This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലാമസ്‌ തൈലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലാമസ്‌ തൈലം

ഒരു സുഗന്ധതൈലം. അരേസി (Araceae) എന്ന വര്‍ഗത്തില്‍പ്പെട്ട അക്കോറസ്‌ കലാമസ്‌ (sweet flag; വയമ്പ്‌) എന്ന സസ്യത്തിന്റെ കിഴങ്ങില്‍ നിന്നു ലഭ്യമാക്കുന്ന തൈലത്തില്‍ നിന്നാണ്‌ ഇത്‌ നിര്‍മിക്കുന്നത്‌. വടക്കേ അമേരിക്ക, മധ്യയൂറോപ്പ്‌, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളിലാണ്‌ പ്രധാനമായും കലാമസ്‌ വളരുന്നത്‌. പുഴവക്കുകളിലും കുളങ്ങളുടെ കരകളിലും സാധാരണ കണ്ടുവരുന്ന ഈ ചെടിയുടെ ഉണക്കിയ വേര്‌ ഔഷധക്കൂട്ടുകളിലും മറ്റും പുരാതനകാലം തൊട്ടുതന്നെ ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നതായി ശാസ്‌ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഉണക്കിപ്പൊടിച്ച വേര്‌ കീടനാശിനിയും വിരനാശിനിയുമാണ്‌. ഉണക്കിയതും തോലുകളയാത്തതുമായ കിഴങ്ങ്‌ നീരാവിസ്വേദന(steam distillation)ത്തിനു വിധേയമാക്കിയാണ്‌ കലാമസ്‌ തൈലം ഉണ്ടാക്കുന്നത്‌. വേരിന്റെ തൂക്കത്തിന്റെ രണ്ടു മുതല്‍ നാലു വരെ ശ.മാ. തൈലം ലഭ്യമാക്കാനാവും. തൈലത്തിന്‌ മഞ്ഞനിറവും കര്‍പ്പൂരത്തിന്റെ സവിശേഷസുഗന്ധവും ഉണ്ടായിരിക്കും. ഇന്ത്യന്‍ തൈലത്തില്‍ അസരോണ്‍ (82 ശ.മാ.), കലമിനോള്‍ (5 ശ.മാ.), കലമീന്‍ (4 ശ.മാ.), കലമിയോണ്‍ (1ശ.മാ.) മെഥില്‍ യൂജിനോള്‍ (1 ശ.മാ.), യൂജിനോള്‍ (0.3 ശ.മാ.) എന്നീ സംയുക്തങ്ങളാണ്‌ പ്രധാന രാസഘടകങ്ങള്‍. പരിമള തൈലക്കൂട്ടുകളിലും പാനീയങ്ങളില്‍ സവിശേഷരുചിയുണ്ടാക്കുന്നതിനുള്ള കൂട്ടുകളിലും കലാമസ്‌ തൈലം സാധാരണയായി ഉപയോഗിച്ചുവരുന്നു. ചില ഔഷധയോഗങ്ങളിലും ചേര്‍ക്കാറുണ്ട്‌.

ജലത്തില്‍ അല്‌പലേയത്വവും 0.959 മുതല്‍ 0.97 (150C) വരെ ആപേക്ഷികഘനത്വവും 6.20 സാപോണീകരണ മൂല്യവും (saponification value) ഉള്ള കലാമസ്‌ തൈലം ബാഷ്‌പശീല (volatile) തൈലങ്ങളില്‍ ഉള്‍പ്പെടുന്നു.

(ഡോ. പി.എസ്‌. രാമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍