This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒഡെപെക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒഡെപെക്‌

Odepc

കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനം. "ഓവര്‍സീസ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌' എന്നാണ്‌ പൂര്‍ണരൂപം. തിരുവനന്തപുരമാണ്‌ ആസ്ഥാനം. വിദഗ്‌ധ തൊഴില്‍മേഖലയ്‌ക്കുവേണ്ടിവരുന്ന ജോലിക്കാര്‍, അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ടൈപ്പിസ്റ്റുകള്‍, ക്ലാര്‍ക്കുമാര്‍, മേസ്‌തിരിമാര്‍ തുടങ്ങിയവരുടെ ലഭ്യത കേരളത്തിനുള്ളില്‍ വേണ്ടുവോളമുണ്ട്‌. ഇക്കാരണത്താല്‍ത്തന്നെ, മനുഷ്യവിഭവശേഷി(manpower)യില്‍ മുന്‍പന്തിയിലുള്ള കേരളീയ ജനതയുടെ വിദേശ നിയമനക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഇടപെടേണ്ടതായിവന്നു. കര്‍മശേഷിയും വിശ്വാസ്യതയും നിയമനക്കാര്യങ്ങളില്‍ ഉറപ്പുവരുത്തേണ്ടിവരുന്നതിനാല്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക്‌ പ്രസക്തിയുമുണ്ടായി. ഈ സാഹചര്യത്തിലാണ്‌ കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒഡെപെക്‌ സ്ഥാപിച്ചത്‌. 1977-ല്‍ "ഒഡെപെക്‌' ഒരു കമ്പനിയായി സംേയാജിക്കപ്പെട്ടു. നിര്‍വചിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ക്കനുസൃതമായി, കമ്പനി ഇപ്പോള്‍ മനുഷ്യ കര്‍മശേഷി സൗകര്യപ്പെടുത്തുന്നതിലും വിമാനയാത്രയ്‌ക്കുള്ള ടിക്കറ്റ്‌ ഏര്‍പ്പാടാക്കുന്നതിലുമാണ്‌ ശ്രദ്ധവച്ചിട്ടുള്ളത്‌.

ഒരു പൊതുമേഖലാ സംരംഭമായതിനാല്‍ ഡയറക്‌ടര്‍ ബോര്‍ഡിന്റെ നിയമനാധികാരം സംസ്ഥാന ഗവണ്‍മെന്റില്‍ നിക്ഷിപ്‌തമാണ്‌. ഐ.എ.എസ്‌. തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ സര്‍ക്കാര്‍ ഓഫീസര്‍മാരാണ്‌ കമ്പനിയുടെ ബോര്‍ഡ്‌ അംഗങ്ങളായി പ്രവര്‍ത്തിച്ചുവരുന്നത്‌. സര്‍ക്കാര്‍നിയന്ത്രിത കമ്പനിയായ "ഒഡെപെക്‌' കേരള സര്‍ക്കാരിന്റെ തൊഴില്‍വകുപ്പു മന്ത്രാലയത്തിനു കീഴിലുള്ളതാണ്‌. ഇടപാടുകാരില്‍നിന്നും ഉദ്യോഗാര്‍ഥികളില്‍നിന്നുമൊക്കെ തികഞ്ഞ വിശ്വാസ്യത ഇതിനോടകം കമ്പനി നേടിക്കഴിഞ്ഞിട്ടുണ്ട്‌. സുരക്ഷിതത്വവും സുതാര്യതയും നിയമനക്കാര്യങ്ങളില്‍ ഉറപ്പു വരുത്തപ്പെടുന്നതിനാല്‍ "ഒഡെപെക്‌' നടപ്പിലാക്കുന്ന തൊഴില്‍പരമായ സേവനങ്ങള്‍ എല്ലായിടത്തും പ്രശംസാര്‍ഹമായി പരിഗണിക്കപ്പെടുന്നുണ്ട്‌. പരമാവധി സത്യസന്ധത ഉറപ്പുവരുത്തുന്നതോടൊപ്പം തൊഴില്‍ ദാതാവിന്റെ വിശ്വാസ്യതയും സ്ഥാപനത്തിന്റെ ഭദ്രതയും പരിശോധിച്ചു ബോധ്യപ്പെടുന്നു. വാഗ്‌ദാനം ചെയ്യപ്പെടുന്ന സേവന വേതനവ്യവസ്ഥകള്‍ പാലിക്കപ്പെടുമെങ്കില്‍ യഥാര്‍ഥ ജോലിക്ക്‌ അനുയോജ്യമായ വ്യക്തിയെത്തന്നെ ഏര്‍പ്പാടാക്കുകയെന്നതാണ്‌ ഒഡെപെകിന്റെ പ്രഖ്യാപിത ലക്ഷ്യം.

വിദേശത്തുതൊഴില്‍ ലഭിക്കണമെന്നുള്ളവര്‍ക്ക്‌ ശരിയായ മേഖല തെരഞ്ഞെടുക്കുന്നതിന്‌ ഈ സ്ഥാപനം സഹായമരുളുന്നു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളാണ്‌ "ഒഡെപെകി'ന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമേഖല. 1991 മുതല്‍ ഐ.എ.റ്റി.എ. അംഗീകൃത യാത്രാ ഡിവിഷനും "ഒഡെപെക്‌' സജ്ജമാക്കിയിട്ടുണ്ട്‌. യാത്രാവശ്യങ്ങളുമായി സമീപിക്കുന്നവരില്‍ ഏറിയപങ്കും സര്‍ക്കാരിന്റെതന്നെ ഉന്നത ഉദേ്യാഗസ്ഥവൃന്ദത്തില്‍പ്പെട്ടവരായതിനാല്‍ ഈ സ്ഥാപനം കമ്പോളതന്ത്രങ്ങളൊന്നുംതന്നെ ആവിഷ്‌കരിച്ചിട്ടില്ല. മറിച്ച്‌, വിമാനയാത്രാവശ്യങ്ങള്‍ക്കും മറ്റും "ഒഡെപെകി'ന്റെ സേവനങ്ങള്‍ ഉപയുക്തമാക്കണമെന്ന്‌ പൊതുമേഖലാസ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മേധാവികള്‍ക്ക്‌ സര്‍ക്കാര്‍തലത്തില്‍ത്തന്നെ നിര്‍ദേശങ്ങള്‍ നല്‌കിയിട്ടുണ്ട്‌. വിവരാവകാശനിയമം (2005) അനുശാസിക്കുന്നതുപ്രകാരം, "ഒഡെപെക്‌' ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രവര്‍ത്തനസജ്ജമാക്കിക്കഴിഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍