This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിംങ്‌ കോംങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിംങ്‌ കോംങ്‌

King Kong

"കിംങ്‌ കോംങ്‌' ചലച്ചിത്രത്തിലെ ഒരു രംഗം

ഒരു ഗൊറില്ലയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ചലച്ചിത്രം. മനുഷ്യവംശം ഭൂമുഖത്ത്‌ പിറവിയെടുക്കുന്നതിനും ഏറെ മുന്‍പേ ഇവിടെ വിഹരിച്ചിരുന്നതായി സംശയിക്കപ്പെടുന്ന ആള്‍ക്കുരങ്ങന്‍ (Ape) എന്ന ശാസ്‌ത്രസങ്കല്‌പത്തെ ആധാരമാക്കി 1933-ല്‍ മെരിയന്‍ കൂപ്പര്‍ ഒരു ചലച്ചിത്രം പുറത്തിറക്കി. ഈ സിനിമയില്‍ നിന്ന്‌ ഉത്തേജനം നേടി, ആധുനിക ഡിജിറ്റല്‍ സങ്കേതങ്ങളുടെയും ആനിമേഷന്‍ തന്ത്രങ്ങളുടെയും സഹായത്തോടെ ന്യൂസിലന്‍ഡുകാരനായ പീറ്റര്‍ ജാക്‌സന്‍ എന്ന സംവിധായകന്‍ 2005-ല്‍ കിംങ്‌ കോങിനെ പുനഃസൃഷ്‌ടിച്ചു. 207 ദശലക്ഷം ഡോളര്‍ ഈ പടത്തിന്റെ നിര്‍മാണത്തിന്‌ ചെലവായി. 1933-ലെ കിംങ്‌ കോങ്‌ സൃഷ്‌ടിക്കുള്ള മുതല്‍ മുടക്ക്‌ 10 ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു.

ഇതില്‍ ആന്‍ഡിസെര്‍ക്കിസ്‌ എന്ന നടന്‍ കിംങ്‌ കോങ്‌ ആയി വേഷമിട്ടിരിക്കുന്നു. ചലച്ചിത്രകാരനായ കാള്‍സെന്‍ഹാം തന്റെ അടുത്ത ചിത്രം ഷൂട്ട്‌ ചെയ്യാനായി നിഗൂഢമായ ഒരു ദ്വീപിലേക്ക്‌ "വെന്‍ച്ചര്‍' എന്ന കപ്പലില്‍ യാത്രതിരിക്കുന്നതോടെ സിനിമ തുടങ്ങുന്നു. ദക്ഷിണ ശാന്തസമുദ്രം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ അവര്‍ യാദൃശ്ചികമായി "സ്‌ക്കള്‍ ഐലന്റി'ല്‍ അടുക്കുന്നു. ആദ്യം വിജനമെന്ന്‌ തോന്നിയ ഈ ദ്വീപ്‌ ഭീകരരൂപികളായ കാട്ടുജാതിക്കാരുടെയും ദിനോസര്‍ പോലുള്ള വന്യജീവികളുടെയും ആവാസസ്ഥലമാണെന്ന്‌ പിന്നീട്‌ സംഘം മനസ്സിലാക്കുന്നു. പെട്ടെന്ന്‌ അപരിഷ്‌കൃതരായ കാടന്മാരും ദുഷ്‌ടജന്തുക്കളും നായികയായ ആന്‍നെ തട്ടിക്കൊണ്ടുപോയി തങ്ങളുടെ 25 അടി ഉയരമുള്ള രാജാവ്‌ (കിംങ്‌) കോങിനുള്ള കാഴ്‌ചദ്രവ്യമായി സമര്‍പ്പിക്കുകയും ചെയ്‌തു. നടിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം രൂക്ഷമായ സംഘട്ടനത്തിലും രക്തച്ചൊരിച്ചിലും കലാശിക്കുന്നു. സന്തുഷ്‌ടനായ കോംങ്‌ അവളെ എടുത്തു പൊക്കി തന്റെ ഒളിത്താവളത്തിലെത്തിക്കുന്നു. ക്രമേണ ആ കൂറ്റന്‍ കുരങ്ങന്‌ അവളില്‍ അഭിനിവേശം ജനിക്കുന്നു (മനുഷ്യനിലും ആള്‍ക്കുരങ്ങനിലും ഉള്ള ക്രാമസോമും, ഡി.എന്‍.എ.യും സമാനമായതിനാല്‍ അവര്‍ തമ്മിലുള്ള ലൈംഗികാകര്‍ഷണം അസാധ്യമല്ലെന്ന ശാസ്‌ത്രനിഗമനം കിംങ്‌ കോങില്‍ സംവിധായകനെ സ്വാധീനിച്ചിട്ടുണ്ട്‌). ഇതിനിടെ ഫിലിം യൂണിറ്റിന്റെ ക്യാമറയും മറ്റ്‌ ഉപകരണങ്ങളും വാനരരാജാവ്‌ തകര്‍ത്തതിനാല്‍ ചലച്ചിത്ര ഷൂട്ടിങ്‌ അസാധ്യമായി. ഒടുവില്‍ സംഘം കിംഗിനെ മരുന്നുകൊടുത്ത്‌ മയക്കി ന്യൂയോര്‍ക്ക്‌ നഗരത്തിലെത്തിച്ചെങ്കിലും അവിടെ വച്ച്‌ മയക്കത്തില്‍ നിന്നുണര്‍ന്ന കിങ്‌കോങ്‌ കണ്ടതെല്ലാം നശിപ്പിച്ച്‌ അലറി നടന്നു. പോര്‍വിമാനങ്ങളും അനേകം സൈനികരും കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും ആ ഭീകരനെ ആര്‍ക്കും മെരുക്കാനായില്ല. എന്നാല്‍ ആന്‍ന്റെ സ്‌നേഹത്താല്‍ അനുനയിക്കപ്പെട്ട കിങ്‌കോങിനെ സൈനികര്‍ വധിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

മനുഷ്യസഹജമായ വികാരങ്ങളാല്‍ നയിക്കപ്പെടുന്ന കിംങ്‌ കോങിന്റെ തന്മയത്വമാര്‍ന്ന ചിത്രീകരണമാണ്‌ ഈ പടത്തെ ശ്രദ്ധേയമാക്കുന്നത്‌. ചടുലമായ അഭിനയം, സാഹസികത, ഫലിതം, ഭീകരത, നാടകീയത, വിചിത്രമായ പ്രമം തുടങ്ങിയ എല്ലാ ഭാവങ്ങളും ഒത്തുചേര്‍ന്ന്‌ ഈ ചിത്രത്തെ ഒരു ക്ലാസ്സിക്‌ ആയി ഉയര്‍ത്തുന്നുവെന്നാണ്‌ വിമര്‍ശകരുടെ വിലയിരുത്തല്‍ .

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍