This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമാശ്‌ (കമാസ്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമാശ്‌ (കമാസ്‌)

ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടകസംഗീതത്തിലും പ്രചരിച്ചിട്ടുള്ള ഒരു ഭാഷാംഗരാഗം. 28-ാമത്തെ മേളകര്‍ത്താരാഗമായ ഹരികാംബോജി(കമാസ്‌ഥാട്ട)യില്‍ നിന്ന്‌ ആവിര്‍ഭവിച്ചിട്ടുള്ള ഈ ജന്യരാഗത്തില്‍ കാകലിനിഷാദം അന്യസ്വര(ഭാഷാംഗസ്വരം)മായി വരുന്നു. അതിനാല്‍ ഇത്‌ ഒരു ഏകഅന്യസ്വരഭാഷാംഗരാഗമായി കണക്കാക്കപ്പെടുന്നു.

ആരോഹണംസമഗമപധനിസ
അവരോഹണംസനിധപമഗരിസ

ഒരു ഉപാംഗരാഗമായിട്ടാണ്‌ ഈ രാഗം കര്‍ണാടകസംഗീതത്തില്‍ പ്രയോഗത്തിലിരിക്കുന്നതെങ്കിലും ഇന്ന്‌ ഇത്‌ ഒരു ഭാഷാംഗരാഗമായി മാറിയിട്ടുണ്ട്‌. ഉപാംഗരാഗമായുള്ള കമാശ്‌ രാഗത്തില്‍ ത്യാഗരാജസ്വാമികളും സ്വാതിതിരുനാളും ഭദ്രാചല രാമദാസും കൃതികള്‍ രചിച്ചിട്ടുണ്ട്‌. ഇതിഌദാഹരണങ്ങളാണ്‌ "സീതാപതേ', "സുജനജീവന', "സാരസസമ' മുതലായ കീര്‍ത്തനങ്ങള്‍. മൈസൂര്‍ വാസുദേവാചാര്യരുടെ "ബ്രാചേവാ' എന്ന കീര്‍ത്തനം ഭാഷാംഗരാഗത്തിലാണ്‌ രചിച്ചിട്ടുള്ളത്‌. ഇതില്‍ കാകലിനിഷാദമാണ്‌ പ്രയോഗിച്ചുകാണുന്നത്‌. "എന്തനിന്നേ തെലുപുദുറാ', "ഇഹപരം തരും', "തെരുവില്‍ വരാനോ' എന്നീ കൃതികള്‍ ഭാഷാംഗ കമാശിലുള്ളതാണ്‌.

ചില പ്രാചീനസംഗീതഗ്രന്ഥങ്ങളില്‍ "കമാച്ചി' എന്ന പേരില്‍ "കാമാശ്‌' രാഗത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. തമിഴ്‌ "പണ്‍' രാഗങ്ങളില്‍ "പഞ്ചചാമരം'എന്ന പേരില്‍ ഈ രാഗം പ്രചരിച്ചു കാണുന്നു.

ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങളോടൊപ്പം ചതുഃശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതിധൈവതം, കൈശികിനിഷാദം, കാകലിനിഷാദം തുടങ്ങിയ സ്വരങ്ങളും ഈ രാഗത്തില്‍ വരുന്നുണ്ട്‌. സനിസ പസനിസ തുടങ്ങിയ സ്വരസഞ്ചാരങ്ങളില്‍ കാകലിനിഷാദം പ്രയോഗിച്ചുവരുന്നു. ദാട്ടുവരിശ പ്രയോഗങ്ങളും ജണ്ടവരിശ പ്രയോഗങ്ങളും ഈ രാഗത്തിന്റെ സംഗീതാത്‌മകത വര്‍ധിപ്പിക്കുന്നു.

ശൃംഗാരം, ഭക്തി എന്നീ രസങ്ങള്‍ ശ്രാതാക്കളിലുളവാക്കുന്ന ഈ രാഗം സമയഭേദമന്യേ പാടാവുന്നതാണ്‌. ശ്രുതിമധുരവും വിസ്‌താര രാഗാലാപനയ്‌ക്കു സാധ്യത നല്‌കുന്നതുമായ ഈ ദേശ്യരാഗത്തില്‍ അനേകം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ഇവയ്‌ക്കു പുറമേ ഈ രാഗത്തില്‍ ശ്ലോകങ്ങള്‍, വിരുത്തങ്ങള്‍, ജാവളി ("അപദൂരുകു'), തില്ലാന ("താംതാംതീ') തുടങ്ങിയ ഗാനരൂപങ്ങളും പ്രചാരത്തിലുണ്ട്‌.

കര്‍ണാടക കമാശ്‌, ഹിന്ദുസ്ഥാനി കമാശ്‌ എന്നീ രാഗങ്ങള്‍ കമാശ്‌ രാഗത്തിന്റെ വകഭേദങ്ങളാണ്‌. നോ: ഭാഷാംഗരാഗം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍