This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ബോര്‍ഗ്, ആര്‍നെ എവെന്‍സെന്‍ (1851 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ബോര്‍ഗ്, ആര്‍നെ എവെന്‍സെന്‍ (1851 - 1924)

Garborg, Arne Evenson

നോര്‍വീജിയന്‍ സാഹിത്യകാരന്‍. 1851 ജനു. 25-ന് റോഗലന്‍ഡില്‍ ജനിച്ചു. നോവലിസ്റ്റ്, കവി, നാടകകൃത്ത്, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. ഒന്നാംകിട സാഹിത്യനിരൂപകനും സമകാലിക സാംസ്കാരിക നിരീക്ഷകനും കൂടിയായ ഗാര്‍ബോര്‍ഗ് ഒരു ഉത്പതിഷ്ണു ആണെന്ന ആരോപണമുണ്ട്.

ഗാര്‍ബോര്‍ഗിന്റെ ആദ്യത്തെ പ്രധാന രചനയായ ബോണ്ടെസ്റ്റ്യുഡന്റാര്‍ 1883-ല്‍ പ്രസിദ്ധീകൃതമായി. തലസ്ഥാന നഗരിയില്‍ വിദ്യാഭ്യാസത്തിനെത്തുന്ന ഗ്രാമീണ ബാലന്മാരുടെ ദൈന്യതയും നഗരസംസ്കാരം അവരിലേല്പിക്കുന്ന ആഘാതവുമാണ് ഈ നോവലിലെ ഇതിവൃത്തം. ട്രാറ്റെമാന്റ് (1891), ഡെന്‍ ബര്‍റ്റ് കോമ്നെ ഫാദെറന്‍ (1899) എന്നിവയാണ് പില്ക്കാലത്തു രചിച്ച നോവലുകള്‍. ഏറെക്കുറെ വിജയിച്ച നാടകമെന്ന നിലയ്ക്ക് പ്രസിദ്ധമാണ് 1896-ല്‍ അവതരിപ്പിച്ച ലായെറാറന്‍. തരളഹൃദയയായ ഒരു ഗ്രാമീണ യുവതിയെ കഥാപാത്രമാക്കിക്കൊണ്ടു രചിച്ച ഹൗഗ്റ്റൂസ്സ (1895) എന്ന പദ്യാവലി നോര്‍വീജിയന്‍ സാഹിത്യത്തിലെ ഒരു മഹത്സൃഷ്ടിയായി ഗണിക്കപ്പെടുന്നു. ഒഡീസിയും (1918) മഹാഭാരതത്തിന്റെ ഏതാനും ഭാഗങ്ങളും ബാരണ്‍ ഹോള്‍ബെര്‍ഗിന്റെ ജെപ്പെ പാ ബെര്‍ഗെറ്റ് (1921) എന്ന നാടകവും ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ സ്ക്രഫ്റ്റെര്‍ ഇ സാമ്ളിങ് എന്ന പേരില്‍ 1944-ല്‍ എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. നോര്‍വെയിലെ രണ്ടാമത്തെ പ്രധാന ഭാഷയായ നൈനോര്‍സ്ക് (Nynorsk) കാവ്യരചനയ്ക്ക് ഉതകുന്ന ഒന്നാണെന്നു തെളിയിച്ച ഗാര്‍ബോര്‍ഗ് 1924 ജനു. 14-ന് അസ്കെറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍