This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണാഢ്യന്‍ (എ.ഡി. 1-ാം ശ. )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണാഢ്യന്‍ (എ.ഡി. 1-ാം ശ. )

ബൃഹത്കഥയുടെ കര്‍ത്താവ്. കീര്‍ത്തിസേനന്റെയും ശ്രുതാര്‍ത്തയുടെയും മകനായി ഗോദാവരീതീരത്തെ പ്രതിഷ്ഠാനത്തിന്റെ തലസ്ഥാനമായ സുപ്രതിഷ്ഠിത നഗരത്തില്‍ എ. ഡി. 1-ാം ശ.-ത്തില്‍ ജനിച്ചു. ആന്ധ്രയിലെ ശാതവാഹനരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. ഗുണാഢ്യന്‍ മധുരയില്‍ ജനിച്ചുവെന്നും ഉജ്ജയിനിയിലോ കൗശാംബിയിലോ ജീവിച്ചുവെന്നും മറ്റൊരു അഭിപ്രായവുമുണ്ട്. തെക്കന്‍ നാട്ടില്‍പോയി ഗുണാഢ്യന്‍ ഒരു ബ്രാഹ്മണനില്‍ നിന്ന് സകലവിദ്യകളും അഭ്യസിച്ചു. ദേശസഞ്ചാരം ചെയ്ത ഘട്ടത്തില്‍ ശാതവാഹനന്റെ മന്ത്രിയായിത്തീര്‍ന്നു. ഒരു പന്തയത്തില്‍ പരാജയപ്പെട്ട ഗുണാഢ്യന്‍ വനത്തില്‍വച്ച് പിശാചരാജാവായ കാണഭൂതിയെക്കണ്ടു. അദ്ദേഹം ഏഴു വിദ്യാധരന്മാരുടെ കഥകള്‍ പൈശാചിഭാഷയില്‍ ഗുണാഢ്യനു പറഞ്ഞുകൊടുത്തു. ഈ കഥകളെ ആസ്പദമാക്കി ഗുണാഢ്യന്‍ സ്വന്തം രക്തത്തിലെഴുതിയ മഹാകാവ്യമത്രെ ഏഴുലക്ഷം ശ്ലോകങ്ങളുള്ള ബൃഹത്കഥ.

ഏറ്റവും പ്രാചീനമായ കഥാസമാഹാരമാണ് ഗുണാഢ്യന്റെ ബൃഹത്കഥ. ഇന്ന് ഇതിന്റെ പേരു മാത്രമേ ശേഷിച്ചിട്ടുള്ളു. പൈശാചിയിലെഴുതിയ മൂലകൃതി ലഭ്യമല്ല. ഗുണാഢ്യന്‍ ഏതാണ്ട് ഇതിഹാസപുരുഷനായിത്തീര്‍ന്നിട്ടുണ്ട്. വാല്മീകിയുടെയും വ്യാസന്റെയും നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. അതായത്, ഇതിഹാസകര്‍ത്താക്കളില്‍ മൂന്നാമന്‍. ഗുണാഢ്യന്‍ വ്യാസന്റെ അവതാരമാണെന്ന് ഗോവര്‍ധനന്‍ പറയുന്നു. ഉജ്ജയിനിയിലെ ഉദയനകഥാകോവിദന്മാരായ പഴമക്കാരെപ്പറ്റി കാളിദാസന്‍ മേഘസന്ദേശത്തില്‍ പ്രസ്താവിക്കുന്നുണ്ടല്ലോ. ബൃഹത്കഥയെ ഹരലീലയോടാണ് ബാണന്‍ ഹര്‍ഷചരിതത്തില്‍ താരതമ്യപ്പെടുന്നത്. സുഹന്ധു വാസവദത്തയില്‍ ബൃഹത്കഥയെ ഒരുപമയിലുടെ പേരെടുത്തു പറയുന്നു. ദണ്ഡി കാവ്യദര്‍ശനത്തില്‍ ഇതിനെ ഒരു കഥാവിഭാഗമായി ഉദാഹരിക്കുന്നു. ധനഞ്ജയന്‍ ദശരൂപത്തില്‍ ഈ ഗ്രന്ഥത്തെ പരാമര്‍ശിക്കുന്നുണ്ട്. ബൃഹത്കഥയില്‍ നിന്നാണ് മുദ്രാരാക്ഷസകഥ എടുത്തിട്ടുള്ളതെന്ന് ധനികന്‍ അഭിപ്രായപ്പെടുകയും ഇതിലെ രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.

ക്ഷേമേന്ദ്രന്‍ (1029 - 64) ബൃഹത്കഥാമഞ്ജരി എന്ന പേരില്‍ ബൃഹത്കഥ സംസ്കൃത ഭാഷയിലേക്ക് തര്‍ജുമ ചെയ്തു. ഇത് ഒരു സംക്ഷിപ്തഭാഷാന്തരമാണ്. പിന്നീട് സോമദേവനും (എ.ഡി. 11-ാം ശ.) കഥാസരിത്സാഗരം എന്ന പേരില്‍ ഇതു സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുറ്റിപ്പുറത്തു കിട്ടുണ്ണിനായര്‍, വി.എന്‍.കെ. പണിക്കര്‍, പി.സി. ദേവസ്യ എന്നിവര്‍ ഇതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നേപ്പാളില്‍ നിന്നു കിട്ടിയ ബുധസ്വാമിയുടെ (എ.ഡി. 5-ാം ശ.) ബൃഹത്ശ്ലോകസംഗ്രഹം സോമദേവന്റയും ക്ഷേമേന്ദ്രന്റെയും കൃതികളെക്കാള്‍ പഴക്കമുള്ളതാണെന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു.

(ഡോ. വിജയാലയം ജയകുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍