This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലേ,പൗള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലേ,പൗള്‍

Klee, Paul (1879 - 1940)

പൗള്‍ ക്ലേ

സ്വിസ്ചിത്രകാരന്‍. സ്വിറ്റ്സര്‍ലണ്ടിന്റെ തലസ്ഥാനമായ ബേര്‍ണിനു സമീപം മുന്‍ഹെന്‍ബുഹ്സിയില്‍ 1879 ഡി. 18-ന് ഒരു സംഗീതജ്ഞന്റെ മകനായി ജനിച്ചു. 20-ാം ശതകത്തിന്റെ ആദ്യപകുതിയിലെ ആധുനിക യൂറോപ്യന്‍ കലയുടെ വക്താവായി ഇദ്ദേഹം അറിയപ്പെടുന്നു. ജലച്ചായത്തിലായിരുന്നു ക്ലേയുടെ ചിത്രങ്ങള്‍ മിക്കതും. അമ്ലംകൊണ്ടുള്ള ചിത്രപ്പണികളും (etching) ഗ്രാഫിക്കുകളും ഇദ്ദേഹം നടത്താറുണ്ടായിരുന്നു. തന്മൂലമാകാം ക്ലേയുടെ ചിത്രങ്ങള്‍ക്ക് ഗാനാത്മകമായ ചലനമുണ്ടായത്. ഗണിതശാസ്ത്രപരമായ വ്യക്തതയും വര്‍ണശബളിമയും വിചിത്രകല്പനയും വസ്തുനിഷ്ഠമായ സാങ്കല്പികതയും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയാണ്. സ്വന്തം സങ്കല്പങ്ങളിലൂടെയെങ്കിലും സുന്ദരമായ ഒരു ലോകവും ഗാനാത്മകമായ അന്തരീക്ഷവും വര്‍ണങ്ങളിലൂടെ സൃഷ്ടിക്കാനുള്ള ക്ലേയുടെ ശ്രമം മലെര്‍നി, വെര്‍ലെയിന്‍സ്, ബാന്‍ഡെലെയര്‍, ലൊറിയാ തുടങ്ങിയ ആധുനിക യൂറോപ്യന്‍ കവികളെയാണ് അനുസ്മരിപ്പിക്കുന്നത്.

1911 മുതല്‍ നീല കുതിരസ്സവാരിക്കാര്‍ (ഡീ ബ്ലൗവെറൈറ്റര്‍) എന്ന എക്സ്പ്രഷണിസ്റ്റ് ഗ്രൂപ്പിലെ അംഗമായിരുന്നു ഇദ്ദേഹം. 1924 മുതല്‍ കടിന്‍സ്കി, ഫൈന്‍സ്ലിഗര്‍, യവ്ലെന്‍സ്കി എന്നിവരോടൊപ്പം ഇദ്ദേഹം 'നാലു നീലകള്‍' (ഡീ ബ്ലൗഫിയര്‍) എന്ന പേരില്‍ യൂറോപ്പിലുടനീളവും അമേരിക്കയിലും ഒരു ദശാബ്ദക്കാലം ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. സമകാലീന ചിത്രകാരന്മാരായിരുന്ന സ്റ്റുക്ക്, കുബിന്‍, കടിന്‍സ്കി, മെകെ, പിക്കാസ്സോ, എച്ച് റൂസ്സോ തുടങ്ങിയവരുടെ ആവിഷ്കാരങ്ങളില്‍നിന്ന് ക്ലേ സ്വാധീനം നേടിയിട്ടുണ്ട്. ഫ്രാന്‍സ്, ഇറ്റലി, റ്റ്യൂണിസ് (ആഫ്രിക്ക), വടക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവിടങ്ങളില്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ചെറിയ ബാഹ്യ രൂപങ്ങളിലൂടെ വലിയൊരാന്തരിക ലോകം തുറന്നു കാട്ടുന്ന ക്ലേയുടെ ശൈലി അതിയാഥാര്‍ഥ്യത്തിനും അമൂര്‍ത്തതയ്ക്കും ഇടയിലാണെന്ന് കരുതപ്പെടുന്നു.

'വണ്‍സ് എമര്‍ജിഡ് ഫ്രം ദ ഗ്രേ ഓഫ് നൈറ്റ്' - പൗള്‍ ക്ലേ

കലയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരധ്യാപകന്‍ കൂടിയായിരുന്നു ക്ലേ. 1921-30-നിടയ്ക്ക് വൈമറിലും ഡെസ്സനിലും, 1930-33-നിടയ്ക്ക് ഡ്യൂസന്‍ഡോര്‍ഫിലെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെഡഗോഗിക് സ്കിറ്റ്സ്സന്‍ ബുഹ് (അധ്യാപനത്തിനു വേണ്ടിയുള്ള സ്കെച്ച് ബുക്ക്) 1925-ല്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. തത്ത്വസംബന്ധിയാണ്, 'കലയുടെ മേഖലയിലെ പരീക്ഷണങ്ങള്‍' വിസ്സന്‍ ഷഫ്റ്റലിഹെ എക്സ്പെരിമെന്റ്-1928, 'ആധുനിക കലയെക്കുറിച്ച്' യൂബെര്‍ ഡീ മോഡേര്‍ണെകുന്‍സ്റ്റ്-1948 എന്നിവ. സാങ്ക്ലപികവും അസംഭവ്യവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ക്ലേ തന്റെ ശൈലി വളര്‍ത്തിയെടുത്തത്. ഉപബോധമനസ്സിലെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത പല ആശയങ്ങള്‍ക്കും വിചിത്ര അര്‍ഥങ്ങള്‍ നല്കി ഇദ്ദേഹം രചിച്ചിട്ടുള്ള ചിത്രങ്ങള്‍ നിരവധിയാണ്. 1939-ല്‍ മാത്രം 1200-ഓളം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങള്‍ക്ക് ഭംഗിയുള്ള പേരുകള്‍ കൊടുക്കുന്നതിലും ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഉദാ. 'ചുവന്ന കൈ' (1939), 'ദേഹത്തിന്റെ തന്നെ ഒരു മുഖം', ഇരട്ടത്തോളുകള്‍ (1939), 'ഒരു നര്‍ത്തകിയുടെ പുനരുദ്ധാരണം' (1939) തുടങ്ങിയവ.

കൈയെഴുത്തു ചിത്രകലയെ ഇദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ജ്യാമിതീയ സൂക്ഷ്മതയുള്ളതും ഒതുക്കമുള്ളതുമായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ക്ലേ എന്ന വ്യക്തി തന്റെ എല്ലാ ചിത്രങ്ങളിലും ജീവിച്ചിരുന്നു. ഹിറ്റ്ലര്‍ഭരണകൂടം അസഹ്യമായി തോന്നിയതിനാല്‍ 1933-ല്‍ ക്ലേ സ്വിറ്റ്സര്‍ലണ്ടിലെ ബേര്‍ണര്‍ നഗരത്തിലേക്കു മടങ്ങി. നാസികള്‍ ക്ലേയുടെ നൂറോളം ചിത്രങ്ങള്‍ 'ജീര്‍ണമായവ' എന്ന പേരില്‍ കത്തിച്ചു കളഞ്ഞിരുന്നു. പക്ഷേ, ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാശേഖരങ്ങളിലെല്ലാം ക്ലേയുടെ ഏതെങ്കിലും ചിത്രങ്ങള്‍ കാണാം. ബേര്‍ണില്‍ ക്ലേ ഫൗണ്ടേഷന്‍ തന്നെയുണ്ട്. 1940 ജൂണ്‍ 30-ന് ബാസേലില്‍ ഇദ്ദേഹം അന്തരിച്ചു.

(ഡോ. വോള്‍ഫ്ഗാങ്ങ് ആഡം; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍