This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുവേര, ഏര്‍ണെസ്റ്റോ ചെ (1928 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുവേര, ഏര്‍ണെസ്റ്റോ ചെ (1928 - 67)

Guevera, Ernesto Che

ഏര്‍ണെസ്റ്റോ ചെഗുവേര
ചെഗുവേരയുടെ പ്രചാരമേറിയ ഛായാചിത്രം
ചെഗുവേരയും ഫിദല്‍കാസ്ട്രോയും
ചെഗുവേരയെ കൊലപ്പെടുത്തിയശേഷം മരണം സ്ഥിരീകരിക്കുന്ന സൈനികര്‍


ക്യൂബന്‍ കമ്യൂണിസ്റ്റ് നേതാവ്. 1928 ജൂണ്‍ 14-ന് അര്‍ജന്റീനയിലെ റൊസാറിയോയില്‍ ഇടതുപക്ഷ പാരമ്പര്യമുള്ള ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു. ഏര്‍ണെസ്റ്റോ ഗുവേര സെര്‍ണാ എന്നാണ് മുഴുവന്‍ പേര്. 1959-ല്‍ ക്യൂബന്‍ പൗരത്വം ലഭിച്ചതോടെയാണ് 'ചെ' എന്ന് പേരിനോട് കൂട്ടിച്ചേര്‍ത്തത്. രണ്ടാം ലോകയുദ്ധാനന്തരം തെക്കേ അമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ നടന്ന വിപ്ലവ സമരങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗറില്ലാപ്പടയാളി, രാഷ്ട്രീയ സൈനിക സൈദ്ധാന്തികന്‍ എന്നീ നിലകളില്‍ ചെ പേരെടുത്തു. 1953-ല്‍ ഇദ്ദേഹം ബ്യൂണോസ് അയേഴ്സ് സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം (എം.ഡി.) നേടി. വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളില്‍ അവധിക്കാലങ്ങള്‍ ചെലവഴിച്ച ഇദ്ദേഹത്തെ അവിടങ്ങളിലെ ബഹുഭൂരിപക്ഷത്തിന്റെ ദരിദ്രാവസ്ഥയും രാഷ്ട്രീയ സര്‍വാധിപത്യ വ്യവസ്ഥകളും അസ്വസ്ഥനാക്കി. അതുകൊണ്ട് ഡോക്ടറായി സേവനം തുടരുന്നതിനു പകരം ഇദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണുണ്ടായത്. ചെഗുവേരയുടെ ആദ്യകാല പ്രവര്‍ത്തനമേഖല ഗ്വാട്ടിമാല ആയിരുന്നു. തെരഞ്ഞെടുപ്പിലൂടെ ഗ്വാട്ടിമാലയില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ചായ്വുള്ള ജെക്കോബോ അര്‍ബന്‍സിന്‍ ഗവണ്‍മെന്റിനെ യു.എസ്. പിന്തുണയോടെ അട്ടിമറിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതികര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം വ്യാപൃതനായി. എന്നാല്‍ സി.ഐ.എ.യുടെ നേരിട്ടുള്ള ഇടപെടലും വ്യോമാക്രണമവുംമൂലം അര്‍ബന്‍സ് ഗവണ്‍മെന്റ് തകര്‍ന്നപ്പോള്‍ മറ്റനേകം അഭയാര്‍ഥികളോടൊപ്പം 1954-ല്‍ ഇദ്ദേഹം മെക്സിക്കോയിലേക്കു കടക്കുകയും അവിടെ രാഷ്ട്രീയഅഭയം തേടിയിരുന്ന ക്യൂബന്‍ വിപ്ലവകാരി ഫിദല്‍ കാസ്ത്രോയുമായി ബന്ധപ്പെടുകയും ചെയ്തു. ഇതിനിടെ മെക്സിക്കന്‍ ഗവണ്‍മെന്റ് ഗുവേരയെ അറസ്റ്റു ചെയ്യുകയുണ്ടായി. ജയില്‍ മോചിതനായ ഗുവേര 1956 ന. 25-നു ഫിദല്‍ കാസ്ത്രൊയുടെ നേതൃത്വത്തില്‍ ക്യൂബന്‍ വിപ്ലവം നടത്താനായി 'ഗ്രാന്‍മ' എന്ന പത്തേമാരിയില്‍ പുറപ്പെട്ടു. ഡി. 2-നു ക്യൂബന്‍ തീരത്തെത്തി. 1956 മുതല്‍ 59 വരെയുള്ള പോരാട്ടത്തില്‍ വിമോചന സേനയില്‍ മേജറായും കമാന്‍ഡറായും മറ്റും സേവനമനുഷ്ഠിച്ച ഗുവേരയ്ക്ക് രണ്ടു പ്രാവശ്യം ഗുരുതരമായി പരിക്കേറ്റു. 1959 ജനു. 1-ലെ വിപ്ലവത്തിലെ നിര്‍ണായക വിജയമായ സാന്റാകാര വിമോചനത്തിന് നേതൃത്വം നല്കിയത് ഗുവേരയാണ്. വിപ്ലവത്തില്‍ ഫുള്‍ ജെന്‍ഷിയോ ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഗവണ്‍മെന്റിനെ പുറത്താക്കുകയും ഹവാനയില്‍ ഫിദല്‍ കാസ്ത്രോ പ്രസിഡന്റായി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഗവണ്‍മെന്റ് രൂപംകൊള്ളുകയും ചെയ്തു. കാസ്ത്രോ ഗവണ്‍മെന്റ് ഗുവേരയെ ഒരു പരിപൂര്‍ണ ക്യൂബന്‍ പൗരനായി പ്രഖ്യാപിച്ചു. തുടര്‍ന്ന് കാര്‍ഷിക പരിഷ്കാരത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വ്യവസായ വിഭാഗം മേധാവി, ക്യൂബന്‍ ദേശീയ ബാങ്ക് ഡയറക്ടര്‍, വ്യവസായ വകുപ്പുമന്ത്രി, ആസൂത്രണസമിതി അംഗം തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. കാസ്ത്രോയോടൊപ്പം ഇന്ത്യ, സോവിയറ്റ് യൂണിയന്‍, ചൈന തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങള്‍ ഗുവേര സന്ദര്‍ശിച്ചിട്ടുണ്ട്. 1959 ജൂണ്‍ 2-ന് അലെന്‍ഡാ മാര്‍ച്ചിനെ ഇദ്ദേഹം വിവാഹം കഴിച്ചു.

1963-ല്‍ ക്യൂബയിലെ വിവിധ വിപ്ലവഗ്രൂപ്പുകള്‍ ഏകീകൃത കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപം കൊണ്ടപ്പോള്‍ ഗുവേര അതിന്റെ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും സെക്രട്ടേറിയറ്റിലും അംഗമായി. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും വിപ്ലവസമരങ്ങളുമായി ഗുവേര ബന്ധം പുലര്‍ത്തിയിരുന്നു. കോങ്ഗോയിലെ വിപ്ലവകാരികളെ ബറ്റാലിയന്‍ ഗറില്ലാ ശൈലിയില്‍ സംഘടിപ്പിക്കാന്‍ പാട്രീസ്ലുമുംബയെ സഹായിച്ചത് ഇദ്ദേഹമായിരുന്നു. ക്യൂബയിലെ ഭരണാധികാര ചുമതലകളെല്ലാം പരിത്യജിച്ച് 1965-ല്‍ ചെ ഗുവേര ലാറ്റിനമേരിക്കയിലെ സായുധ സമരങ്ങളില്‍ പങ്കാളിയാകാന്‍ അങ്ങോട്ടുപോയി. 1966 ന. 7-നു ബൊളീവിയയിലെ നങ്കാഹുവാസു നദീതീരത്തുള്ള ഒളിപ്പോര്‍ സങ്കേതത്തില്‍ ഗുവേര എത്തിയതായി രേഖകളുണ്ട്. തുടര്‍ന്നുള്ള ഒളിപ്പോരില്‍ പങ്കെടുത്ത ഗുവേര 1967 ഒ. 8-നു യൂറോമലയിടുക്കില്‍ പരിക്കേറ്റുവീഴുകയും എതിരാളികള്‍ അദ്ദേഹത്തെ തടവുകാരനാക്കുകയും ചെയ്തു. ഒ. 9-നു ഹിഗുവേര ഗ്രാമത്തിലെ ഒരു സ്കൂള്‍ മുറിയില്‍ ഗുവേരയെ കെട്ടിയിട്ട് ബൊളീവിയന്‍ പട്ടാളക്കാര്‍ വെടിവച്ചുകൊന്നു. ഒ. 15-നു ഫിദല്‍ കാസ്ത്രോ ചെ കൊല്ലപ്പെട്ട വിവരം ഹവാനയില്‍ സ്ഥിരീകരിച്ചു. ഗെറില്ലാ വാര്‍ഫെയര്‍ (1961), എപ്പിസോഡ്സ് ഒഫ് റവലൂഷനറി വാര്‍ (1963), മാന്‍ ആന്‍ഡ് സോഷ്യലിസം ഇന്‍ ക്യൂബ (1965) മുതലായവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. ചെ ഗുവേരയുടെ ബൊളീവിയന്‍ ഡയറി മരണാനന്തര പ്രസിദ്ധീകരണമാണ്. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവയില്‍ ഫിദല്‍ കാസ്ത്രോയുടെ അവതാരികയോടു കൂടിയ ബൊളീവിയന്‍ ഡയറി(1968)യും, ഐ. ലവ്രേത്സ്കി എഴുതിയ ഏര്‍ണെസ്റ്റോ ചെ ഗുവേര(1983)യുമാണ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍.

(പി. ഗോവിന്ദപ്പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍