This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലശപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലശപ്പാട്ട്‌

പയ്യന്നൂര്‍ ശ്രീസുബ്രഹ്മണ്യക്ഷേത്രത്തില്‍ നടന്ന ഒരു ശുദ്ധികലശത്തെ അധികരിച്ചെഴുതപ്പെട്ട കൃതി. കോല്‍ക്കളിക്കാര്‍ക്കുവേണ്ടി രചിച്ച "കോലടി'(കോല്‍ക്കളി)പ്പാട്ടാണിത്‌. കോല്‍ക്കളിക്കനുഗുണമായ വൈവിധ്യമേറിയ പത്തോളം ഗാനരീതികള്‍ കലശപ്പാട്ടില്‍ പ്രയുക്തമായിട്ടുണ്ട്‌. ഭക്തിരസപ്രധാനമായ ഈ കൃതി ഒരു കിളിപ്പാട്ടു കൂടിയാണ്‌. പെരുമാള്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെയും അലങ്കാരഭംഗികളെയും വര്‍ണിക്കുന്ന ഭാഗം, കവിയുടെ കല്‌പനാവൈഭവത്തിന്‌ ദൃഷ്ടാന്തമാണ്‌.

പയ്യന്നൂര്‍ സ്വദേശിയായിരുന്ന ആനീടില്‍ എഴുത്തച്ഛനാണ്‌ കലശപ്പാട്ടിന്റെ കര്‍ത്താവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഉത്തരകേരളത്തിലെ ഗ്രാമീണകലകളില്‍ പലതിന്റെയും പുതിയ സംവിധായകനും പരിഷ്‌കര്‍ത്താവുമായിരുന്നു ഇദ്ദേഹം. അത്യുത്തര കേരളത്തിലെ നാടന്‍ പേറ്റിച്ചികളായ മലയികളും, പുള്ളുവത്തികളും കുട്ടികളെയുമെടുത്ത്‌ കുളിപ്പിച്ചു, ചെന്തെങ്ങിളനീര്‍ കൊത്തിയുടച്ച്‌ കുട്ടിക്കു കലശമാടുന്ന ആചാരമുണ്ട്‌. അപ്പോള്‍ പാടാറുള്ള ഗാനത്തിനും "കലശപ്പാട്ട്‌' (കലശാട്ടുപാട്ട്‌) എന്നാണു പറയുന്നത്‌. ശിശു ഭാവിയില്‍ ഏതു വിധത്തിലായിരിക്കണമെന്ന പ്രാര്‍ഥന ആ ഗാനത്തിലടങ്ങുന്നു.

ഗോദാവരിയാട്ടം (കോതാമൂരിയാട്ടം), തിരുവപ്പന്‍ (തെയ്യം) എന്നിവയ്‌ക്ക്‌ കലശം (മദ്യം) പൊലിച്ചു പാടുന്ന പതിവുണ്ട്‌. തെങ്ങ്‌, പന എന്നിവയില്‍ നിന്ന്‌ മദ്യമെടുക്കുന്നതിന്റെ വിവിധ വശങ്ങളെ വര്‍ണിച്ചുകൊണ്ടുള്ള ആ ഗാനങ്ങളും "കലശപ്പാട്ട്‌' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. നോ: കലശം

(എം.വി. വിഷ്‌ണു നമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍