This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എസ്റ്റിമേറ്റിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എസ്റ്റിമേറ്റിങ്‌

x== Estimating ==

കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനുവേണ്ടിവരുന്ന സാമഗ്രികളുടെ(materials) ഇനം തിരിച്ചുള്ള പരിമാണങ്ങളും വിലയും വിവിധ ജോലികള്‍ക്കുള്ള പണിക്കൂലിയും കണക്കാക്കി മുഴുവന്‍ പണിയും നിര്‍വഹിക്കുന്നതിന്‌ ചെലവിടേണ്ട ആകെത്തുക തിട്ടപ്പെടുത്തുന്ന എന്‍ജിനീയറിങ്‌ പ്രവര്‍ത്തനം. എസ്റ്റിമേറ്റ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ അടങ്കൽ തയ്യാറാക്കൽ എന്ന ഭാഷാസംജ്ഞയും പ്രചാരത്തിലുണ്ട്‌. ഒരു നിര്‍മാണപ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പ്‌ അതിന്റെ മതിപ്പുചെലവ്‌ മുന്‍കൂട്ടി മനസ്സിലാക്കുകയാണ്‌ എസ്റ്റിമേറ്റിങ്ങിന്റെ ലക്ഷ്യം. ഉദാഹരണത്തിന്‌, ഒരാള്‍ ഒരു വീടുണ്ടാക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയാൽ, അതിന്റെ പ്ലാനുണ്ടാക്കിച്ച്‌ എസ്റ്റിമേറ്റ്‌ തയ്യാറാക്കുന്നു. യഥാര്‍ഥത്തിലുള്ള ചെലവ്‌ വീടു പണിപൂര്‍ത്തിയായാലേ അറിയാന്‍ കഴിയൂ. എങ്കിലും സാധാരണഗതിയിൽ യഥാര്‍ഥചെലവും എസ്റ്റിമേറ്റ്‌ തുകയും തമ്മിൽ ഗണ്യമായ വ്യത്യാസം വരാറില്ല. പണി തുടങ്ങുന്നതിനുമുമ്പ്‌, എസ്റ്റിമേറ്റ്‌ തുക അറിഞ്ഞാൽ ഉടമസ്ഥന്‌ തന്റെ സാമ്പത്തികസ്ഥിതി അതിന്‌ പര്യാപ്‌തമാണോ എന്ന്‌ ചിന്തിക്കുവാനും അല്ലെങ്കിൽ വീടിന്റെ പ്ലാനിലോ വിനിര്‍ദേശങ്ങളിലോ (specifications)വേണ്ട ഭേദഗതികള്‍ മുന്‍കൂട്ടി സംഭരിക്കുന്നതിനും എസ്റ്റിമേറ്റ്‌ സഹായിക്കും.

എസ്റ്റിമേറ്റുണ്ടാക്കുന്നതിന്‌ വരപ്പുകള്‍ (drawings), നിര്‍ദേശങ്ങള്‍, നിരക്കുകള്‍ എന്നിവ കൂടിയേ കഴിയൂ. പ്ലാന്‍, എലിവേഷന്‍, ഛേദങ്ങള്‍, വിശദാംശങ്ങള്‍ എന്നിവ അടങ്ങിയതും എല്ലാ അളവുകളും അടയാളപ്പെടുത്തിയതും പൂര്‍ണവും ആയ വരപ്പുകള്‍ ഉണ്ടായിരിക്കണം. വിനിര്‍ദേശങ്ങള്‍ രണ്ടുതരമുണ്ട്‌. ചുരുക്കത്തിലുള്ളതും വിസ്‌തരിച്ചുള്ളതും, നിര്‍മാണ പ്രവര്‍ത്തനത്തിന്റെ വിവിധഘട്ടങ്ങളിലെ ജോലികളുടെ ഗുണനിലവാരവും (quality) തരവും (class) സാമഗ്രികളും എന്തൊക്കെയായിരിക്കണമെന്ന്‌ ചുരുക്കത്തിലുള്ള വിനിര്‍ദേശങ്ങളിൽ പ്രതിപാദിക്കും. ഇത്‌ സവിസ്‌തര എസ്റ്റിമേറ്റുണ്ടാക്കുവാന്‍ ആവശ്യമാണ്‌. ഇത്തരം വിനിര്‍ദേശങ്ങളിൽ നിന്ന്‌ പ്രവൃത്തിയെപ്പറ്റി സാമാന്യവിവരം ലഭിക്കും. വിസ്‌തരിച്ചുള്ള വിനിര്‍ദേശങ്ങളിൽ, ഓരോ ഇനം ജോലിക്കും ഉപയോഗിക്കേണ്ട സാമഗ്രികളുടെ പരിമാണങ്ങളും ഗുണനിലവാരങ്ങളും അവ ഒരുക്കുന്ന രീതികളും ശില്‌പശൈലിയും(workmanship) നിര്‍വഹണരീതിയും വിശദമായി വിവരിക്കുന്നു. ഇത്‌ പ്രവൃത്തിയുടെ നിര്‍വഹണത്തിൽ പ്രയോജനപ്പെടുന്നു.

ഓരോ ഇനം ജോലിയുടെയും പ്രതി ഏകക നിരക്ക്‌ കണക്കാക്കേണ്ടതുണ്ട്‌. ഇതിലേക്കായി നിര്‍മാണത്തിന്‌ വേണ്ട പലതരം സാമഗ്രികളുടെ വിലകളും മരപ്പണിക്കാര്‍, കൽപ്പണിക്കാര്‍, കൂലിവേലക്കാര്‍ മുതലായ വിവിധതരം തൊഴിലാളികളുടെ കൂലിനിരക്കുകളും അറിഞ്ഞിരിക്കണം. പ്രവൃത്തി സ്ഥലത്തിന്റെ സ്ഥാനവും സാമഗ്രികള്‍ ലഭിക്കുന്ന സ്ഥലങ്ങളും അവിടെനിന്ന്‌ പ്രവൃത്തിസ്ഥലത്തേക്കുള്ള ദൂരവും കയറ്റിറക്കു ചെലവും അറിയേണ്ടതാവാശ്യമാണ്‌.

എസ്റ്റിമേറ്റുണ്ടാക്കുവാന്‍ നിര്‍മാണ പ്രവൃത്തിയെ വിവിധ ഇനങ്ങളായി തിരിച്ച്‌ ഓരോയിനം ജോലിയുടെയും പരിണാമം കണക്കാക്കുന്നു. ഈ പരിണാമങ്ങള്‍ക്ക്‌, അതാത്‌ ഇനത്തിന്റെ പ്രതി ഏകക നിരക്കനുസരിച്ച്‌ വിലയിട്ടുകൂട്ടി ആകെത്തുക നിര്‍ണയിക്കുന്നു. ഒരു പദ്ധതിയുടെ പൂര്‍ണമായ എസ്റ്റിമേറ്റുണ്ടാക്കുന്നതിന്‌ മേല്‌പറഞ്ഞ തുകയോടുകൂടി പ്രാരംഭ ജോലികള്‍ക്കും സര്‍വേക്കുമുള്ള ചെലവും ഭൂമി വാങ്ങാനും അതു കൈവശപ്പെടുത്തുന്നതിനുമുള്ള ചെലവും പദ്ധതിയുടെ ആസൂത്രണം, ഡിസൈന്‍, നിര്‍വഹണത്തിലെ മേൽനോട്ടം എന്നിവയ്‌ക്കുള്ള ചെലവും കൂടി ചേര്‍ക്കണം. എസ്റ്റിമേറ്റുകളെ രണ്ടായി വിഭജിക്കാം: ഏകദേശ-എസ്റ്റിമേറ്റ്‌ (approximate estimate) എന്നും സവിസ്‌തര എസ്റ്റിമേറ്റ്‌ (detailed estimate)എന്നും. ആദ്യത്തേതിൽ നിര്‍മാണപ്രവൃത്തിയുടെ ആകെ ച്ചെലവ്‌ എളുപ്പവഴിയിൽ കണക്കാക്കുന്നു. ഒരു സവിസ്‌തര എസ്റ്റിമേറ്റ്‌ അത്യാവശ്യമല്ലെങ്കിൽ ഇത്തരം എസ്റ്റിമേറ്റ്‌ മതിയാകും. ഏകദേശ എസ്റ്റിമേറ്റുണ്ടാക്കാന്‍ ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു.

1. ഏകകങ്ങളായി തിരിച്ചുള്ള രീതി (Service Unit Method).നിര്‍മാണപ്രവൃത്തിയിൽ എത്ര ഏകകങ്ങളുണ്ടെന്ന്‌ കണക്കാക്കി, അതിനെ ഒരു യൂണിറ്റിന്‌ വേണ്ട ചെലവുകൊണ്ട്‌ ഗുണിച്ച്‌ ആകെത്തുക കാണാം. യൂണിറ്റുകള്‍ക്ക്‌ ഉദാ. സ്‌കൂള്‍ കെട്ടിടത്തിൽ ക്ലാസ്സുമുറികള്‍, ആശുപത്രിയിൽ കിടക്ക, ആഡിറ്റോറിയത്തിൽ സീറ്റ്‌, റോഡിന്‌ ഒരു കിലോമീറ്റര്‍.

2. അടിത്തറ വിസ്‌തീര്‍ണം(Plinth Area) ഇത്‌ കെട്ടിടങ്ങള്‍ക്കു മാത്രമുള്ളതാണ്‌. കെട്ടിടത്തിന്റെ അടിത്തറ വിസ്‌തീര്‍ണം കണക്കാക്കി, അതിനെ ഒരു ച. മീ. അടിത്തറ വിസ്‌തീര്‍ണത്തിന്റെ നിരക്കുകൊണ്ട്‌ ഗുണിച്ച്‌ ആകെച്ചെലവ്‌ നിര്‍ണയിക്കാം. ഒരു ചതുരശ്ര മീറ്ററിന്റെ നിരക്ക്‌, പണിതീര്‍ന്ന ഇത്തരം കെട്ടിടങ്ങളുടെ ചെലവിൽ നിന്നും മനസ്സിലാക്കാം. അടിത്തറയുടെ പുറമെയുള്ള അളവുകളിൽനിന്നാണ്‌ വിസ്‌തീര്‍ണം കണക്കാക്കേണ്ടത്‌.

3. ഘനമാന എസ്റ്റിമേറ്റ്‌. ഇതും കെട്ടിടങ്ങള്‍ക്കുള്ളതാണ്‌. നീളം, വീതി, ഉയരം എന്നിവ തമ്മിൽ ഗുണിച്ച്‌ കെട്ടിടത്തിന്റെ വ്യാപ്‌തം കണക്കാക്കാം. വ്യാപ്‌തത്തെ ഒരു ഘനമീറ്ററിന്റെ നിരക്കുകൊണ്ട്‌ ഗുണിച്ച്‌ ആകെത്തുക നിര്‍ണയിക്കാം. മുമ്പ്‌ പണിതീര്‍ന്നിട്ടുള്ള സമാനമായ കെട്ടിടങ്ങളുടെ കണക്കുകളിൽനിന്നാണ്‌ ഒരു ഘനമീറ്ററിന്റെ നിരക്ക്‌ കണക്കാക്കുന്നത്‌.

"എസ്റ്റിമേറ്റ്‌' എന്ന്‌ സാധാരണ പറയുന്നത്‌ സവിസ്‌തര എസ്റ്റിമേറ്റിനെയാണ്‌; ഇതാണ്‌ താരതമ്യേന കൃത്യത കൂടുതലുള്ളതും. ഇതിൽ നിര്‍മാണപ്രവൃത്തിയെ പലയിനം ജോലികളായി തിരിച്ച്‌ ഓരോ ഇനത്തിന്റെയും പരിമാണം നിര്‍ണയിച്ച്‌ ആകെച്ചെലവ്‌ കണക്കാക്കുന്നു. ഇത്‌ രണ്ടു ഘട്ടങ്ങളിലാണ്‌ നിര്‍വഹിക്കുന്നത്‌.

1. അളവുകളും മൊത്തം പരിമാണങ്ങളും. നിര്‍മാണപ്രവൃത്തിയെ മണ്‍വേല, ഇഷ്‌ടികപ്പണി, മരപ്പണി മുതലായി പല ഇനം ജോലികളായി തിരിക്കും. ഓരോയിനം ജോലികളുടെയും അളവുവിവരങ്ങള്‍ (എണ്ണം, നീളം, വീതി, ഉയരം ഇവ) വരപ്പുകളിൽനിന്നും കണ്ടുപിടിച്ച്‌ അളവു വിവരപ്പട്ടികഫാറത്തിൽ എഴുതി മൊത്തം പരിമാണങ്ങള്‍ കണക്കാക്കുന്നു.

2. എസ്റ്റിമേറ്റ്‌-സാരാംശം (Abstract of Estimate). ഓരോ ഇനത്തിന്റെയും പരിമാണത്തിൽ നിന്ന്‌, അതാതിന്റെ പ്രതി ഏകക നിരക്കുപയോഗിച്ച്‌, വിലകള്‍ കണക്കാക്കി ഇവയെല്ലാം കൂട്ടിയാൽ ആകെ തുക ലഭിക്കും. ഇതിന്‌ സാരാംശഎസ്റ്റിമേറ്റ്‌ പട്ടിക ഫാറം (Abstract of estimate form) ഉപയോഗിക്കുന്നു. മേല്‌പറഞ്ഞ തുകയോട്‌, അവിചാരിതച്ചെലവുകള്‍ക്കായി ഏകദേശം മൂന്ന്‌ ശതമാനവും നിര്‍വഹണത്തിലെ മേൽനോട്ടച്ചെലവിലേക്ക്‌, രണ്ടു ശതമാനവും കൂട്ടിയാൽ എസ്റ്റിമേറ്റ്‌ തുകകിട്ടും. സാരാംശ എസ്റ്റിമേറ്റ്‌ പട്ടികയിൽ ഓരോ ഇനം ജോലിയുടെയും ചുരുക്കത്തിലുള്ള വിനിര്‍ദേശങ്ങള്‍ ചേര്‍ത്തിരിക്കണം. പ്രതിഏകകനിരക്കുകള്‍, നിരക്കു വിവരപ്പട്ടികയിൽ നിന്നെടുക്കുകയോ പ്രത്യേകമായി ഓരോ ഇനത്തിന്റെയും നിരക്ക്‌ അപഗ്രഥനം നടത്തി കണ്ടുപിടിക്കുകയോ ആകാം. നിര്‍മാണപ്രവൃത്തിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട്‌, വിസ്‌തരിച്ചുള്ള വിനിര്‍ദേശങ്ങള്‍, നിരക്ക്‌ അപഗ്രഥനം, ഡിസൈന്‍ എന്നിവ എസ്റ്റിമേറ്റിനോടൊപ്പമുണ്ടായിരിക്കണം. സവിസ്‌തര എസ്റ്റിമേറ്റിനെ ആധാരമാക്കിയാണ്‌ ടെന്‍ഡറുകള്‍ വിളിച്ച്‌ കരാര്‍ ഉണ്ടാക്കുന്നത്‌. യഥാര്‍ഥചെലവുമായി എസ്റ്റിമേറ്റുതുകയ്‌ക്ക്‌ വലിയ അന്തരം വരാതിരിക്കണമെങ്കിൽ എസ്റ്റിമേറ്റിങ്‌ കൃത്യമായിരിക്കുവാന്‍ ശ്രദ്ധിച്ചേ തീരൂ.

(കെ. ചന്ദ്രശേഖരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍