുറ്റും പതിനാലു സെ.മീ. താഴ്‌ന്നതലത്തില്‍ വരാന്ത(സറാമ്പി)കളും പ്രധാന മുറി(അകംപള്ളി)ക്കു മുകളില്‍ ഒരു മാളികമുറിയും നമസ്‌കാരത്തിനുമുമ്പ്‌ "വുസു' എടുക്കുന്നതിന്‌ (ശരീരശുദ്ധിവരുത്തുന്നതിന്‌) വെള്ളം സംഭരിച്ചുവയ്‌ക്കുന്നതിനുള്ള "ഹൗസും' ഉണ്ട്‌. ആകൃതിയിലും പ്രകൃതിയിലും ഒരു മുസ്‌ലിംപള്ളിക്ക്‌ അവശ്യം വേണ്ടുന്നതെല്ലാം ഇതിലുള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ക്ഷേത്രകലയുടെ ചില പ്രത്യേകതകളും ഇതില്‍ കാണാവുന്നതാണ്‌. ഉത്തരേന്ത്യന്‍ മസ്‌ജിദുകളില്‍നിന്ന്‌ കേരളത്തിലെ മുസ്‌ലിംപള്ളികള്‍ക്കുള്ള പ്രധാന വ്യത്യാസം ഇവയില്‍ ക്ഷേത്രശില്‌പശൈലിയുടെ അനുകരണം ഉണ്ടെന്നതാണ്‌. പ്രകടമായ ഇത്തരത്തിലുള്ള നിര്‍മാണശൈലീഭേദങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മുസ്‌ലിംപള്ളികളില്‍ കാലദേശവ്യത്യാസങ്ങള്‍ക്കനുസൃതമായി കാണുവാന്‍ കഴിയും.

ബീമാപള്ളി: തിരുവനന്തപുരം

ഇസ്‌ലാമിക വാസ്‌തുവിദ്യയുടെ ശ്രദ്ധേയമായ മാതൃകകള്‍ കേരളത്തില്‍ അടുത്തകാലത്തായി നിര്‍മിതമായിട്ടുണ്ട്‌. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഇസ്‌ലാമിക വാസ്‌തുവിദ്യാശൈലിയിലാണ്‌ പുതുതായി ഉയര്‍ന്നിട്ടുള്ള മിക്ക മസ്‌ജിദുകളുടെയും രൂപകല്‌പന. 2,500 പേര്‍ക്ക്‌ ഒന്നിച്ച്‌ നമസ്‌കരിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള തിരുവനന്തപുരത്തെ പാളയം മസ്‌ജിദിന്‌ രണ്ടു നിലകളുണ്ട്‌. പത്തു മീറ്ററോളം വ്യാസമുള്ള ഒരു ഖുബയും മുപ്പതു മീറ്ററോളം ഉയരമുള്ള രണ്ടു മിനാറത്തുകളും, മനോഹരമായ ഒരു കവാടവും ഇസ്‌ലാമികവാസ്‌തുവിദ്യാരീതിയില്‍ തനിമയുള്ള ജനാലകളും മൊസേക്കില്‍ പണിതീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍ ഉപയോഗിച്ചുള്ള അലങ്കാരാക്ഷര കലാവിഷ്‌കരണവും ആകര്‍ഷകങ്ങളായ മറ്റു ചില അലങ്കാരങ്ങളും പാളയം മസ്‌ജിദിന്റെ സവിശേഷതകളാണ്‌. ഇതിനോട്‌ കിടനില്‍ക്കുന്ന നിരവധി വാസ്‌തുശില്‌പങ്ങള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ ബീമാപള്ളി ഇത്തരത്തിലുള്ള നിര്‍മിതിക്കുദാഹരണമാണ്‌. ഇസ്‌ലാമിക വാസ്‌തുവിദ്യ ഇസ്‌ലാം മതവിശ്വാസങ്ങള്‍ക്കനുസൃതമായിട്ടാണ്‌ രൂപംകൊണ്ടിട്ടുള്ളത്‌. മുസ്‌ലിം പള്ളികളും ശവകുടീരങ്ങളും കെട്ടിടങ്ങളും ഭിന്നങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരുന്നവയാണെങ്കിലും അവയെല്ലാം തന്നെ ഇസ്‌ലാമികവാസ്‌തുവിദ്യയുടെ വൈവിധ്യപൂര്‍ണമായ കലാമാതൃകകളായി നിലകൊള്ളുന്നു. നോ. ഇന്ത്യന്‍ വാസ്‌തുവിദ്യ, ഇസ്‌ലാമികകല

(എം.എ അബ്രഹാം; കെ.പി. നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍