This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരോട്ടിനോയ്‌ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരോട്ടിനോയ്‌ഡ്‌

സസ്യങ്ങളിലും ജന്തുക്കളിലും കാണപ്പെടുന്ന മഞ്ഞ, ഓറഞ്ച്‌, ചുവപ്പ്‌, പര്‍പ്പിള്‍ എന്നീ നിറങ്ങളിലുള്ളതും എളുപ്പത്തില്‍ ഓക്‌സീകരിക്കപ്പെടുന്നതുമായ ഒരു വിഭാഗം അസ്ഥിര വര്‍ണകങ്ങള്‍. കൊഴുപ്പിലും കൊഴുപ്പിന്റെ ലായകങ്ങളിലും മാത്രമേ ലയിക്കുകയുള്ളു എന്നത്‌ ഇവയുടെ ഒരു പ്രത്യേകതയാണ്‌. ലിപ്പോക്രാമുകള്‍, ക്രാമോലിപ്പിഡുകള്‍, ല്യൂട്ടീനുകള്‍ എന്നും കരോട്ടിനോയ്‌ഡുകള്‍ അറിയപ്പെടുന്നു.

കരോട്ടിനോയ്‌ഡ്‌ വര്‍ണകങ്ങളുടെ നേര്‍ത്ത ലായനിക്ക്‌ വെണ്ണയുടെ നിറമാണ്‌. ഗാഢലായനിക്ക്‌ കാരറ്റിന്റെ ഓറഞ്ചുകലര്‍ന്ന മഞ്ഞനിറമോ തക്കാളിയുടെ ചുവപ്പു നിറമോ ഉണ്ടായിരിക്കും. കരോട്ടിനോയ്‌ഡ്‌ ക്രിസ്‌റ്റലുകള്‍ മഞ്ഞ, തവിട്ടു കലര്‍ന്ന ചുവപ്പ്‌, അരുണം (ruby red)എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

150 ഓളം കരോട്ടിനോയിഡ്‌ വര്‍ണകങ്ങളുണ്ട്‌. bകരോട്ടിന്‍ പോലുള്ള ഇവയില്‍ ചിലത്‌ സസ്യങ്ങളിലും ജന്തുക്കളിലും ധാരാളമായുണ്ട്‌. കാലിഫോര്‍ണിയാപോപ്പി(Eschscholtzia californica)യിലുള്ള എഷ്‌കോള്‍ക്‌ സാന്‍ഥിന്‍പോലുള്ള വര്‍ണകങ്ങള്‍ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്നവയാണ്‌.

സസ്യങ്ങളിലെ മഞ്ഞ പ്ലാസ്‌റ്റിഡുകളില്‍ (chromoplasts)കരോട്ടിനോയ്‌ഡ്‌ വര്‍ണകങ്ങള്‍ കാണപ്പെടുന്നു. ശരത്‌കാല ഇലകള്‍ പച്ചനിറമില്ലാത്ത ഇലകള്‍, മഞ്ഞ നിറമുള്ള പൂക്കള്‍ (ജമന്തി), മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള ഫലങ്ങള്‍ (ഓറഞ്ച്‌, പീച്ച്‌, ആപ്രിക്കോട്ട്‌, വറ്റല്‍മുളക്‌, തക്കാളി), ചിലതരം വേരുകള്‍ (കാരറ്റ്‌, മധുരക്കിഴങ്ങ്‌) എന്നിവയില്‍ കരോട്ടിനോയ്‌ഡ്‌ വര്‍ണകങ്ങളുണ്ട്‌. ആല്‍ഗ, ഫംഗസ്‌, ബാക്‌ടീരിയ എന്നിവയിലും ഇലകളില്‍ ക്ലോറോഫിലിനോടൊപ്പവും കരോട്ടിനോയ്‌ഡ്‌ കാണപ്പെടുന്നു. പച്ച വര്‍ണകത്തിന്റെ ആധിക്യം കൊണ്ടാണ്‌ ഇലയില്‍ ഇവയുടെ പ്രഭാവം പ്രകടമാകാത്തത്‌. ക്ലോറോപ്ലാസ്‌റ്റിലുള്ള കരോട്ടിനോയ്‌ഡ്‌ പ്രകാശ സംശ്ലേഷണത്തിന്‌ അത്യന്താപേക്ഷിതവുമാണ്‌.

ജന്തുക്കളുടെ കൊഴുപ്പ്‌, മുട്ട, മഞ്ഞചുവപ്പ്‌ നിറങ്ങളിലുള്ള തൂവലുകള്‍ എന്നിവയ്‌ക്ക്‌ വര്‍ണം നല്‌കുന്ന പ്രമുഖ വസ്‌തു കരോട്ടിനോയ്‌ഡ്‌ ആണ്‌. മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള മത്സ്യങ്ങള്‍, ക്രസ്‌റ്റേഷ്യനുകള്‍ (ലോബ്‌സ്റ്ററുകള്‍, ഞണ്ടുകള്‍) എന്നിവയുടെ നിറങ്ങള്‍ക്കു നിദാനവും കരോട്ടിനോയ്‌ഡുകള്‍ തന്നെ. ജന്തുക്കളിലെ കരോട്ടിനോയ്‌ഡുകളില്‍ ഒരു വിഭാഗം അവയുടെ സസ്യാഹാരത്തില്‍ നിന്നും ലഭിക്കുന്നവയാണ്‌. മറ്റുള്ളവ ജീവിയില്‍ത്തന്നെ രൂപവത്‌കൃതമാകുന്നു. സസ്യഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന a, b കരോട്ടിനുകള്‍; ക്രിപ്‌റ്റോക്‌സാന്‍ഥിന്‍ എന്നിവ കൊഴുപ്പില്‍ ലയിക്കുന്ന ജീവകം എ. ആയി മാറ്റപ്പെടുന്നു.

കരോട്ടിനോയ്‌ഡുകള്‍ ഹൈഡ്രാ കാര്‍ബണുകളോ ഹൈഡ്രാക്‌സി കാര്‍ബോക്‌സിലിക്‌ അമ്ലങ്ങളോ ആകുന്നു. എല്ലാ കരോട്ടിനോയിഡുകളും അപൂരിത സംയുക്തങ്ങളാണ്‌. തന്മാത്രകളില്‍ ഏഴു മുതല്‍ പതിനൊന്നുവരെ ഇരട്ട ബോണ്ടുകള്‍ (double bonds) ഉണ്ടായിരിക്കും. കരോട്ടിനോയ്‌ഡിലുള്ള പോളീന്‍ ശൃംഖല(polyne chain)യാണ്‌ അവയിലെ നിറത്തിന്‌ നിദാനം. കരോട്ടിനോയ്‌ഡുകള്‍ ജലത്തിലോ അമ്ലക്ഷാരങ്ങളിലോ ലയിക്കുന്നില്ല. ഈഥൈല്‍ ഈഥര്‍, ക്ലോറോഫോം, കാര്‍ബണ്‍ ഡൈ സള്‍ഫൈഡ്‌ മുതലായ ജൈവക ലായനികളുപയോഗിച്ച്‌ അവയെ വേര്‍തിരിച്ചെടുക്കാന്‍ കഴിയും.

ദൃശ്യവര്‍ണരാജിയിലെ നീല, വയലറ്റ്‌ എന്നീ ഭാഗങ്ങള്‍ മാത്രമേ ബീറ്റാ കരോട്ടിനുകള്‍ അവശോഷണം ചെയ്യുന്നുള്ളു. മറ്റു കരോട്ടിനോയ്‌ഡുകളുടെ അവശോഷണ വര്‍ണരാജിയും ഇതിനോടു സമാനമായതു തന്നെ. മിക്കവാറും എല്ലാ കരോട്ടിനോയ്‌ഡ്‌ വസ്‌തുക്കളും പ്രകാശത്തിന്റെ അഭാവത്തില്‍ സംശ്ലേഷണം ചെയ്യും. കരോട്ടിനോയ്‌ഡുകള്‍ അവശോഷണം ചെയ്യുന്ന പ്രകാശം ഭാഗികമായോ മുഴുവനായോ പ്രകാശസംശ്ലേഷണത്തിന്‌ ഉപയോഗിക്കുന്നു. ക്ലോറോഫിലിന്റെ അസാന്നിധ്യത്തില്‍ കരോട്ടിനോയ്‌ഡുകളുടെ അവശോഷണം കൊണ്ട്‌ പ്രയോജനമില്ല. കരോട്ടിനോയ്‌ഡുകള്‍ അവശോഷണം ചെയ്യുന്ന ഉത്തേജക ഊര്‍ജം ക്ലോറോഫിലിലേക്ക്‌ സ്ഥാനാന്തരണം ചെയ്യപ്പെടുന്നു.


ലേയത്വവും തന്മാത്രാഘടനയും അടിസ്ഥാനമാക്കി കരോട്ടിനോയ്‌ഡ്‌ വര്‍ണകങ്ങളെ കരോട്ടിനുകള്‍, സാന്‍ഥോഫിലുകള്‍, സാന്‍ഥോഫില്‍ എസ്‌റ്ററുകള്‍, കരോട്ടിനോയ്‌ഡ്‌ അമ്ലങ്ങള്‍ എന്നിങ്ങനെ നാലു ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

കരോട്ടിനുകള്‍ പെട്രാളിയം ഈഥറില്‍ ലയിക്കുന്നു. രാസപരമായി കരോട്ടിനുകള്‍ കരോട്ടിനോയ്‌ഡ്‌ ഹൈഡ്രാകാര്‍ബണുകളാകുന്നു. തന്മാത്രാ ഫോര്‍മുല C40 H56 എന്നാണ്‌. a , b, g കരോട്ടിനുകള്‍; തക്കാളിയിലെ ലൈക്കോപീന്‍ എന്നിവയാണ്‌ പ്രമുഖ കരോട്ടിനുകള്‍. യ കരോട്ടിനാണ്‌ ഏറ്റവും കൂടുതലായി സസ്യങ്ങളില്‍ കാണപ്പെടുന്നത്‌. ക്ലോറോഫില്‍ കണങ്ങളിലും ഇതുണ്ടായിരിക്കും. ഒരു കരോട്ടിനോയ്‌ഡില്‍ നിന്നും മറ്റൊന്നിലേക്കുള്ള മാറ്റം ചെടികളില്‍ എളുപ്പത്തില്‍ നടക്കുന്നു.

മഞ്ഞയോ തവിട്ടുനിറമോ ഉള്ള സാന്‍ഥോഫിലുകളുടെ ഫോര്‍മുല C40 H56 O2ആകുന്നു. രാസപരമായി ഇതിനു കരോട്ടിനോട്‌ അടുത്ത ബന്ധമുണ്ട്‌. എല്ലാ സാന്‍ഥോഫിലുകളും കരോട്ടിനുകളുടെ ഓക്‌സിജന്‍ വ്യുത്‌പന്നങ്ങളാണ്‌. ഹരിതസസ്യങ്ങളില്‍ കരോട്ടിനുകള്‍ക്കും ക്ലോറോഫിലുകള്‍ക്കുമൊപ്പം പല സാന്‍ഥോഫിലുകളും ഉണ്ടായിരിക്കും. ഇലകളില്‍ കാണപ്പെടുന്ന സാന്‍ഥോഫിലുകള്‍ നിയോക്‌സാന്‍ഥിന്‍ (Neoxanthin) വയോളാക്‌സാന്‍ഥിന്‍ (Violaxanthin), സിയാക്‌സാന്‍ഥിന്‍ (Zeaxanthin), ല്യൂട്ടീന്‍ (Leaut-ein) എന്നിവയാണ്‌. ആല്‍ഗാ വിഭാഗങ്ങളിലും അനേകതരം സാന്‍ഥോഫിലുകള്‍ കാണപ്പെടുന്നു. തവിട്ട്‌ ആല്‍ഗകള്‍ക്ക്‌ അവയുടെ പ്രത്യേക നിറം ലഭിക്കുന്നത്‌ ഫ്യൂക്കോക്‌സാന്‍ഥിന്‍ (Feucoxanthin) മൂലമാണ്‌. ഫ്യൂക്കോക്‌സാന്‍ഥിന്‍, ഡയാറ്റോക്‌സാന്‍ഥിന്‍ (Diatoxanthin), ഡയാഡിനോക്‌സാന്‍ഥിന്‍ (Diadinoxanthin)എന്നിവ ഡയാറ്റമുകളില്‍ കാണപ്പെടുന്ന സാന്‍ഥോഫിലുകളാണ്‌. ഡൈനോഫ്‌ളാജെലേറ്റുകളില്‍ പെരിഡിനിനും (peridinin) നീലഹരിത ആല്‍ഗകളില്‍ മാക്‌സോക്‌സാന്‍ഥോഫിലും അടങ്ങിയിരിക്കുന്നു.

കരോട്ടീനുകളെ പോലെ സാന്‍ഥോഫില്‍ എസ്‌റ്ററുകള്‍ പെട്രാളിയം ഈഥറില്‍ ലയിക്കുന്നു. ക്ഷാരങ്ങളുമായി പ്രവര്‍ത്തിക്കുമ്പോള്‍ അവ ഹൈഡ്രാക്‌സിക്‌സാന്‍ഥോഫിലുകളും നിറമില്ലാത്ത കൊഴുപ്പ്‌ അമ്ലങ്ങളുമായിത്തീരുന്നു. ല്യൂട്ടീന്‍, വയോളാക്‌സാന്‍ഥിന്‍ എന്നിവയുടെ എസ്‌റ്ററുകള്‍ മഞ്ഞനിറത്തിലുള്ള മിക്ക പുഷ്‌പങ്ങളുടെയും ദളങ്ങളില്‍ കാണാം. സാന്‍ഥോഫില്‍ എസ്‌റ്ററുകളോ ഭാഗിക എസ്‌റ്ററുകളോ (partial esters) സസ്യങ്ങളുടെ ഹരിത ഭാഗങ്ങളില്‍ സാധാരണയായി കാണാറില്ല. എന്നാല്‍ ഹരിത ആല്‍ഗകളിലെ സൈഫോണേലിസ്‌ വിഭാഗത്തില്‍പ്പെട്ട ആല്‍ഗകളില്‍ക്കാണുന്ന സൈഫൊണാക്‌സാന്‍ഥിന്‍ എസ്‌റ്ററായ സൈഫൊണീന്‍ ഇതിനൊരപവാദമാണ്‌.

കരോട്ടിനോയ്‌ഡ്‌ അമ്ലങ്ങള്‍ ക്ഷാരങ്ങളുടെ ജലീയ ലായനിയില്‍ ലയിക്കുന്നു. രാസപരമായി അവ കരോട്ടിനുകളുടെ അമ്ല വ്യുത്‌പന്നങ്ങളാണ്‌. ബിക്‌സാ ഓറെല്ലാനാ എന്ന സസ്യത്തിന്റെ വിത്തില്‍ കാണപ്പെടുന്ന ബിക്‌സിന്‍ ഒരു മാതൃകാ കരോട്ടിനോയ്‌ഡ്‌ അമ്ലമാണ്‌. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക്‌ നിറം കൊടുക്കാന്‍ ഇതുപയോഗിക്കുന്നു. നോ: കരോട്ടിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍