This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുഹ, രാമചന്ദ്ര (1958 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുഹ, രാമചന്ദ്ര (1958 - )

ചരിത്രകാരന്‍, ജീവചരിത്രകാരന്‍, സോഷ്യോളജിസ്റ്റ്, കോളമിസ്റ്റ്, അധ്യാപകന്‍, പ്രാസംഗികന്‍. 1958-ല്‍ ഡെറാഡൂണില്‍ ജനിച്ച ഗുഹ, ഡൂണ്‍സ്കൂള്‍, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്, ഡല്‍ഹി സ്കൂള്‍ ഒഫ് എക്കണോമിക്സ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റില്‍ നിന്ന് സോഷ്യോളജിയില്‍ ഡോക്ടര്‍ ബിരുദം. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു.

രാമചന്ദ്ര ഗുഹ

ഒരു ലിബറല്‍ ഡെമോക്രാറ്റായി സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം ചരിത്രമെഴുത്തില്‍ ഇടത്-വലത് ഓരങ്ങള്‍ ചേരാത്ത, നിഷ്പക്ഷമെന്ന് പൊതുവേ തോന്നാവുന്ന, ഒരു ധാരയുടെ വക്താവാണ്. 2008-ല്‍ അമേരിക്കയിലെ ഫോറിന്‍ മാഗസിന്‍ ലോകത്തിലെ 100 മികച്ച ബുദ്ധിജീവികളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 44-ാം സ്ഥാനക്കാരനായിരുന്നു ഗുഹ. ബാംഗ്ളൂരില്‍ സ്ഥിരതാമസമാക്കിയ ഗുഹ തുടര്‍ന്ന് മുഴുവന്‍ സമയ എഴുത്തുകാരനായി. ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ മാനവിക വിഷയത്തില്‍ വിസിറ്റിങ് പ്രാഫസര്‍, ആധുനിക ഇന്ത്യാചരിത്രത്തില്‍ ഗവേഷണം നടത്തുന്ന ന്യൂ ഇന്ത്യാ ഫൌണ്ടേഷന്റെ മാനേജിങ് ട്രസ്റ്റി എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചുവരുന്നു.

ദ് ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ടെലിഗ്രാഫ് പത്രങ്ങളിലും ഔട്ട്ലുക്ക്, മാധ്യമം എന്നീ വാരികകളിലും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പതിവായി കോളങ്ങള്‍ എഴുതിവരുന്നു. ഇന്ത്യയിലെ മികച്ച നോണ്‍-ഫിക്ഷന്‍ രചയിതാവായി ന്യൂയോര്‍ക്ക് ടൈംസ് ഗുഹയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ, ആഫ്റ്റര്‍ ഗാന്ധി, ദി അണ്‍ക്വയിറ്റ് വുഡ്സ്, എ കോര്‍ണര്‍ ഒഫ് എ ക്രിക്കറ്റ്, വിക്കറ്റ്സ് ഇന്‍ ദി ഈസ്റ്റ്, സോഷ്യല്‍ ഇക്കോളജി, ഇക്കോളജി ആന്‍ഡ് ഇക്വിറ്റി എന്നിവയാണ് പ്രധാന കൃതികള്‍. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിവിധ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തെ രാജ്യം 2009-ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍