This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, ഇന്ദ്രജിത് (1919 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, ഇന്ദ്രജിത് (1919 - 2001)

ഇന്ദ്രജിത് ഗുപ്ത

കമ്യൂണിസ്റ്റ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും. ഇന്ത്യന്‍ ഗവണ്‍മെന്റ് സര്‍വീസില്‍ അക്കൌണ്ടന്റ് ജനറലായിരുന്ന സതീശ് ചന്ദ്രയുടെയും പ്രിയബാലയുടെയും മകനായി കൊല്‍ക്കത്തയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായിരുന്നു പൊതുവേ ഗുപ്തയുടെ കുടുംബാംഗങ്ങള്‍. മുത്തച്ഛനായ ബിഹാരിലാല്‍ ഗുപ്ത ബറോഡയിലെ ദിവാനും, സഹോദരന്‍ രഞ്ജിത്ത് ഗുപ്ത പശ്ചിമബംഗാളില്‍ ചീഫ് സെക്രട്ടറിയുമായിരുന്നു. സിംലയില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ്, കേംബ്രിജ് കിങ്സ് കോളജ് എന്നിവിടങ്ങളില്‍ ഉന്നതപഠനം നടത്തി. കേംബ്രിജ് വിദ്യാഭ്യാസത്തിനിടെ ഇംഗ്ളണ്ടില്‍ വച്ച് കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിത്തുടങ്ങി. 1938-ല്‍ കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ ഇദ്ദേഹം കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെ മുന്നേറ്റങ്ങളില്‍ പങ്കാളിയായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അടിയുറച്ച ശിക്ഷണം ലഭിച്ചിട്ടുള്ള ഇദ്ദേഹം 1948-50 കാലഘട്ടത്തില്‍ രാജ്യത്ത് കമ്യൂണിസ്റ്റുകള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ജയിലിലടയ്ക്കപ്പെട്ടു. 50-കളില്‍ പാര്‍ട്ടികെട്ടിപ്പടുക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

1948-ല്‍ ബി.ടി. രണദിവെയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഇന്ദ്രജിത്ത് ഗുപ്ത പാര്‍ട്ടിയുടെ 'സാങ്കേതിക ഘടക'(Tech-nical cell)ത്തിന്റെ ചുമതല വഹിച്ചിരുന്നു. 1964-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ ത്തുടര്‍ന്ന് എസ്.എ. ഡാങ്കേയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(CPI)യില്‍ ഉറച്ചുനില്‍ക്കുകയും 35 പേര്‍ അടങ്ങുന്ന ദേശീയ കൌണ്‍സിലില്‍ അംഗമാവുകയും ചെയ്തു.

ഗുപ്ത 1960-ലാണ് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1977 മുതല്‍ 1980 വരെയുള്ള ചെറിയ കാലയളവ് ഒഴിച്ചാല്‍ മരണം വരെയും (2001) ഇദ്ദേഹം പാര്‍ലമെന്റംഗമായിരുന്നു. മുതിര്‍ന്ന ലോക്സഭാംഗം എന്ന നിലയില്‍ 1996, 98, 99 വര്‍ഷങ്ങളില്‍ ലോക്സഭയിലെ പ്രോടേം സ്പീക്കറായും സേവനമനുഷ്ഠിച്ചു.

1960-67 വരെ കൊല്‍ക്കത്ത 'സൗത്ത്-വെസ്റ്റ്' നിയോജക മണ്ഡലത്തെയും 1967-77-ല്‍ അലിപൂര്‍ (Alipore) 1980-89 ബാസിര്‍ഹാത്, 1989 മുതല്‍ മിഡ്നാപൂര്‍ എന്നീ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ച് ലോക്സഭാംഗമായി.

ലോക്സഭാംഗമെന്ന നിലയില്‍ പ്രതിരോധം, നിയമനിര്‍മാണം, റൂള്‍സ് കമ്മിറ്റി, പൊതു ആവശ്യം, പെറ്റീഷന്‍സ്, ബിസിനസ് അഡ്വൈസറി, ലൈബ്രറി, റിവ്യു, ലോക്സഭാ സെക്രട്ടേറിയറ്റ് റൂള്‍സ് എന്നീ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഇന്ദ്രജിത് ഗുപ്ത അംഗമായിരുന്നിട്ടുണ്ട്.

പ്രതിപക്ഷ അതികായന്‍, സി.പി.ഐ. വിഭാഗത്തിന്റെ നേതാവ് എന്നീ നിലകളില്‍ ലോക്സഭയില്‍ ഗുപ്ത നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ക്ക് ആധുനികതയുടെയും ബലവത്തായ വിമര്‍ശനത്തിന്റെയും തീക്ഷ്ണതയുണ്ടായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ നിഷ്പക്ഷമായി ഭരണം നടത്തുവാന്‍ ഇദ്ദേഹത്തിനായി. 37 വര്‍ഷം നീണ്ട സേവനങ്ങളെ മാനിച്ച് 1992-ല്‍ ലോക്സഭ ഇദ്ദേഹത്തെ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്കി ആദരിച്ചു.

ആധുനിക  ഇന്ത്യ പേറുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ജാതീയ അസമത്വമാണെന്നും ഏതാണ്ട് എല്ലാ ഇന്ത്യക്കാരും മനസ്സില്‍ ഒളിപ്പിക്കുന്ന ജാതി വിചാരങ്ങളെ മറികടക്കാന്‍ നൂറ്റാണ്ടുകള്‍ വേണ്ടിവരുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച ഗുപ്ത 1990-ല്‍ സി.പി.ഐ.യുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. മികച്ച ട്രേഡ് യൂണിയന്‍ നേതാവ് കൂടിയായിരുന്ന ഇദ്ദേഹം ആള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറി(1980-90)യും വേള്‍ഡ് ഫെഡറേഷന്‍ ഒഫ് ട്രേഡ് യൂണിയനിയന്റെ പ്രസിഡന്റുമായിരുന്നിട്ടുണ്ട്. ലോക്സഭാംഗമായിരിക്കേ 2001 ഫെ. 20-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍