This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാമര്‍, ഗബ്രിയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാമര്‍, ഗബ്രിയല്‍

Cramer, Gabriel (1704 - 52)

സ്വിസ് ഗണിതശാസ്ത്രജ്ഞന്‍. 1704 ജൂല. 31-ന് ജനീവയില്‍ ജനിച്ചു. ജനീവയിലെ വിദ്യാഭ്യാസത്തിനു ശേഷം 18-ാം വയസ്സില്‍ ശബ്ദത്തെക്കുറിച്ച് ഇദ്ദേഹം ഒരു ഗവേഷണപ്രബന്ധം തയ്യാറാക്കി. 20-ാം വയസ്സില്‍ ജനീവയിലെ കെല്‍വിന്‍ അക്കാദമിയില്‍ ഫിലോസഫി പ്രൊഫസറാകാന്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും ക്രാമര്‍ തത്തുല്യമായ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. ജ്യാമിതിയും ബലതന്ത്ര(Mechanics)വും പഠിപ്പിച്ചുകൊണ്ടിരുന്ന ക്രാമര്‍, 1734-ല്‍ ഗണിതശാസ്ത്ര പ്രൊഫസറായും 1750-ല്‍ ഫിലോസഫി പ്രൊഫസറായും നിയമിക്കപ്പെട്ടു.

ക്രാമറുടെ താത്പര്യങ്ങള്‍ വിശാലവും പ്രായോഗികവുമായിരുന്നു. കോണ്‍സേയ് ദേ ദ് സാങ് (Counseil des Deux-cents), കോണ്‍സേയ് ദേ സ്വസാന്ത് (Counseil des Soixante) എന്നീ ഭരണസഭകളില്‍ ഇദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചു. പുരാവസ്തു ഗവേഷണങ്ങളിലും ഇദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞന്മാരായ യൊഹാന്‍ ബെര്‍ണോളി, ഓയ്ലര്‍, നിക്കൊളാസ് സോണ്ടേഴ്സന്‍, ഹാലി, മൊവെയര്‍, സ്റ്റെര്‍ലിങ്, ബഫന്‍, ക്ളെയ്റോ തുടങ്ങിയവരെ നേരില്‍ക്കണ്ടു പരിചയപ്പെടാന്‍ ഇദ്ദേഹത്തിന് സാധിച്ചു.

ലണ്ടനിലെ റോയല്‍ സൊസൈറ്റിയിലും ബര്‍ലിന്‍, ലിയോണ്‍സ്, മോണ്ട്പെലിയര്‍ എന്നീ അക്കാദമികളിലും ബൊളോണോ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇദ്ദേഹം അംഗമായിരുന്നു. ഡിറ്റര്‍മിനന്റിന്റെ സഹായത്താല്‍ ബഹുചരസമവാക്യങ്ങളിലെ ചരങ്ങളുടെ മൂല്യം കണ്ടെത്താന്‍ സാധിക്കുന്ന ക്രാമര്‍ നിയമ(cramer's rule)വുംna ഓര്‍ഡര്‍ വക്രം അനന്യ (unique)മായി നിര്‍ണയിക്കാന്‍ വേണ്ട ബിന്ദുക്കളെ സംബന്ധിച്ചുള്ള ക്രാമര്‍ പാരഡോക്സും ഗണിതശാസ്ത്രചരിത്രത്തില്‍ ഇദ്ദേഹത്തിന്റെ സ്ഥാനം ശാശ്വതീകരിച്ച രണ്ടു പ്രധാന ആശയങ്ങളാണ്. ഈ രണ്ട് ആശയങ്ങളും മെക്ക്ളാറിന്റെ പേരുമായി ബന്ധിപ്പിച്ചും കാണുന്നുണ്ട്. ഇന്‍ഡ്രൊടക്ഷന്‍ എ അനലൈസ് ഡെസ് ലിഗനെസ് കൗര്‍ബ്സ് ആള്‍ജിബ്രയിക്സ് (1790) ആണ് ക്രാമറുടെ ഒരേയൊരു പ്രധാനപ്പെട്ട ബൃഹത് കൃതി. എഡിറ്റര്‍ എന്ന നിലയിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1752 ജനു 4-ന് ഫ്രാന്‍സിലെ ബാഞ്ഞോള്‍ സ്യൂര്‍സെസ് (Bagnols Sur-Ceze)-ല്‍ ക്രാമര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍