This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈലോപോഡ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈലോപോഡ

Chilopoda

അകശേരുകി ഫൈലമായ ആര്‍ത്രോപോഡയിലെ ഒരു വിഭാഗം. മിറിയാപോഡ എന്ന ഉപഫൈലത്തില്‍ ഉള്‍പ്പെടുന്ന കൈലോപോഡ വിഭാഗത്തില്‍ പഴുതാര (Centipede) പോലുള്ള ജീവികളാണ് ഉള്ളത്. ആര്‍ട്ടിക് പ്രദേശത്തൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലെയും കരപ്രദേശത്ത് കൈലോപോഡകളെ കാണാം. അകശേരുകികളിലെ ഇരപിടിയന്‍ (predators) ജീവികളില്‍ വലുപ്പത്തില്‍ ഒന്നാംസ്ഥാനമാണ് ഇവയ്ക്കുള്ളത്.

കൈലോപോഡകള്‍ക്ക് വ്യതിരിക്തമായ ഒരു തലയും നിരവധി (പതിനഞ്ചോ അതിലധികമോ) സദൃശഖണ്ഡങ്ങളോടുകൂടിയ നീണ്ട ഒരു ഉടലും ഉണ്ട്. തലയില്‍ ഒരു ജോടി ഗ്രാഹികളുണ്ട്. മിക്ക ഖണ്ഡങ്ങളുടെയും പാര്‍ശ്വഭാഗത്തായി ഒരു ജോടി കാലുകള്‍ വീതം ഘടിപ്പിച്ചിരിക്കുന്നു. ഇത്തരത്തില്‍ 200 മുതല്‍ 300 വരെ കാലുകളുള്ള കൈലോപോഡകളുണ്ട്. ഉടലിന്റെ അവസാനഖണ്ഡങ്ങളില്‍ കാലുകള്‍ കാണാറില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ അവ അല്പവികസിതങ്ങളായിരിക്കും. തലയ്ക്കുപിന്നിലെ ആദ്യഖണ്ഡത്തിലെ കാലുകള്‍ വിഷമുള്ള ഹനുക്കളായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവ പരിഗ്രാഹികള്‍ (forcipules) എന്ന പേരിലാണറിയപ്പെടുന്നത്. ഓരോ ശരീരഖണ്ഡത്തിലും കാലുകള്‍ ഉള്ള തേരട്ടകള്‍ (millipedes) ഡില്ലോപോഡ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

സെന്റിപീഡുകളുടെ അധ്യാവരണം (integument) നേര്‍മയേറിയതും ഇലാസ്തികസ്വഭാവമുള്ളതുമാണ്. ശരീരം നീളം കൂടിയതും പലപ്പോഴും ചരടുപോലെയോ റിബണ്‍ പോലെയോ തോന്നിക്കുന്നതുമാണ്. ഇവയുടെ ശരീരത്തിന്റെ നീളം മൂന്ന് മി.മീ. മുതല്‍ 20 സെ.മീ. വരെ വിവിധ സ്പീഷീസുകളില്‍ വ്യത്യസ്തമാവാറുണ്ട്.

തലയെ ആവരണം ചെയ്യുന്ന പരന്നുവളഞ്ഞ ഒരു തളികാസമാനഭാഗം കാണുന്നു. ഇതിന്റെ വക്കുകള്‍ ഉള്ളിലേക്ക് വളഞ്ഞ് അതിനടിയില്‍ ഒരു പൊള്ളയായ അറ സൃഷ്ടിക്കുന്നു. വദനഭാഗങ്ങള്‍ ഈ അറക്കുള്ളിലാണു സ്ഥിതി ചെയ്യുന്നത്. തലയുടെ മുന്‍ഭാഗത്ത് ഒരു ജോടി ഗ്രന്ഥികള്‍ ഉണ്ട്. സ്വതന്ത്രങ്ങളായ ഒരുപറ്റം ഉത്തല (convex)നേത്രങ്ങള്‍ ചേര്‍ന്നാണ് കണ്ണ് രൂപം കൊണ്ടിട്ടുള്ളത്. ജിയോഫില്ലിഡെ കുടുംബത്തിലെ ജീവികള്‍ക്ക് കണ്ണുകളില്ലാതാനും. ഒരു തളികയുടെ ആകൃതിയാണ് ലേബ്രത്തിനുള്ളത്. മാന്‍ഡിബിളുകള്‍ ശക്തങ്ങളാണ്. ഇതിനു പിന്നിലായി രണ്ടു ജോഡി മാക്സിലകള്‍ കാണപ്പെടുന്നു.

ശരീരത്തിനുള്ളില്‍ കാണപ്പെടുന്ന വായുനാളികള്‍ അഥവാ ട്രാക്കിയകള്‍ വഴിയാണ് ശ്വസനം നടക്കുന്നത്. ഈ നാളികള്‍ ശരീരത്തിന്റെ വശങ്ങളിലേക്ക് തുറക്കുന്നു. എന്നാല്‍ സ്കൂട്ടിജെറിഡാ കുടുംബത്തിലെ ജീവികളുടെ വായുനാളികള്‍ ശരീരത്തിന്റെ മുകള്‍ഭാഗത്തായാണ് തുറക്കുക. ഈ വായുനാളികള്‍ അന്യോന്യം ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. നാഡീവ്യൂഹത്തില്‍ ഒരു അധരതന്ത്രികാരജ്ജു ഉണ്ട്. ഇത് മുന്നറ്റത്ത് പരിഗ്രസനവലയത്തില്‍ അവസാനിക്കുന്നു. പരിഗ്രസനവലയത്തിന്റെ അടിയിലും മുകളിലും ഓരോ നാഡീഗുച്ഛികയുണ്ട്. ഈ ഗുച്ഛികകളാണ് മസ്തിഷ്കത്തിന്റെ ധര്‍മം നിറവേറ്റുന്നത്. അന്നനാളിക്ക് നീണ്ട ഒരു കുഴലിന്റെ രൂപമാണുള്ളത്. ഇത് തുടക്കത്തില്‍ ഉമിനീര്‍ഗ്രന്ഥിയുടെ സ്രവങ്ങളും അവസാനഭാഗത്തായി വിസര്‍ജനാവയവങ്ങളായ മാല്‍പീജിയന്‍ റ്റ്യൂബുകളുടെ സ്രവങ്ങളും സ്വീകരിക്കുന്നു.

പ്രത്യുത്പാദനാവയവങ്ങള്‍ അന്നനാളിക്കുമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഉടലിന്റെ പിന്നറ്റത്തായുള്ള ഉത്പാദകഖണ്ഡത്തിലൂടെ പുറത്തേക്കു തുറക്കുന്നു. കൈലോപോഡകളില്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള വികാസഘട്ടങ്ങള്‍ കാണപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഗോത്രത്തെ രണ്ട് ഉപവിഭാഗങ്ങളായി വിഭജിച്ചിരിക്കുന്നത്. എപ്പിമോര്‍ഫാ വിഭാഗത്തിലെ കുഞ്ഞുങ്ങള്‍ മുട്ടയില്‍ നിന്നും പുറത്തുവരുമ്പോള്‍ത്തന്നെ അവയ്ക്ക് ശരീരഖണ്ഡങ്ങളും കാലുകളും പൂര്‍ണ എണ്ണത്തില്‍ കാണപ്പെടുന്നു. എന്നാല്‍ അനമോര്‍ഫാ വിഭാഗത്തിലെ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഏഴു ജോടി കാലുകള്‍ മാത്രമേ കാണാറുള്ളൂ. തുടര്‍ന്നുനടക്കുന്ന പടംപൊഴിക്കലിലൂടെയാണ് ഇവ കാലുകളുടെ എണ്ണം തികയ്ക്കുന്നത്.

സെന്റിപീഡുകള്‍ എല്ലാം തന്നെ രാത്രിഞ്ചരന്മാരാണ്. പകല്‍വെളിച്ചത്തില്‍ ഇവ ഇലകളുടെയോ തടികളുടെയോ കല്ലുകളുടെയോ മറവില്‍ കഴിഞ്ഞുകൂടുന്നു. ഇവിടെയാണ് പെണ്‍ജീവികള്‍ മുട്ടയിടുന്നത്. മുട്ട ഒറ്റയായോ കൂട്ടമായോ കാണപ്പെടുന്നു. വിരിഞ്ഞിറങ്ങും വരെ മുട്ടയെ സൂക്ഷിക്കേണ്ട ചുമതല മാതാവിനാണ്.

കൈലോപോഡകള്‍ എല്ലാം തന്നെ മാംസാഹാരികളാണ്. അന്യോന്യം ഭക്ഷിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ഒച്ചുകളും മണ്ണിരകളുമാണ് ഇവയുടെ പ്രധാന ഇരകള്‍.

കൈലോപോഡയെ അഞ്ച് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. സ്കൂട്ടിജെറോമോര്‍ഫ, ലിത്തോബയോമോര്‍ഫ, ക്രാറ്ററോസ്റ്റിഗ്മോ മോര്‍ഫ, സ്കോളോപെന്‍ഡ്രോ മോര്‍ഫ, ജിയോഫിലോമോര്‍ഫ എന്നിവയാണവ. ഇവയില്‍ 13 കുടുംബങ്ങളിലായി 8000-ത്തോളം സ്പീഷീസ് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഫോസില്‍ത്തെളിവുകളില്‍ നിന്നും ഭൂമിയിലെ ആദ്യജന്തുവിഭാഗത്തില്‍ ഒന്നായിരുന്നു കൈലോപോഡകള്‍ എന്നു കാണാം.

"http://www.web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%88%E0%B4%B2%E0%B5%8B%E0%B4%AA%E0%B5%8B%E0%B4%A1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍