This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാമര്‍സ്, ഹെന്റിക് അന്തോണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാമര്‍സ്, ഹെന്റിക് അന്തോണി

Kramers, Henrik Anthony (1894 - 1952)

ഡച്ച് ഭൗതികശാസ്ത്രജ്ഞന്‍. ഒരു സംഗീതവിദ്വാനും ഭാഷാശാസ്ത്രജ്ഞനും കൂടിയായിരുന്നു ക്രാമര്‍സ്.

1894 ഡി. 17-ന് നെതര്‍ലന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ ജനിച്ചു. 1912-ല്‍ സൈദ്ധാന്തികഭൗതികത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം 1916-ല്‍ ഒരു സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായി. അക്കൊല്ലം കോപ്പന്‍ഹേഗനില്‍ നീല്‍സ്ബോറിന്റെ അടുത്ത സഹപ്രവര്‍ത്തകനാകാന്‍ ഇദ്ദേഹത്തിനവസരം ലഭിച്ചു. 1920-ല്‍ ആരംഭിച്ച 'നീല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിയറിറ്റിക്കല്‍ ഫിസിക്സില്‍' ഒരു അസിസ്റ്റന്റായി ചേര്‍ന്ന ക്രാമര്‍സ് 1924-ല്‍ ലക്ചററായി. 1926-ല്‍ ഉട്രെഷ്റ്റില്‍ സൈദ്ധാന്തിക ഭൗതികത്തിന്റെ തലവനായും 1934 മുതല്‍ മരണം വരെ ലൈഡനില്‍ ഭൗതികശാസ്ത്ര പ്രൊഫസര്‍ എഹ്റന്‍ഫെസ്റ്റിന്റെ പിന്‍ഗാമിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

കോപ്പന്‍ഹേഗനില്‍ ക്രാമര്‍സ് ക്വാണ്ടം സിദ്ധാന്തത്തിന്റെ സാധ്യതകളെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. 1919-ല്‍ ലൈഡനില്‍ സമര്‍പ്പിച്ച ഡോക്ടറല്‍ തീസിസില്‍ ഇദ്ദേഹം തന്റെ ഗവേഷണഫലങ്ങള്‍ക്ക് ഗണിതീയ സൂത്രവാക്യങ്ങള്‍ നല്കിയിരുന്നു. 'റോയല്‍ ഡാനിഷ് അക്കാദമി ഒഫ് സയന്‍സസ്' ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈഡ്രജനില്‍ 'സ്റ്റാര്‍ക് പ്രഭാവ'ത്തിന്റെ ആപേക്ഷികീയ സിദ്ധാന്തം (1920), തുടര്‍ച്ചയായ എക്സ്റേ സ്പെക്ട്രം (1923) തുടങ്ങിയ ഗവേഷണപ്രബന്ധങ്ങളും ഈ കാലഘട്ടത്തില്‍ ക്രാമര്‍സ് തയ്യാറാക്കി. പ്രാഥമിക പ്രക്രിയകളില്‍ ഊര്‍ജസംരക്ഷണനിയമം സാധുവാകണമെന്നില്ലെന്നു നിര്‍ദേശിക്കുന്ന പ്രബന്ധം ബോര്‍, ജെ.സി.സ്ളേറ്റര്‍ എന്നിവരോടൊത്താണ് ക്രാമര്‍സ് രൂപപ്പെടുത്തി (1924). ക്രാമര്‍സിന്റെ പ്രകീര്‍ണനസിദ്ധാന്തത്തിന്റെ അടിത്തറയാണ് പ്രബന്ധത്തിലെ ആശയം. ഹൈസന്‍ബര്‍ഗിനോടൊത്ത് ഇതിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രബന്ധവും ഇദ്ദേഹം തയ്യാറാക്കുകയുണ്ടായി (1924). സി.വി. രാമന്‍ പിന്നീട് പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച 'രാമന്‍ പ്രഭാവ'ത്തിന്റെ പരിമാണാത്മകമായ വിവരണമായിരുന്നു ഈ പ്രബന്ധം. ക്വാണ്ടം മെക്കാനിക്സ്, ബഹുലസ്പെക്ട്ര സംരചനാസിദ്ധാന്തം, അനുകാന്തത (paramagnetism), ഫെറോകാന്തത (ferromagnetism), വാതകഗതികസിദ്ധാന്തം തുടങ്ങി സൈദ്ധാന്തിക ഭൗതികത്തിലെ പ്രധാനപ്പെട്ട എല്ലാ ശാഖകളിലും ക്രാമര്‍സിന്റെ സംഭാവനകള്‍ കാണാം.

1946-ല്‍ യുണൈറ്റഡ് നേഷന്‍സ് അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍, 1946-50 കാലത്ത് 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് പ്യൂര്‍ ആന്‍ഡ് അപ്ളൈഡ് ഫിസിക്സി'ന്റെ അധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഓണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. 1952 ഏ. 24-ന് നെതര്‍ലന്‍ഡ്സിലെ ഓഗസ്റ്റ് ഗീസ്റ്റില്‍ ക്രാമര്‍സ് അന്തരിച്ചു.

(ഡോ. എ.സി. വാസു)

താളിന്റെ അനുബന്ധങ്ങള്‍