This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരോട്ടിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരോട്ടിന്‍

Carotene

ജീവകം "എ'യുടെ പ്രാഗ്രൂപമായ വര്‍ണകം (Pigment). ഇതിന്റെ നിറം ചുമപ്പോ മഞ്ഞയോ ആവാം. കാരറ്റ്‌, മധുരക്കിഴങ്ങ്‌, പച്ചിലകള്‍, പഴവര്‍ഗങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയില്‍ കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ വച്ചുള്ള അവശോഷണ വേളയില്‍ കരോട്ടിന്‍ ജീവകം "എ' (രാസനാമം: റെറ്റിനോള്‍) ആയി മാറുന്നു.

സസ്യങ്ങളിലെ വര്‍ണകങ്ങളായ നൂറോളം കരോട്ടിനോയിഡുകളില്‍ ആല്‍ഫാ കരോട്ടിന്‍, ബീറ്റാകരോട്ടിന്‍, ഗാമാകരോട്ടിന്‍, ക്രിപ്‌റ്റോക്‌ സാന്‍ഥീന്‍ എന്നിവയ്‌ക്കു മാത്രമേ ജീവകം "എ' ആയി പരിണമിക്കുവാന്‍ കഴിയൂ. 19-ാം നൂറ്റാണ്ടില്‍ത്തന്നെ കാരറ്റില്‍ നിന്നു കരോട്ടിന്‍ വേര്‍തിരിക്കപ്പെട്ടിരുന്നു. കരോട്ടിന്‌ ജീവകം "എ'യുമായുള്ള ബന്ധം ആദ്യമായി സ്ഥാപിച്ചത്‌ റോസെന്‍ഹൈം, ഡ്രമ്മണ്ട്‌ എന്നീ ശാസ്‌ത്രജ്ഞരാണ്‌ (1920). മൂര്‍ എന്ന ശാസ്‌ത്രജ്ഞന്‍ തുടര്‍ന്നു പരീക്ഷണങ്ങള്‍ നടത്തി കരോട്ടിന്റെ ഓക്‌സീകരണവും മറ്റും മനസ്സിലാക്കി.

കരോട്ടിനുകളില്‍ (ഫോര്‍മുല: C40 H56) ഏറ്റവും പ്രധാനം ബീറ്റാകരോട്ടിന്‍ ആണ്‌. ചെറുകുടലിലെ ശ്ലേഷ്‌മസ്‌തരത്തിലുള്ള "b കരോട്ടിന്‍ 15 15 ഓക്‌സിജനേസ്‌' എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനഫലമായി കരോട്ടിന്‍ ഓക്‌സീകരിക്കപ്പെട്ട്‌ ജീവകം "എ' ആയി രൂപം കൊള്ളുന്നു. അപൂര്‍വമായി കരളില്‍ വച്ചും വിഘടനം സംഭവിക്കാറുണ്ട്‌. ബീറ്റാകരോട്ടിന്റെ ദൈര്‍ഘ്യമുള്ള ഹൈഡ്രാ കാര്‍ബണ്‍ ശൃംഖല മധ്യത്തു വച്ചു വിഘടിച്ച്‌ റെറ്റിനോളിന്റെ രണ്ടു തന്മാത്രകള്‍ രൂപം കൊള്ളുന്നു; മറ്റു കരോട്ടിനുകള്‍ വിഘടിക്കുമ്പോള്‍ ഒരു തന്മാത്രയും. ഭക്ഷണം കഴിഞ്ഞ്‌ 35 മണിക്കൂറുകള്‍ക്കകം കരോട്ടിന്റെ ആഗിരണം നടക്കും. ആഹാരത്തിലെ കൊഴുപ്പിന്റെ ഗുണം, അളവ്‌, പിത്തരസത്തിന്റെ സാന്നിധ്യം എന്നിവ ആഗിരണത്തെ ത്വരിതപ്പെടുത്തുന്നു. കടുംപച്ചനിറമുള്ള ഇലകളിലും കാരറ്റിലും ബീറ്റാകരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. ചുവന്ന പനയെണ്ണ ആല്‍ഫാകരോട്ടിന്റെ ഒരു പ്രമുഖ സ്രാതസ്സാണ്‌. കടല്‍പ്പായലുകള്‍ ഭക്ഷണമാക്കുന്ന മത്സ്യങ്ങളിലും സസ്യഭുക്കുകളായ മൃഗങ്ങളിലും ജീവകം "എ' ധാരാളം അടങ്ങിയിരിക്കും. പച്ചപ്പുല്ലു തിന്നുന്ന പശുവിന്റെ പാലില്‍ കരോട്ടിന്റെ അംശം കൂടുതല്‍ കാണും. സസ്യഭുക്കുകള്‍ക്ക്‌ കരോട്ടിനില്‍ നിന്നാണ്‌ ജീവകം "എ' ലഭിക്കേണ്ടത്‌. അതിനാല്‍ അവരുടെ ഭക്ഷണത്തില്‍ ഇലക്കറികള്‍ക്കും കാരറ്റിനും കൂടുതല്‍ പ്രാധാന്യം നല്‌കണം. സാധാരണ പാചക രീതി കൊണ്ട്‌ കരോട്ടിന്‍ നഷ്ടം ഉണ്ടാകുന്നില്ല. ഭക്ഷ്യവസ്‌തുക്കള്‍ വെയിലത്തു വച്ച്‌ ഉണക്കുകയോ മറ്റു തരത്തില്‍ നിര്‍ജലീകരണത്തിനു വിധേയമാക്കുകയോ ചെയ്‌താല്‍ കരോട്ടിന്‍ നഷ്ടപ്പെടും. കരോട്ടിന്‍ അടങ്ങിയ എണ്ണയും കൊഴുപ്പും കനച്ചുപോയാലും അതിന്റെ ഗുണം ഇല്ലാതാകും.

കരോട്ടിന്‍ വര്‍ണകം രക്തത്തില്‍ കൂടുതലായി കലര്‍ന്നിരിക്കുന്ന അവസ്ഥയെ "കരോട്ടിനിമിയ' എന്നു പറയുന്നു. കരോട്ടിനിമിയ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാറുണ്ട്‌. ജീവകം "എ' ശരീരത്തില്‍ ശേഖരിക്കപ്പെടുമെങ്കിലും കരോട്ടിന്‍ ശേഖരിക്കപ്പെടുകയില്ല. നോ: കരോട്ടിനോയ്‌ഡ്‌; ജീവകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍