This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലമ്മാള്‍, ജി. (1910 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമലമ്മാള്‍, ജി. (1910 83)

ജി. കമലമ്മാള്‍

കൊങ്കണി സാഹിത്യകാരി. തിരുവല്ല നെടുംവള്ളിമഠത്തില്‍ ഗോവിന്ദ ശേണായിയുടെയും സത്യഭാമയുടെയും മകളായി 1910ല്‍ കമലമ്മാള്‍ ജനിച്ചു. 11-ാം വയസ്സില്‍ അമ്പലപ്പുഴ ചെമ്പകപ്പറമ്പു മഠത്തില്‍ സുബ്ബരായപ്പൈയുമായുള്ള വിവാഹം നടന്നു. വിവാഹത്തിനുശേഷം പഠിത്തം നിര്‍ത്തിയെങ്കിലും ഇവര്‍ രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പുരാണേതിഹാസ കൃതികള്‍ നിഷ്‌കര്‍ഷിച്ചു പഠിക്കുകയുണ്ടായി.

ഇവരുടെ പ്രഥമകൃതിയാണ്‌ സുശീലന്‍ എന്ന മലയാള കഥാപുസ്‌തകം. 20,000ല്‍പ്പരം വരികളുള്ള എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഭംഗിക്കു കോട്ടം തട്ടാതെ 3,000ല്‍പ്പരം വരികളില്‍ ഒതുക്കി പ്രതിപാദിക്കുകയാണ്‌ അവര്‍ കൊങ്കണിയില്‍ രചിച്ച രഘുരാമായണത്തില്‍ നിര്‍വഹിച്ചിട്ടുള്ളത്‌. താരതമ്യപഠനത്തിന്‌ അയോധ്യാകാണ്ഡത്തിലെ ഏതാനും വരികള്‍ താഴെ കൊടുക്കുന്നു:

"കൈകേയി തന്നുടെ നിര്‍ബന്ധവാക്യവും
രാഘവനോടു വിരോധം വരുന്നതും
ചിന്തിച്ചു ദുഃഖസമുദ്ര നിമഗ്‌നനായ്‌
സന്താപമോടു മോഹിച്ചു വീണീടിനാന്‍.
പിന്നെയുണര്‍ന്നിരുന്നും കിടന്നും മകന്‍
തന്നെയോര്‍ത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്‌സരതുല്യനായ്‌'   
                                                  എഴുത്തച്ഛന്‍
"ഭൂമിപാലാന്‌ അയ്‌ശെം വചന്‌ അയ്‌ക്കൂനു
വോ ഢുഖേദു പാവ്‌നു രോദന്‌ കോറൂനു
പുത്രസ്‌നേഹാന്‌ രാമരാമേതി ജപൂനു
രാത്രകള്ളി ഏക്‌ വത്‌സര സമാന്‌'           
                                                    കമലമ്മാള്‍
 

രഘുരാമായണത്തില്‍ ബാലകാണ്ഡം മാത്രമേ അച്ചടിച്ചിട്ടുള്ളൂ (1935). പാത്രചരിതം, ദോനിമിത്ര (മണ്ണാങ്കട്ടയും കരിയിലയും), സരസ്വതീസ്‌തോത്രം, ലക്ഷ്‌മീസ്‌തവം എന്നിവയാണ്‌ കമലമ്മാളിന്റെ മറ്റു കൃതികള്‍. 1983ല്‍ കമലമ്മാള്‍ അന്തരിച്ചു.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍