This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ സ്‌കേറ്റിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐസ്‌ സ്‌കേറ്റിങ്‌

Ice Skating

ഉറഞ്ഞുകൂടിക്കിടക്കുന്ന മഞ്ഞിന്റെ മുകളില്‍ക്കൂടി തെന്നിത്തെന്നി സഞ്ചരിക്കുന്ന ഒരു കായികവിനോദം. നീണ്ട ഉരുക്കുപാളികള്‍ (blades) ഘടിപ്പിച്ച്‌ തോണിയുടെ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ഷൂസുകള്‍ (സ്‌കേറ്ററുകള്‍) ധരിച്ചുകൊണ്ടാണ്‌ മഞ്ഞുകട്ടിയുടെ മുകളില്‍ക്കൂടി തെന്നിത്തെറിച്ചു സഞ്ചരിക്കാറുള്ളത്‌. മഞ്ഞുകട്ടികള്‍ ധാരാളമുണ്ടാകുന്ന ശൈത്യമേഖലകളിലാണ്‌ ഈ വിനോദത്തിന്‌ സാധ്യതയുള്ളത്‌.

സ്‌കേറ്റിങ്‌

പുരാതനകാലങ്ങളില്‍ നിലവിലിരുന്ന "നോഴ്‌സ്‌ ഐസ്‌ ഷൂ' എന്ന വിനോദത്തില്‍ നിന്നുമായിരിക്കണം ഇന്നത്തെ ഐസ്‌ സ്‌കേറ്റിങ്ങിന്റെ ഉദ്‌ഭവം എന്നുകരുതേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന "സ്‌കേറ്റുകള്‍' എല്ലുകൊണ്ടുണ്ടാക്കപ്പെട്ടതായിരുന്നു. എട്ടും പത്തും ശതകത്തിനിടയ്‌ക്ക്‌ "ജോര്‍കോസ്‌പെഡ്‌' നഗരത്തിലാണ്‌ ആദ്യത്തെ സ്‌കേറ്റ്‌ നിലവില്‍വന്നത്‌,ഇംഗ്ലീഷ്‌ പദമായ സ്‌കേറ്റ്‌, ഷാറ്റ്‌സ്‌ എന്ന ഡച്ച്‌ പദത്തില്‍നിന്നാണ്‌ നിഷ്‌പന്നമായിട്ടുള്ളത്‌. ആദ്യമായി 1573-ല്‍ ഹെന്‍റി ഹെക്‌സ്‌ഹാം അദ്ദേഹത്തിന്റെ എകോപിയസ്‌ ഇംഗ്ലീഷ്‌ ആന്‍ഡ്‌ നെതര്‍ഡച്ച്‌ ഡിക്ഷണറിയില്‍ സ്‌കേറ്റ്‌സിനെപ്പറ്റി പ്രതിപാദിച്ചുകാണുന്നു. ജോഹന്‍ കൊമേനിയസ്‌ (1562-1670) രചിച്ച ശബ്‌ദകോശത്തില്‍ ഇരുമ്പുകഷണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതും തടികൊണ്ടുണ്ടാക്കിയിട്ടുള്ളതുമായ സ്‌ക്രീക്ക്‌ ഷൂസ്‌ എന്ന പേരോടുകൂടിയ സ്‌കേറ്റുകളെ പരാമര്‍ശിച്ചിട്ടുണ്ട്‌.

ഫിഗര്‍ സ്‌കേറ്റിങ്‌

സ്‌കേറ്റിങ്ങില്‍ സാധാരണയായി വെള്ളനിറത്തിലുള്ള ഇറുകിക്കിടക്കുന്ന ഷര്‍ട്ടും ട്രൗസറുമാണ്‌ ധരിക്കാറുള്ളത്‌. കളിസമയത്ത്‌ തലയില്‍ തൊപ്പിയും കൈകളില്‍ ഉറയും ധരിക്കാറുണ്ട്‌. മഞ്ഞ്‌ ദേഹത്തും മുഖത്തും മറ്റും പറ്റിപ്പിടിക്കാതിരിക്കുന്നതിനുവേണ്ടിയാണ്‌ ഇപ്രകാരത്തിലുള്ള വേഷവിധാനം നിര്‍ദേശിച്ചിരിക്കുന്നത്‌. ഈ വേഷത്തിനു പുറമേ പല തരത്തിലുള്ള സ്‌കേറ്റുകളും ഉപയോഗിച്ചുവരുന്നു. സ്‌പീഡ്‌ സ്‌കേറ്റ്‌സ്‌, ഹോക്കി സ്‌കേറ്റ്‌സ്‌, ഫിഗര്‍ സ്‌കേറ്റ്‌സ്‌, റോളര്‍ സ്‌കേറ്റ്‌സ്‌ എന്നിവ അവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ഐസ്‌ സ്‌കേറ്റിങ്‌ നടത്തേണ്ടവിധം. സ്‌കേറ്റിങ്‌ പലതരമുണ്ട്‌; ഏറ്റവും ശാസ്‌ത്രീയവും കലാപരവുമായ ഇനം ഫിഗര്‍ സ്‌കേറ്റിങ്‌ ആണ്‌. വക്രരേഖകള്‍കൊണ്ട്‌ രൂപരേഖകള്‍ നിലത്ത്‌ മഞ്ഞില്‍ രചിക്കുന്ന ഈ സമ്പ്രദായം ഏറ്റവും കൂടുതല്‍ വൈഷമ്യമുള്ളതും അഭ്യാസബലം ആവശ്യമുള്ളതുമായ ഒരു കായികവിനോദമാണ്‌. സ്‌കേറ്റില്‍ കാലുറപ്പിച്ച്‌ മുന്നോട്ടും പിന്നോട്ടും തെന്നിനീങ്ങുക എന്ന ആയാസകരമായ ഒരു അഭ്യാസമാണിത്‌. ഇതേക്കുറിച്ച്‌ വളരെ വിശദമായി ക്യാപ്‌റ്റന്‍ റോബര്‍ട്ട്‌ ജോനസ്‌ ഒരു പ്രബന്ധം തന്നെ 1772-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആധുനിക ഫിഗര്‍സ്‌കേറ്റിങ്ങിന്റെ പിതാവായി അറിയപ്പെടുന്ന ജാക്‌സണ്‍ ഹെയ്‌ന്‍സ്‌ (1840-76) എന്ന അമേരിക്കന്‍ സ്‌കേറ്റിങ്‌ വിദഗ്‌ധന്‍ ബാലെ നൃത്തത്തിലെ താളനിബദ്ധമായ ചലനങ്ങളുമായി പൊരുത്തപ്പെടുത്തി സ്‌കേറ്റിങ്ങിലെ നീക്കങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഫലമായി മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ചലനസ്വാതന്ത്യ്രം ഇപ്പോഴത്തെ ഫിഗര്‍സ്‌കേറ്റിങ്ങില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഫിഗര്‍സ്‌കേറ്റിങ്ങില്‍ത്തന്നെ പല ശൈലീഭേദങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്‌. ഒന്നിലധികം പേര്‍ രണ്ടുവരിയായിനിന്ന്‌ കൈകോര്‍ത്തു പിടിച്ച്‌ നടത്തുന്നതും എട്ടുപേരില്‍ക്കൂടാത്ത ഒരു ടീം പങ്കെടുക്കുന്നതുമായ ഒരിനം ഇംഗ്ലീഷ്‌ ശൈലിയിലുള്ള സ്‌കേറ്റിങ്‌, ഗ്രറ്റ്‌ബ്രിട്ടനിലും കാനഡയിലും പ്രചാരത്തിലുണ്ട്‌.

വിവിധയിനം സ്‌കേറ്ററുകള്‍

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ വിഭിന്ന ശൈലികളുടെ സവിശേഷതകളില്‍ നിന്ന്‌ സ്വീകാര്യമായ പ്രത്യേകതകള്‍ സമന്വയിപ്പിച്ച്‌ ഒരു അന്തര്‍ദേശീയ ശൈലി രൂപപ്പെടുത്തപ്പെട്ടു. എര്‍വിന്‍ ബ്രാക്കോ എന്ന അമേരിക്കന്‍ ചാമ്പ്യനാണ്‌ ഈ സമ്പ്രദായം അമേരിക്കയില്‍ നടപ്പിലാക്കിയത്‌. ഇന്ന്‌ ഒരു പ്രധാന കായികവിനോദമായിത്തീര്‍ന്നിട്ടുള്ള സ്‌കേറ്റിങ്ങിന്റെ നിലവാരം നിലനിര്‍ത്തുന്നതിനും നിയമാനുസൃതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തുന്നതിനുമായി അന്താരാഷ്‌ട്ര സ്‌കേറ്റിങ്‌ യൂണിയന്‍ (I.E.V.-International Eislauf Vereingung) 1892-ല്‍ നിലവില്‍വന്നു. സ്‌കേറ്റിങ്‌ വികസിപ്പിക്കുന്നതിനും മത്സരങ്ങള്‍ ഭദ്രമായി നടത്തുന്നതിനും ആവശ്യമായ നിയമാവലികള്‍ ഉണ്ടാക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ഈ സ്ഥാപനത്തിനുണ്ട്‌. ഫിഗര്‍സ്‌കേറ്റിങ്‌ പ്രധാനമായി സ്‌കൂള്‍ ഫിഗേഴ്‌സ്‌ (School figures), ഫ്രീ സ്‌കേറ്റിങ്‌ (Free skating) ഡാന്‍സിങ്‌ (Dancing), പെയേഴ്‌സ്‌ ആന്‍ഡ്‌ ഫോര്‍സ്‌ (Pairs and fours)എന്നിവയാണ്‌.

വക്രരേഖകള്‍കൊണ്ട്‌ വൃത്താകൃതിയിലിലുള്ള രൂപങ്ങള്‍ മഞ്ഞുമൂടിയ പ്രതലങ്ങളില്‍ സ്‌കേറ്റുകള്‍ ഉപയോഗിച്ച്‌ രചിക്കുക എന്നതാണ്‌ ഐസ്‌ സ്‌കേറ്റിങ്‌ മത്സരത്തിന്റെ മൗലികസ്വഭാവം. സ്‌കേറ്റിന്റെ ചലനഗതിക്കനുരോധമായി വക്രാകൃതിയില്‍ മുന്നോട്ടു നീങ്ങിയും തിരിഞ്ഞ്‌ പ്രതിരോധമായി വക്രാകൃതിയില്‍ പിന്നാക്കം ചരിച്ചും സ്‌കേറ്റുകളെ നിയന്ത്രിച്ചാണ്‌ വൃത്താകൃതിയിലുള്ള രൂപരേഖകള്‍ മഞ്ഞില്‍ രചിക്കുന്നത്‌. (ചിത്രം) ഇങ്ങനെ രചിക്കപ്പെടുന്ന വൃത്തങ്ങളുടെ പൂര്‍ണത, ആകൃതി, മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങള്‍ അവയുടെ ആവര്‍ത്തനങ്ങള്‍, അതിനെടുക്കുന്ന സമയം, 8-ന്റെ ആകൃതിയിലുള്ള ഇരട്ടവൃത്തങ്ങളും അവയുടെ യുഗ്മകങ്ങളും വൃത്തത്രയങ്ങളും ഇവയുടെ സങ്കരങ്ങളും മറ്റും രചിക്കുന്നതിനുള്ള കഴിവ്‌ എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ മത്സരത്തില്‍ വിജയം നിശ്ചയിക്കുക. ഇതിനെല്ലാം നിര്‍ദിഷ്‌ടമായ നിയമാവലി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. സ്‌കേറ്റുചെയ്യുന്നയാളിന്റെ ശരീരവടിവ്‌ ആര്‍ജവമുള്ളതായിരിക്കണം. നടുവ്‌ വളയ്‌ക്കാന്‍ പാടില്ല, സ്‌കേറ്റില്‍ ഉറപ്പിച്ചിരിക്കുന്ന കാലിന്റെ മുട്ട്‌ ഒരു പരിധിക്കപ്പുറം വളച്ചുകൂടാ; ആ കാല്‌ സ്‌കേറ്റിങ്ങിന്റെ ചലനഗതിക്കനുസൃതമായും മറ്റേ കാല്‌ സ്‌കേറ്റു ചെയ്യുന്ന കാലിന്റെ പിന്നിലായും പിടിച്ചിരിക്കണം. സ്വതന്ത്രമായിട്ടുള്ള ഈ കാലിന്റെ മുട്ട്‌ മുന്നോട്ട്‌ അല്‌പം വളച്ച്‌ തള്ളവിരല്‍ പിന്നിലേക്കു നീട്ടി നിലത്തേക്കു ചൂണ്ടി പിടിച്ചിരിക്കണം. തല ഉയര്‍ത്തി നേരെ ശരീരത്തിനു ലംബമായി പിടിക്കണം. താഴെ ഐസ്‌ മൂടിയ പ്രതലത്തിലേക്കു നോക്കാന്‍ പാടില്ല, കൈകള്‍ സ്വതന്ത്രമായി വശങ്ങളില്‍ തൂങ്ങിക്കിടക്കുകയല്ലാതെ ശരീരത്തില്‍നിന്നും അകറ്റിപ്പിടിക്കരുത്‌ എന്നിങ്ങനെ സ്‌കേറ്റിങ്‌ നിയമാവലി അനുശാസിക്കുന്നു. കടുത്ത ശക്തിപ്രയോഗമോ സമ്മര്‍ദമോ കൂടാതെ സ്വതന്ത്രമായും അയത്‌നലാഘവത്തോടുകൂടിയും വേണം സ്‌കേറ്റ്‌ ചെയ്യാന്‍. മത്സരങ്ങളുടെ നടത്തിപ്പിനും വിധി കര്‍ത്താക്കളുടെ തിരഞ്ഞെടുപ്പിനും മാര്‍ക്കിടേണ്ട വിധത്തിനും എല്ലാംതന്നെ വ്യക്തമായ അനുശാസനങ്ങള്‍ ഈ നിയമാവലിയിലുണ്ട്‌.

ഇന്ന്‌ സ്‌കേറ്റിങ്‌ ലോകപ്രശസ്‌തി ആര്‍ജിച്ചിട്ടുള്ള ഒരു കായിക വിനോദമായിത്തീര്‍ന്നിട്ടുണ്ട്‌. വളരെയധികം രാജ്യങ്ങള്‍ സ്‌കേറ്റിങ്ങിനെക്കുറിച്ചുള്ള സ്റ്റാമ്പുകള്‍പോലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

യു.എസ്‌., ബ്രിട്ടന്‍, ഫിന്‍ലന്‍ഡ്‌, ഐസ്‌ലന്‍ഡ്‌ എന്നീ രാജ്യങ്ങളിലാണ്‌ സ്‌കേറ്റിങ്‌ കൂടുതല്‍ പ്രചരിച്ചിട്ടുള്ളത്‌. ഇന്ത്യയില്‍ കാശ്‌മീര്‍ താഴ്‌വരകളില്‍ സ്‌കേറ്റിങ്ങിനു വളരെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്‌.

അതുപോലെ "സ്‌കേറ്റിങ്‌ നൃത്തം' പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്നു വളരെയധികം പ്രിയപ്പെട്ട ഒരു വിനോദമായിത്തീര്‍ന്നിട്ടുണ്ട്‌. അന്താരാഷ്‌ട്രതലത്തില്‍ വിപുലമായ തോതില്‍ സ്‌കേറ്റിങ്‌ നൃത്തമത്സരങ്ങളും സംഘടിപ്പിച്ചുവരുന്നുണ്ട്‌. സ്‌കേറ്റു നൃത്തത്തില്‍ ചുവടുകള്‍ക്ക്‌ നിര്‍ദിഷ്‌ടമായ താളക്രമങ്ങളുണ്ട്‌. മറ്റു നൃത്തങ്ങളില്‍ ഉള്ളത്ര വൈവിധ്യം ഇതിനില്ല. 20-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ നടത്തപ്പെട്ട സ്‌കേറ്റിങ്‌ നൃത്തമത്സരത്തില്‍ ലോകചാമ്പ്യന്‍ പദവി കരസ്ഥമാക്കിയത്‌ ബ്രിട്ടീഷ്‌ ടീമായിരുന്നു. ലോറന്‍സ്‌ ഡെമ്മി, ജീന്‍ വെസ്റ്റ്‌ വുഡ്‌, പോള്‍ തോമസ്‌, പമെലാ റൈറ്റ്‌ എന്നിവരായിരുന്നു ഈ ടീമിലെ അംഗങ്ങള്‍. സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്‌കേറ്റിങ്‌ മത്സരങ്ങള്‍ നടത്താറുണ്ട്‌. ആദ്യത്തെ വനിതാ സ്‌കേറ്റിങ്‌ ചാമ്പ്യന്‍ ഇംഗ്ലണ്ടിലെ മാഡ്‌ജ്‌ സിയേഴ്‌സ്‌ ആണ്‌. ബര്‍ട്ട്‌ ഫച്ച്‌ പുരുഷന്മാര്‍ക്കുള്ള ആദ്യത്തെ ചാമ്പ്യന്‍ പദവി 1896-ല്‍ നേടി. പത്താമത്തെ വയസ്സില്‍ത്തന്നെ നാഷണല്‍ ചാമ്പ്യന്‍ പദവി കരസ്ഥമാക്കിയ സോജ്ഞഹെനി (നോര്‍വെ) നിരവധി ചലച്ചിത്രങ്ങളിലെ സ്‌കേറ്റിങ്‌ സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്‌.

1908 മുതല്‍ ഫിഗര്‍ സ്‌കേറ്റിങ്‌ സമ്മര്‍ ഒളിമ്പിക്‌സിലെ ഒരിനമാണ്‌. 1924-ല്‍ വിന്റര്‍ ഒളിമ്പിക്‌സിലും ഉള്‍പ്പെടുത്തി. 2010-ലെ വിന്റര്‍ ഒളിമ്പിക്‌സില്‍ ഐസ്‌ സ്‌കേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ (46) നേടിയത്‌ അമേരിക്കയാണ്‌. ഇന്ത്യയില്‍ ഐസ്‌ സ്‌കേറ്റിങ്ങിനെ പ്രാത്സാഹിപ്പിക്കുവാനായി 2002-ല്‍ ഐസ്‌ സ്‌കേറ്റിങ്‌ അസോസിയേഷന്‍ ഒഫ്‌ ഇന്ത്യ സ്ഥാപിതമായി. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഐസ്‌ സ്‌കേറ്റിങ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ നടന്നുവരുന്നു. സിംലയിലെയും ഹിമാചല്‍പ്രദേശിലെയും മറ്റും ഐസ്‌ സ്‌കേറ്റിങ്‌ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍