This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയ്യത്തെ, ലുയി പോള്‍ (1832 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയ്യത്തെ, ലുയി പോള്‍ (1832 - 1913)

Cailletet, Louis Paul

ലുയി പോള്‍ കയ്യത്തെ

ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. നിമ്‌ന താപഭൗതികപഠനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചവരില്‍ ഒരാളെന്ന നിലയ്‌ക്കാണ്‌ കയ്യത്തെയുടെ പ്രശസ്‌തി. ഫ്രാന്‍സിലെ ഷത്തിയോംസ്യുര്‍സേനില്‍ (Chatillon-Sur-Seine) 1832 സെപ്‌. 21നു ജനിച്ചു. ഒരു ലോഹശാസ്‌ത്രവിദഗ്‌ധന്റെ മകനായ കയ്യത്തെ സ്വദേശത്തെ കോളജില്‍ പഠിച്ചതിനു ശേഷം പാരിസിലെ ലിസി ആംറിലും എക്കോള്‍ ദേ മീനിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഷത്തിയോമിലേക്കു മടങ്ങിയ ഇദ്ദേഹം പിതാവിന്റെ ചൂളയുടെയും റോളിങ്‌ മില്ലിന്റെയും ചുമതല ഏറ്റെടുത്തു. അതോടെ ലോഹശാസ്‌ത്രത്തില്‍ ഗവേഷണവും ആരംഭിച്ചു.

വാതകങ്ങളുടെ മര്‍ദത്തെയും ദ്രവീകരണത്തെയും സംബന്ധിച്ച ഗവേഷണങ്ങളിലാണ്‌ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഓക്‌സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍, നൈട്രജന്‍ ഡൈ ഓക്‌സൈഡ്‌, കാര്‍ബണ്‍ മോണോക്‌സൈഡ്‌, അസറ്റിലീന്‍ എന്നീ വാതകങ്ങള്‍ സ്ഥിരസ്വഭാവമുള്ളവയാണെന്നായിരുന്നു അന്നത്തെ വിശ്വാസം. മര്‍ദം ദ്രവീകരണപ്രക്രിയയില്‍ പ്രയോജനപ്പെടുത്തിയിരുന്നെങ്കിലും ഈ വാതകങ്ങളെ സംബന്ധിച്ചിടത്തോളം അത്‌ വിജയിച്ചിരുന്നില്ല. 1877 ഡി. 2നു മര്‍ദം 300 അന്തരീക്ഷവും(atm)താപനില 270Cഉം ആക്കി ഓക്‌സിജന്‍ വാതകത്തെ ഇദ്ദേഹം ദ്രവീകരിച്ചു. 1877-78 കാലത്തു തന്നെ സ്ഥിരമെന്നു കരുതപ്പെട്ടിരുന്ന ആറു വാതകങ്ങളെയും ദ്രവീകരിക്കാന്‍ കയ്യത്തെക്കുകഴിഞ്ഞു. ഗവേഷണങ്ങള്‍ക്കായി കയ്യത്തെക്ക്‌ 1883ല്‍ അക്കാദമി ദെ സിയാംസിന്റെ (Academic des Sciences)പ്രി ലകാസ്‌ (Prix Lacaze)ബഹുമതി ലഭിച്ചു.

പാരിസിലെ ഈഫല്‍ ടവറില്‍ 300 മീ.മാനോമീറ്റര്‍ സ്ഥാപിച്ചതും ഓട്ടോമാറ്റിക്‌ ക്യാമറ സംവിധാനം ചെയ്‌തതും ഉയര്‍ന്ന സ്ഥലത്തേക്കു പോകുന്നവര്‍ക്കു വേണ്ടിയുള്ള ദ്രവ ഓക്‌സിജന്‍ ഉപകരണം നിര്‍മിച്ചതും കയ്യത്തെയുടെ മറ്റു നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌. "അയറോ ക്ലൊബ്‌ ദ്‌ ഫ്രാംസ്‌' (Aero Club de France)എന്ന സംഘടനയുടെ അധ്യക്ഷനായി കയ്യത്തെ അവരോധിക്കപ്പെട്ടിട്ടുണ്ട്‌. 1884 ഡി. 24നു ഇദ്ദേഹം അക്കാദമിസ്യം ലീബ്ര്‌ (Academicien Libre) ആയി. 1887 ഡി. 17നു അക്കാദമി ദെ സിയാംസിന്റെ കറസ്‌പോണ്ടന്റും ആയിത്തീര്‍ന്നു.

വാതകങ്ങളുടെ ദ്രവീകരണം, നിമ്‌നതാപനില വരുത്തല്‍, ലോഹങ്ങളിലൂടെ വാതകങ്ങളുടെ ചലനം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങള്‍ ആനുകാലികങ്ങളില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1913 ജനു. 5നു പാരിസില്‍ വച്ച്‌ കയ്യത്തെ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍