This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിർതാർ പർവതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിർതാർ പർവതം

Kirthar Mountain

കിര്‍താര്‍ പര്‍വതം

ബലൂചിസ്‌താന്‍, സിന്‍ഡ്‌ പ്രവിശ്യകളെ വേര്‍തിരിക്കുന്ന പടിഞ്ഞാറന്‍ പാകിസ്‌താനിലെ ഒരു പര്‍വതനിര. അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയില്‍ തുടങ്ങി തെക്ക്‌ കറാച്ചിക്ക്‌ അല്‌പം വടക്കുവരെ നീണ്ടുകിടക്കുന്നു. തെക്ക്‌ സു. 1200 മീ. ഉയരമുള്ള ഈ സമാന്തര മലനിരകള്‍ക്ക്‌ വടക്കോട്ട്‌ പോകുന്തോറും ഉയരം വര്‍ധിക്കുന്നു (2500 മീ.). സിന്ധ്‌ പ്രവിശ്യയിലെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തിന്‌ സു. 2276 മീ. (7056 അടി) ഉയരമുണ്ട്‌. കിര്‍താര്‍ പര്‍വതനിരകള്‍ക്ക്‌ തൊട്ടുവടക്കാണ്‌ 475 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള സുലൈമാന്‍ പര്‍വതനിര. അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയില്‍ നിന്ന്‌ 76 കി.മീ. അകലെ കിര്‍താര്‍ പര്‍വതത്തിന്റെ വടക്കേ അറ്റത്താണ്‌ പശ്ചിമേഷ്യയിലേക്കുള്ള ഒരു പ്രധാന കവാടമായ ബോളന്‍ചുരം. ആദ്യകാലം മുതല്‌ക്കേ ഇതുവഴിയാണ്‌ കച്ചവടക്കാരും സഞ്ചാരികളും ഇന്ത്യാ ഭൂഖണ്ഡത്തിലേക്ക്‌ കടന്നിരുന്നത്‌; മുസ്‌ലിം ആക്രമണകാരികളില്‍ പലരും വന്നെത്തിയതും ഈ ചുരത്തിലൂടെയാണ്‌.

കിര്‍താര്‍ പര്‍വതനിരകളിലെ ശിലാഘടനം തികച്ചും സങ്കീര്‍ണമാണ്‌. വ്യാപകമായുണ്ടായ അപരദനത്തിന്റെ ഫലമായി ഈ നിരകളില്‍ ധാരാളം പാറക്കെട്ടുകള്‍നിറഞ്ഞ കുന്നുകളും ചെറിയ അരുവികളും നദികളും പാര്‍ശ്വങ്ങളില്‍ ചെങ്കുത്തായ പര്‍വതങ്ങളും അവയ്‌ക്കിടയ്‌ക്ക്‌ ഇടുങ്ങിയ താഴ്‌വരകളും കാണാം. നദികള്‍ മഴക്കാലങ്ങളില്‍ മാത്രമേ സാധാരണയായി നിറഞ്ഞൊഴുകാറുള്ളൂ. ഹാബ്‌, മ്യൂളാ, ചവാന്‍, മൊറാദ്‌, ബോളന്‍ തുടങ്ങിയവയാണ്‌ പ്രധാന നദികള്‍; മിക്കവയും കിഴക്കോട്ട്‌ ഒഴുകുന്നവയാണ്‌.

കാലാവസ്ഥ പൊതുവേ വരണ്ടതാണ്‌. സ്ഥാനവും ഭൂപ്രകൃതിയുമനുസരിച്ച്‌ കാലാവസ്ഥയില്‍ ഗണ്യമായ വ്യത്യാസം അനുഭവപ്പെടുന്നു. ചൂടിന്റെ ഏറ്റക്കുറച്ചിലില്‍ താരതമ്യേന വലുതായ അന്തരം കാണുന്നു. ദൈനംദിന താപനിലയിലും ഋതുഭേദമനുസരിച്ചുള്ള മാധ്യതാപനിലയിലും ഈ വ്യത്യാസം കാണാം. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും, സമുദ്രസാമീപ്യമില്ലായ്‌മയും കാലാവസ്ഥയിലെ നിര്‍ണായക ഘടകങ്ങളാണ്‌. ഇക്കാരണങ്ങളാല്‍ അറേബ്യന്‍ കടലിന്റെ സമീപത്തുള്ള പര്‍വതപ്രദേശങ്ങളെക്കാള്‍ കൂടുതല്‍ ചൂട്‌ വടക്കന്‍ കിര്‍താറില്‍ അനുഭവപ്പെടുന്നു. മണ്‍സൂണിന്റെ പാതയില്‍ നിന്നു വളരെ അകന്നാണ്‌ ഈ മലകളുടെ സ്ഥിതി. തന്മൂലം ഇവിടെ മഴ വളരെ കുറവാണ്‌. ഇടയ്‌ക്കിടയ്‌ക്ക്‌ ഉണ്ടാകുന്ന ഒറ്റപ്പെട്ട മഴ കുത്തിയൊഴുക്കിനു കാരണമാകുകയും അത്‌ വലിയ തോതില്‍ മണ്ണൊലിപ്പ്‌ ഉണ്ടാക്കുകയും ചെയ്യുന്നു. മഴ കുറവായതുകാരണം സസ്യങ്ങള്‍ വിരളമാണ്‌. മരുരുഹവര്‍ഗത്തില്‍ പ്പെട്ട ബള്‍ബസ്‌കാക്‌റ്റി, അക്കേഷ്യ, മുള്‍ച്ചെടികള്‍, നീളമുള്ള വേരുകളോടുകൂടിയ പുല്ലുകള്‍ മുതലായവയാണ്‌ സാധാരണയായുള്ളത്‌. നദീതടങ്ങളിലും ജലലഭ്യതയുള്ള കുന്നിന്‍ചരിവുകളില്‍ തട്ടുതിരിച്ചും കൃഷിചെയ്‌തുവരുന്നു; ഉയര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ഋതുക്കളില്‍ മാത്രമേ കൃഷിചെയ്യാറുള്ളൂ. പൊതുവേ ഭൂമി ഫലഭൂയിഷ്‌ഠമാണ്‌. ഗോതമ്പാണ്‌ മുഖ്യകൃഷി; എന്നാല്‍ നദീതടങ്ങളില്‍ നെല്‍ കൃഷിക്കാണ്‌ പ്രാധാന്യം. കൂടാതെ ബാര്‍ലി, ചോളം, പയറുവര്‍ഗങ്ങള്‍ എന്നിവയും കൃഷിചെയ്യുന്നു. ഉരുളക്കിഴങ്ങ്‌, ഉള്ളി, മുളക്‌, പച്ചക്കറികള്‍ തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്‌.

ജനങ്ങളില്‍ അധികഭാഗവും സുന്നിവിഭാഗത്തില്‍ പ്പെട്ട മുസ്‌ലിങ്ങളാണ്‌. കറാച്ചി പട്ടണത്തിനു സമീപം തെക്കന്‍ കിര്‍താറിലാണ്‌ ജനവാസം അധികമുള്ളത്‌; വടക്കോട്ടു പോകുന്തോറും ജനസാന്ദ്രത തീരെ കുറഞ്ഞുവരുന്നു. കാലിവളര്‍ത്തലും കോഴിവളര്‍ത്തലും ആണ്‌ പ്രധാന തൊഴിലുകള്‍. ഭാരംചുമക്കാന്‍ കോവര്‍ കഴുതയെയാണ്‌ ഉപയോഗിക്കുന്നത്‌. രോമം, തുകല്‍ , പാല്‍ തുടങ്ങിയ ഉത്‌പന്നങ്ങളാണ്‌ ജനങ്ങളുടെ പ്രധാന ധനാഗമമാര്‍ഗങ്ങള്‍.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍