This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഊട്ടാക്കമണ്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഊട്ടാക്കമണ്ട്‌

തമിഴ്‌നാട്ടിൽ നീലഗിരിജില്ലയുടെ തലസ്ഥാനമായ പട്ടണം. 11ീ41' വടക്ക്‌ 76ീ69' കിഴക്ക്‌ സമുദ്രനിരപ്പിൽ നിന്ന്‌ 2240 മീ. ഉയരത്തിൽ, ദോദബെട്ടാമലയുടെ രണ്ടു പിരിവുകള്‍ക്കിടയ്‌ക്കുള്ള ഉന്നതതടത്തിൽ സ്ഥിതിചെയ്യുന്ന ഊട്ടാക്കമണ്ട്‌ തെക്കേ ഇന്ത്യയിലെ മുന്തിയ സുഖവാസകേന്ദ്രവും ആരോഗ്യസങ്കേതവുമാണ്‌. ഊട്ടി എന്ന ചുരുക്കപ്പേരിലാണ്‌ പൊതുവേ അറിയപ്പെടുന്നത്‌; സംസ്‌കൃതത്തിൽ ഉദകമണ്ഡലം എന്നാണിതിനു പേര്‌. സമീപസ്ഥമായ ഒത്തക്കമന്തു (ഒറ്റക്കൽ ഗ്രാമം) എന്ന തോടവർഗക്കാരുടേതായ അധിവാസത്തെ ആസ്‌പദമാക്കിയാണ്‌ ഊട്ടാക്കമണ്ട്‌ എന്ന പദത്തിന്റെ നിഷ്‌പത്തി.

ദോദബെട്ടാകൊടുമുടി

സമശീതോഷ്‌ണകാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്‌. മണ്‍സൂണ്‍ കാറ്റുകളിൽനിന്ന്‌ ആണ്ടിൽ 75-100 സെ.മീ. മഴ ലഭിക്കുന്നുവെങ്കിലും ഇതിൽ ഏറിയപങ്കും ജൂലായ്‌ മാസത്തിലാണു പെയ്യുന്നത്‌. മറ്റു മാസങ്ങളിൽ ആകാശം പൊതുവേ നിർമലമായിരിക്കും. ശരാശരി താപനില 14ീഇ ആണ്‌. ഊട്ടിയിൽ നിത്യവസന്തമാണുള്ളത്‌; തന്മൂലം ഈ പ്രദേശം പ്രകൃതിരമണീയവുമാണ്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ്‌ പ്രവിശ്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന ഊട്ടാക്കമണ്ടിൽ ആദ്യമായി എത്തിച്ചേർന്ന യൂറോപ്യന്‍, ഫെറേറി എന്ന പോർച്ചുഗീസ്‌ പാതിരി (1602) ആയിരുന്നു. എങ്കിലും ഊട്ടാക്കമണ്ടിന്റെ അഭിവൃദ്ധിക്ക്‌ അടിത്തറപാകിയത്‌ രണ്ടു ശതാബ്‌ദങ്ങള്‍ക്കുശേഷം ഈ പ്രദേശം സന്ദർശിച്ച ബുക്കാനന്‍ എന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനാണ്‌. ഇദ്ദേഹത്തിന്റെ റിപ്പോർട്ടുപ്രകാരം 1812-ൽ ഈ സ്ഥലം സർവേ ചെയ്യുന്നതിന്‌ റ്റീസ്‌ എന്ന ഉദ്യോഗസ്ഥന്‍ നിയുക്തനായി. 1819-ൽ നീലഗിരി ജില്ലയിലെ അന്നത്തെ കളക്‌ടർ ജോണ്‍ സ്ലീവന്‍ ഊട്ടി സന്ദർശിക്കുകയും "സ്റ്റോണ്‍ ഹൗസ്‌' എന്ന പേരിൽ ഇന്നും കേടുപാടു കൂടാതെ നിലനിന്നുപോരുന്ന മന്ദിരം നിർമിക്കുകയും ചെയ്‌തു. ആധുനികശൈലിയിൽ ഊട്ടിയിൽ പണികഴിപ്പിക്കപ്പെട്ട ആദ്യത്തെ വാസ്‌തുശില്‌പമായിരുന്നു സ്റ്റോണ്‍ ഹൗസ്‌. 1825-ൽ ഇവിടം മദ്രാസ്‌ പ്രവിശ്യയുടെ ഉഷ്‌ണകാല സങ്കേതമായി. തുടർന്ന്‌ ഗവണ്‍മെന്റ്‌ ഓഫീസുകളും ആശുപത്രി, ഗ്രന്ഥശാല തുടങ്ങിയ സ്ഥാപനങ്ങളും നിലവിൽ വന്നു. 1858-ൽ ഇവിടെ പ്രവർത്തനമാരംഭിച്ച ലാറന്‍സ്‌ സ്‌കൂള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പബ്ലിക്‌ സ്‌കൂളുകളിലൊന്നാണ്‌. ഊട്ടിയിൽനിന്ന്‌ 5 കി.മീ. തെക്ക്‌ ലൗഡേയ്‌ൽ എന്ന സ്ഥലത്ത്‌ സ്ഥാപിതമായിട്ടുള്ള ഈ വിദ്യാലയത്തിൽ ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുള്ള 600-ലേറെ വിദ്യാർഥികള്‍ക്ക്‌ അധ്യയനം നല്‌കപ്പെടുന്നു.

തോടവർഗക്കാരുടെ ഗൃഹം
സ്റ്റോണ്‍ ഹൗസ്‌

കോയമ്പത്തൂരിൽനിന്ന്‌ 52 കി.മീ. ദൂരമുള്ള ഊട്ടിയിലേക്ക്‌ റെയിൽമാർഗവും റോഡുമാർഗവും ബന്ധം സ്ഥാപിച്ചിരിക്കുന്നു. ജൂലായ്‌ ഒഴിച്ചുള്ള എല്ലാ മാസങ്ങളിലും ഊട്ടിയിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നു. ജോണ്‍ സ്ലീവന്റെ നിർദേശാനുസരണം 1823-ൽ നിർമിതമായ 3 കി.മീ. നീളമുള്ള കൃത്രിമത്തടാകം ഈ പട്ടണത്തിന്റെ മനോഹാരിതയ്‌ക്കു മാറ്റുകൂട്ടുന്നു. 1850-ൽ മക്ലവർ എന്ന യൂറോപ്യന്റെ ശ്രമഫലമായി നിർമിക്കപ്പെട്ട സസ്യവിജ്ഞാനീയ ഉപവനം (യീമേിശരമഹ ഴമൃറലി) വിശ്വപ്രസിദ്ധി ആർജിച്ചിട്ടുണ്ട്‌; ലോകത്തിന്റെ വിവിധ കോണുകളിൽനിന്നു ശേഖരിക്കപ്പെട്ട എഴുന്നൂറോളമിനം സസ്യങ്ങള്‍ ഇവിടെ വളരുന്നു. ദോദബെട്ടാകൊടുമുടി, കേയ്‌ണ്‍ ഹിൽ, എൽക്‌ഹിൽ, സ്‌നോഡൗണ്‍, വെന്‍ലോക്‌ഡൗണ്‍, മുകൂർത്തി കൊടുമുടി, മുകൂർത്തി അണക്കെട്ട്‌, പൈക്കാ വൈദ്യുതപദ്ധതി, എമറാള്‍ഡ്‌ തടാകം എന്നിവയാണ്‌ ഊട്ടിയിലും പരിസരത്തുമുള്ള പ്രധാന ആകർഷണങ്ങള്‍. ഇവിടെയുള്ള സുസജ്ജമായ റേസ്‌കോഴ്‌സും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്‌.

സസ്യവിജ്ഞാനീയ ഉപവനം

പട്ടണത്തിനുചുറ്റും തോടർ, ബഡഗർ, കാടർ, കുറുമ്പർ, ഇരുളർ തുടങ്ങിയ ആദിവാസിവർഗങ്ങള്‍ പാർപ്പുറപ്പിച്ചുകാണുന്നു. ഈ ഭാഗത്ത്‌ തേയില, സിങ്കോണ, യൂക്കാലിപ്‌റ്റസ്‌ എന്നിവയുടെ നിരവധി തോട്ടങ്ങളുണ്ടായിട്ടുണ്ട്‌. പട്ടണത്തിന്‌ ഉദ്ദേശം 32 കി.മീ. വടക്കുപടിഞ്ഞാറുള്ള നടുവട്ടം എന്ന സ്ഥലത്ത്‌ ഒരു ക്വിനൈന്‍ ഫാക്‌ടറി പ്രവർത്തിക്കുന്നു. പൊതു ഉടമയിലുള്ള ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം ഫാക്‌ടറി ഊട്ടിയിലാണ്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. സ്വാതന്ത്യ്രപ്രാപ്‌തിയെത്തുടർന്ന്‌ വേനൽക്കാല തലസ്ഥാനമെന്ന പദവി നഷ്‌ടപ്പെട്ടുവെങ്കിലും ഒരു സഞ്ചാരകേന്ദ്രമെന്ന നിലയിൽ ഊട്ടി ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചുവരുന്നു. ആധുനികരീതിയിലുള്ള ഹോട്ടലുകളും നിവാസഗേഹങ്ങളും ധാരാളമായി ഉണ്ടായി. ഗതാഗതസൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്‌. കൂനൂർ, കോട്ടഗിരി, കേററി, വെല്ലിങ്‌ടണ്‍ തുടങ്ങിയ ഗിരി കേന്ദ്രങ്ങള്‍ ഊട്ടിക്കടുത്താണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍