This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്‌റ്റോപ്രാക്‌റ്റ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എക്‌റ്റോപ്രാക്‌റ്റ

Ectoprocta

സൂക്ഷ്‌മ അകേശുകികള്‍ ഉള്‍പ്പെടുന്ന ഒരു ജന്തുഫൈലം. ബ്രയോസോവയുടെ ഒരു ഉപഫൈലമായിട്ടാണ്‌ ഇതിനെ നേരത്തെ കണക്കാക്കിയിരുന്നത്‌. ഇന്ന്‌ ഒരു സ്വതന്ത്ര ഫൈലത്തിന്റെ പദവിലഭിച്ചിട്ടുണ്ട്‌. ഓര്‍ഡോവിഷന്‍ ഘട്ടത്തിന്റെ ആദ്യദശയിലാണ്‌ ഇവ പ്രത്യക്ഷപ്പെട്ടത്‌. ഈ ഫൈലത്തിലെ മിക്ക ജീവികളും സമുദ്രജലത്തിലാണ്‌ കാണപ്പെടുന്നത്‌; വളരെ അപൂര്‍വമായി ചില ശുദ്ധജല സ്‌പീഷീസുകളുമുണ്ട്‌.

കോളനികളായി ജീവിതം നയിക്കുന്ന ജീവികളാണ്‌ ഇവ. തികച്ചും അതിസൂക്ഷ്‌മ കോളനികള്‍ മുതല്‍ നിരവധി സെന്റിമീറ്റര്‍ വ്യാസംവരുന്ന കോളനികള്‍ വരെ കാണപ്പെടുന്നുണ്ട്‌. കോളനിയിലെ ഓരോ പ്രത്യേക ജീവിയും "സുവോയ്‌ഡ്‌' എന്നറിയപ്പെടുന്നു. എക്‌റ്റോപ്രാക്‌റ്റ്‌സുവോയ്‌ഡിന്‌ സൂയീഷ്യം (zooecium) എന്ന പേരിലറിയപ്പെടുന്ന ഒരു നിര്‍ജീവ ബാഹ്യാസ്ഥികൂടമുണ്ട്‌. ഇതിനുള്ളിലാണ്‌ ശരീരത്തിന്റെ മൃദുഭാഗങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. ബാഹ്യാവരണത്തിനുള്ളിലായി അതോടുചേര്‍ന്ന ഒരു ബാഹ്യചര്‍മവും അതിനും ഉള്ളിലായി ഒരു പേശീസ്‌തരവും അതിനടിയില്‍ ഒരു പെരിറ്റോണിയവും കാണപ്പെടുന്നു. ശരീരത്തിനുള്ളിലെ ദേഹഗുഹയില്‍ നിറമില്ലാത്ത ഒരു ദ്രവം നിറഞ്ഞിരിക്കുന്നു. ഈ ദ്രവത്തില്‍ അലഞ്ഞുതിരിയുന്ന ഏതാനും കോശങ്ങളും കാണാറുണ്ട്‌. പചനവ്യൂഹത്തിന്റെ ഉള്ളറയെ പൊതിഞ്ഞ്‌ ഒരു ഉപകലയും ഭിത്തിയില്‍ പേശീതന്തുക്കളും ഉണ്ട്‌. എക്‌റ്റോപ്രാക്‌റ്റുകള്‍ക്കൊന്നിനുംതന്നെ മലാശയം (rectum) കാണാറില്ല. ശരീരത്തിന്റെ മുകളറ്റത്തായി കാണുന്ന ലോഫോഫോര്‍ എന്ന ഭാഗത്ത്‌ ഗ്രാഹികളുടെ ഒരു നിര ഉണ്ട്‌. ഇവ 8 മുതല്‍ 106 വരെ വിവിധയിനങ്ങളില്‍ കാണാറുണ്ട്‌. പേശീസങ്കോചം മൂലം ഗ്രാഹികളും ലോഫോഫോറും ചുരുങ്ങി സൂയീഷ്യത്തിനകത്തേക്ക്‌ പിന്‍വലിക്കപ്പെടാറുണ്ട്‌. ഇതോടൊപ്പം സ്വതന്ത്രാഗ്രത്തോടടുത്തുള്ള ശരീരഭിത്തി ഗ്രാഹികളെ പൊതിഞ്ഞ്‌ ഒരു ഉറപോലെ വര്‍ത്തിക്കുകയും ചെയ്യും.

എക്‌റ്റോപ്രാക്‌റ്റകളില്‍ പ്രത്യേക വിസര്‍ജനേന്ദ്രിയങ്ങളില്ല. അതുപോലെതന്നെ ജനനാംഗങ്ങള്‍ക്ക്‌ നാളികളും കാണപ്പെടാറില്ല. ഭൂരിഭാഗം സുവോയ്‌ഡുകളും ഉഭയലിംഗികളാണ്‌. ഏകലിംഗികളും വിരളമായിട്ടുണ്ട്‌. മുകുളനംവഴി പുതിയ സുവോയ്‌ഡുകള്‍ ഉടലെടുക്കാറുണ്ട്‌. ലൈംഗിക പ്രത്യുത്‌പാദനത്തില്‍ ഒരു ലാര്‍വാഘട്ടം കാണപ്പെടുന്നു.

ഫൈലം എക്‌റ്റോപ്രാക്‌റ്റയെ സ്റ്റീനോലെയ്‌മേറ്റ, ജിംമ്‌നോലെയ്‌മേറ്റ, ഫൈലാക്‌റ്റോലെയ്‌മേറ്റ എന്നീ മൂന്നു വര്‍ഗങ്ങളായി തിരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍