This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഈഡിപ്പസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഈഡിപ്പസ്‌

Oedipus

പിതാവിനെ നിഗ്രഹിക്കുകയും മാതാവിനെ പരിഗ്രഹിക്കുകയും ചെയ്‌ത ഗ്രീക്കുദുരന്തപുരാണ കഥാപാത്രം.

തീബ്‌സിലെ രാജാവ്‌ ലയസ്‌ സ്വന്തം പുത്രനാല്‍ വധിക്കപ്പെടുമെന്ന്‌ അരുളപ്പാടുണ്ടായി; തദ്‌ഭയത്താല്‍, രാജപത്‌നി ജൊക്കാസ്റ്റ പ്രസവിച്ച ആണ്‍കുട്ടിയെ രാജാവ്‌ സിതീറണ്‍ മലമുകളില്‍ ഉപേക്ഷിച്ചെങ്കിലും കുട്ടിയെ ഒരു ഇടയന്‍ കണ്ടെത്തി എന്നാണ്‌ കഥ. ശിശുവിന്റെ കാല്‍മുട്ടുകള്‍ തുന്നിച്ചേര്‍ത്തിരുന്നതിനാല്‍ കുട്ടിക്ക്‌ ഈഡിപ്പസ്‌ എന്നു നാമകരണം ചെയ്‌തു. (ദുര്‍മേദസ്സ്‌ വന്നു വീര്‍ത്തകാലുള്ളവന്‍ എന്ന്‌ "ഈഡിപ്പസ്‌' പദത്തിനു ഗ്രീക്കുഭാഷയില്‍ അര്‍ഥമുണ്ട്‌). ഏറെത്താമസിയാതെ ഈഡിപ്പസിനെ കൊറിന്തിലെ രാജാവ്‌ പൊളീബസ്‌ ദത്തെടുത്തു. സ്വന്തം പുത്രനെപ്പോലെ വളര്‍ത്തി. ഡല്‍ഫിയിലെ വെളിച്ചപ്പാടില്‍നിന്നും താന്‍ സ്വന്തം അച്ഛനെ വധിച്ച്‌ അമ്മയെ വിവാഹം കഴിക്കാന്‍ വിധിക്കപ്പെട്ടവനാണെന്ന അരുളപ്പാടറിഞ്ഞ ഈഡിപ്പസ്‌ തുടര്‍ന്ന്‌ കൊറന്തിലേക്കു തിരിച്ചു പോകാന്‍ വിസമ്മതിച്ചു.

തീബ്‌സിലേക്കു യാത്ര തിരിച്ച ഈഡിപ്പസ്‌ വഴി മധ്യേ പിതാവായ ലയസിനെ കണ്ടുമുട്ടി. അവര്‍ പരസ്‌പരം തിരിച്ചറിയാതെ യുദ്ധം ചെയ്യുകയും ഈഡിപ്പസ്‌ ലയസിനെ വധിക്കുകയും ചെയ്‌തു. സ്‌ഫിങ്‌ക്‌സ്‌ എന്ന ഒരു ഭീകരജന്തുവിന്റെ പീഡനത്തില്‍ തീബ്‌സ്‌ നിവാസികള്‍ അകപ്പെട്ടിരുന്ന കാലമായിരുന്നു അത്‌. സിംഹത്തിന്റെ ഉടലും കഴുകന്റെ ചിറകും സ്‌ത്രീയുടെ മാറിടവും തലയും ചേര്‍ന്ന ഭീകരസത്വമായിരുന്നു സ്‌ഫിങ്‌ക്‌സ്‌. വഴിയാത്രക്കാരോട്‌ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ഉത്തരം പറയാനാവാത്തവരെ വധിക്കുകയും ചെയ്‌തിരുന്നു. സ്‌ഫിങ്‌ക്‌സിന്റെ ചോദ്യത്തിന്‌ ഈഡിപ്പസ്‌ ശരിയായ ഉത്തരം നല്‌കിയതോടെ ഗത്യന്തരമില്ലാതെ സ്‌ഫിങ്‌ക്‌സ്‌ ആത്മഹത്യ ചെയ്‌തു.

സ്‌ഫിങ്‌ക്‌സില്‍ നിന്നു രാജ്യത്തെ രക്ഷിച്ചതിന്‌ പ്രതിഫലമായി ഈഡിപ്പസിന്‌ തീബ്‌സിലെ സിംഹാസനവും വിധവയായ രാജ്ഞി (മാതാവായ ജൊക്കാസ്റ്റ)യുടെ ഭര്‍ത്തൃപദവും ലഭിച്ചു. ഈഡിപ്പസ്‌ രാജാവിന്‌ മാതാവില്‍ രണ്ടു പുത്രന്മാരും (എത്തിയോക്ലിഡ്‌, പോളിനിക്കസ്‌) രണ്ടു പുത്രിമാരും (ആന്റിഗണി, ഇസ്‌മേന്‍) ജനിച്ചു. പിന്നീട്‌ സത്യം പുറത്തായപ്പോള്‍ ജൊക്കാസ്റ്റ ആത്മഹത്യ ചെയ്‌തെന്നും ഈഡിപ്പസ്‌ സ്വന്തം കച്ചുകള്‍ കുത്തിപൊട്ടിച്ചുവെന്നുമാണ്‌ ഐതിഹ്യം.

ഈഡിപ്പസിന്റെ കഥയില്‍ ചരിത്രയാഥാര്‍ഥ്യത്തിന്റെ അംശം ഉണ്ടായിക്കൂടെന്നില്ല; എങ്കിലും ചരിത്രാംശം അടര്‍ത്തിയെടുക്കാനാവാത്തവച്ചം ഐതിഹ്യസങ്കീര്‍ണമാണ്‌. ഗ്രീസ്‌, അല്‍ബേനിയ, ഫിന്‍ലന്‍സ്‌, സൈപ്രസ്സ്‌ എന്നിവിടങ്ങളിലെ നാടോടി സാഹിത്യങ്ങളില്‍ ഈഡിപ്പസ്‌കഥ പ്രചുരപ്രചാരം നേടിയിട്ടുണ്ട്‌.

ഈഡിപ്പസിന്റെ ജീവിതത്തിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ പുരാതന ചിത്രകാരന്മാര്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഹോമറിന്റെ മഹാകാവ്യങ്ങളായ ഇലിയഡിലും ഒഡീസിയിലും ഈഡിപ്പസ്‌കഥ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നു. സോഫോക്ലിസ്സിന്റെ ഈഡിപ്പസ്‌ കൊളോണസില്‍ എന്ന ഗ്രീക്കു നാടകം വിശ്വസാഹിത്യത്തിലെ ഒരു ഉത്‌കൃഷ്‌ട കൃതിയാണ്‌. സ്‌ഫിങ്‌ക്‌സുമായുള്ള ഈഡിപ്പസിന്റെ കൂടിക്കാഴ്‌ച ആധുനിക കലാകാരന്മാരില്‍ പലരുടേയും ഭാവനയെ ഉദ്ദീപിപ്പിച്ചിട്ടുണ്ട്‌. സെനെക്കയിലൂടെ പകര്‍ന്നുകിട്ടിയ ഈഡിപ്പസ്‌ പുരാണം കോര്‍ണീലി, ഡ്രഡന്‍, വാള്‍ട്ടയര്‍ തുടങ്ങിയ ഒട്ടേറെ നാടകകൃത്തുക്കള്‍ തങ്ങളുടെ കൃതികളിലൂടെ പുനരാഖ്യാനം ചെയ്‌തതായിക്കാണുന്നു.

മാതാവിനോട്‌ സ്‌നേഹവും പിതാവിനോട്‌ അസൂയയും വെറുപ്പും തോന്നുന്ന പുത്രന്റെ മാനസികാവസ്ഥയ്‌ക്ക്‌ "ഈഡിപ്പസ്‌ കോംപ്ലക്‌സ്‌' എന്നു നാമകരണം ചെയ്യാന്‍ ഫ്രായ്‌ഡിനെ പ്രരിപ്പിച്ചത്‌ ഈ ഗ്രീക്കു പുരാണകഥാപാത്രമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍