This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽബരാദി, മുഹമ്മദ്‌ (1942 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എല്‍ബരാദി, മുഹമ്മദ്‌ (1942 - )

ElBaradei, Mohamed

മുഹമ്മദ്‌ എല്‍ബരാദി

സമാധാനത്തിനുള്ള നോബല്‍സമ്മാനാര്‍ഹന്‍. ഈജിപ്‌തില്‍ 1942 ജൂണ്‍ 17-ന്‌ ജനിച്ചു. കെയ്‌റോ സര്‍വകലാശാലയില്‍നിന്ന്‌ നിയമത്തില്‍ ബിരുദം നേടി. ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍നിന്ന്‌ ഡോക്‌ടറേറ്റും. ഐക്യരാഷ്‌ട്രസഭയിലേക്കുള്ള ഈജിപ്‌തിന്റെ ദൗത്യസംഘത്തിലാണ്‌ അദ്ദേഹം ആദ്യം പ്രവര്‍ത്തിച്ചത്‌. ഐക്യരാഷ്‌ട്രസഭയുടെ പരിശീലന ഗവേഷണകേന്ദ്രത്തില്‍ കുറച്ചുകാലം സേവനമനുഷ്‌ഠിച്ചശേഷം 1981 മുതല്‍ 1987 വരെ ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ അന്താരാഷ്‌ട്ര നിയമം പഠിപ്പിച്ചു. പിന്നീട്‌ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ സെക്രട്ടേറിയറ്റില്‍ അംഗമായി.

2002-ല്‍ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്‌ടര്‍ ജനറല്‍ ഹാന്‍സ്‌ബ്‌ളിക്‌സിനോടൊപ്പം ഇറാഖിലെ "സര്‍വനാശകായുധങ്ങള്‍' (Weapons of Mass Distribution-WMD)കണ്ടെത്താന്‍ എല്‍ബരാദിയും നിയുക്തനായിരുന്നു. അമേരിക്കയും മറ്റും ആരോപിച്ചതുപോലെ ഇറാഖ്‌ സര്‍വനാശകായുധങ്ങള്‍ ഉണ്ടാക്കുന്നതായി ഒരു തെളിവുമില്ല എന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട്‌ അവഗണിക്കപ്പെടുകയും ഇറാഖ്‌ ആക്രമിക്കപ്പെടുകയും ചെയ്‌തു. എന്നാല്‍ ആണവോര്‍ജ ഏജന്‍സി ശരിയായ നിരീക്ഷണമാണ്‌ അന്നു നടത്തിയതെന്ന്‌ പില്‌ക്കാലത്ത്‌ അംഗീകരിക്കപ്പെട്ടു.

1997-ലും 2001-ലും എല്‍ബരാദി അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഡയറക്‌ടര്‍ ജനറലായി. 2005-ല്‍ ഡയറക്‌ടര്‍ ജനറലാകുന്നതിന്‌ അമേരിക്കയുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജൂണ്‍ 13-ന്‌ അദ്ദേഹം ഐകകണ്‌ഠ്യേന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷംതന്നെ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിക്കും എല്‍ബരാദിക്കും സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചു. നോബല്‍സമ്മാനം സ്വീകരിച്ചുകൊണ്ട്‌ എല്‍ബരാദി ചെയ്‌ത പ്രസംഗത്തില്‍ ആയുധങ്ങള്‍ക്കുവേണ്ടി ഇവിടെ ചെലവഴിക്കപ്പെടുന്ന വന്‍തുകയുടെ പത്തുശതമാനമേ പട്ടിണിയും കൊടുംദുരിതവും നേരിടുന്ന രാജ്യങ്ങളുടെ വികസനത്തിനു ചെലവാക്കപ്പെടുന്നുള്ളൂ എന്ന്‌ ചൂണ്ടിക്കാട്ടി. ചില രാജ്യങ്ങള്‍ സര്‍വനാശകായുധങ്ങള്‍ ഉണ്ടാക്കുന്നത്‌ ധാര്‍മികമായി അസ്വീകാര്യമായിരിക്കുകയും മറ്റുചില രാജ്യങ്ങള്‍ സ്വന്തം സുരക്ഷയ്‌ക്കുവേണ്ടി അവയുണ്ടാക്കുന്നത്‌ ധാര്‍മികമായി സ്വീകാര്യമായിരിക്കുകയും ചെയ്യുക എന്ന അപ്രായോഗിക നിലപാട്‌ ഉപേക്ഷിക്കണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു.

നോബല്‍സമ്മാനത്തുക എല്‍ബരാദി ചെലവഴിച്ചത്‌ കെയ്‌റോയിലെ ഒരു അനാഥാലയത്തിനുവേണ്ടിയാണ്‌. വിയന്നയില്‍ അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ആസ്ഥാനത്ത്‌ താമസിക്കുന്ന ഈ ഈജിപ്‌തുകാരന്‍ വംശങ്ങള്‍ക്കും രാജ്യാതിര്‍ത്തികള്‍ക്കും വര്‍ണങ്ങള്‍ക്കും അതീതമായി മനുഷ്യരാശിയെ കാണുന്ന, അത്തരമൊരു വീക്ഷണമുള്ള ലോകത്തിന്റെ സൃഷ്‌ടി സ്വപ്‌നം കാണുന്ന ആദര്‍ശവാദിയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍