This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, മന്മഥനാഥ് (1908 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, മന്മഥനാഥ് (1908 - 2000)

ഇന്ത്യന്‍ ചരിത്രകാരനും വിപ്ലവകാരിയും. മന്മഥനാഥ് ഗുപ്ത 1908-ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ഒരു ബംഗാളി കുടുംബത്തില്‍ ജനിച്ചു. 1921-ലെ നിസ്സഹകരണപ്രസ്ഥാനകാലത്ത് ലഘുലേഖ വിതരണം ചെയ്തതിന് മൂന്ന് മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചു. ചൗരിചൗര സംഭവത്തെത്തുടര്‍ന്ന് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിര്‍ത്തിവച്ചപ്പോള്‍ ഗാന്ധിയന്‍ സമരമാര്‍ഗത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഇദ്ദേഹം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ ചേര്‍ന്നു. വിപ്ലവപ്രസ്ഥാനത്തിന് ധനം സമ്പാദിക്കാനായി പതിനാലില്‍പ്പരം തീവണ്ടിക്കൊള്ളകളില്‍ പങ്കെടുത്തു. 1925-ലെ കാക്കോരി ഗൂഢാലോചനക്കേസില്‍ ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം റാം പ്രസാദ് ബിസ്മിന്‍, അഷ്ഫക്കുള്ളഖാന്‍, റോഷന്‍ സിങ്, രാജേന്ദ്ര ലാഹരി എന്നീ വിപ്ലവകാരികള്‍ തൂക്കിലേറിയപ്പോള്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്ന മന്മഥനാഥ് ഗുപ്തയ്ക്ക് പതിനാലു വര്‍ഷത്തെ കഠിനതടവാണ് ലഭിച്ചത്. ശിക്ഷകഴിഞ്ഞ് പുറത്ത് വന്ന ഇദ്ദേഹം അധികം താമസിയാതെ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ജയില്‍ വിമുക്തനായ ഉടന്‍തന്നെ രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കുന്നതിനുവേണ്ടി ഡല്‍ഹിയില്‍ വച്ചു നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് 1938-ല്‍ അറസ്റ്റുചെയ്ത് നാലുമാസത്തെ കഠിന തടവിനു വിധിച്ചു. ഗവണ്‍മെന്റ്വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാം ലോകയുദ്ധകാലത്ത് ഇദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്ത് അലഹബാദ് ജയിലില്‍ അടച്ചു. ഏഴുവര്‍ഷത്തിനുശേഷം 1946-ല്‍ ജയില്‍ വിമോചിതനായി. ഇംഗ്ളീഷിലും ഹിന്ദിയിലുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മന്മഥനാഥ് ഗുപ്ത നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2000 ഒ.-ല്‍ അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍