This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂർക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂര്‍ക്ക

Chinese potato

ലാമിയേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു കിഴങ്ങുവര്‍ഗവിള. ശീമക്കിഴങ്ങ്‌, ചീവക്കിഴങ്ങ്‌ എന്നീ പേരുകളുമുണ്ട്‌. ശാ.നാ.: കോളിയസ്‌ പാര്‍വിഫ്‌ളോറസ്‌. കോ. ട്യൂബെറോസസ്‌ എന്ന പേരും ഇതിനുണ്ട്‌. കൂര്‍ക്കയുടെ നിരവധി ഇനങ്ങളുണ്ട്‌. ഇവയില്‍ ബഹുവര്‍ണങ്ങളോടുകൂടിയ ഇലകളുള്ള അലങ്കാര ഇനങ്ങളും ഉണ്ട്‌.

കൂര്‍ക്ക

ദക്ഷിണേന്ത്യയില്‍ മാത്രം പ്രചാരത്തിലുള്ള ഒരു കിഴങ്ങുവര്‍ഗവിളയാണിത്‌. ജന്മദേശം ആഫ്രിക്കയാണ്‌. വര്‍ത്തകപ്രമാണികളായ അറബികളാണ്‌ ഈ ചെടി കേരളത്തില്‍ എത്തിച്ചത്‌. ഈ കൃഷി ആദ്യമായി പ്രചരിച്ചത്‌ വടക്കേ മലബാറിലാണ്‌. ക്രമേണ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ശരാശരി 30 സെ.മീ. ഉയരത്തില്‍ വളരുന്ന ജലഭരസസ്യമാണ്‌ കൂര്‍ക്ക. ഒരു ഏകവര്‍ഷിവിളയായ ഈ സസ്യത്തിന്റെ കാണ്ഡത്തിന്‌ ബലം കുറവായതിനാല്‍ നിവര്‍ന്നു വളരാറില്ല. ഇലകള്‍ക്ക്‌ പ്രത്യേക ഗന്ധമുണ്ട്‌ (Aromatic). പുഷ്‌പങ്ങള്‍ ഇളം വയലറ്റ്‌നിറത്തിലുള്ളതാണ്‌. റസിമോസ്‌ പുഷ്‌പമഞ്‌ജരിയിലാണ്‌ പൂക്കള്‍ ഉണ്ടാകുന്നത്‌. പരാഗവന്ധ്യത (pollen sterility)കാരണം പലപ്പോഴും വിത്തുകള്‍ ഉണ്ടാകാറില്ല. തവിട്ടുനിറത്തിലുള്ള കിഴങ്ങ്‌, ചെടിയുടെ ചുവട്ടില്‍ കൂട്ടമായാണ്‌ ഉണ്ടാകുന്നത്‌.

മണ്ണും കാലാവസ്ഥയും. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കൂര്‍ക്ക നന്നായി വളരുന്നു. നല്ല നീര്‍വാര്‍ച്ചയും മിതമായ ഫലഭൂയിഷ്‌ഠതയുമുള്ള മണ്ണാണ്‌ കൃഷിക്ക്‌ ഉത്തമം. എല്ലാ മണ്ണിലും കൂര്‍ക്ക കൃഷിചെയ്യാമെങ്കിലും പശ കുറവായ മണ്ണാണ്‌ ഏറ്റവും പറ്റിയത്‌. കേരളത്തില്‍ കൂര്‍ക്ക ഒരു വര്‍ഷകാല വിളയാണ്‌. ശ്രീലങ്ക, മലയ, ജാവ, ഇന്‍ഡോചൈന, ആഫ്രിക്കന്‍ ഉഷ്‌ണമേഖലാപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്‌ കൂര്‍ക്ക കൂടുതലായും കൃഷി ചെയ്യുന്നത്‌. വിത്തും വിതയും. കിഴങ്ങുകള്‍ വിത്തായി ഉപയോഗിക്കുന്നു. ഏപ്രില്‍ -മേയ്‌ മാസങ്ങളില്‍ കിഴങ്ങുകള്‍ നടുന്നു. ഒരു കിഴങ്ങില്‍ നിന്ന്‌ നിരവധി മുളകള്‍ ഉണ്ടാകും. ഒരു മാസം കഴിഞ്ഞ്‌ അഞ്ചിലയോടുകൂടിയ മുളകള്‍ പറിച്ചെടുത്ത്‌ 15 സെ.മീ. അകലത്തില്‍ തടങ്ങളില്‍ നടുന്നു. രണ്ടാഴ്‌ചയ്‌ക്കകം ഇവ വളരുന്നു. ഇവയില്‍ നിന്ന്‌ ഉണ്ടാകുന്ന പുതിയ തലകളും നടുന്നതിനുപയോഗിക്കാറുണ്ട്‌. 0.2 ഹെക്‌ടര്‍ സ്ഥലത്തുനിന്ന്‌ ഒരു ഹെക്‌ടറിലേക്കാവശ്യമായ തലകള്‍ ഇങ്ങനെ ലഭിക്കും. കന്നുകാലികളുടെ മൂത്രം ആവശ്യത്തിനു വെള്ളം ചേര്‍ത്ത്‌ നനയ്‌ക്കുന്നത്‌ ഉത്തമമാണ്‌. മറ്റു വളപ്രയോഗം ആവശ്യമില്ല.

നടീല്‍ . ഒരുക്കിയ നിലത്തില്‍ ഹെക്‌ടറിന്‌ 10 ടണ്‍ കാലിവളം ചേര്‍ക്കണം. 45 സെ.മീ. വ്യാസത്തിലുള്ള തടങ്ങളില്‍ 5 മുതല്‍ 8 വരെ സെ.മീ. അകലത്തില്‍ , മുറിച്ച തലകള്‍ രണ്ടോ മൂന്നോ എന്ന ക്രമത്തില്‍ നടണം. തടങ്ങള്‍ തമ്മില്‍ 60 മുതല്‍ 90 വരെ സെ.മീ. അകലം ഉണ്ടായിരിക്കണം. കളകള്‍ കാലാകാലങ്ങളില്‍ നീക്കി മണ്ണ്‌ ചുവട്ടിലേക്ക്‌ അടുപ്പിക്കണം. രാസവളപ്രയോഗത്താല്‍ വിളവ്‌ കൂടുന്നു. ഒരു ഹെക്‌ടറിന്‌ 30:60:50 കിലോഗ്രാം പാക്യജനകം (നൈട്രജന്‍), ഭാവഹം (ഫോസ്‌ഫറസ്‌), ക്ഷാരം (പൊട്ടാഷ്‌) എന്ന ക്രമത്തില്‍ ഉപയോഗിക്കണം.

വിളവെടുപ്പ്‌. 5-6 മാസംകൊണ്ട്‌ വളര്‍ച്ച പൂര്‍ത്തിയാകുന്നു. നിലം ഇളക്കി കിഴങ്ങുകള്‍ ശേഖരിക്കാം. കിഴങ്ങുകള്‍ വായുസഞ്ചാരമുള്ള മുറികളില്‍ നിരത്തി ഇടണം. വിത്തിന്‌ ഉപയോഗിക്കുന്ന കിഴങ്ങുകള്‍ ഉമി ചേര്‍ത്ത്‌ സംഭരിച്ചുവയ്‌ക്കുന്നു.

വേരുകളെ ആക്രമിക്കുന്ന ഒരിനം "നെമറ്റോഡു'കളെ നശിപ്പിക്കുന്നതിന്‌ വിളവിറക്കുന്നതിനുമുമ്പായി നിലം താഴ്‌ത്തി ഉഴുതുമറിക്കുകയും ആവര്‍ത്തനവിളസമ്പ്രദായം നടപ്പാക്കുകയും വേണം. പോഷകമൂല്യങ്ങള്‍. മറ്റു കിഴങ്ങുവര്‍ഗങ്ങളെപ്പോലെ കൂര്‍ക്കയും ഭക്ഷണത്തിന്‌ ഉപയോഗിക്കാം. പോഷകമൂല്യം താഴെ വിവരിക്കും പ്രകാരമാണ്‌: ജലാംശം-77.6 ശതമാനം, അന്നജം-10.7 ശതമാനം, പ്രോട്ടീന്‍ (മാംസ്യം)-1.3 ശതമാനം, കൊഴുപ്പ്‌-0.1 ശതമാനം, ധാതുക്കള്‍-0.9 ശതമാനം, നാരുകള്‍-0.4 ശതമാനം അന്നജപ്രധാനമായ കൂര്‍ക്കക്കിഴങ്ങ്‌ സ്വാദിഷ്‌ഠമാണ്‌. വിവിധരീതിയില്‍ പാചകംചെയ്‌ത്‌ ഇതു ഭക്ഷിക്കാറുണ്ട്‌. മരച്ചീനി, മധുരക്കിഴങ്ങ്‌, ചേന എന്നിവയിലുള്ളതിനെക്കാള്‍ കൂടുതല്‍ പ്രോട്ടീന്‍ ഇതിലടങ്ങിയിരിക്കുന്നു.

(ഡോ. എസ്‌. രാമചന്ദ്രന്‍നായര്‍)

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%82%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍