This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരിശ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരിശ്‌

Cross

ക്രിസ്‌തുമതാരാധനാപ്രതീകം. ഇത്‌ ആദ്യകാലത്ത്‌ റോമാക്കാര്‍ കുറ്റവാളികള്‍ക്കായി ഉണ്ടാക്കിയ കൊലമരമായിരുന്നു. ക്രിസ്‌തുവിന്റെ കുരിശുമരണത്തിനുശേഷം ഇത്‌ ക്രിസ്‌തുവിന്റെയും ക്രിസ്‌ത്യാനികളുടെയും അടയാളമായിത്തീര്‍ന്നു. കുരിശ്‌ എന്നതിന്റെ സുറിയാനി പദമായ "സ്ലീവ'യെ "വിശുദ്ധ സ്ലീവ' എന്നു വിശേഷിപ്പിച്ച്‌ മലയാളത്തില്‍ സുറിയാനി ക്രിസ്‌ത്യാനികള്‍ ഉപയോഗിച്ചിരുന്നു. ക്രക്‌സ്‌ (Crux) എന്ന ലത്തീന്‍പദത്തില്‍ നിന്ന്‌ പാശ്ചാത്യഭാഷകളില്‍ വന്നിട്ടുള്ള "ക്രൂസ്‌' (Cruz, Cruce), ക്രാസ്‌ (Cross, Croce) എന്നീ പദങ്ങളോട്‌ സാദൃശ്യമുള്ളതാണ്‌ "കുരിശ്‌' എന്ന മലയാളപദം. പഴയ മലയാളത്തില്‍ ഉപയോഗിച്ചിരുന്ന ക്രൂശ്‌ എന്നതിന്റെ ഉദ്‌ഭവം ക്രൂസ്‌ (Cruz) എന്ന പോര്‍ച്ചുഗീസ്‌ പദത്തില്‍ നിന്നാണ്‌. കുരിശുകള്‍ പലതരത്തിലുണ്ട്‌.

ഗ്രീക്‌ കുരിശ്‌

ഗ്രീക്‌ കുരിശ്‌ (സമഭുജക്കുരിശ്‌). ചതുരത്തിലുള്ള ഇതിന്റെ നാലുപാണികളും ഒരേ നീളമുള്ളതായിരിക്കും. മൂന്നു കുരിശെന്നു തോന്നിക്കത്തക്കവിധം സാധാരണ കുരിശിന്റെ നെടിയ ശിഖരത്തില്‍ മുകളിലും താഴെയുമായി കുറുകേ ഓരോ ദണ്ഡുകൂടിയുള്ള മറ്റൊരുതരവും ഈ വിഭാഗത്തിലുണ്ട്‌.

ലത്തീന്‍ കുരിശ്‌. ഇതിന്റെ താഴേക്കുള്ള ഭാഗത്തിന്‌ മറ്റു മൂന്നു വശങ്ങളെക്കാള്‍ നീളം കൂടുതലുണ്ട്‌.

വിശുദ്ധ അന്ത്രയോസിന്റെ കുരിശ്‌. 'ത' പോലെയുള്ള കുരിശാണിത്‌. അള്‍ത്താരയില്‍ വയ്‌ക്കാനും പ്രദക്ഷിണത്തിനും അലങ്കാരങ്ങള്‍ക്കും ഇത്തരം കുരിശുകള്‍ ചെറിയ രൂപവ്യത്യാസങ്ങളോടെ ഉപയോഗിച്ചുകാണുന്നു.

ക്രിസ്‌തുവിനു മുമ്പ്‌, കുരിശ്‌ മതപരമായും അല്ലാതെയും ഉള്ള ആശയങ്ങള്‍ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നു. കുരിശിനു മീതെ ഒരു വളയംകൂടി ഉള്‍ക്കൊണ്ടിരുന്ന ഈജിപ്‌ഷ്യന്‍ (കോപ്‌റ്റിക്‌) കുരിശ്‌ ജീവന്റെ പ്രതീകമായി ഗണിക്കപ്പെട്ടിരുന്നു. "മരണമില്ലാത്ത ജീവനെ' ഇത്‌ സൂചിപ്പിക്കുന്നു എന്ന്‌ ബി.സി. 2-ാം ശതകത്തിലെ രേഖകളില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.

സ്വസ്‌തിക. കുരിശിന്റെ മറ്റൊരു രൂപം സ്വസ്‌തികയാണ്‌. നാല്‌ "ഗാമ' എന്ന ഗ്രീക്‌ അക്ഷരങ്ങള്‍ മുറപോലെ വിന്യസിച്ചാല്‍ ഇതിന്റെ ആകൃതി ലഭിക്കും. കുരിശിന്റെ അവ്യക്തമായ ഒരു സൂചന എന്ന നിലയില്‍ ആദിമ ക്രസ്‌തവ ശവകുടീരങ്ങളിലും മറ്റും ഇത്‌ ഉപയോഗിച്ചിരുന്നു. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലുമൊക്കെ ക്രിസ്‌തുവിനു മുമ്പ്‌ ഉപയോഗത്തിലിരുന്നതും സൂര്യനെയും അഗ്നിയെയും സൂചിപ്പിച്ചിരുന്നതുമായ ഇത്‌ ജീവന്റെ പ്രതീകമായി കരുതപ്പെട്ടു. നോ. സ്വസ്‌തിക

ഭാരതത്തിലെ കുരിശുകള്‍. 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസ്‌ മിഷനറിമാര്‍ ഇവിടെ വന്നപ്പോള്‍ സ്വര്‍ണത്തിലും വെള്ളിയിലുമുള്ള ആകര്‍ഷകമായ കുരിശുകള്‍ ഇവിടെ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നു. പല്ലവി ഭാഷയില്‍ ലിഖിതങ്ങളുള്ള പല്ലവിക്കുരിശ്‌, മലങ്കരക്കുരിശ്‌, തക്ഷശിലക്കുരിശ്‌, ഉജ്ജയിന്‍ കുരിശ്‌, രാജാക്കുരിശ്‌ എന്നിങ്ങനെ പല കുരിശുകള്‍ ഭാരതത്തില്‍ കണ്ടുവരുന്നു. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ പുരാതനമായ പല്ലവിക്കുരിശാണ്‌.

'T' ആകൃതിയിലുള്ള കുരിശ്‌

പല്ലവിക്കുരിശ്‌. കോട്ടയം വലിയപള്ളി, മൈലാപ്പൂര്‍ പെരിയപള്ളി, മുട്ടുചിറ, കടമറ്റം, ആലങ്ങാട്‌, സിലോണിലെ അനിരുദ്ധപുരം എന്നിവിടങ്ങളില്‍ പല്ലവിക്കുരിശുകള്‍ കാണുന്നുണ്ട്‌. ഇവയില്‍ കോട്ടയത്തും മൈലാപ്പൂരിലുമുള്ള കുരിശുകള്‍ 7-ാം ശതകത്തിലും കടമറ്റത്തുള്ളത്‌ 9-ാം ശതകത്തിലും നിര്‍മിച്ചതാണെന്ന്‌ കരുതപ്പെടുന്നു. പല്ലവിക്കുരിശിലെ അലങ്കാരപ്പണികള്‍ ഭാരതീയ ശില്‌പികള്‍ ചെയ്‌തതാണെന്നും ഈ കുരിശിന്റെ പശ്ചാത്തലം ഭാരതീയമാണെന്നുമാണ്‌ വിദഗ്‌ധാഭിപ്രായം.

ഈ കുരിശിന്റെ നാലു ശിഖരങ്ങളുടെയും നീളം തുല്യമാണ്‌. ഓരോന്നിന്റെയും അഗ്രത്തില്‍ ക്ലാവര്‍ രൂപത്തിലുള്ള അലങ്കാരവുമുണ്ട്‌. ചുവട്ടിലുള്ള ദളങ്ങള്‍ അല്‌പസ്വല്‌പ വ്യത്യാസത്തോടെയാണ്‌ വിവിധ കുരിശുകളില്‍ കാണുന്നത്‌. ഏറ്റവും പുരാതനമായ കുരിശുകളില്‍ (കോട്ടയത്തേത്‌) ഇവ അധോമുഖങ്ങളാണ്‌. അടുത്ത കാലഘട്ടത്തിലുള്ളവയില്‍ ഇവ സമാന്തരങ്ങളാണ്‌. പില്‌ക്കാലത്തുണ്ടായ കുരിശിന്റെ ചുവട്ടില്‍ നിന്ന്‌ ഇരുവശങ്ങളിലായി മേലോട്ട്‌ ഉയര്‍ന്നുനില്‌ക്കുന്ന തണ്ടും ദളങ്ങളും കാണുന്നു. പൂമൊട്ടിന്റെ ആകൃതിയിലുള്ള അഗ്രങ്ങള്‍ ജീവചൈതന്യത്തിന്റെയും കുരിശിന്റെ മുകളിലുള്ള പ്രാവ്‌ ജീവനായകനായ പരിശുദ്ധാത്മാവിന്റെയും പ്രതീകമാണെന്നു കരുതപ്പെടുന്നു. കുരിശിന്റെ ചുവട്ടിലുള്ള ദളങ്ങള്‍ ഹൈന്ദവര്‍ക്കും ബുദ്ധമതക്കാര്‍ക്കും പൂജ്യമായ താമരയുടേതെന്ന്‌ കരുതുന്നവരും ഉണ്ട്‌.

ഉജ്ജയിന്‍കുരിശ്‌. ഈ കുരിശിന്റെ തുല്യനീളമുള്ള ശിഖരങ്ങളുടെ അഗ്രങ്ങളില്‍ ഓരോ ഗോളം കാണാം. മധ്യേന്ത്യയില്‍ പ്രചാരത്തിലിരുന്ന നാണയങ്ങളില്‍ പലതിലും ഈ അടയാളം കാണാം. തക്ഷശിലക്കുരിശ്‌. തക്ഷശില തലസ്ഥാനമാക്കി ഭരിച്ച (1-ാം നൂറ്റാണ്ട്‌) ഗൊണ്ടോഫാറസ്‌ രാജാവിനെ ഭാരതത്തില്‍ ക്രിസ്‌തുമതം പ്രസംഗിച്ച തോമാശ്ലീഹായുമായി, തോമായുടെ നടപടികള്‍ (310) എന്ന ഗ്രന്ഥത്തില്‍ ബന്ധപ്പെടുത്തിക്കാണുന്നു. 1935-ല്‍ , ഒരു കര്‍ഷകന്‍ ഉഴുതപ്പോള്‍ വിലയേറിയ കല്ലുകള്‍കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കുരിശ്‌ കണ്ടെത്തുകയുണ്ടായി. പല്ലവിക്കുരിശിന്റെ രൂപമുള്ള ഇത്‌ കഴുത്തില്‍ ധരിക്കത്തക്കവിധം മേല്‌പോട്ടുള്ള തണ്ടില്‍ ഒരു ദ്വാരമുള്ളതുമാണ്‌. തക്ഷശിലക്കുരിശ്‌ എന്നറിയപ്പെടുന്ന ഇത്‌ ലാഹോര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

രാജാക്കുരിശ്‌. പല്ലവിക്കുരിശ്‌ രത്‌നത്തില്‍ കൊത്തിയെടുത്ത ഒരു രൂപം ബ്രിട്ടീഷ്‌ മ്യൂസിയത്തിലുണ്ട്‌. രണ്ടു പക്ഷികള്‍ കുരിശിന്റെ കുറിയ ശിഖരങ്ങളില്‍ ഇരിക്കുന്നു. നെടുകേയുള്ള ശിഖരത്തിന്‌ ഇടതും വലതുമായി ഓരോ മത്സ്യവുമുണ്ട്‌; ഒന്ന്‌ മുകളിലേക്കും മറ്റേത്‌ താഴേക്കും ചലിക്കുന്നു. ചുവട്ടില്‍ ഇരുവശത്തുമായി ഓരോ ശാഖകള്‍ തായ്‌ത്തണ്ടില്‍ നിന്ന്‌ ഇലകളുമായി വളര്‍ന്നുനില്‌ക്കുന്നു. ക്രിസ്‌തുവിനെ തറച്ച കുരിശ്‌. ഈ കുരിശിന്റെ ആകൃതി "T' പോലുള്ളതായിരുന്നു എന്നു കരുതപ്പെടുന്നു.

അതിനുമുകളില്‍ ശീര്‍ഷകം എഴുതുവാനുള്ള തടിക്കഷണം ഉയര്‍ന്നുനിന്നിരുന്നു. കുരിശിന്റെ നെടിയ ശിഖരത്തില്‍ ശരീരം താങ്ങുവാനുള്ള ഒരു ബന്ധവും തറച്ചുചേര്‍ത്തിരുന്നു. കുരിശില്‍ പാദങ്ങള്‍ രണ്ടും വെണ്ണേറെ തറച്ചിരുന്നതായിട്ടാണ്‌ 12-ാം നൂറ്റാണ്ടുവരെ ചിത്രീകരിക്കപ്പെട്ടിരുന്നത്‌. ക്രിസ്‌തുവിന്റെ മൃതദേഹം പൊതിഞ്ഞിരുന്ന കച്ച (The Shroud of Tourin)യില്‍ കാണുന്ന രക്തപങ്കിലമായ അടയാളങ്ങള്‍ ഇതുതന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ക്രിസ്‌തുവിനെ തറച്ച കുരിശ്‌ പൈന്‍മരം കൊണ്ടു നിര്‍മിച്ചതായിരുന്നു എന്ന്‌ ഒരഭ്യൂഹമുണ്ട്‌.

കല്ലില്‍ തീര്‍ത്ത കുരിശ്‌

രൂപമില്ലാത്ത കുരിശ്‌. ക്രിസ്‌തുവിന്റെ രൂപമില്ലാത്ത വെറും കുരിശാണ്‌ 6-ാം നൂറ്റാണ്ടുവരെയെങ്കിലും സഭയിലൊന്നാകെ ഉപയോഗിച്ചിരുന്നത്‌. പാശ്ചാത്യ സഭയില്‍ ക്രൂശിതരൂപം(Cruicfix)ഉപയോഗിച്ചു തുടങ്ങുകയും മറ്റു ചില സഭകള്‍ അത്‌ സ്വീകരിക്കുകയും ചെയ്‌തു. പ്രദക്ഷിണത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളിക്കുരിശും സ്വര്‍ണക്കുരിശും ഒക്കെ ക്രിസ്‌തുവിന്റെ രൂപമില്ലാത്തതും വിലയേറിയ ലോഹംകൊണ്ടു പൂശിയതുമാണ്‌. ക്രൂശിതരൂപം ഈശോയുടെ പീഡാനുഭവത്തെ പ്രധാനമായും സൂചിപ്പിക്കുന്നു; രൂപമില്ലാത്ത കുരിശാകട്ടെ, ഉത്ഥാനത്തെ കൂടി സൂചിപ്പിക്കുന്നു. അത്‌ ക്രിസ്‌തുവിന്റെ വിജയചിഹ്നമായി കണക്കാക്കപ്പെടുന്നു. ക്രിസ്‌തുവിനെ അനുഗമിക്കുന്നവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന ഭാവി മഹത്വത്തെയും ഇത്‌ സൂചിപ്പിക്കുന്നു.

കുരിശിന്റെ തിരുനാള്‍, കുരിശിന്റെ കണ്ടെത്തല്‍ , പുകഴ്‌ച. ക്രിസ്‌തുവിന്റെ മരണസ്ഥാനമായ കാല്‍ വരിയില്‍ മാര്‍ത്തീരിയോണ്‍ എന്ന പേരില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ഒരു ദേവാലയം പണിയുകയുണ്ടായി. അത്‌ എ.ഡി. 335 സെപ്‌. 13-ന്‌ കൂദാശ ചെയ്‌തു. അതിന്റെ വാര്‍ഷികം ജെറുസലേമില്‍ സെപ്‌. 13-ന്‌ നടത്തിയിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ വിശുദ്ധ ഹെലെനാ കാല്‍ വരിക്കുന്നില്‍ ഭൂമിക്കടിയില്‍ നിന്ന്‌ ക്രിസ്‌തുവിന്റെ കുരിശ്‌ കണ്ടെടുത്തു എന്ന ഐതിഹ്യം കുരുശിന്റെ തിരുനാളുമായി ബന്ധപ്പെടുത്തിക്കാണാറുണ്ട്‌. "കുരിശിന്റെ പുകഴ്‌ചയുടെ തിരുനാള്‍', "കുരിശു കണ്ടെത്തലിന്റെ തിരുനാള്‍' എന്നീ രണ്ടു പേരുകളിലായി സെപ്.13, 14 തീയതികളില്‍ മിക്ക ക്രസ്‌തവസഭകളിലും കുരിശിന്റെ തിരുനാള്‍ ആചരിച്ചുവരുന്നു. കുരിശടയാളം. ക്രസ്‌തവരുടെ ജീവിതത്തിന്റെ എല്ലാവശങ്ങളെയും സ്‌പര്‍ശിക്കുന്ന ഒന്നാണ്‌ കുരിശും കുരിശടയാളവും. കുരിശടയാളം വരയ്‌ക്കുന്നതിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രാചീനമായ സാക്ഷ്യം തെര്‍ത്തുല്യന്റേതാണ്‌. "ഞങ്ങളുടെ എല്ലാ യാത്രകളിലും വ്യാപാരങ്ങളിലും ഞങ്ങളുടെ എല്ലാ പോക്കുവരവുകളിലും ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഞങ്ങളുടെ നെറ്റിയില്‍ കുരിശടയാടം വരയ്‌ക്കുന്നു.' (Decorona-3). തള്ളവിരല്‍ കൊണ്ടോ ചൂണ്ടുവിരല്‍ കൊണ്ടോ നെറ്റിത്തടത്തിലായിരുന്നു കുരിശ്‌ വരച്ചിരുന്നതെന്ന്‌ വ്യക്തമാണ്‌. അധരങ്ങളിന്മേല്‍ കുരിശടയാളം വരയ്‌ക്കുന്നതിനെപ്പറ്റി വിശുദ്ധ ജറോമും നെഞ്ചത്തു വരയ്‌ക്കുന്നതിനെപ്പറ്റി പ്രുഡെന്‍സ്യൂസും സൂചിപ്പിക്കുന്നുണ്ട്‌. പില്‌ക്കാലത്ത്‌ ലത്തീന്‍ സഭ ഇടത്തേ തോളില്‍ നിന്ന്‌ വലത്തേ തോളിലേക്ക്‌ വരയ്‌ക്കുന്ന രീതി നടപ്പിലാക്കി. പൗരസ്‌ത്യരാകട്ടെ, നെറ്റിയില്‍ നിന്ന്‌ കീഴോട്ടു വരച്ചശേഷം വലത്തുനിന്ന്‌ ഇടത്തോട്ടാണ്‌ കുരിശടയാളം വരയ്‌ക്കുന്നത്‌. വലതുവശത്തുനിന്ന്‌ പ്രകാശം ഇടത്തോട്ടുവന്ന്‌ അതിനെ പ്രകാശിപ്പിക്കുന്നു എന്നു സൂചിതം.

മില്ലേനിയം കുരിശ്‌- മേഴ്‌സിഡോണിയ

കുരിശിന്റെ തിരുശേഷിപ്പ്‌, വന്ദനം. ജെറുസലേമില്‍ 327-ല്‍ കുരിശിന്റെ തിരുശേഷിപ്പുള്ളതായി രേഖകളുണ്ട്‌. ക്രിസ്‌തുവിനെ പ്രതിനിധാനം ചെയ്യുന്നു എന്ന രീതിയില്‍ കുരിശിനെ 4-ാം നൂറ്റാണ്ടു മുതല്‍ ദുഃഖവെള്ളിയാഴ്‌ച ജെറുസലേമിലെ ക്രിസ്‌ത്യാനികള്‍ വണങ്ങിയിരുന്നു. ദുഃഖവെള്ളിയാഴ്‌ച സാധാരണ കുരിശിനെ വണങ്ങുന്ന രീതി ഇതിനെ അനുകരിച്ചുള്ളതാണ്‌. ക്രസ്‌തവകുരിശിന്റെ അര്‍ഥം, രക്ഷാമുദ്ര. വിശുദ്ധ കുരിശിന്റെ വചനം വിശ്വാസമില്ലാത്തവര്‍ക്ക്‌ ഭോഷത്വവും വിശ്വസിക്കുന്നവര്‍ക്ക്‌ ദൈവത്തിന്റെ ശക്തിയുമാണ്‌ (1 കൊരി. 1:18). കുരിശിനെ ഈശോയുടെ പര്യായമായും അവതരിപ്പിക്കുന്നുണ്ട്‌. "മനുഷ്യപുത്രന്റെ അടയാള'മെന്നും (മത്താ. 24:36) കുരിശിനെ വിശേഷിപ്പിക്കുന്നു.

കുരിശ്‌ ക്രസ്‌തവന്റെ ആയുധമാണ്‌. മാമ്മോദീസാ സ്വീകരിക്കുന്നതോടെ, ക്രിസ്‌ത്യാനി സ്ലീവായുടെ അടയാളത്താല്‍ മുദ്രിതനായിത്തീരുന്നു. ഇത്‌ വിശ്വാസത്തിന്റെ പ്രതീകമാണ്‌. മൃത്യുവിനെ അതിജീവിക്കുവാനും ശത്രുവിനെ പരാജയപ്പെടുത്തുവാനും ഉപയുക്തമാണ്‌ കുരിശ്‌. ഇത്‌ ഈശോയുടെ "അജഗണ'ത്തിന്റെ മുദ്രയാണ്‌; രക്ഷയുടെ ചിഹ്നമാണ്‌.

(ഡോ. ജേക്കബ്‌ വെള്ളിയാന്‍)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍