This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍

ആധുനിക സൗകര്യങ്ങളോടു കൂടിയ വെയര്‍ഹൗസ് - നെടുമ്പാശ്ശേരി

കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ചുവയ്ക്കുന്നതിനുവേണ്ടി കേരള ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ സ്ഥാപനം. ആള്‍ ഇന്ത്യാ റൂറല്‍ ക്രെഡിറ്റ് സര്‍വേ കമ്മിറ്റിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1956-ല്‍ പാസാക്കപ്പെട്ട 'അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് ഡെവലപ്മെന്റ് ആന്‍ഡ് വെയര്‍ഹൗസിങ്) കോര്‍പ്പറേഷന്‍' ആക്റ്റിലെ വ്യവസ്ഥകള്‍ ആധാരമാക്കി നാഷണല്‍ കോ-ഓപ്പറേറ്റീവ് ആന്‍ഡ് വെയര്‍ഹൗസിങ് ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു. ഈ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ഫണ്ട്, നാഷണല്‍ വെയര്‍ഹൗസിങ് ഫണ്ട് എന്നീ രണ്ടു ഫണ്ടുകളുമുണ്ട്. കാര്‍ഷികോത്പന്നങ്ങള്‍ ശേഖരിച്ചു പണ്ടകശാലകളില്‍ സൂക്ഷിക്കുന്ന പരിപാടിയുടെ ആസൂത്രണം, ഏകീകരണം, നടപ്പാക്കല്‍ എന്നിവയുടെ ചുമതല നാഷണല്‍ വെയര്‍ഹൗസിങ് ഫണ്ടിനാണ്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് ബോര്‍ഡ് ഉത്പന്നങ്ങളുടെ ശേഖരണം, സൂക്ഷിപ്പ് എന്നിവ നിര്‍വഹിക്കുന്നത് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനിലൂടെയും സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷനുകളിലൂടെയുമാണ്. ഇതിന്റെ ഫലമായാണ് 1962-ല്‍ സംസ്ഥാനതലത്തില്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനുകള്‍ സ്ഥാപിതമായത്. 1956-ലെ നിയമത്തിനുപകരം 1962-ല്‍ പാസാക്കപ്പെട്ട വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ ആക്റ്റ് എന്ന കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനം നടക്കുന്നത്.

കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ 1959 ഫെ. 20-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും യഥാര്‍ഥത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത് 1960-ല്‍ മാത്രമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന 60 വെയര്‍ഹൗസുകള്‍ക്ക് മൊത്തം 2,02,472 മെട്രിക്ടണ്‍ ശേഖരണശേഷിയുണ്ട്. കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പ്പറേഷനും കേരളഗവണ്‍മെന്റും നിയമിക്കുന്ന 10 ഡയറക്ടര്‍മാരടങ്ങിയ ഒരു ബോര്‍ഡ് ഒഫ് ഡയറക്ടേഴ്സാണ് കോര്‍പ്പറേഷന്റെ ഭരണം നിയന്ത്രിക്കുന്നത്.

കീടബാധ തടയുന്നതിനുവേണ്ട ക്രമീകരണങ്ങളും പണ്ടകശാലകളിലുണ്ട്. നിക്ഷേപകരുടെ ഉത്പന്നങ്ങള്‍ ന്യായമായ നിരക്കില്‍ പണ്ടകശാലകളിലെത്തിക്കുന്നതിനുപുറമേ അവ വിപണനം ചെയ്യുന്നതിനാവശ്യമായ സൌകര്യങ്ങളും കോര്‍പ്പറേഷന്‍ ചെയ്തുവരുന്നു. തീപിടിത്തം, വെള്ളപ്പൊക്കം, കവര്‍ച്ച എന്നിവയ്ക്കെതിരായുള്ള ഇന്‍ഷ്വറന്‍സ് സൗകര്യങ്ങള്‍ കോര്‍പ്പറേഷന്‍ ചെയ്യുന്നതുകൊണ്ട് നിക്ഷേപകരുടെ നഷ്ടസാധ്യതകള്‍ പരമാവധി കുറവാണെന്നുള്ളതും ശ്രദ്ധേയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍