This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്പി, ഫ്രാന്‍സെസ്കോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്പി, ഫ്രാന്‍സെസ്കോ

Crispi, Francesco (1819 - 1901)

ഇറ്റലിയിലെ രാഷ്ട്രീയനേതാവും ഭരണതന്ത്രജ്ഞനും. 1819 ഒ. 4-ന് സിസിലിയനിലെ റിബേറിയില്‍ ജനിച്ചു. 1837-ല്‍ നിയമബിരുദം നേടിയശേഷം രാഷ്ട്രീയത്തില്‍ വ്യാപൃതനാവുകയും 1848 ജനു. 2-ന് സിസിലിയില്‍ നടന്ന വിപ്ലവത്തിനു നേതൃത്വം നല്കുകയും ചെയ്തു. ബൂര്‍ബണ്‍ ഭരണം താത്കാലികമായി അവസാനിക്കുകയും സിസിലിയന്‍ താത്കാലിക ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും ചെയ്തപ്പോള്‍ ക്രിസ്പി പ്രസ്തുത ഭരണകൂടത്തില്‍ അംഗമായി. എന്നാല്‍ രാജാവായ ഫെര്‍ഡിനന്റ് രണ്ടാമന്റെ നേതൃത്വത്തില്‍ ബൂര്‍ബണ്‍ ഭരണം വീണ്ടും സ്ഥാപിതമായതോടെ (1849 മേയ് 15) ക്രിസ്പിക്ക് മാള്‍ട്ടാ, ലണ്ടന്‍, പാരിസ്, എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. 1859-ല്‍ ഇറ്റലിയില്‍ തിരികെ വന്ന് സിസിലിയില്‍ വിപ്ലവം സംഘടിപ്പിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് 1860-ല്‍ ഗാരിബാള്‍ഡിയോടു ചേര്‍ന്ന് സമരം നടത്തുകയും തെക്കന്‍ ഇറ്റലിയെ സ്വതന്ത്രമാക്കുകയും ചെയ്തു.

1861-ല്‍ ക്രിസ്പി ഇറ്റലിയിലെ നാഷണല്‍ പാര്‍ലമെന്റില്‍ ഡെപ്യൂട്ടി ആവുകയും 1876-ല്‍ ചേംബര്‍ ഒഫ് ഡെപ്യൂട്ടീസിന്റെ പ്രസിഡന്റായി ഉയരുകയും ചെയ്തു. 1877-ല്‍ ആഭ്യന്തരമന്ത്രിയായി; എങ്കിലും ദ്വിഭാര്യാത്വം സംബന്ധിച്ചുണ്ടായ ആരോപണങ്ങളെത്തുടര്‍ന്ന് 1878-ല്‍ ഇദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു.

1887-ല്‍ ടെപ്രിട്ടീസിന്റെ മരണത്തെത്തുടര്‍ന്ന് ക്രിസ്പി പ്രധാനമന്ത്രിയായി (1887 ജൂല.29) ഈ കാലങ്ങളില്‍ ഇദ്ദേഹം ട്രിപ്പിള്‍ അലയന്‍സിന്റെ (ജര്‍മനി, ആസ്ട്രിയ, ഹംഗറി, ഇറ്റലി) ശക്തമായ രൂപവത്കരണത്തിനുവേണ്ടി പരിശ്രമിക്കുകയുണ്ടായി. 1891-ല്‍ അധികാരം നഷ്ടപ്പെട്ടുവെങ്കിലും 1893-ല്‍ വീണ്ടും പ്രധാനമന്ത്രിയായി. പക്ഷേ, ഇറ്റലിക്ക് എത്യോപ്യയില്‍ നേരിട്ട പരാജയത്തെത്തുടര്‍ന്ന് 1896-ല്‍ ഇദ്ദേഹം രാജിവച്ചു. 1901 ആഗ. 11-ന് നേപ്പിള്‍സില്‍ ക്രിസ്പി മരണമടഞ്ഞു.

(സ്റ്റാന്‍ലി ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍