This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഡ്ഇയര്‍, ചാള്‍സ് (1800 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഡ്ഇയര്‍, ചാള്‍സ് (1800 - 60)

Goodyear,Charles

വല്‍ക്കനൈസ്ഡ് റബ്ബര്‍ കണ്ടുപിടിച്ച അമേരിക്കന്‍ സാങ്കേതിക ശാസ്ത്രകാരന്‍. യു.എസ്സിലെ ന്യൂഹാവന്‍ എന്ന സ്ഥലത്ത് 1800 ഡി. 29-ന് ജനിച്ചു. പിതാവ് ഇരുമ്പ് വ്യാപാരിയായിരുന്നു. വിദ്യാഭ്യാസാനന്തരം ചാള്‍സ് വ്യാപാര പരിശീലനാര്‍ഥം ഫിലഡെല്‍ഫിയായിലേക്ക് പോയി. രണ്ടു വര്‍ഷത്തെ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ഗുഡ്ഇയര്‍ പിതാവിനെ വ്യാപാരത്തില്‍ സഹായിക്കാന്‍ തുടങ്ങി. അധികം വൈകാതെ ഇദ്ദേഹം സ്വന്തമായി ഒരു വ്യാപാരകേന്ദ്രം ആരംഭിക്കുകയും ചെയ്തു.

വ്യാപാര സംബന്ധമായി ന്യൂയോര്‍ക്ക് സന്ദര്‍ശിച്ച ഗുഡ്ഇയര്‍ ഇന്ത്യന്‍ റബ്ബര്‍ കൊണ്ടു നിര്‍മിച്ച ഉത്പന്നങ്ങള്‍ വില്പനനടത്തിയിരുന്ന ഒരു സ്റ്റോര്‍ സന്ദര്‍ശിക്കാനിടയായി. ഇന്ത്യന്‍ റബ്ബര്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ച കാലമായിരുന്നു അത്. ഇന്ത്യന്‍ റബ്ബറിന്റെ നല്ല ഭാവിയെക്കുറിച്ച് ഇദ്ദേഹത്തിന് ബോധ്യമായി. റബ്ബറിന്റെ മേന്മ വര്‍ധിപ്പിക്കാനെന്തു മാര്‍ഗം എന്നായി ഇദ്ദേഹത്തിന്റെ ചിന്ത. അതിനുള്ള പ്രായോഗിക പരീക്ഷണങ്ങളും ഇദ്ദേഹം ആരംഭിച്ചു. ദൗര്‍ഭാഗ്യവശാല്‍ 1830-ല്‍ ഇദ്ദേഹത്തിന്റെ കുടുംബം ഒരു വ്യാപാരത്തകര്‍ച്ചയിലകപ്പെട്ടു. കടക്കാരുടെ നിരന്തരശല്യം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. അവസാനം ഇദ്ദേഹം ജയിലിലുമായി. എന്നാല്‍, ജയിലിനകത്തുവച്ചും പരിമിതമായ സൗര്യങ്ങളുപയോഗിച്ച് ചാള്‍സ് റബ്ബറുമായി ബന്ധപ്പെട്ട പരീഷണങ്ങള്‍ തുടരുകയാണുണ്ടായത്.

ജയില്‍ വിമുക്തനായശേഷം 1837-ല്‍ ഇദ്ദേഹം ന്യൂയോര്‍ക്കിലേക്കു തിരിച്ചു. ഇതിനകം ഒരുതരം മെച്ചപ്പെട്ട റബ്ബറുണ്ടാക്കാനുള്ള കണ്ടുപിടിത്തം ഇദ്ദേഹം നടത്തിയിരുന്നു.ന്യൂയോര്‍ക്കിലെത്തിയ ഇദ്ദേഹം ഈ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് നേടി. ഇതുപയോഗിച്ച് കുറേ സാമ്പത്തികനേട്ടം കൈവരിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് ഇദ്ദേഹം മാസച്ചുസെറ്റ്സില്‍ വച്ച് എന്‍ ഹോവാര്‍ഡുമായി പരിചയപ്പെട്ടു. ഇദ്ദേഹത്തില്‍ നിന്നും ഗന്ധകവും റബ്ബറും കൂട്ടിക്കലര്‍ത്തി മെച്ചപ്പെട്ട റബ്ബറുണ്ടാക്കുന്ന സാങ്കേതിക വിദ്യയുടെ പേറ്റന്റ് ചാള്‍സ് ഗുഡ്ഇയര്‍ വിലയ്ക്ക് വാങ്ങി.

ഗുഡ്ഇയര്‍ തന്റെ പരീക്ഷണം തുടര്‍ന്നു. അവസാനം ഇദ്ദേഹം റബ്ബര്‍ വള്‍ക്കനൈസ് ചെയ്യുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചു. ഈ കണ്ടുപിടിത്തം തികച്ചും അപ്രതീക്ഷിതമായിരുന്നു. കൈയിലിരുന്ന ചൂടുപിടിച്ച റബ്ബര്‍ ചൂടായ സ്റ്റൗവിന് മുകളിലേക്ക് വഴുതിവീണു. ഉരുകുന്നതിന് പകരം അത് ചെറുതായൊന്ന് കരിയുകമാത്രം ചെയ്യുന്നതായി ഇദ്ദേഹം കണ്ടെത്തി. തണുത്തുറഞ്ഞ്സ്റ്റൌവില്‍ പറ്റിപിടിച്ചിരുന്ന റബ്ബര്‍ത്തുണ്ടുകള്‍ ഇദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം നടത്തിയ പരീക്ഷണങ്ങളാണ് വള്‍ക്കനൈസ്ഡ് റബ്ബറിന്റെ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്. റബ്ബര്‍ മിശ്രിതത്തെ തപിപ്പിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് ഇദ്ദേഹം വള്‍ക്കനൈസേഷന്‍ എന്ന പേരും നല്കി. റോമന്‍ അഗ്നിദേവനായ വള്‍ക്കന്റെ (Valcan) സ്മരണാര്‍ഥമാണ് ഈ പ്രക്രിയയ്ക്ക് വള്‍ക്കനൈസേഷന്‍ എന്ന പേരിട്ടത്. 1844-ല്‍ ഇദ്ദേഹം വള്‍ക്കനൈസ്ഡ് റബ്ബറിന്റെ അമേരിക്കന്‍ പേറ്റന്റ് നേടി. ഇംഗ്ലണ്ടില്‍ ഇതിന് മുമ്പു തന്നെ വള്‍ക്കനൈസ്ഡ് റബ്ബര്‍ കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ടില്‍ പേറ്റന്റ് നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. മറ്റെല്ലാ രാജ്യങ്ങളിലും ഇദ്ദേഹം പേറ്റന്റ് നേടി. ഒട്ടേറെ പണം സമ്പാദിക്കാന്‍ ഈ പേറ്റന്റുകള്‍ വഴി ഇദ്ദേഹത്തിന് കഴിഞ്ഞു. എങ്കിലും അവസാനകാലത്തും ഇദ്ദേഹം സാമ്പത്തികമായി തകര്‍ന്നിരുന്നു. 1860 ജൂല. 1-നു ന്യൂയോര്‍ക്കില്‍ ഇദ്ദേഹം അന്തരിച്ചു. വാഹനങ്ങളുടെ ടയറിന്റെ വ്യാപാരനാമത്തിലൂടെ ഗുഡ്ഇയര്‍ എന്ന സാങ്കേതിക ശാസ്ത്രകാരന്റെ പേര് അനശ്വരമായിതീര്‍ന്നിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍