This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരമേനോന്‍, സി.പി. (1891 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുണാകരമേനോന്‍, സി.പി. (1891 - 1976)

പഴയ കൊച്ചി രാജ്യത്തിലെ അവസാനത്തെ ദിവാന്‍. പഴയ കൊച്ചിയിലെ ചിറ്റൂരില്‍ (ഇപ്പോഴത്തെ പാലക്കാട്‌ താലൂക്കില്‍) എഴുവത്തു കുഞ്ചുമേനോന്റെയും ചെറുബാല രുക്‌മിണിഅമ്മയുടെയും പുത്രനായി 1891 ഡി.ല്‍ ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം സ്വദേശത്തുള്ള ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ നടത്തി. കോയമ്പത്തൂര്‍ ആര്‍ട്ട്‌സ്‌ കോളജില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റും മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്ന്‌ ബി.എ. പരീക്ഷയും പാസ്സായി.

മദ്രാസ്‌ ഗവണ്‍മെന്റ്‌ സര്‍വിസില്‍ ഒരു ക്ലാര്‍ക്കായിട്ടാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്‌. തുടര്‍ന്ന്‌ എക്‌സൈസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ്‌ ഇന്‍സ്‌പെക്‌റ്ററായി. 1922ല്‍ എക്‌സൈസ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ആയിരിക്കുമ്പോള്‍ റവന്യൂവകുപ്പില്‍ ഡെപ്യൂട്ടി കളക്‌റ്ററായി മാറ്റപ്പെട്ടു. 1930ല്‍ മദ്രാസ്‌ സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറിയായി. അതുവരെ ഐ.സി.എസ്‌. കാര്‍ക്കുമാത്രം നല്‌കിയിരുന്ന സ്ഥാനമായിരുന്നു അത്‌.

1933ല്‍ മദ്രാസ്‌ സംസ്ഥാനത്തില്‍ പബ്ലിക്‌ സര്‍വിസ്‌ കമ്മിഷന്‍ രൂപംകൊണ്ടപ്പോള്‍ മേനോന്‍ അതിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. പിന്നീട്‌ കമ്മിഷന്‍ അംഗമായി. തുടര്‍ന്ന്‌ ദക്ഷിണകര്‍ണാടക ജില്ലയിലെ കളക്‌റ്ററായി സേവനമനു‌ഷ്‌ഠിച്ചു. 1941ല്‍ മദ്രാസ്‌ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായി. അന്ന്‌ ഐ.സി.എസ്‌. കാരനല്ലാത്ത ഏകസെക്രട്ടറി മേനോനായിരുന്നു.

യുദ്ധകാലത്ത്‌ മദ്രാസ്‌ സംസ്ഥാനത്തില്‍ റേഷനിങ്‌ ഏര്‍പ്പെടുത്തിയപ്പോള്‍ സിവില്‍ സപ്ലൈസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനു‌ രൂപം നല്‌കിയത്‌ മേനോനായിരുന്നു. റേഷനിങ്‌ ഒരു വിജയമാക്കിത്തീര്‍ത്തതിനു‌ള്ള അംഗീകാരമെന്നോണം 1943ല്‍ മേനോനെ ഇന്ത്യാഗവണ്‍മെന്റിന്റെ കീഴില്‍ ദക്ഷിണേന്ത്യയ്‌ക്കുള്ള റീജിയണല്‍ ഫുഡ്‌ കമ്മിഷണറായി നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വിസില്‍ നിന്നു വിരമിക്കുന്ന ഘട്ടത്തിലാണ്‌ (1946) ഇദ്ദേഹം കൊച്ചി ദിവാനായി നിയമിക്കപ്പെട്ടത്‌. സ്വാതന്ത്യ്രസമരം കൊടുമ്പിരിക്കൊണ്ടിരുന്ന ഘട്ടമായിരുന്നു അത്‌. ക്രമസമാധാനപാലനം, ധനകാര്യം എന്നിവയൊഴികെ മറ്റെല്ലാ വകുപ്പുകളും ജനപ്രതിനിധികള്‍ക്കു കൈമാറാമെന്നു കാണിച്ച്‌ മഹാരാജാവ്‌ 1946 ആഗ.ല്‍ പുറപ്പെടുവിച്ച വിളംബരം കൊച്ചിരാജ്യപ്രജാമണ്ഡലം സ്വീകരിക്കുകയും മറ്റു ചില കക്ഷികളുടെ സഹകരണത്തോടെ ഒന്നാമത്തെ ജനകീയ ഗവണ്‍മെന്റ്‌ രൂപവത്‌കരിക്കുകയും ചെയ്‌തു. 1947 ആഗ. 15നു‌ കൊച്ചിക്കു പരിപൂര്‍ണമായും ഉത്തരവാദിത്വഭരണം ലഭിച്ചതോടെ മേനോന്‍ ദിവാന്‍ സ്ഥാനമൊഴിഞ്ഞു.

കരുണാകരമേനോന്‍ ദിവാനായിരുന്ന കാലത്താണ്‌ തൃശൂരില്‍വച്ച്‌ കൊച്ചി ഗവണ്‍മെന്റിന്റെ സഹായസഹകരണങ്ങളോടെ ചരിത്രപ്രസിദ്ധമായ "ഐക്യകേരള സമ്മേളനം' നടന്നത്‌ (1947 ഏ.). വിദ്യാഭ്യാസപരമായി പിന്നോക്കം നില്‌ക്കുന്ന ചിറ്റൂരില്‍ ഒരു ഗവണ്‍മെന്റ്‌ കോളജ്‌ സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്‌.

ദിവാന്‍ പദത്തില്‍ നിന്നു വിരമിച്ചശേഷം മേനോന്‍ വീണ്ടും ഇന്ത്യാഗവണ്‍മെന്റിന്റെ കീഴില്‍ റീജിയണല്‍ ഫുഡ്‌ ഡയറക്ടറായി നിയമിതനായി. 1948ല്‍ ഡയറക്ടര്‍ ജനറല്‍ (ഫുഡ്‌) എന്ന ഉദ്യോഗവും 1949ല്‍ ഭക്ഷ്യകാര്യോപദേഷ്ടാവ്‌ എന്ന സ്ഥാനവും വഹിച്ചു. 1950ല്‍ ഈ സര്‍വിസില്‍ നിന്നും വിരമിച്ചു. കൊച്ചിന്‍ കമേഴ്‌സ്യല്‍ ബാങ്കിന്റെ ചെയര്‍മാന്‍, ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്‌ട്രീസിന്റെ ചെയര്‍മാന്‍, ചിറ്റൂര്‍ കോഓപ്പറേറ്റീവ്‌ ഷുഗര്‍ മില്‍സിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനു‌ഷ്‌ഠിച്ചിട്ടുണ്ട്‌. സാഹിത്യകുശലന്‍ ടി.കെ. കൃഷ്‌ണമേനോന്റെയും സാഹിത്യസഖി ടി.സി. കല്യാണിഅമ്മയുടെയും പുത്രിയായ ജാനകിഅമ്മയാണ്‌ മേനോന്റെ സഹധര്‍മിണി. 1976 ജനു.ല്‍ കരുണാകരമേനോന്‍ നിര്യാതനായി.

(വി. കരുണാകരന്‍ നമ്പ്യാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍