This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുപ്ത, മൈഥിലീശരണ്‍ (1886 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുപ്ത, മൈഥിലീശരണ്‍ (1886 - 1964)

ഇന്ത്യയുടെ ദേശീയകവി. ചിരഗാവി (ഝാന്‍സി) ലെ ഒരു വൈഷ്ണവ കുടുംബത്തില്‍ 1886 ആഗ. 3-നു ജനിച്ചു. ശ്രീരാമഭക്തനായ സേഠ് രാമചരണനാണു പിതാവ്. ചിരഗാവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഝാന്‍സിയിലെ മക്ഡൊണാള്‍ഡ് സ്കൂളില്‍ ചേര്‍ന്നെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വീട്ടില്‍ മടങ്ങിയെത്തി സംസ്കൃതവും ക്ലാസ്സിക്കല്‍ സാഹിത്യവും പഠിച്ചു. ഒപ്പം ബംഗാളിയിലും അറിവുനേടി. കുട്ടിക്കാലത്തെ പേര് മദന്‍ മോഹന്‍ജൂ എന്നായിരുന്നു. പിന്നീട് മിഥിലാധിപ നന്ദിനീശരണ്‍ എന്നായി. പള്ളിക്കൂടത്തിലെ ഹാജര്‍ പുസ്തകത്തില്‍ ഇത് മൈഥിലീശരണ്‍ എന്നായി മാറി. ഇദ്ദേഹത്തിന് രസികേന്ദ്രന്‍ മധുപ്, ഭാരതീയ് എന്നീ തൂലികാനാമങ്ങളുണ്ടായിരുന്നു.

മൈഥിലീശരണ്‍ ഗുപ്ത

കാവ്യസൃഷ്ടിയുടെ ആദ്യ കാലങ്ങളില്‍ ആചാര്യനായിരുന്ന മഹാവീര പ്രസാദ് ദ്വിവേദി ഇദ്ദേഹത്തിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. ദ്വിവേദി സരസ്വതിയുടെ പത്രാധിപനായിരുന്ന കാലത്തുതന്നെ മൈഥിലീശരണിന്റെ കവിതകള്‍ അതില്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. ദ്വിവേദിയുടെ ഒരു ഉപന്യാസമാണ് മൈഥിലീശരണിനെ സാകേത് എന്ന മഹാകാവ്യം രചിക്കാന്‍ പ്രേരിപ്പിച്ചത്.

ഭാരതത്തിന്റെ ഇതിഹാസ പാരമ്പര്യത്തെ, പ്രത്യേകിച്ചും തുളസിദാസിനുശേഷമുള്ള കാലഘട്ടത്തെ ആധുനിക രൂപത്തില്‍ വാര്‍ത്തെടുത്തത് ഗുപ്തയാണ്. ഗുപ്തയുടെ കവിതകളില്‍ പ്രാചീന സംസ്കാരം അതിന്റെ പൂര്‍ണരൂപത്തില്‍ പ്രതിഫലിക്കുന്നുണ്ട്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് ഗുപ്ത കഥാകാവ്യങ്ങള്‍ രചിച്ചത്. കൂടാതെ താന്‍ തിരഞ്ഞെടുക്കുന്ന കഥകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അജ്ഞേയതയുടെയും അദ്ഭുതങ്ങളുടേതുമായ അംശങ്ങള്‍ക്കു പകരം ഇദ്ദേഹം നൂതനമായ ഒരു കാഴ്ചപ്പാടു നല്കി. എങ്കിലും അവയിലെല്ലാം ഭാരതീയ ക്ലാസ്സിക്കുകളിലെ അംശങ്ങള്‍ തന്നെയാണു പ്രതിഫലിക്കുന്നത്. കൃതികളില്‍ പൗരാണിക കാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും മഹാകാവ്യവും ചമ്പുക്കളും ദേശഭക്തികാവ്യങ്ങളും ഹിന്ദു-മുസ്ലിം സംസ്കാരത്തെക്കുറിച്ചുള്ള ഗീതങ്ങളും മുക്തകങ്ങളും പരിഭാഷകളും ഉള്‍പ്പെടുന്നു. ഭാരതത്തിലെ കര്‍ഷകന്റെ ദുഃഖപൂര്‍ണമായ ജീവിതത്തിന്റെയും സ്ത്രീകളുടെ ഏകാന്തമൂകമായ ശോകത്തിന്റെയും യുദ്ധഭീഷണി നേരിടുന്ന ലോകത്തിന്റെ ഭയാശങ്കകളുടെയും ചിത്രങ്ങള്‍ ഗുപ്തയുടെ രചനകളില്‍ തെളിഞ്ഞു നില്‍ക്കുന്നു.

അന്‍പതിലധികം സ്വതന്ത്രകൃതികളും ഇരുപതിലധികം പരിഭാഷകളും മൈഥിലീശരണ്‍ ഗുപ്തയുടേതായുണ്ട്. പ്രധാന കൃതികള്‍ ഇവയാണ് : സാകേത്, പഞ്ചവടി, പ്രദക്ഷിണലീല, ജയദ്രഥവധ്, സൈരന്ധ്രി, ബകസംഹാര്‍, വനവൈഭവ്, നഹുക്, ഹിഡിംബ, യുദ്ധ്, ദ്വാപര (ഗീതികാവ്യം), ശക്തി, ദിവോദാസ് (കാവ്യനാടകം), യശോധര, ശകുന്തള (പൗരാണിക കാവ്യങ്ങള്‍), രംഗ് മേം ഭംഗ്, വികടഭട്ട്, സിദ്ധരാജ്, ഗുരുകുല്‍, കാബാ ഔര്‍ കര്‍ബലാ, അര്‍ജന്‍ ഔര്‍ വിസര്‍ജന്‍, വിഷ്ണുപ്രിയ, രത്നാവലി, കുണാല്‍ഗീത് (ചരിത്രകാവ്യങ്ങള്‍), ഭാരത് ഭാരതി, ഹിന്ദു, വൈതാലിക്, കിസാന്‍, സ്വദേശ സംഗീത്, അജിത്, രാജാപ്രജാ, വിശ്വവേദന, പൃഥ്വീപുത്ര്, ഭൂമിഭാഗ് (ആനുകാലിക കാവ്യങ്ങള്‍), തിലോത്തമ, ചന്ദ്രഹാസ്, അനഘ്(നാടകങ്ങള്‍). മൈക്കിള്‍ മധുസൂദന്‍ ദത്തിന്റെ മേഘനാദവധം, ഭാസന്റെ സ്വപ്നവാസവദത്തം, ഒമര്‍ഖയ്യാമിന്റെ റുബയ്യാത്ത് എന്നിവ ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഏഴു കത്തുകളുടെ സമാഹാരമായ പത്രാവലി ചരിത്രസംഭവങ്ങളെ ആധാരമാക്കിയുള്ള ഒരു വ്യത്യസ്ത പദ്യകൃതിയാണ്. കൂടാതെ കുട്ടികള്‍ക്ക് വേണ്ടിയുള്ള കവിതകളും ഗാനങ്ങളും ഗുപ്ത രചിച്ചിട്ടുണ്ട്.

ലോകപ്രസിദ്ധങ്ങളായ കഥകള്‍ക്ക് പുതിയ ഭാവാര്‍ഥങ്ങള്‍ നല്കി ആവിഷ്കരിക്കുന്നതിലും പൌരാണിക കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിന് ലേശംപോലും കോട്ടം തട്ടാതെ ആധുനിക ഭാവപരിവേഷങ്ങള്‍ നല്കി പ്രകാശിപ്പിക്കുന്നതിലും ഗുപ്തയ്ക്കു സവിശേഷമായ കഴിവുണ്ട്. ‘വ്രജഭാഷ’യില്‍ നിന്ന് ഹിന്ദിയെ ‘ഖഡീബോലി’യിലേക്ക് നയിക്കുക മാത്രമല്ല, ഖഡീബോലിയെ കാവ്യഭാഷയ്ക്കനുകൂലമായി പാകപ്പെടുത്തുകയും ചെയ്തു എന്നതാണ് ഗുപ്തയുടെ സംഭാവന. ഖഡീബോലിയുടെ സാരള്യവും ലാളിത്യവും ഉള്‍കൊള്ളുന്ന ഒരു  പ്രത്യേകശൈലി ഇദ്ദേഹം വാര്‍ത്തെടുത്തു. യശോധരയിലെ ഗീതങ്ങള്‍ ഛായാവാദയുഗത്തില്‍പ്പോലും അനുപമമായി കണക്കാക്കിയിരുന്നു. 1936-ല്‍ മഹാത്മാഗാന്ധിയാണ് ഗുപ്തയെ ദേശീയകവിയായി പ്രഖ്യാപിച്ചത്. രാജ്യസ്നേഹിയായ ഗുപ്ത 1940-42-ല്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. 1952-ല്‍ ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. 1954-ല്‍ ഭാരത സര്‍ക്കാര്‍ പദ്മവിഭൂഷണ്‍ നല്കി ഗുപ്തയെ ആദരിച്ചു. 1964-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍