This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുലാബ്ദാസ് ബ്രോക്കര്‍ (1909 - 2006)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുലാബ്ദാസ് ബ്രോക്കര്‍ (1909 - 2006)

ഗുജറാത്തി കഥാകൃത്ത്. 'കഥക്' എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 1909 സെപ്. 20-നു പോര്‍ബന്തറിലെ ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. പോര്‍ബന്തറിലെ വിദ്യാഭ്യാസത്തിനുശേഷം ഗുലാബ്ദാസ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം നേടി. നിയമനലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് 1932-ല്‍ അറസ്റ്റുവരിച്ചു. ജയില്‍ വിമോചിതനായശേഷം നിയമബിരുദം നേടി. തുടര്‍ന്ന് പിതാവ് നടത്തിവന്നിരുന്ന സ്റ്റോക്ക് എക്സ്ചേഞ്ച് ബിസിനസ്സ് രംഗത്ത് കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുഴുവന്‍സമയ സാഹിത്യകാരനായി. പ്രസ്ഥാന്‍ എന്ന പത്രത്തില്‍ അച്ചടിച്ചു വന്ന 'ലത എന്തുപറയും' എന്ന പ്രഥമ കഥ (1938) ഗുലാബ്ദാസിനു കീര്‍ത്തി നേടിക്കൊടുത്തു. സത്യാഗ്രഹികളുടെ ജയില്‍ ജീവിതവും സ്നേഹം തകര്‍ക്കുന്ന രാഷ്ട്രീയാഭിപ്രായഭിന്നതകളും ചിത്രീകരിക്കുന്ന കഥകളാണ് 'രമാ അനേ ജയന്ത്', 'പ്രഭുനോവാദ്' എന്നിവ. രതിജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച മനഃശാസ്ത്രപരമായ കഥകളില്‍ 'നീലിനൂന്‍ ദൂത്', 'ഥൂമുസേര്‍', 'ഉഭിവാത്തേ' എന്നിവ പ്രസിദ്ധങ്ങളാണ്. 'സുരഭി' ആണ് ഇത്തരത്തിലുള്ള മറ്റൊരുകഥ. തുടര്‍ന്ന് ഒട്ടേറെ ചെറുകഥകളെഴുതിയ ഇദ്ദേഹം പതിനൊന്ന് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒഫ് ലൈഫ് ആന്‍ഡ് ലൌവ് എന്ന പേരില്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി.

ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന പി.ഇ.എന്‍. ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങളും പരിചയപ്പെടാനിടയായ വ്യക്തികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന കൃതിയാണ് നവ ഗഗനാനി നീചേ (1970). പ്രതിനിധി ഏകാങ്കി (ഏകാങ്കനാടകം), സാഹിത്യ തത്ത്വ അനേതന്ത്ര (നിരൂപണം, 1977) എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളിലുള്‍പ്പെടുന്നു. 1963-ല്‍ ചെറുകഥയ്ക്ക് ഗുജറാത്തി സാഹിത്യ പരിഷത്തിന്റെ അവാര്‍ഡ് ലഭിച്ചു. ഏകാങ്കി, ഗുജറാത്തി നാട്യ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. ദേശീയ സാഹിത്യ അക്കാദമിയുടെ ഗുജറാത്തി എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗം, ഗുജറാത്തി സാഹിത്യ പരിഷത് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2006 ജൂണ്‍ 10-ന് ബ്രോക്കര്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍