This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലചുരികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലചുരികള്‍

ഉത്തരമഹാരാഷ്‌ട്രം, ഗുജറാത്ത്‌, മാള്‍വ എന്നീ രാജ്യങ്ങള്‍ 6-ാം ശ.ത്തിന്റെ ഉത്തരാര്‍ധം മുതല്‍ 11-ാം ശ.വരെ ഭരിച്ചിരുന്ന രാജവംശം. പുരാണപ്രസിദ്ധമായ ഹേഹയ വംശത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന കലചുരികള്‍ 6-ാം ശ. മുതല്‍ രാഷ്‌ട്രീയാധികാരം കരസ്ഥമാക്കിയിരുന്നുവെന്ന്‌ ശിലാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നു. കലചുരി എന്ന പേര്‍ സംസ്‌കൃതമല്ലെന്നും ഒരു തുര്‍ക്കി പദത്തിന്റെ രൂപഭേദമാണെന്നും ആണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. ഹൂണന്മാരെത്തുടര്‍ന്ന്‌ ഭാരതത്തിലെത്തിയവരാണ്‌ കലചുരികള്‍ എന്ന വാദഗതിക്ക്‌ ഉപോദ്‌ബലകമാണ്‌ ഈ വാദഗതി. ഹേഹയ രാജാവായ കാര്‍ത്തവീര്യാര്‍ജുനന്റെ സന്തതി പരമ്പരയാണ്‌ തങ്ങളെന്ന്‌ കലചുരികള്‍ അഭിമാനിച്ചിരുന്നു. അവര്‍ ആദ്യം അധികാരം ഉറപ്പിച്ചിരുന്നത്‌ നര്‍മദാതീരത്തുള്ള അനൂപമെന്ന പ്രദേശത്തായിരുന്നു. ആറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അവര്‍ ഒരു പ്രബലശക്തിയായിത്തീര്‍ന്ന്‌, ഉത്തര മഹാരാഷ്‌ട്രം, ഗുജറാത്ത്‌, മാള്‍വ എന്നീ പ്രദേശങ്ങള്‍ കീഴടക്കി. പിന്നീട്‌ കൊങ്കണവും കലചുരി സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നു. ചേദി അബ്‌ദ (എ.ഡി. 248-249) മാണ്‌ ഇവര്‍ ഉപയോഗിച്ചിരുന്നത്‌. നാസിക്‌ബ്രാച്ച്‌ പ്രദേശങ്ങള്‍ കീഴടക്കിയതിനുശേഷമായിരുന്നിരിക്കണം ഇവര്‍ ചേദി അബ്‌ദം ഉപയോഗിക്കുവാന്‍ തുടങ്ങിയത്‌. കാരണം ഇവരുടെ ആദ്യരേഖകളിലെല്ലാം തന്നെ ഗുപ്‌തവര്‍ഷമാണ്‌ ഉപയോഗപ്പെടുത്തിക്കാണുന്നത്‌. ബാദാമിയിലെ ചാലൂക്യന്മാരും ഗുര്‍ജരപ്രതിഹാരന്മാരും പ്രാബല്യം നേടിയതോടെ കലചുരികളുടെ രാഷ്‌ട്രീയശക്തിക്ക്‌ കോട്ടം തട്ടി. ആദ്യം മാള്‍വയിലേക്കും അവിടെ ത്രകൂടകന്മാരുടെ ശല്യം നേരിടേണ്ടി വന്നപ്പോള്‍ ജബല്‍പൂരിനു സമീപത്തേക്കും കലചുരികള്‍ പിന്‍വാങ്ങി. 9-ാം ശ,ത്തിന്റെ ആരംഭം വരെ ഇവര്‍ കേവലം അജ്ഞാതരായി തലസ്ഥാനമായ ത്രിപുരിയില്‍ ഒതുങ്ങിക്കഴി ഞ്ഞുകൂടി.

ശിലാശാസനങ്ങള്‍ രേഖപ്പെടുത്തിയ ആദ്യത്തെ കലചുരി രാജാക്കന്മാര്‍ കൃഷ്‌ണരാജന്‍, ശങ്കരഗണന്‍, ബുദ്ധരാജന്‍ എന്നിവരാണ്‌. മഹേശ്വരീ ഭക്തന്മാരായിരുന്നു ഇവര്‍ മൂന്നു പേരും. കൃഷ്‌ണരാജന്റെ വെള്ളിനാണയങ്ങളില്‍ പരമ മഹേശ്വരികൃഷ്‌ണരാജനെന്ന ബിരുദവും ഋഷഭമുദ്രയും കാണപ്പെടുന്നു. ഈ നാണയങ്ങള്‍ നാസിക്‌, ബോംബെ, സാല്‍സെറ്റ്‌ എന്നീ പ്രദേശങ്ങളില്‍ കാണപ്പെടുന്നതില്‍ നിന്ന്‌ കൃഷ്‌ണരാജന്റെ അധികാരവ്യാപ്‌തി വ്യക്തമാകുന്നുണ്ട്‌. കലചുരി രാജവംശത്തിന്റെ അന്ത്യത്തിനുശേഷവും ചാലൂക്യസാമ്രാജ്യത്തില്‍ കൃഷ്‌ണരാജ നാണയങ്ങള്‍ക്ക്‌ പ്രചാരമുണ്ടായിരുന്നു. കൃഷ്‌ണരാജന്റെ പുത്രനായ ശങ്കരഗണന്റെ ഉജ്ജയിനി ശാസനത്തില്‍ നിന്ന്‌ കലചുരി സാമ്രാജ്യത്തില്‍ നാസിക്‌ പ്രവിശ്യയും കിഴക്കന്‍ മാള്‍വയും ഉള്‍പ്പെട്ടിരുന്നുവെന്ന്‌ വ്യക്തമാകുന്നു. ശങ്കരഗണന്‍ ഗുജറാത്ത്‌ കീഴടക്കിയിരിക്കാന്‍ ഇടയുണ്ടെന്ന്‌ ചില ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്‌. ശങ്കരഗണന്റെ പുത്രനായ ബുദ്ധരാജന്‍ 600ന്‌ മുമ്പ്‌ രാജപദവി ഏറ്റിരിക്കണം. അദ്ദേഹത്തിന്റെ ഭരണാരംഭത്തില്‍ തന്നെ കിഴക്കന്‍ മാള്‍വ കീഴടക്കിയതായി വിശ്വസിക്കേണ്ടിയിരിക്കുന്നു. ബുദ്ധരാജനെ തോല്‌പിച്ച്‌ പലായനം ചെയ്യിച്ചതായി ചാലൂക്യ രാജാവായ മംഗലേശന്‍ 602ലെ മഹാകൂട സ്‌തൂപരേഖയില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. ശങ്കരഗണനെ തുടര്‍ന്ന്‌ ബാലഹര്‍ഷന്‍ രാജാവായി. പിന്നത്തെ കലചുരി രാജാവായ യുവരാജന്‍ കന്‌ 940ല്‍ രാഷ്‌ട്രകൂട സൈന്യത്തിന്റെ ആക്രമണത്തെ ചെറുത്തുനില്‌ക്കാന്‍ കഴിഞ്ഞില്ല. യുവരാജന്‍ ശിവഭക്തനായിരുന്നു; ശൈവസന്ന്യാസിമാരോട്‌ ഉറ്റബന്ധം പുലര്‍ത്തുകയും ചെയ്‌തു. അദ്ദേഹത്തിന്റെ പുത്രനായ ലക്ഷ്‌മണരാജന്‍ കത്തിയവാഡും വംഗരാജ്യവും കീഴടക്കി. ലക്ഷ്‌മണരാജനും ഒരു ശിവഭക്തനായിരുന്നു. ഗംഗേയദേവ വിക്രമാദിത്യനായിരുന്നു പിന്നത്തെ പ്രധാനപ്പെട്ട കലചുരി രാജാവ്‌. അദ്ദേഹം (1030-1041) പ്രയാഗ കീഴടക്കുകയും പഞ്ചാബ്‌, കലിംഗദേശം വംഗദേശം എന്നിവ കൊള്ളയടിക്കുകയും ചെയ്‌തു. കല്യാണിയിലെ ചാലൂക്യന്മാര്‍ക്കും പരാജയം സമ്മതിക്കേണ്ടിവന്നു. പക്ഷേ പരമാര രാജാവായ ഭോജനോട്‌ ഏറ്റുമുട്ടിയപ്പോള്‍ ഗംഗേയദേവന്‍ പരാജയപ്പെട്ടു. ലക്ഷ്‌മീരൂപം മുദ്രണം ചെയ്‌ത്‌ സ്വര്‍ണത്തിലും വെള്ളിയിലും ചെമ്പിലും ഗംഗേയദേവന്‍ തയ്യാറാക്കിയ നാണയങ്ങള്‍ കലാഭംഗി തുളുമ്പുന്നവയാണ്‌. ഒരു ശിവക്ഷേത്രവും ഗംഗേയദേവന്‍ പണി ചെയ്യിപ്പിച്ചു. അദ്ദേഹം പ്രയാഗയില്‍വച്ച്‌ അന്തരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ഗംഗേയദേവന്റെ പുത്രനായ ലക്ഷ്‌മീകര്‍ണന്‍ (1041-73) ഭാരതചരിത്രത്തിലെ പ്രസിദ്ധ രണവീരന്മാരില്‍ ഒരാളായിരുന്നു. കാശി, അലഹബാദ്‌ എന്നീ പ്രദേശങ്ങള്‍ ലക്ഷ്‌മീകര്‍ണന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന്‌ അദ്ദേഹത്തിന്റെ ശിലാശാസനങ്ങളില്‍നിന്ന്‌ അനുമാനിക്കാം. പശ്ചിമവംഗദേശം കര്‍ണന്റെ മേല്‍ക്കോയ്‌മ അംഗീകരിച്ചിരുന്നു. എന്നാല്‍ ബിഹാറിലെ പാലരാജാക്കന്മാരായ നയപാലനെയും പുത്രനായ വിഗ്രഹപാലനെയും പീഡിപ്പിക്കാനല്ലാതെ കീഴടക്കുവാന്‍ കലചുരി സൈന്യത്തിന്‌ കഴിഞ്ഞില്ല. വിഗ്രഹപാലന്‍ പിന്നീട്‌ കര്‍ണന്റെ പുത്രിയായ യൗവനശ്രീയെ വിവാഹം ചെയ്‌തു. വംഗരാജാവായ ജാതവര്‍മന്‍ കര്‍ണന്റെ മറ്റൊരു പുത്രിയായ വീരശ്രീയെ വിവാഹം ചെയ്‌തത്‌ കര്‍ണന്റെ ബന്ധുത്വം നേടുന്നതിന്‌ വേണ്ടിയായിരുന്നുവെന്ന്‌ 1048ലെ ഒരു രേഖ വ്യക്തമാക്കുന്നു. കലിംഗരാജ്യത്തിലെ ഗംഗരാജാവായ വജ്രഹസ്‌തന്‍ ഢനെ പരാജയപ്പെടുത്തിയെന്നും കര്‍ണന്‍ അവകാശപ്പെടുന്നുണ്ട്‌. ചോളരാജാവിന്റെ സാമ്രാജ്യത്തില്‍പ്പെട്ട കാഞ്ചീപുരം, കോയമ്പത്തൂര്‍, സേലം എന്നീ സ്ഥലങ്ങളും മലബാറിന്റെ അതിര്‍ത്തി പ്രദേശങ്ങളും പാണ്ഡ്യദേശത്തിന്റെ ചില ഭാഗങ്ങളും ഇദ്ദേഹം ആക്രമിച്ചതായി കരുതപ്പെടുന്നു. കുന്തള രാജാവായ സോമേശ്വരന്‍ കനെ ഇദ്ദേഹം പരാജയപ്പെടുത്തി. ചന്ദേല രാജാവായ കീര്‍ത്തിവര്‍മനെ പരാജയപ്പെടുത്തിയെങ്കിലും ബുന്ദേല്‍ഖണ്ഡില്‍ ആധിപത്യം സ്ഥാപിക്കാന്‍ കര്‍ണനു കഴിഞ്ഞില്ല. കീര്‍ത്തിവര്‍മന്റെ സാമന്തനായ ഗോപാലന്‍ കലചുരി സൈന്യത്തെ തോല്‌പിച്ച്‌ കീര്‍ത്തിവര്‍മന്‌ സിംഹാസനം വീണ്ടെടുത്തുകൊടുത്തു. കീര്‍ത്തിവര്‍മന്‍ ഹൂണമണ്ഡലവും കീഴടക്കിയതായി പറയപ്പെടുന്നു. ഗുജറാത്തിലെ ചാലൂക്യരാജാവായ ഭീമന്‍ കനോട്‌ കര്‍ണന്‍ സഖ്യം സ്ഥാപിക്കുകയും 1055ല്‍ പരമാര രാജാവായ ഭോജനെ ആക്രമിക്കുകയും അക്കൊല്ലം തന്നെ ഭോജന്‍ അന്തരിച്ചതിനെ തുടര്‍ന്ന്‌ മാള്‍വ ഭീമനും കര്‍ണനും കൂടി പങ്കിടുകയും ചെയ്‌തു. ഭോജന്റെ പുത്രനായ ജയസിംഹന്‍ ചാലൂക്യരാജാവായ സോമേശ്വരന്റെ സഹായത്തോടെ സാമ്രാജ്യം വീണ്ടെടുത്തു. ഇതിനിടയ്‌ക്ക്‌ സഖ്യകക്ഷികള്‍ തെറ്റിപ്പിരിയുകയും ഭീമന്‍ കര്‍ണനെ പരാജയപ്പെടുത്തി നഷ്ടപരിഹാരം കരസ്ഥമാക്കുകയും ചെയ്‌തിരുന്നു. അലഹബാദ്‌ പ്രവിശ്യ മാത്രമാണ്‌ തന്റെ സാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ക്കുവാന്‍ ഭീമനു കഴിഞ്ഞത്‌. ലക്ഷ്‌മീകര്‍ണന്‍ "ശ്രീകലിംഗാധിപതി' എന്ന ബിരുദം സ്വീകരിച്ചു. കാശിയില്‍ കര്‍ണമേരു എന്ന ശിവക്ഷേത്രവും ജബല്‍പുരിക്കടുത്ത്‌ ഒരു പുതിയ നഗരവും അദ്ദേഹം പണിചെയ്യിച്ചു. ലക്ഷ്‌മീകര്‍ണന്റെ പുത്രനായ യശകര്‍ണനായിരുന്നു പിന്നത്തെ കലചുരി രാജാവ്‌ (1073-1125). തെക്ക്‌ വെംഗി വരെയും വടക്ക്‌ ബിഹാര്‍ വരെയും യശകര്‍ണന്‍ ദിഗ്‌വിജയം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. തന്റെ രാജ്യം സംരക്ഷിക്കുന്നതിന്‌ യശകര്‍ണന്‌ വളരെയേറെ യുദ്ധം ചെയ്യേണ്ടിവന്നു. ചാലൂക്യരാജാവായ വിക്രമാദിത്യന്‍ ഢകന്റെ സഹോദരനായ ജയസിംഹന്‍ കലചുരി സാമ്രാജ്യത്തിന്റെ ഹൃദയഭാഗത്ത്‌ കൊള്ള നടത്തി. ഗാഹദവാല രാജപുത്രവംശത്തിലെ ചന്ദ്രദേവന്‍ അലഹബാദ്‌, കാശി എന്നീ പ്രദേശങ്ങള്‍ സ്വസാമ്രാജ്യത്തോട്‌ കൂട്ടിച്ചേര്‍ത്തു.

പരമാര രാജാവായ ലക്ഷ്‌മണസേനന്‍ ത്രിപുരി കൊള്ളയടിച്ചു. ശലേഷണവര്‍മന്‍ ചന്ദേലന്‍ യശകര്‍ണനെ തോല്‌പിച്ചതായി അവകാശപ്പെടുന്നു. യശകര്‍ണന്റെ പുത്രനും പിന്നത്തെ രാജാവുമായ ഗയകര്‍ണന്‍ ചന്ദേല രാജാവായ മദനവര്‍മനോടു പരാജയപ്പെട്ടു. പിന്നത്തെ രാജാക്കന്മാരായ നരസിംഹനും ജയസിംഹനും കലചുരി സാമ്രാജ്യത്തിന്റെ അഭിമാനം ഏറെക്കുറെ വീണ്ടെടുക്കുവാന്‍ കഴിഞ്ഞു. ജയസിംഹന്റെ പുത്രനായ വിജയസിംഹനും പൗത്രനായ അജയസിംഹനും ദുര്‍ബലരായിരുന്നു. ഡല്‍ഹി സുല്‍ത്താന്മാര്‍ക്ക്‌ അജയസിംഹനെ നിഷ്‌പ്രയാസം കീഴടക്കുവാന്‍ കഴിഞ്ഞു. എങ്കിലും 15-ാം ശ.ത്തിന്റെ ആരംഭം വരെ ത്രിപുരിയില്‍ കലചുരി വംശം ഒരു പ്രാദേശിക ശക്തിയായി നിലനിന്നു.

(പ്രാഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍