This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗവാസ്കര്‍, സുനില്‍. എം.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗവാസ്കര്‍, സുനില്‍. എം.

Gavaskar, Sunil .M (1949 - )

സുനില്‍ ഗവാസ്കര്‍

പദ്മഭൂഷണ്‍ ബഹുമതിക്കര്‍ഹനായ (1980) ഇന്ത്യന്‍ ക്രിക്കറ്റ് താരം. സുനില്‍ മനോഹര്‍ ഗവാസ്കര്‍ എന്നാണ് പൂര്‍ണനാമധേയം. 1949 ജൂല. 10-ന് മുംബൈയില്‍ ജനിച്ചു. ബി.എ. ബിരുദധാരിയായ ഇദ്ദേഹം മുംബൈയിലെ നിര്‍ലോണ്‍ സിന്തറ്റിക് ഫൈബര്‍ ആന്‍ഡ് കെമിക്കല്‍സിലെ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ക്രിക്കറ്റില്‍ കമ്പം കാണിച്ചിരുന്ന ഗവാസ്കര്‍ തെരുവുകളിലാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. 1986 മാ. 7-ന് പാകിസ്താനെതിരെയുള്ള നാലാമത്തെ ടെസ്റ്റില്‍ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍വച്ച് 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്സ്മാന്‍ എന്ന ബഹുമതി നേടി. ടെസ്റ്റുകളില്‍ 34 സെഞ്ച്വറികള്‍ നേടിയ ഇദ്ദേഹം ആസ്റ്റ്രേലിയയിലെ സര്‍ ഡോണാള്‍ഡ് ബ്രാഡ്മാന്റെ റിക്കാര്‍ഡ് ഭേദിക്കുകയുണ്ടായി. 1976-ല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ആസ്റ്റ്രേലിയ, പാകിസ്താന്‍, ന്യൂസിഡന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള ടെസ്റ്റുപരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ഗവാസ്കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടീമില്‍ അംഗമായിരുന്ന കാലത്ത് ടെസ്റ്റ് മാച്ചുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (214 ഇന്നിങ്സുകളിലായി 34 സെഞ്ച്വറികള്‍) നേടിയ വ്യക്തി, ടെസ്റ്റു മാച്ചുകളില്‍ ഏറ്റവുമധികം റണ്ണുകള്‍, (10,122) നേടിയ ബാറ്റ്സ്മാന്‍, തുടര്‍ച്ചയായി 106 ടെസ്റ്റുകളില്‍ പങ്കെടുത്ത വ്യക്തി (മൊത്തം 125 ടെസ്റ്റുകള്‍) തുടങ്ങിയ ലോകറിക്കാര്‍ഡുകള്‍ക്കുടമയായിരുന്നു ഗവാസ്കര്‍. ഏറ്റവും കുറച്ചു ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്ണുകള്‍ വാരിക്കൂട്ടിയ പ്രഗല്ഭന്‍, നൂറിലധികം ക്യാച്ചെടുത്ത നല്ല ഫീല്‍ഡര്‍ എന്നിങ്ങനെ നിരവധി റിക്കാര്‍ഡുകള്‍ക്കും ഉടമയായിരുന്നു ഗവാസ്കര്‍. ഒരേ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി ഒരു സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയും വെസ്റ്റിന്‍ഡീസിനെതിരായി നേടിയ ഇദ്ദേഹം 1965-ല്‍ ബോംബൈ സര്‍വകലാശാലയ്ക്കുവേണ്ടിയുള്ള കളിയില്‍ 327 റണ്ണും 1966-ലെ വിസ്സി ട്രോഫിയില്‍ പശ്ചിമമേഖലയ്ക്കുവേണ്ടി പുറത്താകാതെ 247 റണ്ണും നേടി ദേശീയതലത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. രഞ്ജിട്രോഫി, ഇറാനിട്രോഫി, ദുലീപ് ട്രോഫി എന്നീ മത്സരങ്ങളില്‍ മുംബൈയ്ക്കുവേണ്ടി പല പ്രാവശ്യം കളിച്ചിട്ടുള്ള ഗവാസ്കറെ ഇന്ത്യയിലെ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 1986 ഒക്ടോബറില്‍ 32 വജ്രങ്ങള്‍ (ടെസ്റ്റിലെ ശതകങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുകയാകാം) പതിച്ച തളിക നല്കി ബഹുമാനിച്ചു. സണ്ണിഡേസ്, ഐഡല്‍സ്, റണ്‍സ് ഇന്‍ റൂയിന്‍സ്, ഒണ്‍ ഡേ വണ്ടേഴ്സ് എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1986 നവംബറില്‍ ആന്ധ്ര സര്‍വകലാശാല 'ഡോക്ടര്‍ ഒഫ് ക്രീഡാ പ്രപൂര്‍ണ' എന്ന ബഹുമതി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചു. ഒരു സ്പോര്‍ട്സ്മാന് ഇത്തരം ഒരു ബിരുദം നല്കിയ ആദ്യത്തെ ഇന്ത്യന്‍ സര്‍വകലാശാലയാണ് ആന്ധ്ര സര്‍വകലാശാല. 1987-ല്‍ ടെസ്റ്റ് ക്രിക്കറ്റ് മാച്ചില്‍ നിന്നു വിരമിച്ച ഗവാസ്കര്‍ ബി.സി.സി.ഐ., ഐ.സി.സി.ഐ ചെയര്‍മാനായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ രാജ്യാന്തര മത്സരവേദികളിലെ ശ്രദ്ധേയനായ കമന്റേറ്ററാണ് ഗവാസ്കര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍