This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രെയ്ഗ്, എഡ്വേഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രെയ്ഗ്, എഡ്വേഡ്

Craig, Edward Gordon (1872 - 1966)

ബ്രിട്ടീഷ് നടനും സ്റ്റേജ് സംവിധായകനും. ആധുനിക നാടകവേദിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള നടനാണ് എഡ്വേഡ് ക്രെയ്ഗ്. പ്രസിദ്ധ നടി എല്ലെന്‍ ടെറിയുടെയും നാടകനിരൂപകനായ എഡ്വേഡ് ഗോഡ്വിന്‍ ക്രെയ്ഗിന്റെയും മകനായി 1872 ജനു. 16-ന് ഹെര്‍ട്ഫോര്‍ഡ് ഷെയറില്‍ ജനിച്ചു. ചില നാടകങ്ങളില്‍ അഭിനയിച്ചെങ്കിലും ക്രമേണ സംവിധാനത്തിലും സ്റ്റേജ് 'സെറ്റിങ്ങു'കള്‍ നവീകരിക്കുന്നതിലും കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയ ഇദ്ദേഹം 'കവിത തുളുമ്പുന്ന' സ്റ്റേജ് സംവിധാനങ്ങളിലൂടെയും നവീനങ്ങളായ പ്രതീകങ്ങളിലൂടെയും യൂറോപ്യന്‍ നാടകവേദിയില്‍ ഒരു പരീക്ഷണത്തിനുതന്നെ തുടക്കം കുറിച്ചു. വെളിച്ചത്തിന്റെ നിയന്ത്രിതമായ പ്രയോഗം, ചലിക്കുന്ന 'സീനറി'കള്‍ എന്നുവേണ്ട ചലിക്കുന്ന രംഗശാലതന്നെ രൂപപ്പെടുത്തി. ഷെയ്ക്സ്പിയറിന്റെയും ഇബ്സന്റെയും നാടകങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചു. മോസ്കോ ആര്‍ട്ട് തിയെറ്ററിനുവേണ്ടി 1911-12 കാലത്ത് രംഗകല്പനചെയ്ത് സംവിധാനം നിര്‍വഹിച്ച ഹാംലെറ്റ് ഇക്കൂട്ടത്തില്‍ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

ദ് ആര്‍ട്ട് ഒഫ് ദ തിയെറ്റര്‍, റ്റുവേഡ്സ് എ ന്യു തിയെററര്‍, സീന്‍, ദ് തിയെറ്റര്‍ അഡ്വാന്‍സിങ് തുടങ്ങിയവ ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ക്രെയ്ഗിന്റെ ഗ്രന്ഥങ്ങളാണ്. ഇന്‍ഡക്സ് റ്റു ദ് സ്റ്റോറി ഒഫ് മൈ ഡേസ് എന്ന ഇദ്ദേഹത്തിന്റെ ആത്മകഥയും നാടകസങ്കേതങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

നിലവിലുള്ള തിയെറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായ രംഗസജ്ജീകരണങ്ങളാണ് ക്രെയ്ഗിന്റെ പരിഷ്കാരങ്ങള്‍ എന്ന് ചിലരെങ്കിലും ആക്ഷേപമുന്നയിച്ചിരുന്നു. എന്നാല്‍ ആധുനിക സാങ്കേതികവിദ്യകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചതോടെ അപ്രായോഗികങ്ങള്‍ എന്നു പറഞ്ഞിരുന്ന ക്രെയ്ഗിന്റെ പരിഷ്കാരങ്ങള്‍ പിന്നീട് പ്രായോഗികങ്ങളും മികവുറ്റതും ആയി മാറി.

1966 ജൂല. 29-ന് ഫ്രാന്‍സിലെ വെന്‍സില്‍ (Vence) ക്രെയ്ഗ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍