This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുലാബ്റായ് (1888 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുലാബ്റായ് (1888 - 1963)

ഹിന്ദി സാഹിത്യനിരൂപകനും പ്രബന്ധകാരനും. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ 1888-ല്‍ ജനിച്ചു. എം.എ.; എല്‍.എല്‍.ബി.; ഡി.ലിറ്റ് ബിരുദങ്ങള്‍ സമ്പാദിച്ചു. പേര്‍ഷ്യനിലും സംസ്കൃതത്തിലും ഇദ്ദേഹം തികഞ്ഞ അവഗാഹം നേടുകയുണ്ടായി. ആഗ്രാസെന്റ് ജോണ്‍സ് കോളജില്‍ ഓണററി ലക്ചററായും സാഹിത്യ സന്ദേശ് എന്ന മാസികയുടെ പ്രസാധകനായും സേവനമനുഷ്ഠിച്ചു.

തത്ത്വശാസ്ത്ര സംബന്ധമായ ലേഖനങ്ങളില്‍ തുടങ്ങി ക്രമേണ ഗഹനമായ സാഹിത്യ ശാസ്ത്ര വിഷയങ്ങള്‍വരെ ഇദ്ദേഹം കൈകാര്യം ചെയ്തു. ശാസ്ത്ര ചിന്തകളുടെ ഗൗരവപൂര്‍ണവും സുന്ദരവുമായ ആവിഷ്കാരത്തിനുവേണ്ട ശക്തി ഹിന്ദി ഗദ്യത്തിന് കൈവരുത്തിയവരില്‍ പ്രമുഖനാണ് ഇദ്ദേഹം.

ഇരുപതില്‍പ്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഗുലാബ്റായിയുടെ ഏറ്റവും പ്രശസ്തമായ കൃതികള്‍ നവരസ, സിദ്ധാന്ത് ഔര്‍ അധ്യയന്‍ എന്നിവയാണ്. പാശ്ചാത്യവും ഭാരതീയവുമായ കാവ്യശാസ്ത്ര തത്ത്വചിന്തകളെ സമന്വയിപ്പിച്ചുകൊണ്ട് രസ സിദ്ധാന്തത്തെ മനഃശാസ്ത്രപരമായി അപഗ്രഥിക്കുകയാണ് സിദ്ധാന്ത് ഔര്‍ അധ്യയന്‍ എന്ന ഗ്രന്ഥത്തില്‍. പ്രാചീനവും നവീനവുമായ ചിന്താധാരകളെ സമതുലിതമായി വിലയിരുത്താനുള്ള ഇദ്ദേഹത്തിന്റെ വൈഭവം വാഴ്ത്തപ്പെട്ടിട്ടുണ്ട്. എത്ര ആഴമുള്ള വിചിന്തനങ്ങളിലും നേരിയ ഹാസ്യം കലര്‍ത്തി പ്രതിപാദിക്കുന്ന രീതി ഇദ്ദേഹത്തിന്റെ സവിശേഷതയാണ്. 1963 ഏ. 14-നു ഗുലാബ്റായ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍