This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂട്ടുകച്ചവടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂട്ടുകച്ചവടം

Partnership Business

രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്നു നടത്തുന്ന വ്യാപാര-വാണിജ്യ സംരംഭം. ഇതില്‍ അംഗങ്ങളാകുന്നവരെ പങ്കാളികള്‍ (Partners)എന്നു പറയുന്നു. ഇതിന്‌ നിയമഭാഷയില്‍ പങ്കാളിത്തം എന്നാണ്‌ പേര്‌. 1932-ലെ "ഇന്ത്യന്‍ പാര്‍ട്ട്‌നര്‍ഷിപ്പ്‌ ആക്‌റ്റി'നു വിധേയമായാണ്‌ ഇന്ത്യയില്‍ കൂട്ടുകച്ചവട സ്ഥാപനങ്ങളുടെ രൂപവത്‌കരണവും പ്രവര്‍ത്തനവും നടത്തേണ്ടത്‌. കൂട്ടുകച്ചവടത്തെ ഈ നിയമത്തില്‍ ഇങ്ങനെ നിര്‍വചിക്കുന്നു. ""പങ്കാളിത്തമെന്നാല്‍ , തങ്ങള്‍ കൂട്ടായോ അല്ലെങ്കില്‍ തങ്ങളില്‍ ആരെങ്കിലും എല്ലാവരുടെയും പ്രതിനിധി എന്ന നിലയിലോ നടത്തുന്ന വ്യാപാരത്തില്‍ നിന്ന്‌ ലഭ്യമാകുന്ന ലാഭം പരസ്‌പരം പങ്കുവയ്‌ക്കാന്‍ സമ്മതിച്ചു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ തമ്മിലുള്ള ബന്ധമാകുന്നു (4-ാം വകുപ്പ്‌).

രണ്ടോ അതിലധികമോ വ്യക്തികള്‍ തമ്മിലുണ്ടാക്കിയിട്ടുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ്‌ കൂട്ടുകച്ചവടം രൂപംകൊള്ളുന്നത്‌. പങ്കാളികള്‍ സ്വന്തനിലയില്‍ കരാറില്‍ ഏര്‍പ്പെടാന്‍ അര്‍ഹതയുള്ളവരായിരിക്കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു കൂട്ടുകച്ചവടത്തില്‍ തികഞ്ഞ പങ്കാളികളാകാന്‍ പാടില്ല. നിയമവിരുദ്ധമോ നിരോധിക്കപ്പെട്ടതോ ആയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനും കൂട്ടുകച്ചവടം ആരംഭിച്ചുകൂടെന്നുണ്ട്‌. കൂട്ടുകച്ചവടസ്ഥാപനങ്ങളിലെ പങ്കാളികളുടെ പരമാവധി എണ്ണത്തില്‍ ചില നിയന്ത്രണങ്ങളുണ്ട്‌. ബാങ്കിങ്‌ സംരംഭങ്ങള്‍ ഒഴിച്ചുള്ള എല്ലാ ബിസിനസ്‌ സംരംഭങ്ങള്‍ക്കും പരമാവധി 20-ഉം ബാങ്കിങ്‌ സംരംഭങ്ങളുടേത്‌ പരമാവധി 10-ഉം എന്നാണു വ്യവസ്ഥ. എല്ലാ പങ്കാളികള്‍ക്കും ബിസിനസിന്റെ നടത്തിപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്‌. മുന്‍കൂട്ടിയുള്ള കരാറുമുഖേന ഏതെങ്കിലും ചില പങ്കാളികള്‍ക്കു ബിസിനസിന്റെ ദൈനംദിനഭരണത്തില്‍ സജീവമായ പങ്ക്‌ അനുവദിക്കാതിരിക്കാം. എല്ലാ പങ്കാളികളും മൂലധനം മുടക്കണമെന്നും നിര്‍ബന്ധമില്ല. മൂലധനം സംഭാവന ചെയ്യാതെയോ ബിസിനസ്‌ നടത്തിപ്പില്‍ സഹായിക്കാതെയോ തന്നെ ഒരാള്‍ക്കു പങ്കാളിയാകാം. ലാഭസമ്പാദനം ആണ്‌ പങ്കാളിത്തത്തിന്റെ മുഖ്യലക്ഷ്യം. എല്ലാ പങ്കാളികള്‍ക്കും ലാഭത്തിന്റെ നിശ്ചിതവിഹിതം ലഭിക്കാനര്‍ഹതയുണ്ടായിരിക്കും. എന്നാല്‍ ലാഭവിഹിതം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഒരാള്‍ പങ്കാളിയാകുന്നില്ല; പങ്കാളിത്ത ബിസിനസിനാസ്‌പദമായ കരാറില്‍ അയാള്‍ ഭാഗഭാക്കായിരിക്കുക കൂടിവേണം. ബിസിനസിന്റെ എല്ലാ നടപടികള്‍ക്കും പങ്കാളികള്‍ കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്‌ക്കും ഉത്തരവാദികളാണ്‌. ബിസിനസിന്റെ കടനിവാരണത്തിന്‌ ഏതെങ്കിലും ഒരു പങ്കാളിയുടെ പേരില്‍ നിയമനടപടികള്‍ ഉണ്ടാകുമ്പോള്‍ അയാള്‍ പങ്കാളിയെന്ന നിലയില്‍ മാത്രമല്ല, സ്വന്തം നിലയിലും കടംവീട്ടാന്‍ ബാധ്യസ്ഥനാണ്‌; കടം വീട്ടിക്കഴിഞ്ഞശേഷം മറ്റു പങ്കാളികളില്‍ നിന്നു വിഹിതപ്രകാരമുള്ള സംഖ്യ ഈടാക്കുവാന്‍ അയാള്‍ക്ക്‌ നിയമപരമായ നടപടികള്‍ കൈക്കൊള്ളാമെന്നു മാത്രം. പരസ്‌പരധാരണയിലും വിശ്വാസത്തിലും അധിഷ്‌ഠിതമാണ്‌ പങ്കാളികള്‍ തമ്മിലുള്ള ബന്ധം.

പങ്കാളിത്തങ്ങള്‍. പങ്കാളിത്തത്തെ "പൊതുപങ്കാളിത്തം', "ക്ലിപ്‌തപങ്കാളിത്തം' എന്നു രണ്ടായി വിഭജിക്കാം. പൊതുപങ്കാളിത്തത്തെത്തന്നെ "പ്രത്യേക പങ്കാളിത്തം', "യഥേഷ്‌ടപങ്കാളിത്തം' എന്നു വീണ്ടും തരംതിരിക്കാം. ഒരു പ്രത്യേക ബിസിനസ്‌ നടത്താന്‍ വേണ്ടിയോ ഒരു നിശ്ചിത കാലയളവിനു ശേഷം പിരിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ടോ രൂപവത്‌കരിക്കുന്ന പങ്കാളിത്തമാണ്‌ പ്രത്യേക പങ്കാളിത്തം. ഒരു പ്രത്യേക ബിസിനസ്‌ നടത്താന്‍വേണ്ടി രൂപവത്‌കരിക്കപ്പെടുന്ന കൂട്ടുകച്ചവടം ആ സംരംഭത്തിന്റെ പര്യവസാനത്തോടുകൂടി പിരിച്ചുവിടപ്പെടുന്നു. പ്രത്യേക കാലാവധി നിശ്ചയിച്ചുകൊണ്ടുണ്ടാക്കുന്ന പങ്കുകച്ചവടം ആ കാലയളവിനുശേഷം നിലനില്‌ക്കുകയില്ല. കാലപരിധി നിര്‍ണയിച്ചുകൊണ്ടുള്ള കരാറില്ലാത്ത പങ്കുകച്ചവടം ആ കാലയളവിനു ശേഷം നിലനില്‌ക്കുകയില്ല. കാലപരിധി നിര്‍ണയിച്ചുകൊണ്ടുള്ള കരാറില്ലാത്ത പങ്കാളിത്തത്തെ "യഥേഷ്‌ടപങ്കാളിത്തം' എന്നു പറയുന്നു. ഇതില്‍ പങ്കാളികളുടെ ഇച്ഛാനുസരണം എത്രകാലം വേണമെങ്കിലും കൂട്ടുകച്ചവടം തുടരാം. എല്ലാവരും ചേര്‍ന്നു പിരിച്ചുവിടണമെന്ന്‌ ആഗ്രഹിക്കുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സര്‍വസമ്മതപ്രകാരം കൂട്ടുകച്ചവടം അവസാനിപ്പിക്കാം. ഏതെങ്കിലും ഒരു പങ്കാളി പങ്കാളിത്തം അവസാനിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ ഇന്ന തീയതി മുതല്‍ പങ്കാളിത്തത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു മറ്റുള്ളവര്‍ക്കു നോട്ടീസ്‌ നല്‌കിയാല്‍ മതിയാകും; അന്നു മുതല്‍ പങ്കാളിത്തം അവസാനിപ്പിച്ചതായി കണക്കാക്കപ്പെടും. ക്ലിപ്‌തപങ്കാളിത്തം ഇന്ത്യയില്‍ നിലവിലില്ല. എന്നാല്‍ ഇതിന്‌ ഇംഗ്ലണ്ടില്‍ അംഗീകാരമുണ്ട്‌. ക്ലിപ്‌തപങ്കാളിത്തത്തെയും സജീവപങ്കാളിത്തം (സാമാന്യപങ്കാളിത്തം), പ്രത്യേക പങ്കാളിത്തം (ഉറങ്ങും പങ്കാളിത്തം) എന്നു രണ്ടായി വിഭജിക്കാം. സജീവപങ്കാളിയുടെ ബാധ്യത പരിമിതമല്ല. എന്നാല്‍ ഉറങ്ങും പങ്കാളികളുടെ ബാധ്യത അവരുടെ നിക്ഷേപത്തുകയില്‍ പരിമിതപ്പെടുത്തിയിരിക്കും. ക്ലിപ്‌തപങ്കാളിത്തത്തില്‍ ഒരു സജീവപങ്കാളിയെങ്കിലും ഉണ്ടായിരിക്കണമെന്നുണ്ട്‌. പങ്കാളിത്തത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നയാളാണ്‌ സജീവപങ്കാളി. ബിസിനസില്‍ അയാള്‍ സജീവമായ പങ്കുവഹിക്കുന്നു. ബിസിനസ്‌ നടത്തുന്നതിലും നിയന്ത്രിക്കുന്നതിലും ഉത്തരവാദിത്തം വഹിക്കുന്ന അയാള്‍ ബിസിനസിന്റെ മാനേജരോ മാനേജിങ്‌ പാര്‍ട്ട്‌നറോ ആയിരിക്കും. ഉറങ്ങും പങ്കാളികള്‍ ബിസിനസില്‍ സജീവമായി പങ്കെടുക്കുന്നില്ല; അവര്‍ മുതല്‍ മുടക്കുന്നുവെന്നുമാത്രം. ഉറങ്ങും പങ്കാളി കൂട്ടുകച്ചവടത്തിലെ പങ്കാളിയായി പൊതുജനശ്രദ്ധയില്‍ പ്പെടുന്നില്ലെങ്കിലും പങ്കാളിയെന്ന നിലയിലുള്ള നിയമപരമായ ബാധ്യതകളില്‍ നിന്ന്‌ അയാള്‍ മുക്തനാകുന്നില്ല.

നാമമാത്രപങ്കാളി മൂലധനമിറക്കുകയോ ബിസിനസിന്റെ ഭരണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. പങ്കാളിത്ത ബിസിനസിന്‌ തന്റെ പേര്‌ ഉപയോഗിക്കാനുള്ള അധികാരം മാത്രമാണ്‌ അയാള്‍ നല്‌കുന്നത്‌. ഈ പങ്കാളിക്കു ലാഭവിഹിതത്തിന്‌ അര്‍ഹതയില്ല. അയാളുടെ പങ്കാളിത്തം നാമമാത്രമാണെങ്കിലും മൂന്നാം കക്ഷികളെ സംബന്ധിച്ചിടത്തോളം കടബാധ്യതകള്‍ ഉള്‍പ്പെടെ ബിസിനസിന്റെ എല്ലാ നടപടികള്‍ക്കും അയാളും ഉത്തരവാദിയാകും. ഇയാളുടെ പേര്‌ പ്രസ്‌തുത ബിസിനസുമായി ബന്ധപ്പെട്ടതുകൊണ്ടാണ്‌ മറ്റുള്ളവര്‍ ബിസിനസിനു വായ്‌പ നല്‌കാന്‍ തയ്യാറാകുന്നത്‌.

ലാഭവിഹിതത്തിനര്‍ഹതയുള്ളവര്‍ നഷ്‌ടം സഹിക്കാനും ബാധ്യസ്ഥരാണെങ്കിലും പങ്കാളികള്‍ യോജിച്ചു തീരുമാനിക്കുന്ന പക്ഷം ഒന്നോ അതിലധികമോ പങ്കാളികളെ നഷ്‌ടബാധ്യതയില്‍ നിന്നൊഴിവാക്കാം. ഇങ്ങനെ ലാഭവിഹിതത്തിനു മാത്രം അര്‍ഹതയുള്ളവരാണ്‌ ലാഭമാത്ര പങ്കാളികള്‍. ഇവര്‍ക്കു ബിസിനസിന്റെ നടത്തിപ്പില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കുകയില്ല. എന്നാല്‍ മൂന്നാം കക്ഷികളോടുള്ള ബാധ്യതയില്‍ നിന്നു ലാഭമാത്ര പങ്കാളികള്‍ മുക്തരല്ല. പങ്കാളിത്ത ബിസിനസില്‍ യഥാര്‍ഥ പങ്കാളിയല്ലാത്ത ഒരാള്‍ തന്റെ പെരുമാറ്റംകൊണ്ടു പങ്കാളിയാണെന്ന ധാരണ മറ്റുള്ളവരില്‍ ജനിപ്പിക്കുന്നുവെങ്കില്‍ അയാള്‍ക്കും പങ്കാളിയുടെ ബാധ്യതകള്‍ വന്നുചേരും. 28-ാം വകുപ്പനുസരിച്ച്‌ അങ്ങനെ ധാരണയുണ്ടാക്കുന്ന ഒരാള്‍ക്ക്‌ പിന്നീട്‌ താന്‍ പങ്കാളിയല്ലെന്നു വാദിക്കാന്‍ നിവര്‍ത്തിയില്ല.

കരാറുകള്‍. കൂട്ടുകച്ചവടത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പു തങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയും സംബന്ധിച്ചു പങ്കാളികള്‍ തമ്മില്‍ വ്യക്തമായ കരാറുകള്‍ ഉണ്ടായിക്കൊള്ളണമെന്നു നിയമം അനുശാസിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഉണ്ടാകുവാനിടയുള്ള തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ അത്തരം കരാറുകള്‍ ഉണ്ടാക്കുക പതിവാണ്‌. ലിഖിതകരാറുകളുടെ അടിസ്ഥാനത്തിലാണ്‌ മിക്ക കൂട്ടുകച്ചവടങ്ങളും രൂപംകൊള്ളുന്നത്‌. ഇങ്ങനെ എഴുതപ്പെടുന്ന കരാറുകള്‍ക്ക്‌ "പങ്കാളിത്തപ്രമാണ'മെന്നും "പങ്കാളിത്തനിയമാവലി' എന്നും പേരുകളുണ്ട്‌. ഈ കരാറ്‌ മുദ്രപത്രത്തില്‍ എഴുതിത്തയ്യാറാക്കി എല്ലാ പങ്കാളികളുടെയും കൈയൊപ്പോടുകൂടി രജിസ്റ്റര്‍ ചെയ്‌തു സൂക്ഷിക്കുന്നു. ഈ കരാറിലെ പ്രധാന ഇനങ്ങള്‍ ഇവയാണ്‌:

1. പങ്കാളിത്ത ബിസിനസിന്റെ പേര്‌. 2. പങ്കാളികളുടെ പേരും വിലാസവും. 3. പങ്കാളിത്ത ബിസിനസിന്റെ സ്വഭാവം. 4. പങ്കാളിത്തത്തിനു സമയപരിധിയുണ്ടെങ്കില്‍ ആ വിവരം (യഥേഷ്‌ടപങ്കാളിത്തമോ പ്രത്യേക പങ്കാളിത്തമോ). 5. ഓരോ പങ്കാളിയും നല്‌കേണ്ട മൂലധനം എത്രയെന്നും അതു ഏതുവിധത്തില്‍ നല്‌കണമെന്നും. 6. ലാഭനഷ്‌ടങ്ങള്‍ തുല്യനിലയിലല്ല പങ്കിടുന്നതെങ്കില്‍ അവ പങ്കിടുന്നതിനുള്ള അനുപാതം. 7. ഏതെങ്കിലും പങ്കാളിക്ക്‌ ബിസിനസില്‍ നിന്നു ശമ്പളം കൈപ്പറ്റുവാനുള്ള അവകാശമുണ്ടെങ്കില്‍ അത്‌. 8. ഓരോ പങ്കാളിക്കും പിന്‍വലിക്കാവുന്ന സംഖ്യ ഇത്രയെന്ന്‌. 9. പിന്‍വലിക്കപ്പെടുന്ന സംഖ്യയിന്മേലോ പങ്കാളികള്‍ നല്‌കുന്ന മൂലധനം, വായ്‌പ എന്നിവയിന്മേലോ പലിശ കണക്കാക്കുമോ എന്നും അങ്ങനെ കണക്കാക്കുന്നെങ്കില്‍ അതിന്റെ നിരക്കും. 10. പങ്കാളികള്‍ ഓരോരുത്തരും ഇന്നയിന്ന ജോലികള്‍ നിര്‍വഹിക്കണമെന്നു നിശ്ചയിക്കുന്നെങ്കില്‍ അത്‌. 11. ഒരു പുതിയ പങ്കാളി പ്രവേശിക്കുന്നതും നിലവിലുള്ള ഒരു പങ്കാളി ബിസിനസില്‍ നിന്നും വിരമിക്കുന്നതും സംബന്ധിച്ച വ്യവസ്ഥകള്‍. 12. പ്രവേശനം, വിരമിക്കല്‍ , മരണം എന്നീ സന്ദര്‍ഭങ്ങളില്‍ ബിസിനസിന്റെ പ്രശസ്‌തിമൂല്യം (goodwill)കണക്കാക്കുന്നതെങ്ങനെയെന്ന വ്യവസ്ഥകള്‍. 13. കണക്കുകളുടെ സൂക്ഷിപ്പും പരിശോധനയും സംബന്ധിച്ച വ്യവസ്ഥകള്‍. 14. പങ്കാളിത്തം അവസാനിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ കണക്കുകള്‍ തീര്‍ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍. 15. പങ്കാളികളുടെ തര്‍ക്കങ്ങള്‍ മധ്യസ്ഥ തീര്‍പ്പിനു വിടുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍.

പങ്കാളികളുടെ അവകാശാധികാരങ്ങള്‍. ബിസിനസില്‍ പങ്കാളികളാവുന്നവര്‍ക്കു ചില അവകാശങ്ങളും അധികാരങ്ങളുമുണ്ട്‌. ബിസിനസിന്റെ നടത്തിപ്പില്‍ പങ്കെടുക്കാനും കണക്കുപുസ്‌തകങ്ങളും മറ്റു രേഖകളും പരിശോധിക്കാനും പകര്‍ത്തിയെടുക്കാനും ഓരോ പങ്കാളിക്കും അവകാശമുണ്ട്‌. ലാഭത്തില്‍ സമഓഹരി (മറിച്ചു കരാറില്‍ വ്യവസ്ഥകളില്ലെങ്കില്‍ ) ഓരോരുത്തര്‍ക്കും അവകാശപ്പെടാം. നഷ്‌ടത്തിന്റെ ബാധ്യതയും (മറിച്ചു കരാറില്‍ വ്യവസ്ഥകളില്ലെങ്കില്‍ ) ഓരോരുത്തരും സമമായിത്തന്നെ വീതിച്ചെടുക്കണം. പങ്കാളികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അവസാന തീരുമാനമെടുക്കുന്നതിനുമുമ്പായി ഓരോരുത്തര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണ്‌ അവസാനതീരുമാനം എടുക്കുന്നത്‌. പലിശ നല്‌കാന്‍ കരാറില്‍ വ്യവസ്ഥകളില്ലെങ്കില്‍ പങ്കാളികള്‍ക്കു തങ്ങള്‍ മുടക്കുന്ന മൂലധനത്തിനു പലിശ കിട്ടാന്‍ അവകാശമില്ല. മൂലധനത്തിനു പുറമേ ബിസിനസിനു വായ്‌പ കൊടുത്തിട്ടുണ്ടെങ്കില്‍ അതിനു പലിശ ലഭിക്കുവാന്‍ പങ്കാളികള്‍ക്ക്‌ അവകാശമുണ്ട്‌. ബിസിനസിന്റെ ന്യായവും ക്രമപ്രകാരവുമായ നടത്തിപ്പിനോ ബിസിനസിനെ നഷ്‌ടത്തില്‍ നിന്നു രക്ഷിക്കുന്നതിനോ വേണ്ടി ഏതെങ്കിലും പങ്കാളി സ്വമേധയാ പണം ചെലവഴിക്കുകയോ ബാധ്യത ഏറ്റെടുക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ക്ക്‌ ബിസിനസിന്റെ ആസ്‌തിയില്‍ നിന്നു ആ സംഖ്യ ഈടാക്കുകയും ബാധ്യത തീര്‍ത്തു വാങ്ങുകയും ചെയ്യാം. നിലവിലുള്ള എല്ലാ പങ്കാളികളുടെയും സമ്മതത്തോടുകൂടി മാത്രമേ ഒരു പുതിയ പങ്കാളിയെ പങ്കാളിത്തത്തില്‍ പ്രവേശിപ്പിക്കാവൂ. ചില നിബന്ധനകള്‍ക്കു വിധേയമായി പങ്കാളിത്തം പിരിച്ചുവിടണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കോടതിയെ സമീപിക്കാന്‍ ഓരോ പങ്കാളിക്കും അവകാശമുണ്ട്‌. പങ്കാളിത്തം പിരിച്ചുവിട്ടാല്‍ കടബാധ്യതകള്‍ വീടിയശേഷമുള്ള സംഖ്യ അവകാശാനുസരണം ലഭിക്കാന്‍ ഓരോ പങ്കാളിക്കും അര്‍ഹതയുണ്ട്‌. ഏതെങ്കിലും പങ്കാളി തന്റെ തെറ്റുകൊണ്ടു ബിസിനസിനു ബാധ്യതകളുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ ബാധ്യത തീര്‍ത്തുകിട്ടുവാന്‍വേണ്ടി പങ്കാളിത്ത ബിസിനസിനെ സമീപിക്കുവാന്‍ അയാള്‍ക്ക്‌ അവകാശമില്ല. സ്വന്തം കടത്തിന്‌ പങ്കാളിത്ത ബിസിനസിന്റെ വസ്‌തുവകകള്‍ ഈടു വയ്‌ക്കുവാന്‍ ഒരു പങ്കാളിക്കും അവകാശമില്ല. പങ്കാളിത്തത്തിന്റെ വസ്‌തുവകകള്‍ പങ്കാളികളുടെ കൂട്ടായ ഉടമയിലുള്ളതാണെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക സ്വത്തില്‍ ഓഹരി അവകാശപ്പെടാന്‍ ഒരു പങ്കാളിക്കും അവകാശമില്ല.

പങ്കാളികളുടെ ചുമതലകളും ബാധ്യതകളും. ബിസിനസ്‌ നടത്തിപ്പില്‍ നിരന്തരമായ ശ്രദ്ധ പതിപ്പിക്കാന്‍ ഓരോ പങ്കാളിയും ബാധ്യസ്ഥനാണ്‌. അന്യോന്യമുള്ള പെരുമാറ്റത്തില്‍ പങ്കാളികള്‍ തികഞ്ഞ വിശ്വസ്‌തത പ്രകടിപ്പിക്കണം. ബിസിനസ്‌ സംബന്ധിച്ച കണക്കുകളും മറ്റു വിവരങ്ങളും മറ്റു പങ്കാളികള്‍ക്കും മരിച്ചുപോയ പങ്കാളികളുടെ അവകാശികള്‍ക്കും നല്‌കാന്‍ ഓരോ പങ്കാളിയും ബാധ്യസ്ഥനാണ്‌. പങ്കാളിത്ത ബിസിനസിന്റെ സ്വത്തോ പേരോ ഉപയോഗിച്ച്‌ ഏതെങ്കിലും ഒരു പങ്കാളി സ്വന്തമായി ലാഭമുണ്ടാക്കുകയാണെങ്കില്‍ അതു സംബന്ധിച്ച കണക്കുകള്‍ മറ്റു പങ്കാളികളെ ബോധ്യപ്പെടുത്തേണ്ടതും അതില്‍ നിന്നുള്ള ലാഭം പങ്കാളിത്ത ബിസിനസിന്റെ ലാഭമായി കണക്കാക്കേണ്ടതുമാകുന്നു. പങ്കാളിത്തത്തിന്റെ സ്വത്തുക്കള്‍ നോക്കിനടത്തേണ്ട ചുമതല എല്ലാ പങ്കാളികളിലും നിക്ഷിപ്‌തമാണ്‌. പ്രസ്‌തുത ബിസിനസിന്റെ ആവശ്യത്തിലേക്കു മാത്രമായി ആ സ്വത്തുക്കള്‍ പങ്കാളികള്‍ക്കു കൈവശം വയ്‌ക്കാവുന്നതും ഉപയോഗിക്കാവുന്നതുമാണ്‌. സഹപങ്കാളികളുടെ സമ്മതംകൂടാതെ ഒരു പങ്കാളിക്കും പങ്കാളിത്ത ബിസിനസിനു തുല്യമോ അതുമായി കിടപിടിക്കുന്നതോ ആയ യാതൊരു സ്വകാര്യ ബിസിനസിലും ഏര്‍പ്പെടുവാന്‍ പാടില്ല. അത്തരത്തില്‍ ഒരു പങ്കാളി ബിസിനസില്‍ ഏര്‍പ്പെടുന്നെങ്കില്‍ അതു സംബന്ധിച്ച കണക്കുകള്‍ സഹപങ്കാളികളെ ബോധ്യപ്പെടുത്തേണ്ടതും അതില്‍ നിന്നുണ്ടാകുന്ന ലാഭം പങ്കാളിത്ത ബിസിനസിനു നല്‌കേണ്ടതുമാണ്‌. പാര്‍ട്ട്‌നര്‍ഷിപ്പ്‌ ആക്‌റ്റിലെ 25-ാം വകുപ്പനുസരിച്ച്‌ പ്രസ്‌തുത ബിസിനസിന്റെ മുഴുവന്‍ കടത്തിനും എല്ലാ പങ്കാളികളും കൂട്ടായും ഒറ്റയ്‌ക്കൊറ്റയ്‌ക്കും ബാധ്യസ്ഥരാണ്‌. പങ്കാളിത്ത ബിസിനസിന്റെ സ്വത്തുക്കള്‍ കടനിവാരണത്തിനു അപര്യാപ്‌തമെന്നുവന്നാല്‍ പങ്കാളികളുടെ എല്ലാവരുടെയും പേരിലോ ഏതെങ്കിലും ഒരു പങ്കാളിയുടെ മാത്രം പേരിലോ നിയമനടപടികള്‍ സ്വീകരിച്ചു കിട്ടാനുള്ള സംഖ്യ മുഴുവന്‍ ഈടാക്കാന്‍ ഉത്തമര്‍ണര്‍ക്കു കഴിയും.

ബിസിനസ്‌ നടത്തിപ്പില്‍ ഏതെങ്കിലും ഒരു പങ്കാളി മനഃപൂര്‍വമായ അനാസ്ഥ കാണിച്ചു നഷ്‌ടം വരുത്തുകയാണെങ്കില്‍ നഷ്‌ടപരിഹാരം നല്‌കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. പങ്കാളിത്തത്തില്‍ നിന്നു വിരമിച്ച ശേഷവും പങ്കാളിയായിരുന്ന കാലത്തെ കടബാധ്യതകള്‍ക്കു പങ്കാളികള്‍ ഉത്തരവാദികളാകും. എന്നാല്‍ വിരമിച്ചശേഷം ഉണ്ടാകുന്ന കടത്തിനു വിരമിച്ചുപോയ പങ്കാളിക്ക്‌ ഉത്തരവാദിത്തമില്ല. എന്നാല്‍ ഈ വിവരത്തിനു വിരമിക്കുമ്പോള്‍ അയാള്‍ നോട്ടീസ്‌ നല്‌കിയിരിക്കണം.

പുതുതായി പ്രവേശിപ്പിക്കപ്പെട്ട ഒരു പങ്കാളിക്കു തന്റെ പ്രവേശനത്തിനു മുമ്പുള്ള കടബാധ്യതകള്‍ക്കും നടപടികള്‍ക്കും ഉത്തരവാദിത്തമില്ല.

രജിസ്റ്റ്രഷന്‍. കൂട്ടുകച്ചവടസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തുകൊള്ളണമെന്നു നിര്‍ബന്ധമില്ല. ആവശ്യമുള്ളവര്‍ക്കു രജിസ്റ്റര്‍ ചെയ്യാം. സ്ഥാപനത്തിന്റെ പേര്‌, പ്രധാന ബിസിനസ്‌ സ്ഥാപനം, മറ്റേതെങ്കിലും സ്ഥലങ്ങളില്‍ ബിസിനസ്‌ ചെയ്യാനിടയുണ്ടെങ്കില്‍ ആ സ്ഥലത്തിന്റെ പേര്‌, പങ്കാളികളുടെ പേരും വിലാസവും, പങ്കാളികള്‍ അംഗമായി ചേര്‍ന്ന തീയതി, പങ്കാളിത്തത്തിന്റെ കാലാവധിയും സ്വഭാവവും എന്നീ വിവരങ്ങള്‍ അടങ്ങുന്ന ഒരു വിവരണപത്രിക തയ്യാറാക്കി എല്ലാ പങ്കാളികളും അതില്‍ ഒപ്പുവച്ചു നിശ്ചിത ഫീസ്‌ സഹിതം പങ്കാളിത്ത സ്ഥാപനങ്ങളുടെ രജിസ്റ്റ്രാര്‍ക്കു സമര്‍പ്പിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഇന്ത്യന്‍ പാര്‍ട്ട്‌നര്‍ഷിപ്പിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ്‌ പങ്കാളിത്തസ്ഥാപനം രൂപവത്‌കരിക്കപ്പെടുന്നത്‌ എന്നു രജിസ്റ്റ്രാര്‍ക്കു ബോധ്യമായാല്‍ ആ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നു. രജിസ്റ്റ്രഷനുശേഷം ബിസിനസിന്റെ പേര്‌, ഘടന, ബിസിനസ്‌ സ്ഥലം എന്നിവയിലുണ്ടാകുന്ന മാറ്റം യഥാകാലം രജിസ്ട്രാറെ അറിയിക്കണമെന്നുണ്ട്‌.

രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക്‌ ചില ന്യൂനതകളുണ്ട്‌. 100 രൂപയില്‍ കൂടിയ സംഖ്യ മൂന്നാം കക്ഷികളില്‍ നിന്ന്‌ അവകാശപ്പെടാനോ അത്‌ ഈടാക്കുവാന്‍ നിയമനടപടികള്‍ സ്വീകരിക്കാനോ ഇവയ്‌ക്കു കഴിയില്ല. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനത്തിനു പങ്കാളികളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ അവകാശമുണ്ടായിരിക്കുകയില്ല. രജിസ്റ്റര്‍ ചെയ്യാത്ത പങ്കാളിത്ത സ്ഥാപനത്തിലെ പങ്കാളികള്‍ക്കു പങ്കാളിത്ത ബിസിനസില്‍ നിന്നോ മറ്റു പങ്കാളികള്‍നിന്നോ മൂന്നാം കക്ഷികളില്‍ നിന്നോ ഏതെങ്കിലും സംഖ്യ കിട്ടാനുണ്ടെങ്കില്‍ പങ്കാളി എന്ന നിലയില്‍ അത്‌ അവകാശപ്പെടാന്‍ പാടില്ല. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളിലെ പങ്കാളിക്കു പങ്കാളിത്തസ്ഥാപനം പിരിച്ചുവിടുന്നതിനും പിരിച്ചുവിട്ടശേഷം കണക്കുകള്‍ തീര്‍ക്കുന്നതിനും ആവശ്യപ്പെടാവുന്നതും അതിനുവേണ്ട നിയമനടപടികള്‍ സ്വീകരിക്കാവുന്നതുമാകുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന്‌ കടം വസൂലാക്കാനുള്ള മൂന്നാം കക്ഷിക്ക്‌ ആ സ്ഥാപനത്തിന്റെ പേരിലോ പങ്കാളിയുടെ പേരിലോ നിയമനടപടികള്‍ സ്വീകരിക്കാവുന്നതാണ്‌.

പുതിയ പങ്കാളിയുടെ പ്രവേശനം. നിയമപ്രകാരം കരാറില്‍ ഏര്‍പ്പെടാന്‍ പ്രാപ്‌തനായ ഏതൊരു വ്യക്തിയെയും പങ്കാളിത്തത്തില്‍ പുതിയ പങ്കാളിയായി പ്രവേശിപ്പിക്കാം; നിലവിലുള്ള പങ്കാളികള്‍ എല്ലാവരും അതിനു സമ്മതിക്കണമെന്നുമാത്രം. പുതുതായി ചേര്‍ക്കപ്പെടുന്നയാളില്‍ നിന്ന്‌ "ഗുഡ്‌വില്‍ ' വസൂലാക്കാറുണ്ട്‌. പങ്കാളിത്തസ്ഥാപനത്തിന്റെ സത്‌പേരിന്‌ അയാളും അര്‍ഹനാകുന്നതുകൊണ്ട്‌ നിലവിലുള്ള പങ്കാളികള്‍ക്ക്‌ ഒരു നഷ്‌ടപരിഹാരം നല്‌കുന്നതിനു തുല്യമാണ്‌ ഈ നടപടി. പ്രവേശനത്തിനു മുമ്പ്‌ പങ്കാളിത്ത സ്ഥാപനം ഏര്‍പ്പെട്ടിട്ടുള്ള കടബാധ്യതകള്‍ക്കു പുതിയ പങ്കാളി ഉത്തരവാദിയല്ല.

പ്രായപൂര്‍ത്തിയാകാത്ത ഒരാളെ നിലവിലുള്ള പങ്കാളികളുടെ സമ്മതത്തോടുകൂടി പങ്കാളിത്തത്തിന്റെ ആനുകൂല്യം നല്‌കാന്‍വേണ്ടി പങ്കാളിത്തത്തില്‍ പ്രവേശിപ്പിക്കാം. പ്രായപൂര്‍ത്തിയാകാത്ത പങ്കാളിക്കു സ്ഥാപനത്തിന്റെ സ്വത്തുക്കളിലും ലാഭത്തിലും (നഷ്‌ടത്തിലല്ല) ഉള്ള ഓഹരി ലഭിക്കും. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തിടത്തോളം പങ്കാളിത്ത സ്ഥാപനത്തിന്റെ കടബാധ്യതകള്‍ക്ക്‌ അയാള്‍ വ്യക്തിപരമായി ബാധ്യസ്ഥനല്ല. അയാളുടെ ബാധ്യത പങ്കാളിത്തത്തിലെ സ്വത്തിലും ലാഭത്തിലും അയാളുടെ ഓഹരിയില്‍ കവിയുന്നതുമല്ല.

പ്രായപൂര്‍ത്തിയെത്താത്ത പങ്കാളിക്കു സ്ഥാപനത്തിന്റെ കണക്കുകളും രേഖകളും പരിശോധിക്കുന്നതിനും പകര്‍ത്തിയെടുക്കുന്നതിനും അവകാശമുണ്ട്‌. എന്നാല്‍ പ്രായപൂര്‍ത്തിയെത്താത്തിടത്തോളം ബിസിനസിന്റെ നടത്തിപ്പില്‍ പങ്കെടുക്കുന്നതിനോ ബിസിനസിന്റെ സ്വത്തിലോ ലാഭത്തിലോ അയാള്‍ക്കവകാശപ്പെട്ട ഓഹരിക്കുവേണ്ടി മറ്റു പങ്കാളികളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനോ അവകാശമുണ്ടായിരിക്കുകയില്ല. പ്രായപൂര്‍ത്തിയാകാത്ത പങ്കാളിക്കു പ്രായപൂര്‍ത്തിയെത്തുമ്പോള്‍ പങ്കാളിത്ത ബിസിനസില്‍ ഒരു പൂര്‍ണ പങ്കാളിയാകുകയോ പങ്കാളിത്ത ബിസിനസുമായുള്ള തന്റെ ബന്ധം അവസാനിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ പ്രായപൂര്‍ത്തിയെത്തിയശേഷം ആറുമാസത്തിനുള്ളില്‍ ഇതില്‍ ഏതാണ്‌ തീരുമാനിച്ചതെന്നു പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പ്പെടത്തക്കവണ്ണം പ്രസിദ്ധപ്പെടുത്തണമെന്നുണ്ട്‌. അങ്ങനെ പ്രസിദ്ധപ്പെടുത്താത്തപക്ഷം അയാളെ ഒരു യഥാര്‍ഥ പങ്കാളിയായി കണക്കാക്കുകയും പങ്കാളിത്തത്തിന്റെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി പ്രവേശിച്ച തീയതി മുതല്‍ അതിന്റെസകല ബാധ്യതകള്‍ക്കും അയാള്‍ ബാധ്യസ്ഥനായിത്തീരുകയും ചെയ്യാം.

പങ്കാളിത്തത്തില്‍ നിന്നു വിരമിക്കല്‍ . ഒരു പങ്കാളി പങ്കാളിത്തസ്ഥാപനവുമായി തനിക്കുള്ള ബന്ധം അവസാനിപ്പിച്ചു സ്ഥാപനത്തില്‍ നിന്നു പിരിഞ്ഞുപോവുകയും അതേസമയം മറ്റുള്ളവര്‍ അതില്‍ തുടരുകയും ചെയ്യുകയാണെങ്കില്‍ ആദ്യത്തെയാള്‍ പങ്കാളിത്തത്തില്‍ നിന്നു വിരമിച്ചുവെന്നു കണക്കാക്കാം. കരാറിലെ നിബന്ധനയനുസരിച്ചോ മറ്റു പങ്കാളികളുടെ സമ്മതത്തോടുകൂടിയോ ഏതു പങ്കാളിക്കും പങ്കാളിത്തത്തില്‍ നിന്നു വിരമിക്കാം. യഥേഷ്‌ട പങ്കാളി വിരമിക്കാനാശിക്കുന്നുവെങ്കില്‍ അയാളുടെ ആഗ്രഹം ഒരു നോട്ടീസ്‌ മുഖേന മറ്റുള്ളവരെ അറിയിക്കണം. പങ്കാളിത്തസ്ഥാപനം പിരിച്ചുവിടാതെ തന്നെ മറ്റുള്ളവര്‍ക്കു ബിസിനസില്‍ തുടരാം.

പങ്കാളിത്തസ്ഥാപനത്തിന്റെ കടങ്ങള്‍ക്കും ബാധ്യതകള്‍ക്കും വിരമിക്കുന്ന പങ്കാളിയും ഉത്തരവാദിയാണ്‌. എന്നാല്‍ വിരമിച്ച ഉടനെ ആ വിവരം ഒരു നോട്ടീസ്‌ മുഖേന പൊതുജനങ്ങളെ അറിയിക്കുകയാണെങ്കില്‍ വിരമിച്ചതിനുശേഷമുണ്ടാകുന്ന കടത്തിനോ ബാധ്യതകള്‍ക്കോ അയാള്‍ ഉത്തരവാദിയാകുകയില്ല. പങ്കാളിത്തത്തില്‍ നിന്നു വിരമിച്ച പങ്കാളി ചില ഉപാധികള്‍ക്കു വിധേയമായി മാത്രമേ താന്‍ പങ്കാളിയായിരുന്ന ബിസിനസിനോടു തുല്യമായ ബിസിനസ്‌ ആരംഭിക്കാവൂ എന്നുണ്ട്‌. പങ്കാളിത്തസ്ഥാപനത്തിന്റെ പേര്‌ ഉപയോഗിക്കരുത്‌; പഴയ പങ്കാളിത്ത സ്ഥാപനത്തിന്റെ ബിസിനസ്‌ തന്നെയാണ്‌ അതെന്നു പൊതുജനങ്ങള്‍ ധരിക്കത്തക്ക വിധത്തില്‍ പെരുമാറരുത്‌; മുന്‍ ഇടപാടുകാരില്‍ നിന്ന്‌ ഓര്‍ഡറുകള്‍ ക്ഷണിക്കുകയോ അതിനുവേണ്ട പ്രചാരണങ്ങള്‍ നടത്തുകയോ അരുത്‌-എന്നിവയാണ്‌ ഉപാധികള്‍.

പങ്കാളിത്തസ്ഥാപനത്തിന്റെ പിരിച്ചുവിടല്‍ . പങ്കാളികള്‍ തമ്മിലുള്ള പങ്കാളിത്തബന്ധം ഉപേക്ഷിക്കുക എന്നതാണ്‌ "പങ്കാളിത്ത സ്ഥാപനത്തിന്റെ പിരിച്ചുവിടല്‍ ' എന്നതുകൊണ്ട്‌ അര്‍ഥമാക്കേണ്ടത്‌. ഏതെങ്കിലും ഒരു പങ്കാളി വിരമിക്കുകയോ പാപ്പരാകുകയോ നിര്യാതനാവുകയോ ചെയ്‌താല്‍ പങ്കാളിത്തസ്ഥാപനം പിരിച്ചുവിടണമെന്നില്ല. ശേഷിച്ച പങ്കാളികള്‍ക്കു കരാറിലെ വ്യവസ്ഥകള്‍ക്കു വിധേയമായി പങ്കാളിത്തത്തില്‍ തുടരാം. പിരിച്ചുവിട്ടു കഴിഞ്ഞാല്‍ പങ്കാളിത്ത സ്ഥാപനത്തിന്റെ സകല പ്രവര്‍ത്തനങ്ങളും അവസാനിക്കും; കണക്കുകള്‍ പരിശോധിച്ച്‌ പിരിച്ചുവിട്ടശേഷം ആസ്‌തിബാധ്യതകള്‍ തിട്ടപ്പെടുത്തി ബാധ്യതകള്‍ തീര്‍ത്തശേഷമുള്ള മൂലധനത്തിനു പങ്കാളികള്‍ അര്‍ഹരാകുന്നു. എല്ലാ പങ്കാളികളുടെയും സമ്മതപ്രകാരമോ കരാറുപ്രകാരമോ പങ്കാളിത്തസ്ഥാപനം പിരിച്ചുവിടാം. എല്ലാ പങ്കാളികളുമോ ഒരാളൊഴിച്ചു ബാക്കി എല്ലാവരുമോ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാലോ പങ്കാളിത്ത ബിസിനസ്‌ നിയമവിരുദ്ധമായി തീരുകയാണെങ്കിലോ പങ്കാളിത്തസ്ഥാപനം നിര്‍ബന്ധപൂര്‍വം പിരിച്ചുവിടപ്പെടുന്നു. മറിച്ചു നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഒരു പങ്കാളി മരിച്ചാലോ, ഒരു പങ്കാളി പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാലോ, ഒരു നിശ്ചിത കാലയളവിലേക്കു രൂപവത്‌കരിക്കപ്പെട്ടതാണെങ്കില്‍ ആ കാലയളവിനുശേഷമോ, ഏതെങ്കിലും ഒരു പ്രത്യേക ബിസിനസ്‌ നടത്തുവാന്‍ രൂപംകൊടുത്തതാണെങ്കില്‍ ആ ബിസിനസ്‌ പൂര്‍ത്തിയാക്കിയശേഷമോ, പങ്കാളിത്തസ്ഥാപനം പിരിച്ചുവിട്ടതായി കണക്കാക്കും. യഥേഷ്‌ട പങ്കാളിത്തത്തില്‍ ഏതെങ്കിലും ഒരു പങ്കാളി, സ്ഥാപനത്തിന്റെ പിരിച്ചുവിടല്‍ ആവശ്യപ്പെട്ടുകൊണ്ടു മറ്റു പങ്കാളികള്‍ക്കു നോട്ടീസ്‌ നല്‌കിയാലും പങ്കാളിത്തസ്ഥാപനം പിരിച്ചുവിടപ്പെടും. ഒരു പങ്കാളിക്കു ബുദ്ധിസ്ഥിരത ഇല്ലാതെയാകുക, പങ്കാളികളിലൊരാള്‍ക്ക്‌ അയാളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സ്ഥായിയായ കഴിവുകേടുണ്ടാവുക, പങ്കാളിത്ത ബിസിനസ്‌ സ്ഥാപനത്തിലെ ബിസിനസിനെ പ്രതികൂലമായി ബാധിക്കത്തക്കവിധം കുറ്റകരമായ പെരുമാറ്റം ഏതെങ്കിലും പങ്കാളിയില്‍ നിന്നുണ്ടാകുക, ഏതെങ്കിലും പങ്കാളി പങ്കാളിത്തസ്ഥാപനത്തില്‍ അയാള്‍ക്കുള്ള ഓഹരി മൂന്നാമതൊരാള്‍ക്കു കൈമാറുകയോ ഏതെങ്കിലും പങ്കാളിയുടെ ഓഹരി കോടതി മുഖേന ജപ്‌തിചെയ്യപ്പെടുകയോ ചെയ്യുക, പങ്കാളിത്ത ബിസിനസ്‌ നഷ്‌ടമില്ലാതെ നടത്താന്‍ സാധ്യമല്ലാതെ വരുക, പങ്കാളിത്ത ബിസിനസ്‌ പിരിച്ചുവിടേണ്ടതു ന്യായവും യുക്തവും ആക്കിത്തീര്‍ക്കുന്ന മറ്റേതെങ്കിലും കാരണമുണ്ടാകുക-എന്നീ സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഉണ്ടാകുന്ന പക്ഷം പങ്കാളിത്തസ്ഥാപനം പിരിച്ചുവിടണമെന്ന്‌ ഏതെങ്കിലും ഒരു പങ്കാളി അപേക്ഷിച്ചാല്‍ കോടതി അതനുവദിക്കും.

കണക്കുതീര്‍ക്കല്‍ . പങ്കാളിത്തസ്ഥാപനം പിരിച്ചുവിട്ടശേഷം കരാറിലെ വ്യവസ്ഥകള്‍ക്കു വിധേയമായി കണക്കുകള്‍ തീര്‍ക്കേണ്ടതുണ്ട്‌. ആദ്യമായി ലാഭത്തില്‍ നിന്നും പിന്നീട്‌ മൂലധനത്തില്‍ നിന്നും അവസാനമായി പങ്കാളികള്‍ വ്യക്തിപരമായി അവരുടെ സ്വകാര്യസ്വത്തില്‍ നിന്നും പങ്കാളിത്തത്തിന്റെ നഷ്‌ടം വകവെച്ചുകൊടുക്കുന്നു. പിരിച്ചുവിട്ടശേഷം സ്ഥാപനത്തിന്റെ ആസ്‌തികള്‍ താഴെ ചേര്‍ക്കുന്ന രീതിയിലും ക്രമത്തിലുമാണ്‌ വിനിയോഗിക്കേണ്ടത്‌:

i. മൂന്നാം കക്ഷിയുടെ കടം വീട്ടുന്നതിന്‌; ii. മൂലധനത്തിനു പുറമേ ഓരോ പങ്കാളിയും നല്‌കിയിട്ടുള്ള വായ്‌പ ആനുപാതികമായി തിരിച്ചുകൊടുക്കുന്നതിന്‌; iii. മൂലധനമിനത്തില്‍ ഓരോ പങ്കാളിക്കും കിട്ടാനുള്ളത്‌ ആനുപാതികമായി നല്‌കുന്നതിന്‌; ivഎന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതു പങ്കാളികള്‍ ലാഭവിഹിതത്തോതില്‍ വീതിച്ചെടുക്കുന്നു. പിരിച്ചുവിട്ടശേഷം കണക്കുതീര്‍ക്കുന്ന അവസരത്തില്‍ പങ്കാളിത്ത വ്യാപാരത്തിന്റെ ആസ്‌തിയില്‍ അതിന്റെ "ഗുഡ്‌വില്‍ ' കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്‌. വ്യാപാരസ്ഥാപനത്തിന്റെ പേര്‌, ബിസിനസ്‌ ചിഹ്നം (ട്രഡ്‌ മാര്‍ക്ക്‌), ബിസിനസ്‌ സ്ഥിതിചെയ്യുന്ന സ്ഥാനം, ഇടപാടുകാരുമായുള്ള പെരുമാറ്റത്തിലെ വിശ്വസനീയത, പങ്കാളികളുടെ വ്യക്തിത്വവും ആള്‍സ്വാധീനവും, പങ്കാളിത്ത ബിസിനസിന്റെ കുത്തക എന്നിവയാണ്‌ ഗുഡ്‌വില്‍ കണക്കാക്കുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങള്‍.

കൂട്ടുകച്ചവടത്തിന്‌ ചില ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്‌. വന്‍തോതിലുള്ള സാമ്പത്തികശേഷി, ഫലപ്രദമായ മാനേജ്‌മെന്റ്‌ സൗകര്യങ്ങള്‍, മെച്ചപ്പെട്ട വായ്‌പാസൗകര്യങ്ങള്‍, വര്‍ധിച്ച വ്യാപാരസാധ്യത, ബിസിനസിലുള്ള നിരന്തരമായ ശ്രദ്ധ, കുറഞ്ഞ പ്രതിശീര്‍ഷനഷ്‌ടം എന്നിവയാണ്‌ ഏകാംഗവ്യാപാരത്തെ അപേക്ഷിച്ചു കൂട്ടുകച്ചവടത്തിന്റെ മെച്ചങ്ങള്‍. പങ്കാളികള്‍ തമ്മിലുണ്ടാകുന്ന അഭിപ്രായവ്യത്യാസം, സ്വരച്ചേര്‍ച്ചക്കുറവ്‌ എന്നിവ; ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള പരിമിതമായ വിഭവസാമ്പത്തികശേഷി; പങ്കാളികളുടെ ബാധ്യത ക്ലിപ്‌തമല്ലാത്തതുകൊണ്ടു പങ്കാളിത്തത്തിന്റെ മുഴുവന്‍ ബാധ്യതകള്‍ക്കും ഓരോരുത്തരും ബാധ്യസ്ഥരായിത്തീരുന്ന അവസ്ഥ; പങ്കാളിത്തത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിലുള്ള അസ്ഥിരത; പങ്കാളിത്ത ബിസിനസിനു വേണ്ടി കരാറുകളില്‍ ഏര്‍പ്പെടുവാന്‍ ഓരോ പങ്കാളിക്കുമുള്ള അന്തര്‍ലീനമായ അധികാരത്തിന്റെ ദൂഷ്യഫലങ്ങള്‍; പങ്കാളികളുടെ അവകാശങ്ങള്‍ മറ്റാര്‍ക്കും കൈമാറ്റം ചെയ്യാന്‍ അധികാരമില്ലാത്തതുകൊണ്ടുള്ള വിഷമങ്ങള്‍; അസന്തുലിതമായ ലാഭവിഭജനം എന്നിവയാണ്‌ കൂട്ടുകച്ചവടത്തിന്റെ പ്രധാനമായ ന്യൂനതകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍